UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആരാണ് ഏറ്റവും ദരിദ്ര ഇന്ത്യന്‍?

Avatar

അഴിമുഖം പ്രതിനിധി

ആരാണ് ഏറ്റവും ദരിദ്രനായ ഇന്ത്യക്കാരന്‍/ക്കാരി?

ഇന്ത്യന്‍ സര്‍ക്കാരിനറിയില്ല. കണ്ടെത്താനും കഴിയില്ല. രാജ്യത്തെ ഏറ്റവും ദരിദ്രനായ ആള്‍ക്ക് നല്‍കാനായി രാജസ്ഥാനിലെ റിട്ട. സ്‌കൂള്‍ അദ്ധ്യാപകന്‍ കഴിഞ്ഞ വര്‍ഷം നല്‍കിയ ഒരു ലക്ഷം രൂപ ഇക്കാരണത്താല്‍ പ്രധാനമന്ത്രിയുടെ ഓഫിസ് തിരിച്ചുനല്‍കി.

രാജ്യത്തെ ഏറ്റവും ദരിദ്രനോ അതല്ലെങ്കില്‍ ഏറ്റവും ദരിദ്രരായ നൂറുപേരില്‍ ഒരാള്‍ക്കോ പണം നല്‍കണമെന്ന് ദീപ് ചന്ദ് ശര്‍മ വാശിപിടിച്ചതോടെയാണ് ഫെബ്രുവരിയില്‍ സര്‍ക്കാര്‍ പണം തിരിച്ചുനല്‍കിയത്.

ഏറ്റവും ധനികരെ കണ്ടെത്താനുള്ള കണക്കെടുപ്പ് വര്‍ഷം തോറും നടക്കാറുണ്ട്. ഫോര്‍ബ്‌സ് മാസികയുടെ 2016-ലെ പട്ടികയില്‍ മുകേഷ് അംബാനി മുതല്‍ 84 ഇന്ത്യക്കാരുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അന്‍പത്തിയെട്ടുകാരനായ ചെയര്‍മാന് 19.3 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ട്.

എന്നാല്‍ ഏറ്റവും ദരിദ്രരായവരെപ്പറ്റി വിവരങ്ങളില്ല. 2012 മുതലുള്ള കണക്കനുസരിച്ച് ജനസംഖ്യയുടെ 29.5 ശതമാനമാണ് ദരിദ്രര്‍. ഏതാണ്ട് 363 മില്യണ്‍. ലോകത്ത് ഏറ്റവും കൂടുതല്‍.

യഥാര്‍ത്ഥത്തില്‍ പണം ആവശ്യമുള്ളയാള്‍ക്ക് താന്‍ കഷ്ടപ്പെട്ടു സമ്പാദിച്ച പണം നല്‍കണമെന്നാണ് ആഗ്രഹം എന്ന് ദീപ് ചന്ദ് ശര്‍മ ഹിന്ദുസ്ഥാന്‍ ടൈംസിനോടു പറഞ്ഞു. എന്നാല്‍ പണം അയച്ച് ഒരുമാസത്തിനുശേഷം 2015 ജൂണില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയായി പണം സ്വീകരിച്ചതിന്റെ രസീതാണ് ലഭിച്ചത്. ഇതില്‍ കുപിതനായ ശര്‍മ എന്തുകൊണ്ടാണ് പണം ദരിദ്രര്‍ക്കു നല്‍കാത്തത് എന്നന്വേഷിച്ച് വിവരാവകാശ നിയമം അനുസരിച്ച് പരാതി നല്‍കി. ഉത്തരം കിട്ടാത്തതിനെത്തുടര്‍ന്ന് നവംബറില്‍ കേന്ദ്ര വിവരാവകാശ കമ്മിഷനെ സമീപിച്ചു. ഉത്തരം മാത്രമല്ല 30 ദിവസത്തിനുള്ളില്‍ ഉത്തരം നല്‍കാത്ത വിവരാവകാശ ഉദ്യോഗസ്ഥനു പിഴയും നല്‍കണമെന്നായിരുന്നു ആവശ്യം.


ദീപ് ചന്ദ് ശര്‍മ (കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്)

താമസിയാതെ പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് ഫോണ്‍വിളി വന്നു.

‘ഏറ്റവും ദരിദ്രനെ കണ്ടെത്താനാകുന്നില്ലെങ്കില്‍ പണം മടക്കിനല്‍കാന്‍ ഞാന്‍ അവരോടു പറഞ്ഞു,’ അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചതിന് 13,000 രൂപ പെന്‍ഷന്‍ ലഭിക്കുന്നുവെന്ന് അവകാശപ്പെടുന്ന ശര്‍മ പറഞ്ഞു. അദ്ധ്യാപക സേവനത്തിന് മറ്റൊരു പെന്‍ഷനുമുണ്ട്.

ഈയാഴ്ച മുഖ്യ വിവരാവകാശ കമ്മിഷണര്‍ ആര്‍ കെ ശര്‍മയുടെ അദ്ധ്യക്ഷതയില്‍ നടന്ന ഹിയറിങ്ങില്‍ ശര്‍മയുടെ ചെക്കിനൊപ്പമുണ്ടായിരുന്ന കത്ത് ആരും ശ്രദ്ധിച്ചില്ലെന്ന് പിഎംഒ സൂചിപ്പിച്ചു. പണം മടക്കിനല്‍കിക്കഴിഞ്ഞതിനാല്‍ കേസ് അവസാനിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍