UPDATES

വൈഖരി ആര്യാട്ട്

കാഴ്ചപ്പാട്

വൈഖരി ആര്യാട്ട്

ന്യൂസ് അപ്ഡേറ്റ്സ്

ചായം പൂശിയ ഐക്യദാര്‍ഢ്യത്തിന്റെ ചെമ്പ് തെളിയുമ്പോള്‍

ഹോളിവുഡില്‍ തുടക്കം മുതലേ ഉള്ള ഒരു രീതിയായിരുന്നു ‘വൈറ്റ് വാഷിംഗ്’. കറുത്ത വംശജര്‍, ഹിസ്പാനിക്, ഏഷ്യന്‍സ്, അറബ്‌സ്, ലാറ്റിനോസ്, അമേരിക്കന്‍ ഇന്ത്യന്‍സ് ഒക്കെയായി ‘ബ്ലാക്ക് ഫേസ്’ അല്ലെങ്കില്‍ ‘യെല്ലോ ഫേസ്’ എന്ന് വിളിക്കുന്ന, കടുത്ത മേക്കപ്പിന്റെ സഹായത്തോടെ വെളുത്ത വംശജര്‍ തന്നെഅഭിനയിക്കുന്ന രീതിയാണിത്. അസ്വാഭാവികമായ മേക്കപ്പും മറ്റു വംശങ്ങളെപ്പറ്റിയുള്ള മുന്‍ധാരണകളെയും വംശീയമായ വാര്‍പ്പ് മാതൃകകളെയും അടിസ്ഥാനമാക്കിയുള്ള അഭിനയ രീതിയുമാണ് ഇതിന്റെ പ്രത്യേകത. വംശീയത തുടരുന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. Race bending എന്നും ഇത് അറിയപ്പെടുന്നു. അതാത് വംശത്തിലെ അഭിനേതാക്കള്‍ ലഭ്യമല്ലാഞ്ഞിട്ടല്ല ഇതെന്നതാണ് വസ്തുത. വംശീയതയ്ക്ക് ഒപ്പം വെളുത്തവര്‍ക്ക് റോള്‍ നല്‍കുന്നത് കൂടുതല്‍ ഓഡിയന്‍സിനെ ആകര്‍ഷിക്കുന്നു, അതുവഴി കൂടുതല്‍ ലാഭം കിട്ടുന്നു എന്നതാണ് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. വ്യാപകമായി എതിര്‍ക്കപ്പെടുന്ന ഈ സമ്പ്രദായം ഹോളിവുഡില്‍ ഇപ്പോഴും തുടരുന്നതായി 2015-ലെ ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത് ഇന്‍സ്റ്റിറ്റ്യൂഷണല്‍ വംശീയതയായാണ് മനസിലാക്കപ്പെടുന്നതും.

 

ജയ പി.എസ് എന്നൊരു കലാകാരി രോഹിത് വെമൂലയുടെ മരണശേഷം പൊടുന്നനെ വെളിപാടുണ്ടായി ദളിതരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട്, ശരീരത്തില്‍ കറുത്ത ചായം തേച്ച് നാല് മാസം നടന്നുവെന്നും അതിന്റെ പേരില്‍ അവര്‍ അനുഭവിച്ച വിവേചനം ആധാരമാക്കി ഒരു പുസ്തകം എഴുതുന്നുവെന്നും വായിച്ചപ്പോള്‍ ആദ്യം ഓര്‍മ വന്നത് ഹോളിവുഡിലെ ഈ വൈറ്റ് വാഷിംഗ് ആണ്. രോഹിതിന്റെ സഹപാഠി എന്ന നിലയില്‍, ദളിത്‌ എന്ന നിലയില്‍, തൊലി കറുത്ത ഒരു പെണ്‍കുട്ടി എന്ന നിലയില്‍ പ്രസ്തുത ‘പ്രൊജക്റ്റി’നോട് തോന്നിയ വികാരമാവട്ടെ കടുത്ത അപമാനവും നിരാശയും സങ്കടവുമാണ്.

 

കറുത്ത തൊലിയുടെ പേരില്‍ തിരിച്ചറിവ് എത്തും മുന്നേ മുതല്‍ ചാവുന്നത് വരെ വിവേചനങ്ങളും അപമാനവും നേരിടുന്ന, അതിനെ പ്രതിരോധിക്കാന്‍ സ്വയം കരുത്താര്‍ജ്ജിച്ചു നില്‍ക്കുന്ന ഒരു വലിയ വിഭാഗം ജനക്കൂട്ടത്തെ മുഴുവനായി കൊഞ്ഞനം കുത്തിക്കാണിക്കുന്ന, ദളിത്‌ എന്നാല്‍ കറുത്തവര്‍ എന്ന് സമീകരിക്കുന്ന ഈ പെര്‍ഫോമന്‍സും ആഘോഷിക്കുന്ന ദുരവസ്ഥയിലാണ് സവര്‍ണ മൂല്യബോധം പേറുന്ന നമ്മുടെ പ്രബുദ്ധ മലയാളി സമൂഹം എന്നത് പരിഹാസ്യമാണ്. ഈ നാടകം ഇന്ന്‍ (6/6/2016) തൃപ്പൂണിത്തുറയില്‍ വച്ച് അവരുടെ പുസ്തക പ്രകാശനത്തോടെ സമാപിക്കുന്നുവത്രേ. ശരീരം കലാമാധ്യമം ആക്കുന്ന, കാന്‍വാസ് ആക്കുന്ന, പെര്‍ഫോമിംഗ് ആര്‍ട്ട് മനസിലാകാത്ത അരസിക എന്ന ലേബലിനെ സ്വാഗതം ചെയ്തുകൊണ്ട് തന്നെ, തൊലിക്കറുപ്പില്‍ അപമാനമില്ലാത്ത ഒരു രാഷ്ട്രീയജീവി എന്ന നിലയില്‍ ഈ സന്ദര്‍ഭത്തില്‍ ചിലത് പറയാനുണ്ട്.

 

 

പ്രധാനമായും ചായം തേച്ച് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്ന ഈ പെര്‍ഫോമന്‍സ്, രോഹിതിനോട് ബന്ധപ്പെടുത്തി ചെയ്യുമ്പോള്‍ ഊട്ടിയുറപ്പിക്കുന്നത് ദളിത്‌ = കറുത്ത ശരീരങ്ങള്‍ എന്ന സമവാക്യമാണ്; ദളിത്‌ സ്വത്വം എന്നാല്‍ തൊലിനിറത്തില്‍ ഒതുങ്ങുന്നു എന്ന പരിഹാസ്യമായ ധാരണയാണ്. ദയനീയമായി വെളിപ്പെടുന്നതാവട്ടെ ജാതീയതയേയും വംശീയതയേയും പറ്റിയുള്ള അജ്ഞതയും. അവര്‍ണ ശരീരങ്ങള്‍ ഉള്ള ദളിതിതര മനുഷ്യരും സവര്‍ണ ശരീരങ്ങള്‍ ഉള്ള ദളിതരും ഈ സമവാക്യത്തിന്റെ ഏത് ഭാഗത്തായി വരും എന്നതാണ് ചോദ്യം. അത്തരം മനുഷ്യരുടെ സാധ്യതയെപ്പോലും ഈ പ്രോജക്റ്റ് കണക്കിലെടുക്കുന്നില്ല എന്നതാണ് അതിദയനീയം. ഉള്ളത് പറഞ്ഞാല്‍ രോഹിതിന് നീതി തേടി സമരം നടത്തിയിരുന്ന സമയത്ത് ഞങ്ങളെ ക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്യുന്നതിനിടെ സൈബരാബാദ് പോലീസുകാരില്‍ ഒരാള്‍ തെറിക്കൊപ്പം അടിമുടി നോക്കി ‘നിന്റെ തൊലി കണ്ടാല്‍ അറിയാം നീയൊക്കെ ഏതാണെന്ന്’എന്ന് പറഞ്ഞ സന്ദര്‍ഭമാണ് ഓര്‍മ വരുന്നത്.

 

പേര് ചോദിച്ച്, മുസ്ലീം പേരുള്ള വിദ്യാര്‍ഥികളെ പ്രത്യേകം തിരഞ്ഞുപിടിച്ച് ‘പാകിസ്ഥാനി’, ‘ഭീകരവാദി’ എന്നും മറ്റും വിളിച്ച് തല്ലിച്ചതച്ചതും ഇതേ സമരമുഖത്ത് വച്ചാണ്. ആ വംശീയ – ജാതീയ വെറുപ്പും ഈ പെര്‍ഫോമന്‍സ് ഊട്ടിയുറപ്പിച്ചു വയ്ക്കുന്ന അപകടകരമായ വംശീയ-ജാതീയ പൊതുധാരണയും തമ്മില്‍ എന്താണ് വ്യത്യാസം? തല്ലിനേയും തെറിയേക്കാളും ഐക്യദാര്‍ഡ്യത്തിന്റെ പേരിലുള്ള ഇത്തരം ധൃതരാഷ്ട്രാലിംഗനങ്ങളെയാണ് നാം ഭയപ്പെടേണ്ടത് എന്ന് തോന്നുന്നു. ‘ജാതി ഒരു മാനസികാവസ്ഥയാണ്’ (caste is a state of mind) എന്ന അംബേദ്കറുടെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്. ആ മാനസികാവസ്ഥ തന്നെയാണ് ഇത്തരം വിപരീതഫലം ഉണ്ടാക്കുന്ന ‘പെര്‍ഫോമന്‍സി’ന് പ്രേരകമാവുന്നതും.

 

ഒരു ‘പ്രോജക്റ്റ്’എന്ന നിലയില്‍ കറുത്ത ശരീരങ്ങള്‍, അവയുടെ സമൂഹത്തിലെ സ്ഥാനം എന്നതിനെ സമീപിക്കുമ്പോള്‍ ഉള്ള അപരന്റെ ആ ‘നോട്ടം’ അഥവാ anthropological gaze ഉണ്ട്. അതാണ്‌ സഹിച്ചു കൂടാത്തത്. വളരെ വിചിത്രമായ, exotic ആയ ഒരു അനുഭവം എന്ന മട്ടിലാണ് ഈ ‘പ്രോജക്റ്റ്’ അവതരിപ്പിക്കപ്പെടുന്നത്. സവര്‍ണ ശരീരങ്ങള്‍ക്ക് പരിചയമില്ലാത്ത ഒരു exotic അനുഭവത്തിലേക്ക് അവരെ കൂട്ടിക്കൊണ്ടു പോകാന്‍ മറ്റൊരു സവര്‍ണ ശരീരം തന്നെ മുന്‍കൈയ്യെടുക്കുന്നു എന്നതാണ് ഇതിനെ ആഘോഷിക്കാന്‍, ഇതിനോട് താദാത്മ്യം പ്രാപിക്കാന്‍ പൊതുബോധത്തിനെ പ്രേരിപ്പിക്കുന്ന ഘടകം. വിചിത്ര ജീവിക്കൂട്ടം (exotic breed) എന്ന നിലയില്‍ കറുത്ത ശരീരങ്ങളെ സമീപിക്കുന്നത് ഏത് വിധത്തിലാണ് കറുത്ത ശരീരങ്ങളെ സഹായിക്കുക? അതേസമയം കറുത്ത ശരീരങ്ങള്‍ എന്നത് വിചിത്രവും അപമാനം വിളിച്ചു വരുത്തുന്നവയാണെന്ന്‍ അവരവരോടു തന്നെ പ്രഖ്യാപിക്കാനും സ്വയം ബോധിപ്പിച്ച് ആശ്വസിക്കാനും സവര്‍ണ ശരീരങ്ങളെ ഈ പ്രോജക്റ്റ് സഹായിക്കുന്നുമുണ്ട്.

 

 

ഏറ്റക്കുറച്ചിലോടെയുള്ള ആ ചായം പൂശലില്‍ വ്യക്തമായും മനസിലാക്കാവുന്ന ഒരു  അലസതയുണ്ട് എന്നതും പറഞ്ഞേ മതിയാവൂ. തന്റെതല്ലാത്ത ശരീരത്തെ ഏത് വിധേനെയും അവതരിപ്പിക്കാം എന്ന ഈ അലസതയും ജാതീയമായ അഹന്തയാണ്. വ്യക്തമായും കൃത്രിമം എന്ന് മനസിലാവുന്ന രീതിയില്‍ വികലമായി അവതരിപ്പിക്കുന്ന ഈ കറുത്ത നിറക്കഥയോട് ഹോളിവുഡിലെ വൈറ്റ് വാഷിംഗ് ശൈലി ഒന്ന് ചേര്‍ത്തുവച്ച് വായിച്ചേ മതിയാവൂ. രണ്ടാമത്തെ സംഗതി ഈ ചായം പൂശലില്‍ പ്രകടമായ കൃത്രിമത്വമാണ് പ്രസ്തുത കലാകാരി അവകാശപ്പെടുന്ന തരത്തിലുള്ള തുറിച്ചു നോട്ടങ്ങളുടെ പിന്നില്‍ എന്നതാണ്. ഇങ്ങനെ വ്യാജമായി നിര്‍മിക്കുന്ന ‘നോട്ട’ത്തെപ്പറ്റി ഇവര്‍ വാചാലയാവുമ്പോഴും അത് ആഘോഷിക്കപ്പെടുമ്പോഴും മനസിലാക്കേണ്ട സംഗതി യഥാര്‍ത്ഥ അവര്‍ണ ശരീരങ്ങളുടെ യഥാര്‍ത്ഥ അനുഭവങ്ങളെ ഒന്നുകൂടി മറച്ചു പിടിക്കുകയും വ്യാജ നോട്ടത്തിനെ ആധാരപ്പെടുത്തി അവര്‍ണ അനുഭവങ്ങളെ പെരുപ്പിച്ചു കാട്ടുകയുമാണ് ഫലത്തില്‍ സംഭവിക്കുന്നത് എന്നതാണ്. അവര്‍ണ വിവേചന അനുഭവങ്ങള്‍ കേവലം തുറിച്ചു നോട്ടത്തില്‍ ഒതുങ്ങുന്നതല്ല എന്നതാണ് വസ്തുത. നേരില്‍ അനുഭവം ഉള്ളവര്‍ക്ക് അറിയാം, അത് പലപ്പോഴും വ്യക്തിയെ അദൃശ്യമാക്കുന്നതിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. ‘നോട്ടം’ എത്താത്തതാണ്, കാണാതെ, കേള്‍ക്കാതെ, അടയാളപ്പെടുത്തപ്പെടാതെ പോവുന്നതാണ് പലപ്പോഴും പ്രശ്നമാവുന്നത്. സവര്‍ണ ശരീരങ്ങളുടെ ബോധ്യത്തില്‍ ഒതുങ്ങാത്ത ഒന്നാണത് എന്നതാണ് യാഥാര്‍ത്ഥ്യം.

 

കറുത്ത തൊലിയുള്ള ഈ എനിക്ക് പങ്കുവയ്ക്കാന്‍ വൈയക്തികമായ വിവേചന അനുഭവങ്ങള്‍ ധാരാളമുണ്ട്. ദിനേനയെന്നോണം അനുഭവിച്ചിട്ടുള്ള വിവേചനങ്ങള്‍, അപമാനം, ലേബലിംഗ്, പ്രൊഫൈലിംഗ്, പരിഹാസങ്ങള്‍, പറയുന്നവര്‍ മാത്രം ചിരിക്കുന്ന വംശീയ തമാശകള്‍, സഹതാപം, ചോദിക്കാതെ ലഭിക്കുന്ന ‘നിറം വയ്ക്കാനുള്ള പൊടിക്കൈകള്‍’ അങ്ങനെ എന്തെല്ലാം. ഒരു പുസ്തകം മതിയാവില്ല ജീവിത കാലയളവ് മുഴുവന്‍ നീണ്ടു നില്‍ക്കുന്ന വിവേചന അനുഭവങ്ങള്‍ വര്‍ണിക്കാന്‍ എന്നതുകൊണ്ട് മാത്രമല്ല അവ പങ്കുവയ്ക്കാന്‍ മെനക്കെടാത്തത്. പുസ്തകം എഴുതിയ ശേഷം കഴുകി ഒഴിവാക്കിക്കളയാവുന്ന നിറമല്ല മേലുള്ളത് എന്നതുകൊണ്ട് തന്നെ അത് പബ്ലിഷ് ചെയ്യാനോ ആഘോഷിക്കാനോ ആള് കാണില്ല എന്ന പൂര്‍ണബോധ്യം ഉള്ളതുകൊണ്ടും കൂടിയാണ്. കഴുകിക്കളയാന്‍ കഴിയാത്ത തൊലിയുള്ളവര്‍ക്ക് പറയാന്‍ ഉള്ളതിന് ചെവി തരാതെ കറുത്ത ചായം പൂശിയവരുടെ നുണക്കഥ ആഘോഷിക്കുന്ന വിചിത്രമായ മാനസികാവസ്ഥയോട് അടിയറവ് പറയുകയേ നിവര്‍ത്തിയുള്ളൂ. ഇതിനെയാണ് ഒളിഞ്ഞ വിവേചനം (covert discrimination) എന്ന് പറയുന്നത്. ഇതിനെ ഇതില്‍ കൂടുതല്‍ വിശദീകരിക്കാന്‍ ബുദ്ധിമുട്ടാണ്.

 

അവര്‍ണ ശരീരമുള്ള ഏതൊരു വ്യക്തിക്കും ഓര്‍മ വച്ച കാലം മുതലുള്ള പരിഹാസങ്ങളും വിവേചനങ്ങളും പങ്കിടാന്‍ കാണും. ഇന്ത്യന്‍ സമൂഹത്തിന്റെ സൗന്ദര്യബോധം ഏതാണ്ട് പൂര്‍ണമായും നിറത്തെ ആസ്പദമാക്കിയാണ് എന്നതിനാല്‍ അത് ഒഴിവാക്കാന്‍ ആവാത്ത വിധം നമ്മളുടെ ദൈനംദിന ഇടപെടലുകളില്‍ കലര്‍ന്നിരിക്കും. അതു തന്നെയാണ് ‘ഫെയര്‍ ആന്‍ഡ് ലവ്ലി’ ആണെന്നും ‘ഡാര്‍ക്ക് ബട്ട് ബ്യൂട്ടിഫുള്‍’ ആണെന്നും നമ്മളെക്കൊണ്ട് പറയിക്കുന്നത്. ആ ഒരു ‘പക്ഷേ’യില്‍ എല്ലാം ഉണ്ട്. ‘കറുത്തിട്ടാണ് പക്ഷെ സുന്ദരി/സുന്ദരനാണ്’ എന്ന് കേള്‍ക്കാത്തവര്‍ വിരളമാവും. കറുത്തവര്‍ക്ക് സുന്ദരിയോ സുന്ദരനോ ആവാന്‍ കഴിയില്ല എന്നും അഥവാ അങ്ങനെ സംഭവിച്ചാല്‍ അതെന്തോ വിചിത്രമായ സംഗതിയാണെന്നും ഉള്ള ഉത്തമബോധ്യം അങ്ങനെ വെളിപ്പെടുന്നു. ജനിച്ച നാള്‍ മുതല്‍ ഊട്ടിയുറപ്പിക്കുന്ന ഈ ബോധ്യം മറികടക്കല്‍ ഒരു വലിയ സമരമാണ്. ഒരു കാലയളവിന് ശേഷം ഈ വര്‍ണവെറിക്കെതിരെ ഒരു തരം പ്രതിരോധം അവര്‍ണ ശരീരങ്ങള്‍ ഓരോരുത്തരും സ്വയം ആര്‍ജിച്ചെടുക്കും. ആ പ്രതിരോധം പലപ്പോഴും നിറത്തെ ചൊല്ലി ഒരു പ്രത്യഭിമാനം  നിര്‍മിച്ചു കൊണ്ടാവും, അല്ലെങ്കില്‍ നിറം എന്നത് തന്റെ വ്യക്തിത്വത്തെ നിര്‍ണയിക്കുന്ന ഘടകമല്ല എന്ന ബോധം സൃഷ്ടിച്ചു കൊണ്ടാവും. ഈ പ്രതിരോധത്തെ മൊത്തമായി ആക്രമിച്ച് കറുത്ത ശരീരങ്ങളെ അവരുടെ ശരീരങ്ങളില്‍ തന്നെ കെട്ടിയിടാന്‍ മുതിരുന്ന ഇമ്മാതിരി പ്രോജക്റ്റുകള്‍ ആത്യന്തികമായി പറഞ്ഞു വയ്ക്കുന്നത് കറുത്ത ശരീരങ്ങളാണ് അപമാനകരം എന്ന് തന്നെയാണ്. അവിടെ നിങ്ങളുടെ ചായംപൂശിയ ഐക്യദാര്‍ഡ്യത്തിന്റെ ചെമ്പ് തെളിയുന്നത് ഞങ്ങള്‍ക്ക് കാണാം.

 

 

ഇത്തരം ഐക്യദാര്‍ഡ്യ പെര്‍ഫോര്‍മന്‍സിന്റെ ഇരകള്‍ ഇവിടത്തെ കറുത്ത തൊലിയുള്ള മനുഷ്യരാണ് എന്ന് ഉച്ചത്തില്‍ പ്രഖ്യാപിക്കുന്നു. ഈ പ്രോജക്ടും അതിന്റെ പേരിലെ ഈ ആഘോഷവും വഴി നിങ്ങള്‍ ഞങ്ങളോട് പറയുന്നത് ഞങ്ങളുടെ ശബ്ദവും സാന്നിധ്യവും പോലും നിങ്ങള്‍ക്ക് അസഹനീയമാണ് എന്നാണ്. ഞങ്ങളുടെ അപമാനം ഞങ്ങളുടെ തൊലിനിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു എന്നാണ്. ഇത് പൂര്‍ണമായും മനസിലാക്കിക്കൊണ്ട് ഉച്ചത്തില്‍ പറയട്ടെ, പ്രിയപ്പെട്ട കലാകാരീ, നിങ്ങളുടെ കറുത്ത കഥ ഒരു നുണക്കഥയാണ്. യഥാര്‍ത്ഥ കഥകള്‍ നിങ്ങള്‍ കേള്‍ക്കില്ല. നിങ്ങള്‍ക്ക് കേള്‍ക്കാന്‍ ഇഷ്ടമല്ല. ഈ കറുത്ത കഥ നുണയാണ് എന്ന് എത്ര ഉച്ചത്തില്‍ പറഞ്ഞാലും മനസിലാകാത്തതു പോലെ നടിക്കുന്നതാണ് ഈ നുണക്കഥ ആഘോഷിക്കുന്നവര്‍ക്ക് എളുപ്പം എന്നും ഞങ്ങള്‍ക്കറിയാം. എന്നാലല്ലേ ഈ വിവേചനം തുടരാനാവൂ, ഉദ്ധരിക്കാന്‍ വരുന്ന സാമൂഹിക പ്രതിബദ്ധത തികട്ടിയ സ്വയം പ്രഖ്യാപിത കുരിശേറ്റങ്ങളെ ആരാധിച്ചുറപ്പിക്കാന്‍ കഴിയൂ. അതിനോട് കലഹിക്കാനേ കഴുകിക്കളയാന്‍ പറ്റാത്ത കറുത്ത തൊലിയുള്ള മനുഷ്യര്‍ക്ക് തത്കാലം കഴിയൂ.

 

എന്റെ കറുത്ത ശരീരത്ത് ഏറ്റക്കുറച്ചിലോടെ ചുവന്ന പുട്ടിയടിച്ച് ഒരു നാല് മാസം റോഡില്‍ ഇറങ്ങി നടക്കാന്‍ ഞാന്‍ തയാര്‍. തുറിച്ചു നോക്കാന്‍ ആളുകള്‍ കാണുമെന്നത് കട്ടായം. ഞാനും ഒരു പുസ്തകം എഴുതാം, ‘അവളുടെ ചുവന്ന കഥ’ എന്ന പേരില്‍. പബ്ലിഷ് ചെയ്യാന്‍ നിങ്ങള്‍ തയാറുണ്ടോ?

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

വൈഖരി ആര്യാട്ട്

വൈഖരി ആര്യാട്ട്

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ ഗവേഷക വിദ്യാര്‍ഥി. നമ്മുടെ സാമൂഹിക സാഹചര്യങ്ങള്‍, ലിംഗ നീതി, പൊതുവ്യവഹാരങ്ങള്‍, യാത്രകള്‍ എന്നിവയിലൂടെയൊക്കെ ഈ കോളം കടന്നു പോകുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍