UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണക്കുകള്‍ പറയുന്നു; ഏതാണ് നിങ്ങളുടെ മാതൃകാ സംസ്ഥാനം?

Avatar

അഴിമുഖം പ്രതിനിധി

‘കേരള മാതൃക’ ഏറെ ശ്രദ്ധയാകര്‍ഷിക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ഒന്നാണ്. സാമ്പത്തിക ശാസ്ത്രത്തില്‍ നോബെല്‍ സമ്മാനം നേടിയ അമര്‍ത്യ സെന്‍ ‘കേരള മാതൃക’യെ മികച്ച സാമൂഹ്യ, സാമ്പത്തിക വികസന മാതൃകയായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നരേന്ദ്ര മോദി ഗുജറാത്ത് മാതൃകയെ ഉയര്‍ത്തിക്കൊണ്ടു വന്നപ്പോള്‍ യുപിഎക്ക് എതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിന്നിരുന്നതിനാല്‍ മോദിയുടെ പ്രചാരണത്തെ ഏറെപ്പേര്‍ തൊണ്ട തൊടാതെ വിഴുങ്ങി. എതിര്‍ ശബ്ദങ്ങള്‍ ഹര ഹര മോദി മന്ത്രണങ്ങളില്‍ മുങ്ങുകയും ചെയ്തു. അക്കാലത്ത് അമര്‍ത്യ സെന്നും മോദിനോമിക്‌സിനെ പ്രകീര്‍ത്തിച്ചിരുന്ന ജഗദീഷ് ഭഗവതിയും തമ്മില്‍ കേരള-ഗുജറാത്ത് മാതൃകകളെ ചൊല്ലിയുള്ള സംവാദവും നടന്നിരുന്നു. അരവിന്ദ് പനഗാരിയയെ പോലുള്ള വലതുപക്ഷ സാമ്പത്തിക വിദഗ്ദ്ധര്‍ മോദിനോമിക്‌സിന്റെ പ്രചാരകരായി. എന്നാല്‍ ഇപ്പോള്‍ കേരള നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദി നടത്തിയ സൊമാലിയ പരാമര്‍ശം ഗുജറാത്തിന്റെ യഥാര്‍ത്ഥ വികസനം എന്താണെന്നുള്ള ചര്‍ച്ചകളിലേക്ക് വീണ്ടും ലോകത്തെയെത്തിച്ചു. ഗുജറാത്ത് മോഡല്‍ എന്നത് ഊതിപ്പെരുപ്പിച്ച ബലൂണാണെന്നും സൊമാലിയ പ്രയോഗം ആ ബലൂണിന്റെ കാറ്റൂരിവിട്ടുവെന്നും പറയാനാകും.

ജനങ്ങള്‍ക്ക് മികച്ച ആരോഗ്യ പരിരക്ഷ, എല്ലാവര്‍ക്കും വിദ്യാഭ്യാസം, ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച, തൊഴില്‍ ലഭ്യത, ചെറുതും വലുതുമായ വ്യവസായങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയിലെ മികവുകളെ ഒരു സംസ്ഥാനത്തെ മാതൃക സംസ്ഥാനമാണോയെന്ന് പരിശോധിക്കാന്‍ ഉപയോഗിക്കാവുന്നതാണ്.

ഒരു സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന ചരക്ക്, സേവനങ്ങളുടെ ആകെത്തുകയാണ് മൊത്ത സംസ്ഥാന ആഭ്യന്തര ഉല്‍പാദനം (ജിഎസ്ഡിപി). ഈ കണക്കില്‍ മഹാരാഷ്ട്രയാണ് ഒന്നാമത് വരുന്നത്. 16.8 ലക്ഷം കോടിയാണ് മഹാരാഷ്ട്രയുടെ ജിഎസ്ഡിപി. തമിഴ്‌നാട് 9.76 ലക്ഷം കോടിയുമായി വളരെ പിന്നില്‍ രണ്ടാം സ്ഥാനത്തുണ്ട്. ഗുജറാത്താകട്ടെ അഞ്ചാം സ്ഥാനത്താണ്. ജനസംഖ്യ, ലഭ്യമായ വിഭങ്ങള്‍, സംസ്ഥാനത്തിന്റെ വലിപ്പം തുടങ്ങിയവ ജിഎസ്ഡിപിയെ നിര്‍ണയിക്കുന്ന ഘടകങ്ങളാണ്. സാമ്പത്തിക രംഗത്തില്‍ മുന്നില്‍ വരുന്നത് മഹാരാഷ്ട്രയും തമിഴ്‌നാടും തന്നെയാണ്.

വിദ്യാഭ്യാസത്തില്‍ തീര്‍ച്ചയായും കേരളം തന്നെയാണ് മുന്നില്‍ വേറിട്ടു നില്‍ക്കുന്നത്. ഗുജറാത്ത് പതിനെട്ടാമതും തമിഴ്‌നാട് പതിനാലാമതും മഹാരാഷ്ട്ര പന്ത്രണ്ടാമതുമാണ്. കേരളത്തിന് തൊട്ടു പിന്നില്‍ നില്‍ക്കുന്നത് മിസോറാമും ഡല്‍ഹിയുമാണ്.

മനുഷ്യ വികസന സൂചികയിലും കേരളമാണ് മുന്നില്‍. 0.825 പോയിന്റുകള്‍. ജനങ്ങളെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അനവധി സാമൂഹിക ഘടകങ്ങളാണ് മനുഷ്യ വികസന സൂചിക തയ്യാറാക്കാനായി പരിഗണിക്കുന്നത്. രണ്ടാം സ്ഥാനത്ത് ഡല്‍ഹിയും ഏഴാം സ്ഥാനത്ത് മഹാരാഷ്ട്രയും തമിഴ്‌നാട് എട്ടാമതും നില്‍ക്കുമ്പോള്‍ മാതൃകയായി വാഴ്ത്തപ്പെടുന്ന ഗുജറാത്തിന് 12-ാം സ്ഥാനം മാത്രമാണ്. കേരളത്തെ താരതമ്യപ്പെടുത്തുന്നത് ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളോടാണ്.

തുല്യ വളര്‍ച്ചയുടെ ഏറ്റവും നല്ല സൂചകമാണ് ജനസംഖ്യയില്‍ കുടുതല്‍ പേരും ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ വരുന്ന സാഹചര്യം. അതില്‍ ഗോവയും കേരളവുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. മഹാരാഷ്ട്രയും ഗുജറാത്തും 15, 14 സ്ഥാനങ്ങളിലാണ്. മോശം പ്രകടനമാണിത്. പ്രത്യേകിച്ച് ഇരു സംസ്ഥാനങ്ങളും ജിഎസ്ഡിപിയില്‍ വളരെ മുന്നില്‍ നില്‍ക്കുമ്പോള്‍. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വികസനം സംസ്ഥാനത്തുണ്ടായില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് ദാരിദ്ര്യ രേഖയ്ക്ക് കീഴിലെ ഉയര്‍ന്ന ശതമാനം.

വൈദ്യുതീകരണത്തിലാകട്ടെ തമിഴ്‌നാട് 10-ാമതും ഗുജറാത്ത് 15-ാമതും മഹാരാഷ്ട്ര 21-ാമതുമാണ്. നികുതി വരുമാനത്തില്‍ മുന്നില്‍ നില്‍ക്കുന്നത് മഹാരാഷ്ട്രയും ആന്ധ്രാപ്രദേശുമാണ്. കൂടെ തമിഴ്‌നാടും കര്‍ണാടകയും ഗുജറാത്തുമുണ്ട്.

ഇന്ത്യയില്‍ വരുന്ന വിദേശ നിക്ഷേപത്തിലേറെയും എത്തുന്നത് ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കാണ്. കഴിഞ്ഞ 15 വര്‍ഷങ്ങളായി മൊത്തം എഫ് ഡി ഐയില്‍ 70 ശതമാനത്തിലേറെയും ഈ സംസ്ഥാനങ്ങളാണ് ആകര്‍ഷിക്കുന്നത്. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളായി ഡല്‍ഹി ഒഴിച്ചുള്ള സംസ്ഥാനങ്ങളിലേക്ക് വിദേശ നിക്ഷേപ വരവ് കുറഞ്ഞിട്ടുമുണ്ട്.

സാമൂഹിക സൂചകങ്ങള്‍ അനുസരിച്ച് കേരളമാണ് മാതൃക സംസ്ഥാനമാകുന്നത്. എന്നാല്‍ സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം വ്യാവസായിക വളര്‍ച്ച തടസ്സപ്പെടുന്നു. ആന്ധ്രാപ്രദേശിന് വന്‍തോതില്‍ നികുതി വരുമാനമുണ്ടെങ്കിലും കര്‍ഷകരുടെ മോശം അവസ്ഥയും വരള്‍ച്ചയും മറ്റു അനവധി ഘടകങ്ങളുമുണ്ട്. കൂടാതെ അസമത്വവും നിലനില്‍ക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യരംഗം പോലുള്ള പ്രാഥമിക സൗകര്യങ്ങളിലും അടിയന്തര ശ്രദ്ധ പതിയേണ്ടതുണ്ട്.

വളര്‍ച്ച കുറയുന്നുണ്ടെങ്കിലും ഓട്ടോമൊബൈല്‍ പോലുള്ള വന്‍കിട വ്യവസായങ്ങള്‍, ഐടിയിലെ മുന്‍തൂക്കം എന്നിവ തമിഴ്‌നാടിനുണ്ട്. സാമൂഹ്യ, സാമ്പത്തിക സൂചകങ്ങളും അനുകൂലമാണ്. എന്നാല്‍ അഴിമതി വളരെ കൂടുതലാണ്. കര്‍ഷക ആത്മഹത്യയും വരള്‍ച്ചയുമാണ് മഹാരാഷ്ട്രയില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍. വന്‍തോതിലെ അസമത്വം നിലനില്‍ക്കുന്ന ഈ സംസ്ഥാനം വളര്‍ച്ചയില്‍ മുന്നിലുമാണ്. സാമ്പത്തിക സൂചകങ്ങള്‍ മികച്ചതല്ലെങ്കിലും അനുകൂലമായ ഗുജറാത്താകട്ടെ സാമൂഹ്യ സൂചകങ്ങളില്‍ ഏറെ മുന്നേറാനുമുണ്ട്. 

സാമൂഹിക സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തേയും സമത്വ വളര്‍ച്ചയില്‍ തമിഴ്‌നാടിനേയും സാമ്പത്തിക വളര്‍ച്ചയില്‍ മഹാരാഷ്ട്രയേയും മാതൃക സംസ്ഥാനമായി കാണാനാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍