UPDATES

വിദേശം

യമനില്‍ സര്‍ക്കാരിനെ അട്ടിമറിച്ച ഹൗതികള്‍ ആരാണ്?

Avatar

ആഡം ടെയ്‌ലര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

യമനിലെ അമേരിക്കന്‍ അനുകൂലി പ്രസിഡന്റ് അബേദ് മന്‍സൂര്‍ ഹാദി സര്‍ക്കാരിന്റെ രാജിയെ തുടര്‍ന്ന് അമേരിക്കന്‍ വിരോധികളും, ഇറാന്‍ പിന്തുണയുണ്ടെന്ന് കരുതുന്നവരുമായ ഹൗതി വിമതര്‍ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. രാജ്യത്തിന് പുറത്ത് ഹൗതികള്‍ അത്ര അറിയപ്പെടുന്നവരല്ല. 

വടക്കുപടിഞ്ഞാറന്‍ യമനിലെ സാദ പ്രവിശ്യയില്‍ നിന്നുള്ള ഒരു ഷിയാ പോരാളി സംഘമാണ് ഹൗതികള്‍. 1990കളുടെ ആദ്യം പ്രവര്‍ത്തിച്ചിരുന്ന ശബാബ് അല്‍മുമാനിന്‍ (വിശ്വാസിയായ യുവാവ്) എന്ന സംഘത്തിലാണ് ഹൗതികളുടെ അടിത്തറ എന്നു ടൗസണ്‍ സര്‍വ്വകലാശാലയിലെ ചാള്‍സ് ഷ്മീറ്റ്‌സ്എഴുതുന്നു. യമനില്‍ നൂറ്റാണ്ടുകളോളം ആധിപത്യ പുലര്‍ത്തുകയും, എന്നാല്‍ 1960കളിലെ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് ഒതുക്കപ്പെട്ട് പിന്നീട് യമന്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയ ഷിയാ ഇസ്ലാമിന്റെ സയ്ദി വിഭാഗത്തെക്കുറിച്ച് പ്രചരിപ്പിക്കാനാണ് ഇവര്‍ ശ്രമിച്ചത്. 

2003ലെ അമേരിക്കയുടെ ഇറാക്ക് അധിനിവേശത്തെ തുടര്‍ന്ന് ശബാബ് അല്‍മുമാമിന്‍ നേതാക്കളിലൊരാളായ ഹുസൈന്‍ അല്‍ ഹൗതി അമേരിക്കന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കി. അന്നത്തെ പ്രസിഡണ്ട് അലി അബ്ദുള്ള സലെയുടെ കടുത്ത വിമര്‍ശകനായിരുന്നു ഹൗതി. ഹൗതിയുടെ അനുയായികളും സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലുകളില്‍ ഹൗതി കൊല്ലപ്പെട്ടു. തുടര്‍ന്ന് സംഘത്തിന് ഇയാളുടെ പേര് നല്‍കുകയായിരുന്നു. ഹുസൈന്‍ അല്‍ഹൗതിയുടെ അനുയായികള്‍ പോരാട്ടം തുടരുകയാണ്. 33കാരനായ അബ്ദുള്‍ മാലിക് അല്‍ ഹൂത്തിയാണ് നിലവിലെ നേതാവ്. 

എങ്ങനെയാണ് അവര്‍ ഇത്ര ശക്തരായത്?
സര്‍ക്കാരുമായുള്ള നീണ്ടനാളത്തെ സായുധ പോരാട്ടം ഹൗതികളെ ഒരു വിദ്യാര്‍ത്ഥി വിഭാഗം എന്നതില്‍നിന്നും പരിചയസമ്പന്നരായ കലാപകാരികളാക്കി മാറ്റി എന്നാണ് ഷ്മീറ്റ്‌സ് എഴുതുന്നത്. വടക്കന്‍ യമനിലെ സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നടപടികള്‍ ഇവര്‍ക്ക് അവിടെ സഖ്യകക്ഷികളെ കിട്ടാനും സഹായിച്ചു. 2010ല്‍ സര്‍ക്കാരുമായി ഒരു വെടിനിര്‍ത്തലില്‍ എത്തിയെങ്കിലും അടുത്ത വര്‍ഷം നടന്ന വമ്പന്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അവര്‍ക്ക് പുതിയൊരവസരം തുറന്നുകൊടുത്തു. വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ തങ്ങളുടെ നില ഭദ്രമാക്കിയ സംഘം സലേ അധികാരം വിട്ടൊഴിഞ്ഞതിനുശേഷം നാഷണല്‍ ഡയലോഗ് കോണ്‍ഫറന്‍സില്‍ പങ്കാളികളാവുകയും ചെയ്തു. 

ഐക്യരാഷ്ട്ര സഭ മുന്‍ കയ്യെടുത്ത ഒരു സമാധാന ഉടമ്പടിയെ തുടര്‍ന്നാണ് ഹാദി പ്രസിഡണ്ടാകുന്നത്. എന്നാല്‍, തെക്കന്‍ മേഖലയിലെ വിഘടനവാദം, അല്‍ ഖ്വയ്ദ ഭീഷണി, സലെയേ അനുകൂലിക്കുന്ന നിരവധി സൈനികോദ്യോഗസ്ഥര്‍ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങളാണ് ഹാദി നേരിട്ടത്. മുന്‍വിജയങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ ഹൗതികള്‍ മുന്നേറ്റം തുടര്‍ന്നു. സെപ്റ്റംബറില്‍ സര്‍ക്കാര്‍ സേനയില്‍നിന്നും വലിയൊരു പ്രദേശത്തിന്റെ നിയന്ത്രണം കൈക്കലാക്കിയ അവര്‍ നാടകീയമായ നേട്ടങ്ങളിലൂടെ തലസ്ഥാനമായ സനായില്‍ എത്തി. 

ഇക്കഴിഞ്ഞ ആഴ്ച്ചകളില്‍ സനായില്‍ കടുത്ത പോരാട്ടം പൊട്ടിപ്പുറപ്പെട്ടു. തുടക്കത്തില്‍ ഒരു അട്ടിമറിപോലെ തോന്നിച്ചെങ്കിലും ഹാദിയെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്ന തരത്തില്‍ ഒരു അധികാരം പങ്കിടലിന് ഹൗതി നേതാക്കാള്‍ തയ്യാറായിരുന്നു. എന്നാല്‍ യമന്‍ നേതാക്കാള്‍ ധാരണയുടെ കാര്യത്തില്‍ ഇടറുകയും കൂട്ടരാജി സമര്‍പ്പിക്കുകയും ചെയ്തു. ‘ഞങ്ങള്‍ വഴിമുട്ടിയ അവസ്ഥയിലാണെന്ന്’ രാജ്യത്തോട് നടത്തിയ അഭിസംബോധനയില്‍ ഹാദി കുറ്റസമ്മതം നടത്തി. 

ഇതൊരു വിഭാഗീയ സംഘര്‍ഷമാണോ?
ഭൂരിപക്ഷവും യമനിലുള്ള സയ്ദി ഷിയാകള്‍ മ റ്റ് ഷിയാ മുസ്ലീംങ്ങളില്‍ നിന്നും ഭിന്നമായ വിശ്വാസമുള്ളവരാണ്. മുഖ്യധാര ഷിയാ മുസ്ലീംങ്ങള്‍ 12 ഇമാമുമാരെ അംഗീകരിക്കുമ്പോള്‍ സയ്ദികള്‍ 5 ഇമാമുമാരെ മാത്രമേ അംഗീകരിക്കുന്നുള്ളൂ. വിശ്വാസപരമായി മുഖ്യധാര ഷിയാകളേക്കാള്‍ സുന്നികളോടാണ് സയ്ദികള്‍ക്ക് അടുപ്പം. (12 വര്‍ഷം യമന്‍ ഭരിച്ച പിന്നീട് ഹൗതികള്‍ ആക്രമിച്ച മുന്‍ പ്രസിഡന്റ് സലേ സയ്ദി വിഭാഗക്കാരനാണ്. അധികാരം നഷ്ടപ്പെട്ടതിനുശേഷം ഹൗതികള്‍ക്കൊപ്പമാണെന്ന് പരക്കെ കരുതുന്നു).

ഹൗതി കലാപത്തിന്റെ ജനകീയത പൂര്‍ണമായും വിഭാഗീയ ഘടകങ്ങളിലേക്ക് ചുരുക്കാനാവില്ലെന്ന് നിരീക്ഷകര്‍ പറയുന്നു. ‘സ്വയം നിര്‍ണയാവകാശവും ഭരണകൂടത്തിന്റെ അധികാരപ്രയോഗങ്ങളും പ്രാദേശിക അസംതൃപ്തികളും സയ്ദി സ്വത്വവുമായി കൂടിക്കുഴഞ്ഞ ഒരു സംഘര്‍ഷമാണ് ഇത്’ എന്നാണ് 2010ലെ റാന്‍ഡ് കോര്‍പ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉപരിവര്‍ഗത്തിനെതിരായ, അഴിമതിക്കാരല്ലാത്ത യഥാര്‍ത്ഥ പ്രതിപക്ഷമായാണ് വലിയൊരു വിഭാഗം യമനികള്‍ ഹൗതികളെ കാണുന്നതും പിന്തുണക്കുന്നതുമെന്ന് പശ്ചിമേഷ്യ ഗവേഷക സില്‍വാന ടോസ്‌ക കഴിഞ്ഞ വര്‍ഷം നിരീക്ഷിക്കുകയുണ്ടായി. 

ഇറാന്റെ പങ്ക് 
മേഖലയിലെ ഷിയാ വന്‍ശക്തിയായ ഇറാനാണ് ഹൗതികളെ മുന്നില്‍ നിര്‍ത്തി കളിക്കുന്നതെന്നാണ് സൌദി അറേബ്യയും മറ്റ് സുന്നി രാഷ്ട്രങ്ങളും ആരോപിക്കുന്നത്. എന്തായാലും ഒരു ബന്ധമുണ്ടെന്ന് പുറത്തുള്ള പല കേന്ദ്രങ്ങളും സൂചിപ്പിക്കുന്നു. ഹൗതികള്‍ക്ക് ആയുധങ്ങളും പണവും നല്‍കുന്നത് ഇറാനാണെന്ന് അവകാശപ്പെട്ട സൗദി അറേബ്യ, യമന്‍, ഇറാന്‍ എന്നീ രാജ്യങ്ങളിലെ പല ഉദ്യോഗസ്ഥരോടും കഴിഞ്ഞ വര്‍ഷം റോയിറ്റേഴ്‌സ് സംസാരിച്ചിരുന്നു. 

ഇറാന്റെ വിപ്ലവ സേനയുടെ ഒരു പുറംവിഭാഗമായ കുദ്‌സ് സേനയിലെ നൂറിലേറെ വരുന്ന അംഗങ്ങള്‍ യമനില്‍ ഹൗതിപോരാളികള്‍ക്ക് പരിശീലനം നല്‍കുന്നെന്നും, പരിശീലനത്തിനായി ഹൗതി പോരാളികള്‍ ഇറാനിലേക്ക് വരാറുണ്ടെന്നും ഒരു ഇറാന്‍ ഉദ്യോഗസ്ഥന്‍ റോയിറ്റേഴ്‌സിനോട് പറഞ്ഞു. ലെബനനിലും ഇറാക്കിലുമടക്കം നിരവധി ഷിയാ സംഘങ്ങള്‍ക്ക് കുദ് സേന പരിശീലനം നല്കിയിട്ടുണ്ട്. 

ഈ വിവരങ്ങള്‍ ശരിയാണെങ്കില്‍, ഹൗതികളെ ഇറാന്‍ ഏതളവില്‍ സഹായിക്കുന്നുണ്ടെന്ന് അറിയുക എളുപ്പമല്ല. കൂടുതല്‍ യു എസ് സഹായം ലഭിക്കാനായി യമന്‍ സര്‍ക്കാരും സൗദിയും ഈ ബന്ധം പെരുപ്പിച്ചു കാട്ടുകയാണെന്നും അഭിപ്രായമുയര്‍ന്നിരുന്നു. യമന്‍ സര്‍ക്കാര്‍ നിലം പൊത്താന്‍ തുടങ്ങിയപ്പോള്‍ ഹൗതികളെ എതിര്‍ത്തിരുന്ന സുന്നി സംഘങ്ങളെ സഹായിച്ചിരുന്ന സൗദി അറേബ്യ ആ രാജ്യത്തിനുള്ള സഹായം വെട്ടിക്കുറച്ചു. 

യു എസിനെ എങ്ങനെ ബാധിക്കും
അതിപ്പോള്‍ പറയാന്‍ അത്ര എളുപ്പമല്ല. യമനില്‍ അമേരിക്കയുടെ പ്രധാന ആശങ്ക സുന്നി തീവ്രവാദി സംഘമായ AQAP യാണ്. ഹൗതികള്‍ അല്‍ഖ്വയ്ദയുമായി സൗഹൃദത്തിലല്ല. മാത്രമല്ല ചിലപ്പോഴൊക്കെ അവര്‍ ഏറ്റുമുട്ടിയിട്ടുമുണ്ട്. ഹൗതികള്‍ യു എസ് ഇടപെടലിന്റെ കടുത്ത വിരോധികളാണെങ്കിലും പ്രവര്‍ത്തനക്ഷമവും, ജനകീയവുമായ ഒരു സര്‍ക്കാരുണ്ടാക്കാന്‍ അവര്‍ക്കായാല്‍ അതത്ര മോശം സംഗതിയല്ല. 

അവര്‍ക്കതിന് കഴിഞ്ഞെല്ലെങ്കില്‍ എന്തു സംഭവിക്കും എന്നതാണു പ്രശ്‌നം. സൗദി അറേബ്യയില്‍ നിന്നുള്ള സഹായം നിലക്കുന്നതോടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരാറിലാകും. സനായില്‍ ഒരു കൃത്യമായ അധികാരകേന്ദ്രം ഇല്ലാത്തതോടെ AQAP-യും തെക്കന്‍ വിഘടനവാദികളും കൂടുതല്‍ സജീവമാകും. ഹൌതികള്‍ ഷിയാ വിഭാഗീയതയിലേക്ക് തിരിഞ്ഞാല്‍ യമനിലെ സുന്നികളെ തീവ്രവാദത്തിലേക്ക് തള്ളിവിടുകയാകും ഉണ്ടാവുക. ഒരുകാലത്തെ യു എസിന്റെ നിര്‍ണായക സഖ്യകക്ഷി, ഒരു പരാജിത രാഷ്ട്രമാകാന്‍ തുടങ്ങുകയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍