UPDATES

സുധീരന്‍ കാലിയാക്കിയ കോണ്‍ഗ്രസ് ഖജനാവ് ഇനി ആരു നിറയ്ക്കും?

വിഎം സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത് കോണ്‍ഗ്രസിന്റെ ഖജനാവ് കാലിയാക്കിയാണ് എന്ന വാര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ സാമ്പത്തിക സ്രോതസ്സുകളിലേക്ക് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്

വിഎം സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതോടെ രാഷ്ട്രീയപാര്‍ട്ടികളുടെ സാമ്പത്തിക വരുമാനം വീണ്ടും ചര്‍ച്ചയാകുകയാണ്. സുധീരന്‍ കോണ്‍ഗ്രസിന്റെ ഖജനാവ് കാലിയാക്കിയാണ് സ്ഥാനമൊഴിയുന്നത് എന്ന് കോണ്‍ഗ്രസിലെ ചിലരെങ്കിലും അടക്കം പറയുന്നുണ്ട്. കെപിസിസി ഓഫീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും താളംതെറ്റിക്കുന്ന വിധത്തില്‍ കോണ്‍ഗ്രസ് ഖജനാവ് സുധീരന്‍ കാലിയാക്കിയെന്നാണ് ആരോപണം.

കെപിസിസി ഓഫീസിനെ അല്ലെങ്കില്‍ ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയെ സംബന്ധിച്ചും എന്തെല്ലാമാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്ന് പരിശോധിക്കാം. ഓഫീസില്‍ എല്ലാ ദിവസവും നേരിടേണ്ടി വരുന്ന ചെലവുകള്‍ തന്നെയാണ് അത്. അതില്‍ ഇടയ്ക്കിടെ നേതാക്കള്‍ നടത്തുന്ന യാത്രകളുടെ ചെലവുകള്‍ മുതല്‍ ഓഫീസിലേക്ക് പേനയും പേപ്പറും വാങ്ങാനുള്ള ചെലവുകള്‍ വരെ ഉള്‍പ്പെടുന്നു. സ്വന്തം കെട്ടിടമല്ലെങ്കില്‍ വാടക, വൈദ്യുതി, ജല വിതരണ ബില്ലുകള്‍, ടെലഫോണ്‍, ഇന്റര്‍നെറ്റ്, ജീവനക്കാരുടെ ശമ്പളം, ഓഫീസ് വാഹനങ്ങളുടെ പെട്രോള്‍, അറ്റകുറ്റപ്പണി തുടങ്ങി നിരവധി ചെലവുകളാണ് ഓരോ പാര്‍ട്ടി ഓഫീസും നേരിടേണ്ടി വരുന്നത്. ഖജനാവ് കാലിയാക്കിയെന്ന് പറഞ്ഞാല്‍ എന്നാല്‍ പാര്‍ട്ടി നിര്‍ജ്ജീവമായി എന്ന് തന്നെയാണ് അര്‍ത്ഥം. സുധീരന്‍ പടിയിറങ്ങുന്നത് കോണ്‍ഗ്രസിനെ നിര്‍ജ്ജീവമാക്കിയ ശേഷമാണെന്ന് വരുത്തി തീര്‍ക്കാനാണ് ഒരു വിഭാഗം നേതാക്കളുടെ ശ്രമം. എന്നാല്‍ ഇക്കാര്യത്തില്‍ സുധീരനെ എത്രമാത്രം കുറ്റംപറയാന്‍ സാധിക്കുമെന്നതാണ് ഇവിടെ ഉയരുന്ന ഒരു പ്രധാന ചോദ്യം.

സിപിഎമ്മിനെ സംബന്ധിച്ച് പാര്‍ട്ടിയ്ക്ക് ഫണ്ട് ശേഖരിക്കുന്നത് ഇ പി ജയരാജനാണെന്നും അതിനാലാണ് അദ്ദേഹം ഇത്രമാത്രം കരുത്തനാകാന്‍ കാരണമെന്നതും പരസ്യമായ ഒരു രഹസ്യമാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ച് ആ സ്ഥാനം ഉമ്മന്‍ ചാണ്ടിയ്ക്കാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ സംസ്ഥാന നേതൃത്വവുമായി ശീതസമരം ആരംഭിച്ച ഉമ്മന്‍ചാണ്ടി പാര്‍ട്ടി ചര്‍ച്ചകള്‍ക്ക് പോലും എത്തുന്നത് കുറച്ചിരുന്നു. ഒടുവില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടാണ് പരസ്യമായെങ്കിലും ആ ശീതസമരം ഒതുക്കിത്തീര്‍ത്തത്. എന്നിരുന്നാലും തുടര്‍ന്നും സുധീരനിലും രമേശ് ചെന്നിത്തലയിലും മാത്രം കേന്ദ്രീകരിച്ച് നില്‍ക്കുന്ന സംസ്ഥാന പാര്‍ട്ടി നേതൃത്വത്തോട് ഉമ്മന്‍ ചാണ്ടി കാര്യമായ പ്രതിബദ്ധത കാണിച്ചിട്ടില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യം തന്നെയാണ്. സുധീരന്റെ രാജി പ്രഖ്യാപനത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് ചോദ്യം ചെയ്യപ്പെടുന്നതും അതിനാലാണ്. പാര്‍ട്ടിയുടെ മുഖ്യ സാമ്പത്തിക ഉറവിടമായ ചാണ്ടിച്ചന്റെ നിസഹകരണം കോണ്‍ഗ്രസിന്റെ പത്തായം കാലിയാക്കിയെന്ന് വേണം ഇവിടെ അനുമാനിക്കാന്‍. താന്‍ കെപിസിസി പ്രസിഡന്റായി തുടരുന്നിടത്തോളം കാലം ഉമ്മന്‍ ചാണ്ടിയുടെ സഹകരണം പ്രതീക്ഷിക്കേണ്ടെന്ന് മനസിലാക്കി വിഎം നേതൃത്വത്തില്‍ നിന്നും പിന്മാറിയെന്നും മനസിലാക്കണം.

എന്നാല്‍ കോണ്‍ഗ്രസിന് എവിടെ നിന്നാണ് ഫണ്ട് വരുന്നത്? അത് ഏതെല്ലാം രീതിയിലാണ് ചെലവഴിക്കപ്പെടുന്നത്? കോണ്‍ഗ്രസിന്റെ കാര്യത്തില്‍ മാത്രമല്ല, അംഗങ്ങളില്‍ നിന്നു ലെവി പിരിക്കുന്ന സിപിഎമ്മും സിപിഐയും ഒഴികെയുള്ള എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെ കാര്യത്തിലും ഈ ചോദ്യം ഉയരുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാന മാര്‍ഗ്ഗങ്ങളും അവയുടെ ചെലവഴിക്കലും സുതാര്യമാക്കണമെന്ന് വിവരാവകാശ കമ്മിഷന്‍ പല തവണ ആവശ്യപ്പെട്ടും ഇനിയും അത് നടപ്പാക്കിയിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനത്തെക്കുറിച്ച് വിവരാവകാശ നിയമ പ്രകാരം പൊതുജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ടെന്ന് 2008ല്‍ തന്നെ കേന്ദ്ര വിവരാവകാശ കമ്മിഷന്‍ വ്യക്തമാക്കിയതാണ്. അതേസമയം കമ്മിഷന്റെ ഈ നടപടിക്കെതിരെ പല രാഷ്ട്രീയ പാര്‍ട്ടികളും അന്നുമുതല്‍ രംഗത്തുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാന സ്രോതസ്സും വരുമാനവും ചെലവും അന്വേഷിക്കാനുള്ള അവകാശം പൊതുജനങ്ങള്‍ക്ക് വിവരാവകാശ നിയമപ്രകാരം ഉണ്ടാകുമെന്നാണ് വിവരാവകാശ കമ്മിഷന്‍ പറഞ്ഞത്.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും വരവ്, ചെലവ് കണക്കുകള്‍ വര്‍ഷാ വര്‍ഷം ആദായ നികുതി വകുപ്പിന് സമര്‍പ്പിക്കാറുണ്ടെങ്കിലും ആദായ നികുതി നിയമപ്രകാരം ഇത് പൊതുജനങ്ങള്‍ക്ക് ലഭ്യമല്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ വരവ്, ചെലവ് കണക്കുകള്‍ എല്ലാവര്‍ഷവും തെരഞ്ഞെടുപ്പ് കമ്മിഷനും നല്‍കാറുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ സുതാര്യമല്ലാത്ത പണമിടപാടുകള്‍ പൊതുജനങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ബി.ജെ.പി, കോണ്‍ഗ്രസ്, ബി.എസ്.പി, എന്‍.സി.പി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളാണ് അന്ന് വിവരാവകാശ കമ്മിഷന്റെ നിലപാടിനോട് എതിര്‍പ്പ് അറിയിച്ചത്. എന്നാല്‍ സി.പി.എമ്മും സി.പി.ഐയും ഈ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്തു. മുഖ്യമായും ജനങ്ങളില്‍ നിന്നും പിരിച്ചെടുത്തുവെന്ന് അവകാശപ്പെടുന്ന പണം എത്രമാത്രം ലഭിച്ചുവെന്നും അത് എങ്ങനെ ചെലവഴിച്ചുവെന്നും അറിയാനുള്ള അവകാശം ജനങ്ങള്‍ക്കില്ലേയെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.

ഇടതുപാര്‍ട്ടികള്‍ ഈ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യാനുള്ള മുഖ്യകാരണം അവരുടെ വരവു കണക്കുകള്‍ പാര്‍ട്ടി അംഗങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്ന ലെവിയില്‍ ഉള്‍പ്പെടുത്താമെന്നതാണ്. എല്ലാ പാര്‍ട്ടി അംഗങ്ങളും തങ്ങളുടെ വരുമാനത്തിന് അനുസരിച്ച് പാര്‍ട്ടിയ്ക്ക് നല്‍കേണ്ടുന്ന പിരിവാണ് ലെവി. എന്നാല്‍ വരുമാനത്തിന്റെ സ്രോതസ് തന്നെയാണ് മറ്റുപാര്‍ട്ടികളെ ഇതില്‍ നിന്നും പിന്നോട്ട് വലിക്കുന്നത്. കാരണം, ഇവിടുത്തെ ദേശീയ പാര്‍ട്ടികളെല്ലാം തന്നെ കോര്‍പ്പറേറ്റുകളുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ പാര്‍ട്ടിയുടെയും പാര്‍ട്ടി ഓഫീസുകളുടെയും നടത്തിപ്പ് മുതല്‍ നേതാക്കള്‍ വെട്ടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഒരുവശത്ത് വരുമാന സ്രോതസ് ജനങ്ങള്‍ അറിഞ്ഞാല്‍ നഷ്ടപ്പെടാനിടയുള്ള പ്രതിച്ഛായ തന്നെയാണ് പാര്‍ട്ടിയ്ക്ക് ലഭിക്കുന്ന തുക യഥാര്‍ത്ഥത്തില്‍ എന്തിനൊക്കെ ചെലവഴിക്കപ്പെടുന്നുവെന്ന് ജനങ്ങളോട് വെളിപ്പെടുത്താന്‍ അനുവദിക്കാത്തതിന് കാരണം.

ശക്തമായ ആദായ നികുതി നിയമ പ്രകാരം രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനവും ചെലവും നിരീക്ഷിക്കാന്‍ ഇവിടെ സംവിധാനമുണ്ടെങ്കിലും ചില ഗണത്തില്‍പ്പെട്ട വരുമാനങ്ങള്‍ ഉപാധിക്ക് വിധേയമായി നികുതിമുക്തമാണ്. നികുതി അടയ്‌ക്കേണ്ട പല വരുമാനങ്ങളും ക്യാപിറ്റല്‍ ഗെയിന്‍സ് എന്ന പേരില്‍ നികുതിമുക്തമാക്കാനും സാധിക്കും. അതിന് തടസ്സം നിന്നാല്‍ കസേര തെറിക്കുമെന്നതിനാല്‍ നികുതി ഉദ്യോഗസ്ഥരും ഇതേക്കുറിച്ച് മിണ്ടില്ല. അതിനാല്‍ തന്നെയുടെ അവയുടെ കൃത്യമായ കണക്കുകള്‍ സര്‍ക്കാരിലേക്ക് എത്തുന്നില്ല. സര്‍ക്കാരിലേക്കെത്തുന്ന വരുമാന കണക്കുകളും ചെലവ് കണക്കുകളും സര്‍ക്കാര്‍ മാര്‍ഗ്ഗങ്ങളിലൂടെ ജനങ്ങള്‍ക്ക് വിവരാവകാശം വഴി അറിയാമെങ്കിലും അവിടെയെത്താത്ത കണക്കുകള്‍ പുറത്തുവരാന്‍ യാതൊരു നിര്‍വാഹവുമില്ല. ഉദാഹരണത്തിന് കറന്റ് ബില്‍, വാട്ടര്‍ ബില്‍, ടെലഫോണ്‍ ബില്‍ എന്നിവ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ തന്നെ അറിയാം. എന്നാല്‍ അതല്ലാത്ത വരവ്, ചെലവുകള്‍ പാര്‍ട്ടികള്‍ തന്നെയാണ് വെളിപ്പെടുത്തേണ്ടത്. ഇത് വെളിപ്പെടുത്താനാകില്ലെന്നാണ് വിവരാവകാശ കമ്മിഷന്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഒരു പതിറ്റാണ്ടാകാറായിട്ടും രാഷ്ട്രീയ പാര്‍ട്ടികള്‍ ആവര്‍ത്തിക്കുന്നത്.

പാര്‍ട്ടികള്‍ സ്വീകരിക്കുന്ന സംഭാവനകള്‍ക്ക് പ്രത്യക്ഷത്തില്‍ പലവിധത്തിലുള്ള നിയന്ത്രണങ്ങളും സമീപകാലത്തും ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവയൊന്നും ഇനിയും വേണ്ടത്ര ഫലപ്രദമായിട്ടില്ല. വിവിധ മൂല്യങ്ങളിലുള്ള കൂപ്പണുകള്‍ അച്ചടിച്ച് വിറ്റും നോട്ടുമാല, ബക്കറ്റ് പിരിവ് എന്നിവ നടത്തിയുമാണ് ഇപ്പോഴും പാര്‍ട്ടികള്‍ പണമുണ്ടാക്കുന്നതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇവയുടെ യഥാര്‍ത്ഥ കണക്കുകള്‍ പലപ്പോഴും പുറത്തുവരാറില്ല. കോര്‍പ്പറേറ്റുകളില്‍ നിന്നും വാങ്ങുന്ന തുക മറ്റുപല പേരുകളിലും വകയിരുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇത്തരത്തില്‍ ഒട്ടനവധി മാര്‍ഗ്ഗങ്ങളുണ്ട്. ഇതില്‍ കോണ്‍ഗ്രസെന്നോ ബിജെപിയെന്നോ മറ്റേതെങ്കിലും പാര്‍ട്ടിയെന്നോ വ്യത്യാസമില്ല. ജനങ്ങളില്‍ സ്വാധീനമുണ്ടാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കണം. അതിനാണെങ്കിലോ കൃത്യമായി പാര്‍ട്ടി ഓഫീസുകളില്‍ ഫണ്ടെത്തുകയും വേണം. എന്നിരുന്നാലും വിവരാവകാശ നിയമ പ്രകാരം വരുമാനവും ചെലവും വെളിപ്പെടുത്തുമ്പോള്‍ ഇത്തരം തിരിമറികള്‍ ഒരു പരിധിവരെയെങ്കിലും തടയപ്പെടും. അധികാര സ്വാധീനമുപയോഗിച്ച് നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടുന്നത് പോലെ എളുപ്പമാകില്ല ജനങ്ങളുടെ കണ്ണില്‍ പൊടിയിടല്‍. അത് തെരഞ്ഞെടുപ്പുകളില്‍ ബാധിക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അറിയാം.

പത്തായം നിറയ്ക്കുന്നവനോടാകും സ്വാഭാവികമായും ഭക്ഷണം വിളമ്പുമ്പോള്‍ വിളമ്പുകാരന് കൂറ്. രാഷ്ട്രീയ പാര്‍ട്ടികളെ പണമെറിഞ്ഞ് താങ്ങി നിര്‍ത്തുന്ന കോര്‍പ്പറേറ്റുകളോട് അവര്‍ക്ക് പ്രതിബദ്ധത കൂടുമെന്നത് സ്വാഭാവികം. പത്തായം നിറയ്ക്കുന്നത് ആരെന്ന് അറിഞ്ഞാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിബദ്ധത ആരോടാണെന്നും അറിയാം. അതിനാല്‍ തന്നെ തങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെട്ട് വോട്ടും നോട്ടും നേടുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ സാമ്പത്തിക സ്രോതസ് അറിയാനുള്ള ധാര്‍മ്മിക അവകാശം ജനത്തിനുണ്ട്.

 

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍