UPDATES

ട്രെന്‍ഡിങ്ങ്

ഗാന്ധിജിയെ പുറത്താക്കിയത് പിണറായിയോ ഉമ്മന്‍ചാണ്ടിയോ? സുധീരന്‍ പിടിച്ച പുലിവാല്‍

കേരളത്തിലെ പ്രധാന പ്രതിപക്ഷ കക്ഷിയുടെ നേതാവും മുന്‍ നിയമസഭാ സ്പീക്കറും ആരോഗ്യമന്ത്രിയുമെല്ലാമായിരുന്ന സുധീരന് ഇതേക്കുറിച്ച് അറിവില്ലായിരുന്നുവെന്ന് കരുതാനാകില്ല

ഖാദി ഉദ്യോഗിന്റെ കലണ്ടറില്‍ നിന്നും ഡയറിയില്‍ നിന്നും രാഷ്ട്രപതി മഹാത്മാ ഗാന്ധിയുടെ ചിത്രം ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന ഗാന്ധിയുടെ ചിത്രത്തിന് സമാനമായ രീതിയിലുള്ള മോദിയുടെ ചിത്രം പതിറ്റാണ്ടുകളായി ഇന്ത്യന്‍ ജനതയുടെ മനസില്‍ കുടിയിരിക്കുന്ന ഗാന്ധി ബിംബത്തെ മായ്ച്ചു കളയാനും പകരം ആ സ്ഥാനത്ത് സ്വയം കുടിയിരിക്കാനുമുള്ള തന്ത്രമായി വിമര്‍ശിക്കപ്പെടുകയും ചെയ്തു. കേരളത്തിലും ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നു.

എന്നാല്‍ ഇപ്പോള്‍ ഗാന്ധിജിയെ ഒഴിവാക്കിയതിന്റെ പേരില്‍ കേരളത്തിലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരും വിമര്‍ശനം ഏറ്റുവാങ്ങുകയാണ്. രക്തസാക്ഷി ദിനാചരണത്തിന് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിന്നും ഗാന്ധിജിയെ ഒഴിവാക്കിയെന്നാണ് വിവാദം. ജനുവരി 30ന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും രാവിലെ 11 മണിക്ക് രണ്ട് മിനിറ്റ് മൗനം ആചരിച്ച് രക്തസാക്ഷി ദിനം ആചരിക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. പൊതുഭരണ വകുപ്പ് ഇറക്കിയ സര്‍ക്കുലറില്‍ ഗാന്ധിജിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നതാണ് വിവാദമായത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജീവന്‍ ബലികഴിച്ചവരുടെ സ്മരണയ്ക്കായി മൗനം ആചരിക്കണമെന്ന് മാത്രമേ ഉത്തരവിലുള്ളൂ. ഇതിന് പിന്നാലെ നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ കവര്‍ പേജില്‍ നിന്നും ഗാന്ധിജി ഒഴിവാക്കപ്പെട്ടതോടെ വിവാദം കൊഴുത്തു.

നിയമസഭാ മന്ദിരത്തിന്റെ മുന്‍വശത്തുനിന്നുള്ള ചിത്രം എടുക്കുന്നതിന് പകരം നിയമസഭവളപ്പിന് പുറത്തെ ഇഎംഎസ് പ്രതിമ ശ്രദ്ധിക്കപ്പെടും വിധം ചിത്രമെടുത്ത് നോട്ടീസ് തയ്യറാക്കിയതാണ് വിവാദമായത്. നിയമസഭ മന്ദിരത്തിന് മുന്നില്‍ നിന്നും ചിത്രമെടുത്താല്‍ ഗാന്ധിയുടെ വലിയ പ്രതിമ ഒഴിവാക്കപ്പെടില്ല. ഒപ്പം അംബേദ്കറിന്റെയും നെഹ്രുവിന്റെയും പ്രതിമകളും ചിത്രത്തില്‍ പതിയുകയും ചെയ്യും. എന്നാല്‍ നിയമസഭയ്ക്ക് പുറത്ത് മരങ്ങളാല്‍ ചുറ്റപ്പെട്ട ഇഎംഎസ് പ്രതിമയുടെ ചിത്രമാണ് നോട്ടീസില്‍ ചേര്‍ത്തിരിക്കുന്നത്.

ഇതേ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനും സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. ഗാന്ധിജിയുടെ കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ മോദിയുടെ പാതയിലാണ് സഞ്ചരിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഗാന്ധിജിയെ ഒഴിവാക്കിയത് ഗൂഢലക്ഷ്യത്തോടെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നുംല ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി വേണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം. സര്‍ക്കുലറാണോ നോട്ടീസാണോ പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തിന്റെ ആധാരമെന്ന് സൂചിപ്പിച്ചിട്ടില്ല.

എന്നാല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ രക്തസാക്ഷി സര്‍ക്കുലര്‍ എടുത്തുപറഞ്ഞാണ് സുധീരന്റെ വിമര്‍ശനം. പിണറായി മോദിക്ക് പഠിക്കുകയാണെന്നാണ് സുധീരന്‍ പ്രസ്താവിച്ചത്. ഖാദി വകുപ്പിന്റെ കലണ്ടറില്‍ നിന്നും ഗാന്ധിജിയെ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ അതേനയമാണ് പിണറായിയും പിന്തുടരുന്നതെന്നാണ് സുധീരന്റെ ആരോപണം. സര്‍ക്കുലറില്‍ നിന്നും ഗാന്ധിജിയുടെ പേര് ഒഴിവാക്കിയത് മനഃപൂര്‍വമാണെന്നും മുഖ്യമന്ത്രി തെറ്റുതിരുത്തണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.

അതേസമയം കോണ്‍ഗ്രസ് ഭരണകാലത്തെ രക്തസാക്ഷിദിന സര്‍ക്കുലറുടെ തനിപ്പകര്‍പ്പ് മാത്രമാണ് ഈ വര്‍ഷത്തെ സര്‍ക്കുലര്‍ എന്നതാണ് സത്യം. 2014, 2015, 2016 എന്നീ വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ പുറത്തിറക്കിയ രക്തസാക്ഷിദിന സര്‍ക്കുലറാണ് നിലവില്‍ ലഭ്യമായുള്ളത്. മുന്‍ സര്‍ക്കുലറുകളില്‍ നിന്നും തിയതി മാത്രം ഒഴിവാക്കിയാണ് പുതിയ സര്‍ക്കുലര്‍ ഇറക്കുന്നതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ വി എസ് ശ്യാംലാല്‍ തന്റെ വെബ് പേജായ ഇന്‍സൈറ്റില്‍ പറയുന്നു. അദ്ദേഹം പുതിയ സര്‍ക്കുലറിന് വേണ്ടി നടത്തിയ അന്വേഷണത്തില്‍ അത് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ 2015ലെയും 16ലെയും രക്തസാക്ഷിദിന സര്‍ക്കുലറുകള്‍ ലഭിക്കുകയും ചെയ്തു. ഇതില്‍ നിന്നാണ് പഴയ സര്‍ക്കുലറുകളില്‍ നിന്നും തിയതി മാത്രം തിരുത്തി പുതിയ സര്‍ക്കുലര്‍ ഇറക്കുന്നുവെന്ന് അദ്ദേഹം കണ്ടെത്തിയത്. 2017ലെ സര്‍ക്കുലറും അത്തരത്തില്‍ തന്നെയാണ് പുറത്തിറക്കിയിരിക്കുന്നത്.

2015ലെയും 16ലെയും സര്‍ക്കുലര്‍ പുറത്തിറക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയായിരുന്നു മുഖ്യമന്ത്രി. 2015ലെ സര്‍ക്കുലര്‍ 2014 ഡിസംബര്‍ 31ന് അന്നത്തെ പൊതുഭരണ സ്‌പെഷല്‍ സെക്രട്ടറി പി എസ് ഗോപകുമാറാണ് പുറത്തിറക്കിയിരിക്കുന്നത്. 2016ലെ സര്‍ക്കുലറാകട്ടെ അന്നത്തെ പൊതുഭരണ സെക്രട്ടറി കെ ആര്‍ ജ്യോതിലാലും. 2015ലെ സര്‍ക്കുലറിന്റെ പ്രസക്തഭാഗം ഇങ്ങനെയാണ്. ‘ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജീവന്‍ ബലികഴിച്ചവരുടെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും രാജ്യമൊട്ടുക്ക് ജനുവരി 30ന് രാവിലെ 11.00 മണിക്ക് 2 മിനിറ്റ് മൗനം ആചരിക്കുന്നു. സമരത്തില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ചവരെ സ്മരിക്കുന്നു. അതിനാല്‍ 2015 ജനുവരി 30 വെള്ളിയാഴ്ച രാവിലെ 11.00 മണിക്ക് സ്വാതന്ത്ര്യ സമരത്തില്‍ വീരമൃത്യു വരിച്ചവരെ അനുസ്മരിച്ച് 2 മിനിറ്റ് മൗനം ആചരിക്കുന്നതിന് എല്ലാ വകുപ്പ് മേധാവികളും ജില്ലാ കളക്ടര്‍മാരും പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളും അവരവരുടെ ഓഫീസുകളിലും കീഴിലുള്ള ഓഫീസുകളിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.’

2016ലെ രക്തസാക്ഷി ദിനാചരണത്തിനായി തയ്യാറാക്കിയിരിക്കുന്ന സര്‍ക്കുലറിന്റെ ഘടനയും ഇതുതന്നെയാണ്. ആചരിക്കുന്ന ദിവസം 2016 ജനുവരി 30 ശനിയാഴ്ച എന്നത് മാത്രമാണ് ആകെയുള്ള വ്യത്യാസം. 2017ലേക്കുള്ള സര്‍ക്കുലറിലും നേരത്തെ ഉപയോഗിച്ച വാചകഘടന തന്നെയാണ് ഉള്ളത്. ഇതിലെവിടെയും ഗാന്ധിജിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. അങ്ങനെയെങ്കില്‍ ഉമ്മന്‍ ചാണ്ടിയാണ് ഗാന്ധിജിയെ ആദ്യം ഒഴിവാക്കിയതെന്ന് പറയേണ്ടി വരും. സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ക്കും സര്‍ക്കുലറുകള്‍ക്കും കാലങ്ങളായി ഒരേ ഘടന തന്നെയാണ് ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ മാറുമ്പോള്‍ ഉത്തരവുകളുടെ ഘടന മാറുന്ന രീതി സെക്രട്ടേറിയറ്റിലില്ല. ഒരേ ഉളളടക്കമുള്ള സര്‍ക്കുലര്‍ എപ്പോള്‍ പുറപ്പെടുവിച്ചാലും ഒരേ രീതിയില്‍ തന്നെയായിരിക്കും. അത് ഒരു മുഖ്യമന്ത്രിയും ഇടപെട്ട് തിരുത്താറില്ല.

കേരളത്തിലെ പ്രധാന പ്രതിപക്ഷ കക്ഷിയുടെ നേതാവും മുന്‍ നിയമസഭാ സ്പീക്കറും ആരോഗ്യമന്ത്രിയുമെല്ലാമായിരുന്ന സുധീരന് ഇതേക്കുറിച്ച് അറിവില്ലായിരുന്നുവെന്ന് കരുതാനാകില്ല. ഗാന്ധിജിയുടെ ചരമദിനമാണ് ഇന്ത്യയില്‍ രക്തസാക്ഷി ദിനമായി ആചരിക്കുന്നതെങ്കിലും ഗാന്ധിജിക്ക് വേണ്ടി മാത്രമല്ല, എല്ലാ സ്വാതന്ത്ര്യസമര സേനാനികള്‍ക്കും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. മുന്‍ സര്‍ക്കുലറുകളില്‍ നിന്ന് എന്ത് മാറ്റമാണ് ഇത്തവണ നടത്തിയതെന്ന് അന്വേഷിക്കാതെ ചാടിക്കയറി അഭിപ്രായം പറഞ്ഞതാണ് സുധീരന് വിനയായത്. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവില്‍ നിന്നും ഇത്രമാത്രം അപക്വമായ നീക്കങ്ങളല്ല ആരും പ്രതീക്ഷിക്കുന്നതെന്ന് കൂടി അദ്ദേഹം ഓര്‍ക്കേണ്ടതുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍