UPDATES

വിദേശം

സിഎന്‍എന്‍, ന്യൂയോര്‍ക്ക് ടൈംസ് അടക്കം പ്രമുഖ മാധ്യമങ്ങളെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നു പുറത്താക്കി വൈറ്റ് ഹൌസ്

വ്യാജ വാര്‍ത്തകളും തെറ്റായ വസ്തുതകളും പ്രചരിക്കുന്നത് കൈയുംകെട്ടി നോക്കി നില്‍ക്കില്ലെന്ന് മുന്നറിയിപ്പ്

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങളെ ഔദ്ധ്യോഗിക വാര്‍ത്ത സമ്മേളനങ്ങളില്‍ നിന്നും ഒഴിവാക്കിയ വൈറ്റ് ഹൗസ് നടപടി വ്യാപക പ്രതിഷേധനത്തിന് കാരണമാകുന്നു. പ്രത്യേകിച്ച് കാരണമൊന്നും പറയാതെയാണ് സിഎന്‍എന്‍, ന്യൂയോര്‍ക്ക് ടൈംസ്, പോളിറ്റികോ, ദ ലോസ് ആഞ്ചലസ്, ടൈംസ്, ബുസ്ഫീഡ് എന്നീ മുഖ്യധാര മാധ്യമങ്ങളെയാണ് വൈറ്റ് ഹൗസില്‍ നിന്നും പടിയടച്ചിരിക്കുന്നത്. പതിവുപോലെ ക്യാമറയ്ക്ക് മുന്നില്‍ വാര്‍ത്ത സമ്മേളനം നടത്തുന്നതിന് പകരം തന്റെ വെസ്റ്റ് വിംഗ് ഓഫീസില്‍ വച്ച് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് വൈറ്റ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ വിവാദ തീരുമാനം അറിയച്ചത്. തങ്ങള്‍ കടുത്ത രീതിയില്‍ തിരിച്ചടിക്കുമെന്നും വ്യാജ ആഖ്യാനങ്ങളും വ്യാജ വാര്‍ത്തകളും തെറ്റായ വസ്തുതകളും പ്രചരിക്കുന്നത് കൈയുംകെട്ടി നോക്കി നില്‍ക്കാന്‍ തയ്യാറാവില്ലെന്നും സ്‌പൈസര്‍ മുന്നറിയിപ്പ് നല്‍കി.

എല്ലാ കാര്യങ്ങളും ക്യാമറയ്ക്ക് മുന്നില്‍ പറയേണ്ട കാര്യമില്ലെന്ന ആമുഖത്തോടെ ആരംഭിച്ച സ്‌പൈസറുടെ പത്രസമ്മേളനത്തിന് റോയിറ്റേഴ്‌സ് ഉള്‍പ്പെടെയുള്ള മറ്റ് പത്രങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. എന്നാല്‍ ചില മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ വിവരമറിഞ്ഞ അസോസിയേറ്റഡ് പ്രസിന്റെയും ടൈം മാഗസിന്റെയും റിപ്പോര്‍ട്ടര്‍മാര്‍ സ്‌പൈസറിന്റെ ഓഫ് ക്യാമറ പത്രസമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയി.

വെള്ളിയാഴ്ച യാഥാസ്ഥിതികരുടെ ഒരു യോഗത്തില്‍ വച്ച് ട്രംപ് മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് വൈറ്റ് ഹൗസിന്റെ നടപടി. വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാധ്യമ സ്ഥാപനങ്ങള്‍ അമേരിക്കന്‍ ജനതയുടെ ശത്രുക്കളാണെന്ന് അദ്ദേഹം യോഗത്തില്‍ പ്രസ്താവിച്ചിരുന്നു. എന്നാല്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. നിരവധി ഭരണകൂടങ്ങളുടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത നീണ്ട ചരിത്രത്തിനിടയില്‍ വൈറ്റ് ഹൗസില്‍ നിന്നും ഇത്തരം ഒരു സമീപനം ആദ്യമായാണ് നേരിടേണ്ടി വരുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഡീന്‍ ബാക്വറ്റ് പറഞ്ഞു. ന്യൂയോര്‍ക്ക് ടൈംസിനെയും മറ്റ് മാധ്യമങ്ങളെയും വിലക്കിയ നടപടിയില്‍ ഞങ്ങള്‍ ശക്തമായ പ്രതിഷേദം രേഖപ്പെടുത്തുന്നു. സുതാര്യമായ സര്‍ക്കാരിലേക്കുള്ള സ്വതന്ത്ര മാധ്യമ പ്രാപ്യത ദേശീയ താല്‍പര്യങ്ങള്‍ക്ക് നിര്‍ണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

വൈറ്റ് ഹൗസ് കറസ്‌പോണ്ടന്‍സ് അസോസിയേഷനും തീരുമാനത്തെ വിമര്‍ശിച്ചു. ട്രംപിന്റെ വൈറ്റ് ഹൗസില്‍ നിന്നും വന്നിരിക്കുന്നത് തീര്‍ത്തും അസ്വീകാര്യമായ നടപടിയാണെന്നും അവര്‍ക്കിഷ്ടമില്ലാത്ത വാര്‍ത്തകള്‍ പ്രത്യേക്ഷപ്പെടുമ്പോള്‍ ഇങ്ങനെയാണ് അവര്‍ തിരിച്ചിടിക്കുന്നതെന്നും ഇപ്പോള്‍ തുടരുന്ന രീതി തന്നെ തുടരുമെന്നും സിഎന്‍എന്‍ ട്വീറ്റ് ചെയ്തു. തങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത വാര്‍ത്തകള്‍ നല്‍കുന്നവരെ ശിക്ഷിക്കാന്‍ വൈറ്റ് ഹൗസ് നടത്തുന്ന നീക്കം അങ്ങേയറ്റം അപലപനീയമാണെന്നും എന്നാല്‍ ഈ ഭരണകൂടത്തെ ന്യായയുക്തമായും തീവ്രമായും ആക്രമിക്കുന്ന രീതിയില്‍ ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബുസ്ഫീഡ് ന്യൂസിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് ബെന്‍ സ്മിത്ത് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍