UPDATES

അഴിമതി രഹിത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യം മുഖ്യമന്ത്രി പിണറായി വിജയന്‍

അഴിമുഖം പ്രതിനിധി

അഴിമതി രഹിത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യം മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓരോ സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ വകുപ്പിലും, സ്ഥാപനത്തിലും എല്ലാത്തരത്തിലുള്ള അഴിമതിയും തടയാന്‍ കഴിയണം. ഈ ലക്ഷ്യത്തോടെ, ധീരമായി പബ്ലിക് ഡ്യൂട്ടിയിലേര്‍പ്പെടണം. അങ്ങനെ പൊതു നന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ സമൂഹത്തെ സൃഷ്ടിക്കണം. ‘അഴിമതി രഹിത സുസ്ഥിര വികസനം’ എന്ന മഹത്തായ ലക്ഷ്യം കൈവരിക്കാന്‍ കഴിയണം. കേരളം ഈ രംഗത്ത് വലിയ ഒരു മാതൃകയായി ഉയരുകയും ചെയ്യണെന്ന് പിണറായി പറഞ്ഞു. പിണറായി തന്റെ പ്രസ്താവന ഫെയ്‌സ്ബുക്കിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

പിണറായിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

‘ഡിസംബര്‍ 9 അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനമായി ആചരിക്കുകയാണല്ലൊ. കേരളത്തിലെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഈ ദിനാചരണത്തിന്റെ ഭാഗമായി അഴിമതി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും, Arising Kerala, Whistle Now എന്നീ രണ്ട് വിജിലന്‍സ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് സമാരംഭം കുറിയ്ക്കുകയുമാണ്. ഇതും അഴിമതി വെളിച്ചത്ത് കൊണ്ടുവരുന്നതിനായി പ്രയത്‌നിച്ച വ്യക്തികള്‍ക്ക് സംസ്ഥാനതല ‘Whistle Blower Award’ ഏര്‍പ്പെടുത്തുന്നതുമെല്ലാം അഴിമതിക്കെതിരായി നാം നടത്തുന്ന അതിശക്തമായ പോരാട്ടത്തിന്റെ ഭാഗമായി വേണം കരുതാന്‍.

‘അഴിമതി വിമുക്ത കേരളം’ എന്നതു സര്‍ക്കാര്‍ നയമാണ്. ഇതിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ മേഖലയിലും പൊതുജന പങ്കാളിത്തത്തോടെ അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഇപ്പോള്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുകയാണ്. ‘Proactive policy of zero tolerance to corruption’ എന്ന ആശയത്തിലധിഷ്ഠിതമായി ശക്തമായ നിലപാടുകള്‍ സ്വീകരിച്ച് ഒട്ടേറെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനകം തന്നെ തുടക്കം കുറിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അഴിമതി നടന്നതിനുശേഷം അന്വേഷിയ്ക്കുക എന്ന പാരമ്പര്യ രീതിയില്‍നിന്ന് വ്യത്യസ്തമായി അഴിമതിയ്ക്ക് അവസരം നല്‍കാതെ ആയതിന്റെ ഉറവിടം കണ്ടെത്തി ഉന്മൂലനം ചെയ്യുക എന്ന നൂതന രീതി അവലംബിച്ച് ‘Creative Vigilance’ എന്ന സങ്കല്‍പമാണ് നാമിപ്പോള്‍ മുമ്പോട്ടുകൊണ്ടുപോവുന്നത്. Lalithakumari vs State of UP കേസിലെ സുപ്രീംകോടതി വിധി പ്രകാരം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ ലഭിക്കുന്ന മുഴുവന്‍ പരാതികളും യൂണിറ്റ് ഓഫീസുകളില്‍ അഞ്ചു ഘട്ടങ്ങളിലായുള്ള പരിശോധനകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. ഇങ്ങനെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നത് പൊതുജനങ്ങള്‍ക്ക് വിജിലന്‍സിനോടുള്ള വിശ്വാസം വലിയതോതില്‍ വര്‍ധിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.

ഭരണത്തിന്റെ സദ്ഫലങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും സംതൃപ്തവും അതേസമയം കാര്യക്ഷമവുമായ സിവില്‍ സര്‍വ്വീസ് രൂപപ്പെടുത്തുന്നതിനും കഴിയണം. ഇതിനുതകുന്ന തരത്തിലുള്ള ബോധവല്‍ക്കരണ പരിപാടികളുണ്ടാകണം.ഇങ്ങനെ വിവിധങ്ങളായ രംഗങ്ങളിലെ കാര്യശേഷി വര്‍ധനവിനുള്ള പദ്ധതികള്‍ക്ക് ഇതിനോടകം തുടക്കം കുറിച്ചിട്ടുണ്ട്. സാധാരണ ജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്നത് പൊറുതിമുട്ടിക്കുന്ന പ്രശ്‌നങ്ങളുമായാണ്. അവ പരിഹരിക്കുന്നതിനു പകരം അനാവശ്യ തടസ്സവാദങ്ങള്‍ ഉന്നയിക്കുന്നവരുണ്ട്. അഴിമതിയ്ക്കും കെടുകാര്യസ്ഥതയ്ക്കും സ്വജന പക്ഷപാതിത്വത്തിനും അരങ്ങൊരുക്കലാണിതില്‍ പലതും. ഇത്തരം ഉദ്യോഗസ്ഥരെയും പൊതു പ്രവര്‍ത്തകരേയും കണ്ടെത്തുന്നതിനായുള്ളതാണ് Concurrent Vigilance Programme. ഇത് നല്ല രീതിയില്‍ തുടരാന്‍ കഴിയണം.

ഇതോടനുബന്ധിച്ച് Benefit Tracking Audit, Input Tracking Audit എന്നിവ ഉള്‍പ്പെടുത്തി Social Audit തത്വങ്ങള്‍ പ്രയോജനപ്പെടുത്തുക എന്നതാണു സര്‍ക്കാരിന്റെ ഉദ്ദേശം. ഇതിലൂടെ മാത്രമെ ബജറ്റില്‍ വകയിരുത്തിയ പണം ചോര്‍ച്ച കൂടാതെ പ്രയോജനപ്പെടുത്താനാവൂ. Good Governance എന്നു പറയുന്ന സദ്ഭരണത്തിന്റെ പത്ത് തത്വങ്ങള്‍ അനുസരിച്ച് എല്ലാ വകുപ്പിനുള്ളിലും സദ്ഭരണം ഉറപ്പാക്കുന്നതിനുള്ള നൂതന മാനേജ്‌മെന്റ് രീതിയായ Good Governance Audit കാര്യമായി മുമ്പോട്ടു കൊണ്ടുപോകണം.

പ്രത്യക്ഷത്തില്‍ വിജിലന്‍സിന് എന്തു കാര്യമെന്നു തോന്നാവുന്ന ചില മേഖലകളുണ്ട്. എന്നാല്‍, ആ മേഖലകളെപ്പോലും ശുദ്ധീകരിക്കാന്‍ വിജിലന്‍സിന് ഏറെ കാര്യങ്ങള്‍ ചെയ്യാനാവും. അഴിമതി നിവാരണം കൂടി ഉള്‍പ്പെട്ടതാണല്ലൊ വകുപ്പ്. സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ അഴിമതി വിരുദ്ധതയിലൂന്നിയ വിദ്യാഭ്യാസ മൂല്യങ്ങള്‍ ഉറപ്പാവേണ്ടതുണ്ട്. തലവരിപ്പണം വാങ്ങുന്നത് ഒഴിവാക്കണം. നിയമനങ്ങളിലെ കോഴയിടപാട് അവസാനിപ്പിക്കുകയും വേണം. ഇതിനൊക്കെയുള്ളതാണ് എഡ്യൂവിജില്‍ (Edu-Vigil) പദ്ധതി. തുടക്കമായിട്ടേയുള്ളു. ഈ വഴിക്ക് ഏറെ പോകാനുണ്ട്. പ്രകൃതിചൂഷണം അവസാനിപ്പിക്കുന്നതിനും, പൊതു ജനാരോഗ്യത്തെ ബാധിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കാര്‍ഷിക മേഖലയടക്കമുള്ള പരമ്പരാഗത തൊഴില്‍ മേഖലകള്‍ സംരക്ഷിയ്ക്കുന്നതിനും ഒരുപാട് കാര്യങ്ങള്‍ നിങ്ങള്‍ക്ക് ചെയ്യാനാവും. ആദിവാസി-പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമ കാര്യത്തിലും വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ സേവനം ഉറപ്പുവരുത്താനാവും. ഇതിനൊക്കെയുള്ള പദ്ധതികള്‍ ഇതിനകം ആവിഷ്‌കരിച്ചു കഴിഞ്ഞിട്ടുണ്ട്. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് യുക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട് എന്നു കാണുന്നത് സന്തോഷകരമാണ്.

വിവിധ വകുപ്പുകളിലെ അഴിമതിമൂലം ഓരോ പദ്ധതി നടത്തിപ്പിലും സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്നതിലും ഉണ്ടാകുന്ന നഷ്ടങ്ങള്‍ ഇല്ലാതാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് Zero Tolerance to Corruption എന്ന നയം. ഈ നയം നിയമസഭയില്‍ ജൂണ്‍ 24 നുതന്നെ പ്രഖ്യാപിച്ചു. ഈ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി അഴിമതി വിരുദ്ധ ബോധവല്‍ക്കരണം വളരെ ശക്തമായി നടക്കേണ്ടതുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയും, പത്ര ദൃശ്യ മാദ്ധ്യമങ്ങളിലൂടെയും ഇതിന്റെ സന്ദേശം പ്രചരിപ്പിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ പൊതുജന പങ്കാളിത്തത്തോടെ അഴിമതി നിര്‍മാര്‍ജനം ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടി വിജിലന്‍സ് വിഭാഗം തയ്യാറാക്കിയിട്ടുള്ള Android Mobile Application നുകളാണ് Arising Kerala & Whistle Now എന്നിവ. ഈ ആപ്ലിക്കേഷനുകളിലൂടെ പൊതുജനങ്ങള്‍ക്ക് അഴിമതി സംബന്ധമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ-ഓഡിയോ, ഫോട്ടോകള്‍ മുതലായവ അപ്ലോഡ് ചെയ്യുവാനും സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍വഴി ഷെയര്‍ ചെയ്യുവാനുമുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. അഴിമതിവിരുദ്ധ പോരാട്ടത്തില്‍ ഇത് ഒരു വലിയ മുന്നേറ്റം കുറിക്കും. ഇത്തരത്തില്‍ അപ് ലോഡ് ചെയ്യുന്ന അഴിമതി വിരുദ്ധമായ പോസ്റ്റുകളില്‍ പൊതുജനങ്ങള്‍ക്ക് പരിഹാര മാര്‍ഗ്ഗങ്ങളെപ്പറ്റി നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ കൂടിയുള്ള സൗകര്യം ഈ മൊബൈല്‍ ആപ്പ് നല്‍കുന്നു.

ഒരു കോടിയിലധികം രൂപയ്ക്കുമേലുള്ള അഴിമതി വെളിച്ചത്തു കൊണ്ടുവരികയും അത്തരം അഴിമതി നടത്തിയവര്‍ക്കെതിരെ ഫലപ്രദമായ നിയമ നടപടി എടുക്കുവാന്‍ എല്ലാ പിന്തുണയും നല്‍കുകയും ചെയ്യുന്ന വ്യക്തികള്‍ക്ക് എല്ലാ വര്‍ഷവും ഡിസംബര്‍ 9ന് സംസ്ഥാനതല ‘വിസില്‍ ബ്ലോവര്‍ അവാര്‍ഡ്’ നല്‍കുന്നതാണ് എന്നറിയിക്കാന്‍ സന്തോഷമുണ്ട്. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ആണ് ഈ അവാര്‍ഡ് നല്‍കുക. ഏര്‍പ്പെടുത്തുകയാണ്. വലിയ അഴിമതികള്‍ മൂടിവെയ്ക്കപ്പെടാന്‍ ഇടയുള്ളതുകൊണ്ടും, അത്തരം അഴിമതിക്കാര്‍ കൂടുതല്‍ ശക്തരാകാനിടയുള്ളതുകൊണ്ടും പലവിധ വെല്ലുവിളികള്‍ സധൈര്യം നേരിട്ടു വേണ്ടിവരും അഴിമതി പുറത്തുകൊണ്ടുവരാന്‍. അങ്ങനെ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാനുള്ളതാണ് വിസില്‍ ബ്ലോവര്‍ അവാര്‍ഡ്.

അഴിമതി ഇല്ലാത്ത ഭരണ നിര്‍വ്വഹണത്തിലൂടെ മാത്രമേ നമ്മുടെ നാട്ടില്‍ സുസ്ഥിര വികസനം നടപ്പാക്കാന്‍ കഴിയുകയുള്ളു. സ്‌കൂള്‍-കോളേജ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എന്‍എസ്എസ് പോലെയുള്ള സംഘടനകളേയും വിവിധ എന്‍ജിഒകളേയും ഗ്രന്ഥശാലകളേയും മറ്റും ഉള്‍പ്പെടുത്തി അഴിമതിരഹിത കേരളത്തിനായുള്ള ബോധവല്‍ക്കരണ നീക്കങ്ങള്‍ മുമ്പോട്ടു കൊണ്ടുപോകണം.

അഴിമതിക്കെതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് ജില്ലാതല വിജിലന്‍സ് കമ്മിറ്റികള്‍ക്ക് വലിയ പങ്കുവഹിക്കാനാവും. ഈ സംവിധാനം ശക്തിപ്പെടുത്താന്‍ കഴിവുറ്റ ഒരു കൂട്ടം യുവാക്കളായ പൊലീസുദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സംസ്ഥാനത്തൊട്ടാകെ വിജിലന്‍സ് യൂണിറ്റുകളില്‍ ‘Research and Training Wing’ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്. ഇനി ‘Research and Training Wing’ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം ലഭിക്കുന്ന എല്ലാവര്‍ക്കും അഞ്ചു ദിവസത്തെ Induction Training നല്‍കുന്നതിനുള്ള Training Manual തയ്യാറാക്കി വരികയാണ്. 2017 ഫെബ്രുവരിയോടെ ഈ സംവിധാനം നിലവില്‍ വരും. പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍നിന്നു നിയമന ഉത്തരവ് ലഭിച്ചുകഴിഞ്ഞാല്‍ ഒരാഴ്ചത്തെ സദ്ഭരണ ഇന്‍ഡക്ഷന്‍ ട്രെയിനിംഗ് കഴിഞ്ഞശേഷമേ ഉദ്യോഗസ്ഥര്‍ ജോലിചെയ്ത് തുടങ്ങുകയുള്ളൂ എന്ന രീതി നിലവില്‍ വരും. ഇത് സര്‍വീസില്‍ ഗുണാത്മകമായ വലിയ മാറ്റം വരുത്തും. വിജിലന്‍സില്‍ ആദ്യമായി രണ്ടുമാസം മുമ്പ് വനിതാ പൊലീസിന്റെ സാന്നിധ്യം വന്നു. ഇനി വിജിലന്‍സിലെ ഓരോ യൂണിറ്റിലും 25 ശതമാനം വനിതാ പൊലീസുകാരാകണം.

Zero Tolerance to Corruption അതായത്, അഴിമതി സഹിച്ചുകൊടുക്കില്ല നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ പരമ്പരാഗത ശൈലിയില്‍നിന്ന് വ്യതിചലിച്ച് ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകണം. സാധാരണ പൗരന് അര്‍ഹതപ്പെട്ടതും അവകാശപ്പെട്ടതുമായ കാര്യങ്ങള്‍ നേടിക്കൊടുത്ത് ഒരുവശത്ത് സര്‍ക്കാരിന്റെ സദ്ഭരണ നയവും മറുവശത്ത് ജനങ്ങളുടെ ക്ഷേമജീവിതവും ഉറപ്പാക്കുക എന്നത് വിജിലന്‍സ് ദൗത്യമായി ഏറ്റെടുക്കണം.

ഓരോ സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ വകുപ്പിലും, സ്ഥാപനത്തിലും എല്ലാത്തരത്തിലുള്ള അഴിമതിയും തടയാന്‍ കഴിയണം. ഈ ലക്ഷ്യത്തോടെ, ധീരമായി പബ്ലിക് ഡ്യൂട്ടിയിലേര്‍പ്പെടണം. അങ്ങനെ പൊതു നന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ സമൂഹത്തെ സൃഷ്ടിക്കണം. ഈ വഴിക്ക് ശ്രമിച്ചാല്‍ ജനങ്ങള്‍ വിജിലന്‍സ് വകുപ്പിനൊപ്പമുണ്ടാകും. ‘അഴിമതി രഹിത സുസ്ഥിര വികസനം’ എന്ന മഹത്തായ ലക്ഷ്യം കൈവരിക്കാന്‍ കഴിയണം. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി വിജിലന്‍സ് വകുപ്പ് മാറണം. ഇങ്ങനെ ചെയ്താല്‍ അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനത്തില്‍ കേരളത്തിന്റെ പ്രസക്തി അന്താരാഷ്ട്ര തലത്തില്‍തന്നെ ചര്‍ച്ച ചെയ്യുന്ന സ്ഥിതിയുണ്ടാവും. കേരളം ഈ രംഗത്ത് വലിയ ഒരു മാതൃകയായി ഉയരുകയും ചെയ്യും.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍