UPDATES

വിദേശം

ഒബാമയുടെ ഏത് പ്രസംഗമായിരിക്കും ചരിത്രപുസ്തകത്തിലിടം നേടുന്നത്?

ഗ്രെഗ് ജെഫ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

പ്രസംഗങ്ങളിലൂടെ നിശ്ചയിക്കപ്പെട്ട രാഷ്ട്രീയ ജീവിതമോ, പ്രസിഡന്‍റ് കാലമോ ബരാക് ഒബാമയെപ്പോലെ മറ്റധികംപേര്‍ക്ക് ഉണ്ടാകില്ല. 2004-ലെ ഡെമോക്രാറ്റിക് കണ്‍വെഷനില്‍ ചെയ്ത പ്രസംഗം അയാളെ രാജ്യത്തിന്റെ ബോധത്തില്‍ പ്രതിഷ്ഠിച്ചു. 2008-ല്‍ വംശീയതയെക്കുറിച്ചുള്ള പ്രസംഗം ചാഞ്ചാടിയിരുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തെ രക്ഷിച്ചെടുത്തു. പ്രസിഡണ്ട് പദവിയില്‍ ഒബാമയുടെ ഏറ്റവും നിര്‍ണായകമായ സമയങ്ങളിലെല്ലാം – മുസ്ലീം ലോകത്തോട് അടുക്കാനായി (ഫലപ്രാപ്തിയില്‍ എത്താത്ത) കെയ്റോയില്‍ നടത്തിയ പ്രസംഗം; യുദ്ധത്തിന്റെ നിരാശാഭരിതമായ ആവശ്യകതയെക്കുറിച്ച് ഓസ്ലോയില്‍ നോബല്‍ സമാധാനസമ്മാനം സ്വീകരിച്ചു നടത്തിയ പ്രസംഗം; ചാല്‍സ്റ്റന്‍ എസ്.സിയില്‍ കൊല്ലപ്പെട്ട 9 പേരെക്കുറിച്ചുള്ള അനുശോചനപ്രസംഗം-  അവയുടെ വിധി നിര്‍വചിച്ചത്  പ്രസംഗങ്ങളായിരുന്നു.

ഒബാമയുടെ മികച്ച പ്രഭാഷണം ഭംഗിയായി എഴുതി, സൂക്ഷ്മമായി തയ്യാറാക്കി, നാടകീയമായി അവതരിപ്പിക്കുന്ന ഒന്നാണ്. നമ്മുടെ ഭയങ്ങള്‍, പിഴവുകള്‍, കുറവുകള്‍, നേട്ടങ്ങള്‍ എന്നിവയുടെ രേഖകളാണവ. “ഏതെങ്കിലും പ്രസിഡന്‍റ് ഇത്തരത്തിലൊരു പണി തന്റെ പ്രസംഗങ്ങളിലൂടെ ചെയ്തതായി എനിക്കു തോന്നുന്നില്ല,” പ്രസിഡണ്ട് ചരിത്രകാരന്‍ ഡഗ്ലസ് ബ്രിങ്ക്ളി പറയുന്നു. “തന്റെ ചിന്തകളെ പെന്‍സിലില്‍ നിന്നും കടലാസിലേക്ക് ഒരുക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.”

കുറച്ചു ദിവസത്തിനുള്ളില്‍ ഒബാമ തന്റെ പ്രസിഡന്‍റ് കാലത്തെ ഏറ്റവും പ്രമുഖ പ്രസംഗങ്ങളിലൊന്ന് നല്കും. വളരെ ബുദ്ധിപൂര്‍വമായ വേദി തെരഞ്ഞെടുപ്പില്‍, തന്റെ 2004-ലെ ആവേശകരമായ കണ്‍വെന്‍ഷന്‍ പ്രസംഗത്തിന്റെ 12-ആം വാര്‍ഷികത്തില്‍  ഫിലാഡല്‍ഫിയയിലെ ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനായിരിക്കും ആ വേദി. ഒബാമയുടെ പ്രസിഡണ്ട് കാലത്തിന്റെ ശേഷിപ്പുകളുടെയും നമ്മുടെ ധ്രുവീകൃതമായ രാഷ്ട്രീയത്തിന്റെയും ഹൃദയത്തിലേക്ക് ഇത് ചില ചോദ്യങ്ങളുയര്‍ത്തുന്നു: നമ്മുടെ കടുത്ത കക്ഷിരാഷ്ട്രീയ തര്‍ക്കങ്ങള്‍ ഓര്‍മ്മയില്‍ നിന്നും മറഞ്ഞാല്‍ അവശേഷിക്കുന്ന മികച്ച ഒബാമ പ്രസംഗം ഏതായിരിക്കും?

എബ്രഹാം ലിങ്കന്റെ ഗെറ്റിസ്ബര്‍ഗിലെ പരാമര്‍ശങ്ങള്‍ വെറും 272 വാക്കുകളില്‍ നമ്മുടെ രാജ്യത്തിന്റെ ലക്ഷ്യങ്ങളെ നിര്‍വചിച്ചു: “നിങ്ങളുടെ രാജ്യത്തിന് നിങ്ങള്‍ക്കെന്ത് ചെയ്യാനാകും എന്നു ചോദിക്കാതെ രാജ്യത്തിന് വേണ്ടി നിങ്ങള്‍ക്കെന്ത് ചെയ്യാനാകും എന്നു ചോദിക്കൂ.” സ്വന്തം ത്യാഗത്തിന്റെ ബലത്തില്‍ അദ്ദേഹത്തിന്റെ വെല്ലുവിളി കൂടുതല്‍ സ്പര്‍ശിക്കുന്നതായിരുന്നു. ബെര്‍ലിനിലെ ബ്രാണ്ടന്‍ബര്‍ഗ് കവാടത്തില്‍ നിന്നു സോവിയറ്റ് നേതാവിനോടു  നേരിട്ടു ചോദിച്ചപ്പോള്‍ റൊണാള്‍ഡ് റീഗന്‍ ചരിത്രത്തെയാണ് തിരിച്ചുവിട്ടത്“ഗോര്‍ബച്ചേവ്, ഈ മതില്‍ പൊളിച്ചുകളയൂ.”

അപ്പോള്‍ ഏത് ഒബാമയുടെ പ്രസംഗമാണ് ദശാബ്ദങ്ങള്‍ക്കപ്പുറം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വായിക്കുക?

ഇതിനുത്തരം കിട്ടാന്‍ ഞാന്‍ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ് കക്ഷികള്‍പ്പെട്ടവരെ, പ്രസിഡന്‍റിന്റെ ഏറെക്കാലമായുള്ള സഹായികളെ, എല്ലാം ഞാന്‍ കണ്ടു. ഏത് പ്രസംഗമായിരിക്കും ഒബാമ തെരഞ്ഞെടുക്കുക? എന്നാല്‍ അഭിപ്രായ സമന്വയത്തേക്കാളേറെ ഭിന്നതയായിരുന്നു അക്കാര്യത്തിലുണ്ടായത്. പക്ഷേ ഇതെല്ലാം എന്നെ ഒരു പ്രസംഗത്തിലേക്ക് കൊണ്ടുചെന്നെത്തിച്ചു. പക്ഷേ പട്ടികയില്‍ ഒന്നാമതെത്താന്‍ മത്സരിച്ച മറ്റ് പ്രസംഗങ്ങള്‍ നോക്കാം;

“ഉദാര അമേരിക്കയും യാഥാസ്ഥിതിക അമേരിക്കയുമില്ല; അമേരിക്കന്‍ ഐക്യനാടുകള്‍ മാത്രമേയുള്ളൂ.”

വെസ്റ്റ് വിങ്ങിലെ ഒബാമയുടെ ജീവനക്കാര്‍ പറയുന്നതു 2004-ലെ കണ്‍വെന്‍ഷന്‍ പ്രസംഗം മുന്നില്‍ നില്ക്കുന്നു എന്നാണ്.

ആ പ്രസംഗം നടത്തുമ്പോള്‍ അയാള്‍ സെനറ്റിലേക്ക് മത്സരിക്കുകയായിരുന്നു. രാജ്യത്തിന്റെ ശത്രുക്കളെ ഓര്‍മ്മിപ്പിക്കുന്ന ആ പേര്-ബരാക് ഹുസൈന്‍ ഒബാമ- ആര്‍ക്കും അധികം അറിയില്ലായിരുന്നു എന്നുതന്നെ പറയാം. തന്റെ ജീവചരിത്രത്തെ അമേരിക്കയുടെ പ്രത്യേകതയുടെ തെളിവാക്കിമാറ്റി ഒബാമ. ഒരു കെനിയക്കാരന്‍ പാചകക്കാരന്റെ പരമ്പര,‘സഹിഷ്ണുതയുള്ള ഒരമേരിക്കയില്‍ നിന്റെ പേര് വിജയത്തിനു തടസമാകില്ലെന്ന്’,‘ഉദാരമായ അമേരിക്കയില്‍ കഴിവുകള്‍ പൂര്‍ത്തീകരിക്കാന്‍ നീ ധനികനാകേണ്ടതില്ല’ എന്നും വിശ്വസിച്ച മാതാപിതാക്കള്‍.

വാഷിംഗ്ടന്‍റെ പ്രവര്‍ത്തനരാഹിത്യത്തിന്റെ വ്യാജമായ ഉപോത്പന്നമായ രാഷ്ട്രീയ ധ്രുവീകരണത്തെ ഒബാമ തള്ളിക്കളഞ്ഞു,“ഉദാര അമേരിക്കയും യാഥാസ്ഥിതിക അമേരിക്കയുമില്ല; അമേരിക്കന്‍ നാടുകള്‍ മാത്രമേയുള്ളൂ. കറുത്ത അമേരിക്ക, വെളുത്ത അമേരിക്ക, ലാറ്റിനോ അമേരിക്ക, ഏഷ്യന്‍ അമേരിക്ക; അമേരിക്കന്‍ ഐക്യനാടുകളാണുള്ളത്.”

എഴുതിക്കൊടുത്തതായിരുന്നില്ല ആ പ്രസംഗം. പിന്നീട് വൈറ്റ് ഹൌസില്‍ ഒബാമയുടെ പ്രസംഗമെഴുത്തില്‍ അവര്‍ക്ക് എന്തെങ്കിലും സംശയം വരുമ്പോള്‍ ഒരു മാതൃകയാക്കി എടുക്കുന്ന ഒന്നായി ഇതുമാറി. ഒബാമയുടെ സുഹൃത്തും മുതിര്‍ന്ന ഉപദേശകനുമായ ഡേവിഡ് ആക്സെലോര്‍ഡ് ഇതിനെ ‘അമേരിക്കയ്ക്ക് ഒബാമയുടെ പ്രേമലേഖനം’ എന്നാണ് വിളിക്കുന്നത്. പ്രസിഡന്റിന്റെ ആദ്യഊഴത്തിലേ പ്രധാന പ്രസംഗമെഴുത്തുകാരനായിരുന്ന ജോണ്‍ ഫവരെയുടെ ലോസ് ആഞ്ചലസിലെ വീട്ടില്‍ ഈ പ്രസംഗത്തിലെ ഒരു വരി തൂക്കിയിട്ടിരിക്കുന്നു,“ഭൂമിയില്‍ മറ്റൊരു രാജ്യത്തും എന്റെ കഥ സാധ്യമാവുക പോലും ഇല്ലായിരുന്നു.”

എന്നാല്‍ ഒബാമയുടെ ഭരണകാലം മുഴുവന്‍ ആ പ്രസംഗത്തിന്റെ നിഷേധമായിരുന്നു എന്നു പറയുന്നു ക്ലിന്‍റന്‍ കാലത്തെ പ്രസംഗമെഴുത്തുകാരന്‍ ജെഫ് ഷെസോള്‍. തന്റെ പ്രസംഗത്തിലെ പല ശുഭാപ്തിവിശ്വാസങ്ങളില്‍ നിന്നും തന്റെ അവസാന സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തില്‍ ഒബാമ പിറകോട്ടു പോയി. “കക്ഷികള്‍ തമ്മിലുള്ള അവിശ്വാസകും തര്‍ക്കവും കൂടുതല്‍ മോശമായിരിക്കുന്നു എന്നാണ് എന്റെ പ്രസിഡന്‍റ് കാലത്തെ ചില ഖേദങ്ങളിലൊന്ന്,” ഒബാമ പറഞ്ഞു.

“ക്ഷോഭം യാഥാര്‍ത്ഥ്യമാണ്; അത് ശക്തമാണ്; അതിനെ അവഗണിക്കുകയും അതിന്റെ വേരുകളെ മനസിലാക്കാതെ അപലപിക്കുകയും ചെയ്യുന്നത് വംശങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന  തെറ്റിദ്ധാരണകളുടെ അകലങ്ങള്‍ കൂട്ടുകയെ ഉള്ളൂ.”

ചിലപ്പോഴൊക്കെ അതിനാടകീയത ഒരു പ്രസംഗത്തിന് ആയുസ്സ് നീട്ടി നല്കും. തന്റെ മുന്‍ പാസ്റ്റര്‍ അമേരിക്കയെ ശപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് ശേഷം എഴുതിയ 2008-ലെ ഒബാമയുടെ വംശത്തെക്കുറിച്ചുള്ള പ്രസംഗം ഇത്തരത്തിലൊരു നിമിഷമാണ്. ഒബാമ അയാളുടെ രാഷ്ട്രീയ ജീവിതത്തിനുവേണ്ടി പോരാടുകയായിരുന്നു. അത്തരത്തിലൊരു വ്യക്തിപരമായ പ്രസംഗം അമേരിക്കക്കാര്‍ അതുവരെ കേട്ടിരുന്നില്ല.

ഒബാമയുടെ മിശ്ര വംശ പാരമ്പര്യം കറുത്തവരും വെളുത്തവരുമായ അമേരിക്കക്കാരോട് മറയില്ലാതെ സംസാരിക്കാന്‍ അയാളെ പ്രാപ്തനാക്കി. വംശീയ വിവേചനത്തിന്റെ കാലത്ത് വളര്‍ന്നുവന്ന, സൈനികനായി സേവനമനുഷ്ഠിച്ച തന്റെ പാസ്റ്റര്‍ ജെര്‍മിയ റൈറ്റിനെ ഉള്‍ക്കൊള്ളാന്‍ ഒബാമ വെള്ളക്കാരോട് ആവശ്യപ്പെട്ടു. തെരുവില്‍ കറുത്തവരെ കാണുമ്പോള്‍ ഭയന്നിരുന്ന വംശീയ വാര്‍പ്പുമാതൃകകളില്‍ സംസാരിച്ച് തന്നെ വിഷമിപ്പിച്ചിരുന്ന തന്റെ അമ്മൂമ്മയെ ഓര്‍മ്മിക്കാനും അദ്ദേഹം കറുത്തവരെ ഓര്‍മ്മിപ്പിച്ചു. “ഈ ആളുകള്‍ എന്റെ ഭാഗമാണ്. അവര്‍ അമേരിക്കയുടെ, ഞാന്‍ സ്നേഹിക്കുന്ന രാജ്യത്തിന്റെ ഭാഗമാണ്.”

ഒബാമയുടെ പ്രസിഡന്‍റ് കാലത്തെ അവസാന മാസങ്ങളിലെ വലിയ പ്രതിഷേധങ്ങളും പോലീസ് വെടിവെപ്പും, പ്രകോപനപരമായ രാഷ്ട്രീയ പ്രസംഗങ്ങളും 2008-ലെ പ്രസംഗം ഇപ്പൊഴും ശരിയാണെന്ന് തെളിയിക്കുന്നു. “ ആ പ്രസംഗം ഒന്നും പരിഹരിച്ചില്ല,” ബ്രൌണ്‍ സര്‍വകലാശാല പ്രൊഫസര്‍ ടെഡ് വില്‍മാര്‍ പറഞ്ഞു. “പക്ഷേ വംശം എന്നത് എത്ര സങ്കീര്‍ണമാണെന്ന് അത് ആഴത്തിലും ഉയര്‍ന്ന തലത്തിലും മനസിലാക്കുന്നു.”

“ഒരു രാജ്യമെന്ന നിലയില്‍ ഈ ദുരന്തത്തിനപ്പുറം, നാം എവിടെയാണ് അന്ധരായത് എന്നു കാണാന്‍ കഴിയും വിധം ദൈവം നമ്മില്‍ പ്രഭ ചൊരിഞ്ഞിരിക്കുന്നു.”

വെടിവെപ്പും കൂട്ടക്കൊലയും ഭീകരാക്രമണവും നടന്നതിനുശേഷമുള്ള പ്രസംഗങ്ങളിലാണ് ചരിത്രകാരന്‍മാര്‍ ഒബാമയുടെ മഹത്തായ പ്രസംഗണങ്ങള്‍ തേടുന്നത്. “ഒബാമ തന്റെ ആത്മാവിനെ ഈ പ്രസംഗങ്ങളില്‍ നല്കിയിരിക്കുന്നു,” ബ്രിങ്ക്ലെ പറഞ്ഞു.

എല്ലാ പ്രസിഡന്‍റുമാരും ചില ഘട്ടത്തില്‍ പുരോഹിത വേഷം അണിയാറുണ്ട്. ചാലഞ്ചര്‍ സ്പേസ് ഷട്ടില്‍ ദുരന്തത്തിന് ശേഷം റീഗന്‍ നടത്തിയ ആശ്വസിപ്പിക്കുന്ന പ്രസംഗം അത്തരത്തിലൊന്നാണ്. ഒക്ലഹോമ നഗരത്തിലെ ബോംബാക്രമണത്തിന് ശേഷം ബില്‍ ക്ലിന്റണ്‍. പക്ഷേ ഒരു പ്രസിഡണ്ടും ഒബാമയെപ്പോലെ ഈ വേഷം വളരെയേറെ തവണ ചെയ്തിട്ടില്ല-ടക്സോണ്‍, ന്യൂ ടൌണ്‍, ഡള്ളാസ്.

ഒബാമയുടെ പ്രസംഗങ്ങള്‍ ഭാവിതലമുറയ്ക്ക് ഇന്നത്തെ അമേരിക്കയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച്ച നല്കുമെന്ന് ബ്രിങ്ക്ലെ കരുതുന്നു. ചാല്‍സ്റ്റണില്‍ പള്ളിയിലുണ്ടായിരുന്ന 9 പേരെ കൊന്നതിനെ തുടര്‍ന്ന് നടത്തിയ പ്രസംഗം. ക്രിസ്ത്യന്‍ പ്രാര്‍ത്ഥന ഒരു പ്രസിഡന്‍റ് പാടിയ അത്ഭുതവും ഉണ്ടായിരുന്നു അതില്‍.

ദൈവികമായ ഒരു വഴിത്തിരിവാണ് ഈ കൊലപാതകങ്ങളെന്ന് ഒബാമ പറഞ്ഞു. ആക്രമണത്തിന് ദിവസങ്ങള്‍ക്കുശേഷം കോണ്‍ഫെഡെറേറ്റ് പതാക (അടിമത്തം നിലനിര്‍ത്താന്‍ പോരാടിയ വിഭാഗത്തിന്റെ പതാക) സ്റ്റേറ്റ് കാപ്പിറ്റോള്‍മകുടത്തിന് മുകളില്‍ നിന്നും നീക്കം ചെയ്യാന്‍ തെക്കന്‍ കരോളീന നിയനിര്‍മ്മാണസഭാംഗങ്ങള്‍ വോട്ടുചെയ്തു. ക്രൂരമായ ഈ കൊലപാതകങ്ങളോട് രാജ്യം “വലിയ ഹൃദയത്തോടെ പ്രതികരിച്ചു. പൊതുജീവിതത്തില്‍ നാം വളരെ വിരളമായി കാണുന്ന ആലോചനാത്മകമായ ആത്മപരിശോധനയും തിരിഞ്ഞുനോട്ടവും,” ഒബാമ പറഞ്ഞു.

അതേ ഊര്‍ജത്തില്‍ തോക്ക് നിയന്ത്രണവും, ദാരിദ്ര്യത്തിന് തടയിടലും, ക്രിമിനല്‍ നിയമപരിഷ്കരണങ്ങളും നടപ്പാക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. അതൊന്നും നടന്നില്ല. ആ കൂട്ടക്കൊലയും നടന്നതും നടക്കാനിരിക്കുന്നതുമായ മറ്റുള്ളവയെപ്പോലെ ഓര്‍മ്മയില്‍ നിന്നും മാഞ്ഞുപോയി.

“അത് സൈന്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലല്ല, പക്ഷേ ഇച്ഛകളുടെ സംഘട്ടനമാണ്; അമേരിക്കയുടെ യഥാര്‍ത്ഥ അര്‍ത്ഥം എന്തായിരിക്കണം എന്ന് നിര്‍ണയിക്കാനുള്ള മത്സരം.”

ഏറ്റവും പ്രശസ്തമായ പ്രസിഡന്‍റ് പ്രസംഗം –അതിനെ മാനദണ്ഡമാക്കിയാണ് മറ്റെല്ലാ വൈറ്റ് ഹൌസ് പ്രസംഗങ്ങളും അളക്കപ്പെടുന്നത്- ലിങ്കന്‍റെ ഗെറ്റിസ്ബര്‍ഗ് പ്രസംഗമാണ്. അതില്‍ ലിങ്കണ്‍ ആഭ്യന്തര യുദ്ധത്തിലെ ഏറ്റവും രക്തരൂഷിതമായ യുദ്ധം നടന്ന സ്ഥലത്ത് ഒരു പൊതുകാഴ്ച്ചപ്പാടോടെ എല്ലാ അമേരിക്കക്കാരോടും ഒരുമിക്കാന്‍ ആവശ്യപ്പെട്ടു. വിശദാംശങ്ങളും മരിച്ചവരുടെ പേരുകളും നാശം വിതച്ച യുദ്ധത്തിന്റെ കണക്കും അതില്‍ ഒഴിവാക്കുന്നു. അടിമത്തം എന്ന വിഷയമേ ലിങ്കണ്‍ ഒഴിവാക്കുന്നു. പകരം അമേരിക്കന്‍ ചരിത്രത്തെ ഉടച്ചുവാര്‍ത്തുകൊണ്ട് രാജ്യത്തിന്റെ ഏറ്റവും പ്രധാന ആശയമായി സ്വാതന്ത്ര്യത്തിന് പകരം സമത്വത്തെ പ്രതിഷ്ഠിക്കുന്നു.

സെല്‍മയില്‍ പ്രകടനം നടത്തിയവരെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തിന്റെ 50-ആം വാര്‍ഷികത്തില്‍ കഴിഞ്ഞ വര്‍ഷം ഒബാമ നടത്തിയ പ്രസംഗം അത്തരത്തിലൊന്നായിരുന്നു. ലിങ്കനെപ്പോലെ ഒബാമയും അമേരിക്കന്‍ ചരിത്രത്തെ മറ്റൊരു മൂശയിലിട്ടു. വിമതര്‍, പ്രതിഷേധനേതാക്കള്‍, തെറ്റിത്തെറിച്ചവര്‍, കലാകാരന്മാര്‍, കുടിയേറ്റക്കാര്‍ എന്നിവരെല്ലാം കഥയുടെ കേന്ദ്രത്തിലെത്തി. “നമ്മുടെ ചരിത്രം നോക്കുക,” അയാള്‍ ആവശ്യപ്പെട്ടു. “ആണുങ്ങളെപ്പോലെയും അതില്‍ക്കൂടുതലും പെണ്ണുങ്ങള്‍ക്കും ചെയ്യാനാകും എന്ന് കാണിച്ച സോജേണര്‍ ട്രൂതും ഫാനി ലോ ഹാമെറുമാണ് നമ്മള്‍.” അമേരിക്കയുടെ ചരിത്രത്തിലെ അയാളുടെ  നായകന്‍മാര്‍ ‘വൈറ്റ് ഹൌസ് പണിത അടിമകളും’,‘സാന്‍ ഫ്രാന്‍സിസ്കോയിലും ന്യൂ യോര്‍കിലും തെരുവുകളില്‍ രക്തം ചിതറിയ സ്വവര്‍ഗാനുരാഗികളും’ അടങ്ങിയതാണ്. അമേരിക്കയുടെ സ്ഥാപക പിതാക്കളും രണ്ടാം ലോകമഹായുദ്ധ വീരന്മാരും ചെറിയ പരാമര്‍ശങ്ങളില്‍ ഒതുങ്ങി. ആദ്യമായി അവര്‍ പാര്‍ശ്വങ്ങളിലേക്ക് മാറ്റിനിര്‍ത്തപ്പെട്ടു.

ഒബാമയുടെ പ്രസിഡന്‍റ് കാലത്തെ ഏറ്റവും തീവ്രമായ പ്രസംഗമായിരുന്നു സെല്‍മയിലേത്. സ്ഥാപക പ്രമാണങ്ങളിലെ ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ തുടര്‍ച്ചയായി മാറിക്കൊണ്ടേയിരിക്കുന്ന അമേരിക്കയെക്കുറിച്ചാണ് ഒബാമ പറഞ്ഞത്. “അമേരിക്കന്‍ പരീക്ഷണത്തില്‍ ഇതില്‍ക്കൂടുതല്‍ വിശ്വാസം മറ്റെന്താണ്?” ഒബാമ സെല്‍മയില്‍ പറഞ്ഞു. “അമേരിക്ക ഇനിയും അവസാനിച്ചിട്ടില്ല എന്ന വിശ്വാസത്തേക്കാള്‍, സ്വയം വിമര്‍ശനത്തിന് നാം പ്രാപ്തരാണെന്ന, ഓരോ തലമുറയും തങ്ങളുടെ അപൂര്‍ണതകളെ തിരുത്താന്‍ ശ്രമിക്കുമെന്നതിനെക്കാള്‍, നമ്മുടെ ഉയര്‍ന്ന ആശയങ്ങളോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന തരത്തില്‍ ഈ രാജ്യത്തെ പുനര്‍നിര്‍മ്മിക്കാനുള്ള ശക്തി നമുക്കുണ്ടെന്നതിനേക്കാള്‍  കൂടുതല്‍ ദേശാഭിമാനം മറ്റെന്താണ്?”

അമേരിക്കയുടെ ഭാവിയോട് സംവദിക്കാനുള്ള ശേഷിയാണ് സെല്‍മ പ്രസംഗത്തെ വ്യത്യസ്തമാക്കുന്നത്. സെന്‍സസ് ബ്യൂറോ പ്രവചിക്കുന്നത് 2044-ല്‍ യു.എസ് ജനത ‘ഭൂരിപക്ഷ ന്യൂനപക്ഷമാകും’ എന്നാണ്. വെള്ളക്കാരിലെ ഇതേപ്പറ്റിയുള്ള ആശങ്കയെയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കുന്ന’ പ്രചാരണവുമായി ഉപയോഗിക്കുന്നത്. ഒബാമയുടെ ഭരണകാലത്തെക്കുറിച്ചും അയാളുടെ യോഗ്യതയെക്കുറിച്ചും, രാജ്യസ്നേഹവും വിശ്വാസവുമെല്ലാം ഇതില്‍ ചോദ്യം ചെയ്യപ്പെടുന്നു.

ഒരിക്കല്‍, ഈ ജനസംഖ്യ മാറ്റം അമേരിക്കന്‍ കഥയിലെ അനിവാര്യമായ ഒരു ഭാഗമായി കാണും. അന്നത്തെ അമേരിക്കയോടുള്ള മഹത്തായ പ്രസംഗമാണ് സെല്‍മയിലേത്. അമേരിക്കന്‍ ഐക്യനാടുകളുടെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റിന് മാത്രം ചെയ്യാന്‍ കഴിയുന്ന പ്രസംഗം.

സെല്‍മ അതായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍