UPDATES

പീഡിപ്പിച്ചാലും പ്രതിഫലം നല്‍കി അച്ചന് രക്ഷപെടാം; അരമന കോടതി എന്ന സമാന്തര ഭരണകൂടം

അരമനക്കോടതിയുടെ വിധികളില്‍ ഇരകള്‍ക്ക് നീതി ലഭിക്കാറില്ലെന്നത് മാത്രമല്ല അവരെ കേസില്‍ പരിഗണിക്കാറ് പോലുമില്ലെന്നതാണ് സത്യം

വൈദികര്‍ കുറ്റവാളികളായ നിരവധി ലൈംഗിക ചൂഷണക്കേസുകള്‍ പുറത്തുവന്നതോടെ വൈദിക കോടതികളുടെ പ്രവര്‍ത്തനങ്ങളും വീണ്ടും ചര്‍ച്ചയാകുകയാണ്. വൈദികര്‍ക്കെതിരെ പരാതി ഉയരുമ്പോള്‍ അതിനെക്കുറിച്ച് അന്വേഷിക്കാനും കുറ്റവാളികളെ വിചാരണ ചെയ്ത് ശിക്ഷിക്കുന്നതിനുമുള്ള സംവിധാനമാണ് അരമനക്കോടതി എന്നറിയപ്പെടുന്ന സഭാകോടതി. എന്നാല്‍ സഭാനിയമപ്രകാരം മാത്രം വൈദികരെ ശിക്ഷാനടപടിക്ക് വിധേയനാക്കി കുറ്റം ഒളിപ്പിക്കാനാണ് അരമനക്കോടതികള്‍ പലപ്പോഴും പ്രവര്‍ത്തിക്കുന്നത്. അതിന് ഉദാഹരണമായി നിരവധി സംഭവങ്ങളാണ് എടുത്തുകാട്ടാന്‍ സാധിക്കുക.

2013ല്‍ പാലക്കാട്ട് ഫാ. ആരോഗ്യരാജ് എന്ന പള്ളിവികാരിയുടെ കേസ് ഇത്തരത്തില്‍ ഒന്നാണ്. വികാരിയുടെ താത്പര്യത്തിന് വഴങ്ങാത്ത പെണ്‍കുട്ടിയെ അയാള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഇയാളെ രക്ഷിക്കാനായി മെത്രാനും നാല് വൈദികരും കുറ്റം മറച്ചുവയ്ക്കുകയായിരുന്നു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് മതത്തിന്റെയും പൗരോഹിത്യത്തിന്റെയും മറവില്‍ കുറ്റവാളികള്‍ക്ക് സംരക്ഷണമൊരുക്കുകയാണ് ഇവിടെ അരമനക്കോടതി ചെയ്യുന്നത്.

അരമനക്കോടതിയുടെ വിധികളില്‍ ഇരകള്‍ക്ക് നീതി ലഭിക്കാറില്ലെന്നത് മാത്രമല്ല അവരെ കേസില്‍ പരിഗണിക്കാറ് പോലുമില്ലെന്നതാണ് സത്യം. ഇവിടെ കൈകാര്യം ചെയ്യപ്പെടുന്ന കേസുകളില്‍ സഭ തന്നെയാണ് വാദിയായി വരുന്നത്. കുറ്റവാളിയായ അച്ചന്‍ പ്രതിയായും ഇര വെറും മൂന്നാം കക്ഷിയായി മാത്രം എത്തുകയും ചെയ്യുന്നു. ഇവിടെ പ്രതി ഇരയോട് തെറ്റ് ചെയ്തു എന്ന രീതിയിലല്ല കേസ് മുന്നോട്ട് പോകുക. പകരം അച്ചന്‍ അച്ചനോട് തന്നെ തെറ്റ് ചെയ്തു എന്ന നിലയിലാകും കാര്യങ്ങള്‍. അതായത് മറ്റൊരു വ്യക്തിയോട് ചെയ്ത തെറ്റിനല്ല, പകരം തന്റെ വിശുദ്ധി കളഞ്ഞുകുളിച്ചതിനാണ് അച്ചന്‍മാര്‍ ശിക്ഷിക്കപ്പെടുന്നത്. അതോടൊപ്പം മൂന്നാം കക്ഷിയായ ഇരയും അച്ചനെപ്പോലെ തന്നെ തെറ്റുകാരി/കാരന്‍ എന്ന നിലപാടാണ് സഭാ കോടതികള്‍ സ്വീകരിക്കാറ്.

ശിക്ഷാവിധിയിലും നഷ്ടപരിഹാരം പ്രഖ്യാപിക്കലിലും വരെ അത് തെളിഞ്ഞു കാണാം. 1998-99 കാലഘട്ടത്തില്‍ ചങ്ങനാശേരി അതിരൂപതയുടെ കീഴിലുണ്ടായ ഒരു കേസ് തന്നെ ഉദാഹരണം. പ്രായപൂര്‍ത്തിയാകാത്ത ഏക മകളെ ഇടവകയില്‍ നിന്നും സ്ഥലം മാറിപ്പോയ കൊച്ചച്ചന്‍ ഗര്‍ഭിണിയാക്കിയെന്ന പരാതിയുമായി ഒരു സാധാരണക്കാരന്‍ ആര്‍ച്ച് ബിഷപ്പിനെ സമീപിച്ചപ്പോഴാണ് ഈ കേസ് ആരംഭിക്കുന്നത്. പരാതി ലഭിക്കുമ്പോള്‍ ഈ കൊച്ചച്ചന്‍ മെത്രാന്റെ കീഴിലെ ഒരു കോളേജിലെ ഹോസ്റ്റല്‍ വാര്‍ഡന്‍ ആയിരുന്നു. എന്നിട്ടും ഇയാളെ നിയമത്തിന് മുന്നിലെത്തിക്കാതെ കനോന്‍ നിയമപ്രകാരം വിചാരണ ചെയ്യാനായിരുന്നു മെത്രാന്റെ തീരുമാനം.

ഒരു വൈദികനെ പ്രമോട്ടര്‍ ഓഫ് ജസ്റ്റിസ് സ്ഥാനത്ത് നിയമിച്ച് കേസ് അന്വേഷിക്കാന്‍ നിയോഗിക്കുകയായിരുന്നു ഇതിന്റെ ആദ്യപടി. ത്വരിത പരിശോധന നടത്തി പ്രമോട്ടര്‍ മെത്രാന് നല്‍കിയ പരാതിയ്ക്ക് ശേഷമാണ് കേസിന്റെ മറ്റ് ഭാഗങ്ങള്‍ നടത്തേണ്ടത്. ദൈവജനത്തിന്റെ വിശ്വാസത്തിന് ഹാനിയും ഉതപ്പും വരുത്തിയിരിക്കുന്നെന്നും അതേക്കുറിച്ച് അന്വേഷണം വേണമെന്നുമായിരുന്നു ത്വരിത പരിശോധനയുടെ റിപ്പോര്‍ട്ട്. ജുഡീഷ്യല്‍ അന്വേഷണത്തില്‍ അച്ചന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞെങ്കിലും വിചിത്രമായ മൂന്ന് ആരോപണങ്ങളാണ് പ്രതിക്കെതിരെ ഉന്നയിച്ചത്. പ്രതി തന്റെ കന്യാത്വം നഷ്ടപ്പെടുത്തി, സ്വന്തം സല്‍പ്പേര് ഇല്ലാതാക്കി, നല്ലവരായ വിശ്വാസികള്‍ക്ക് ഉതപ്പുണ്ടാക്കി. എന്താണ് ഇതിന് അര്‍ത്ഥം. പ്രതി മറ്റുള്ളവരോട് ചെയ്ത തെറ്റല്ല ഇവിടെ സഭയുടെ വിഷയം. പകരം തന്നോട് തന്നെ ചെയ്ത തെറ്റുകളാണ് സഭ വിചാരണ ചെയ്യുന്നത്. ഇരയെ പരിഗണിക്കാതെയുള്ള ഇത്തരം വിചാരണകള്‍ സ്വാഭാവികമായും പ്രതിയുടെ രക്ഷപ്പെടലില്‍ എത്തിച്ചേരുമെന്ന് ഉറപ്പ്.

കേസിന്റെ വിചാരണയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയോ അച്ചനോ അല്ല വാദിയുടെ സ്ഥാനത്ത്. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെട്ട പ്രമോട്ടറാണ് സഭാകോടതിയില്‍ വാദിയായി എത്തുന്നത്. സ്വന്തം കന്യാത്വം കളഞ്ഞുകുളിച്ച കൊച്ചച്ചന്‍ തന്നെയാണ് കേസില്‍ പ്രതി. അത് തെളിയിക്കാനായി പെണ്‍കുട്ടിയെ മൂന്നാം കക്ഷിയുമാക്കി. അതായത് യഥാര്‍ത്ഥ വാദി മൂന്നാം കക്ഷിയാക്കപ്പെട്ടു. അവളുടെ കന്യകാത്വവും ജീവിതവും കൊച്ചച്ചന്‍ നശിപ്പിച്ചുവെന്ന യഥാര്‍ത്ഥ കേസ് പുരോഹിതന്‍ സ്വന്തം കന്യാത്വവും സല്‍പ്പേരും നഷ്ടപ്പെടുത്തിയെന്നാക്കുകയും ചെയ്തു. കേസിന്റെ വിചാരണ നടക്കുന്നതിനിടെ പെണ്‍കുട്ടി ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു.

ഏഴ് മാസം നീണ്ടുനിന്ന അന്വേഷണങ്ങള്‍ക്കും കോടതി നടപടികള്‍ക്കും ശേഷം അരമനക്കോടതി പ്രഖ്യാപിച്ച വിധിയില്‍ എട്ട് ശിക്ഷാ നടപടികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഇരയായ പെണ്‍കുട്ടിയെ ബന്ധപ്പെട്ടുള്ള നാലാമത്തെ ശിക്ഷാ നടപടി ഏറെ കൗതുകകരമാണ്. ‘ക്ഷതം സംഭവിച്ച മൂന്നാം കക്ഷിക്ക് പ്രതി അനുയോജ്യവും നീതിയുക്തവുമായ പ്രതിഫലം നല്‍കണം’ എന്നായിരുന്നു ഈ വിധി. ഇവിടെ നഷ്ടപരിഹാരം എന്ന വാക്കല്ല ഉപയോഗിച്ചിരിക്കുന്നത്. പകരം പ്രതിഫലം (remuneration) എന്ന വാക്കാണ് എന്നത് ശ്രദ്ധേയമാണ്. അതായത് പെണ്‍കുട്ടിയ ലൈംഗികമായി ഉപയോഗിച്ചതിന് അച്ചന്‍ പ്രതിഫലം നല്‍കണമെന്ന്. എന്താണ് സഭ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്? പെണ്‍കുട്ടി നല്‍കിയ ലൈംഗിക സേവനത്തിന് അച്ചന്‍ പ്രതിഫലം നല്‍കണമെന്നോ? അങ്ങനെയെങ്കില്‍ എന്താണ് അരമനക്കോടതിയുടെ ജോലി? ഇടനിലക്കാരനായി നിന്ന് പെണ്‍കുട്ടിക്ക് പ്രതിഫലം വാങ്ങിക്കൊടുക്കലോ? മറ്റൊരു വിധത്തില്‍ ചോദിച്ചാല്‍ കൂട്ടിക്കൊടുപ്പാണോ സഭാ കോടതി ചെയ്യുന്നത്? വിധിയിലൊരിടത്തും നാല് മാസം പ്രായമുള്ള മൂന്നാം കക്ഷിയുടെ മകളെക്കുറിച്ച് പരാമര്‍ശമില്ലന്നതും ശ്രദ്ധേയമാണ്.

പുരോഹിത വൃത്തിയില്‍ നിന്നും ഇയാളെ കോടതി മാറ്റിനിര്‍ത്തുന്നുമില്ല. സ്വകാര്യമായി വിശുദ്ധകുര്‍ബാന ചൊല്ലാന്‍ അനുവദിക്കും, മുപ്പത് സാധാരണ കുര്‍ബാനയുടെ പണം ജീവനാംശമായി നല്‍കും തുടങ്ങിയ ആനുകൂല്യങ്ങള്‍ പ്രതിക്ക് ശിക്ഷയില്‍ ലഭിക്കുന്നുമുണ്ട്. മൂന്ന് മാസത്തിനകം കോടതി വിധി അനുസരിക്കുന്നില്ലെങ്കില്‍ മാത്രമാണ് ജീവനാംശം നിര്‍ത്തുകയും പുരോഹിതവൃത്തിയില്‍ നിന്നും നീക്കം ചെയ്യുകയുമുണ്ടാകൂ. അപ്പോള്‍ ആരെ ശിക്ഷിക്കാനാണ് അല്ലെങ്കില്‍ ആരെ രക്ഷിക്കാനാണ് ഈ അരമനക്കോടതി സംഘടിപ്പിച്ചത് എന്ന ചോദ്യം ഉയരുന്നു. നമ്മുടെയൊക്കെ സാമാന്യബോധത്തെ പരിഹസിക്കുന്ന ഈ വിചാരണ നാടകത്തിന്റെയും വിധി പ്രഹസനത്തിന്റെയും രേഖകള്‍ പുറത്തുവിട്ടത് പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റമാണ്. അദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഈ ലക്കം കേരളശബ്ദത്തില്‍ ലേഖനം എഴുതിയിട്ടുണ്ട്.

സഭാകോടതിയുടെ നടപടികള്‍ സാധാരണഗതിയില്‍ പുറത്തുപോകാറില്ല. കാരണം സാമാന്യബോധത്തിന് നിരക്കാത്ത വിചാരണ രീതികളും ശിക്ഷാ നടപടികളുമാണ് ഇവിടെ നടക്കുന്നതെന്നത് അച്ചന്മാര്‍ക്ക് തന്നെ അറിയാവുന്ന കാര്യമാണ്. എങ്കില്‍ പിന്നെ എന്തിനാണ് അവര്‍ ഈ പ്രഹസനം കാട്ടിക്കൂട്ടുന്നതെന്ന ചോദ്യമാണ് ഇവിടെ പിന്നെയും ഉയരുന്നത്. കാനോന്‍ നിയമം 373 പ്രകാരം ദൈവരാജ്യത്തിന് വേണ്ടിയുള്ള വൈദികകന്യാത്തം ഏറ്റവും വിലമതിക്കപ്പെടേണ്ടതാണ്. ആരെങ്കിലും സ്ഥരിമായി പാപം ചെയ്യുന്നതായി കണ്ടെത്തിയാല്‍ അയാളെ സസ്‌പെന്‍ഡ് ചെയ്യണമെന്നും വീണ്ടും കുറ്റകൃത്യങ്ങള്‍ തുടര്‍ന്നാല്‍ വൈദികവൃത്തിയില്‍ നിന്നും നീക്കം ചെയ്യണമെന്നുമാണ് ഈ നിയമം പറയുന്നത്.

അതായത് ഒരു പുരോഹിതന്‍ ആര്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയാലും സഭാ കോടതി അതിനെ സ്വന്തം കന്യാത്തത്തിനെതിരായ കുറ്റകൃത്യമായി മാത്രമേ കണക്കാക്കൂ. അതിനിരയാക്കപ്പെടുന്ന പെണ്‍കുട്ടിയോടോ ആണ്‍കുട്ടിയോടോ യാതൊരുവിധത്തിലുള്ള നീതിയും അവരുടെ നിയമത്തിലില്ല. ചുരുക്കത്തില്‍ പീഡിപ്പിക്കപ്പെട്ടയാള്‍ക്ക് എന്ത് സംഭവിച്ചുവെന്നത് സഭയെ ബാധിക്കുന്ന വിഷയമല്ല. പകരം പീഡിപ്പിച്ചയാള്‍ക്ക് എന്ത് സംഭവിച്ചുവെന്നതിലാണ് സഭയുടെ ആകുലത. ഇത് ഏത് തരം കോടതിയാണ്? എന്ത് തരം നീതിയാണ് ഇവര്‍ അല്‍മായര്‍ക്ക് (വിശ്വാസികള്‍ക്ക്) ഉറപ്പുവരുത്തുന്നത്?

കേസ് കൊടുക്കുന്നതിന് മുമ്പ് ഈ കൊച്ചച്ചന്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം കഴിക്കാമെന്ന് അവളുടെ അച്ചനോട് രേഖാമൂലം സമ്മതം നല്‍കിയിരുന്നു. എന്നാല്‍ ഇതും വിലക്കുന്ന വിധിയാണ് അരമനക്കോടതി പ്രഖ്യാപിച്ചത്. വിവാഹം നടന്നാല്‍ ഒരു വൈദികനെ സഭയ്ക്ക് നഷ്ടമാകുമെന്നത് തന്നെ കാരണം.

ഭരണഘടനാ സ്ഥാപനമായ ഇന്ത്യന്‍ ജുഡീഷ്യറിയുടെ അധികാര പരിധി ലംഘിക്കുന്ന തരത്തില്‍ ഇത്തരം സമാന്തര കോടതികള്‍ രൂപീകരിക്കാന്‍ മതസമുദായ സംഘടനകള്‍ക്ക് അവകാശമുണ്ടോ? അങ്ങനെ അവകാശമുണ്ടെങ്കില്‍ ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടുകയും കുറ്റവാളികള്‍ പരിരക്ഷിക്കപ്പെടുകയും ചെയ്യുന്ന ഈ സംവിധാനത്തെ വിലക്കുകയല്ലേ ഇന്ത്യന്‍ ഭരണകൂടം ചെയ്യേണ്ടത്. മതകോടതികളുടെ മറവില്‍ കുറ്റവാളികള്‍ രക്ഷിക്കപ്പെടുകയും ഇരകള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യാതിരിക്കണമെങ്കില്‍ ഇവയുടെ പ്രവര്‍ത്തനം അടിയന്തിരമായി നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍