UPDATES

ട്രെന്‍ഡിങ്ങ്

എടപ്പാടി പഴനിസാമി: അമ്മയുടെ നിഴലില്‍ നിന്നും അധികാരത്തിലേക്ക്

ജയലളിത മന്ത്രിസഭയില്‍ പനീര്‍സെല്‍വത്തിന് താഴെ മൂന്നാം സ്ഥാനമാണ് എടപ്പാടിക്കുണ്ടായിരുന്നത്.

മൂന്ന് ദശാബ്ദമായി അണ്ണാ ഡിഎംകെയും നേതൃനിരയിലുണ്ടെങ്കിലും മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിഴലായി യാത്ര ചെയ്യുകയായിരുന്നു നിയുക്ത തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. അമ്മയില്ലാത്ത തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ ഈ 62കാരന് നേരിടേണ്ടി വരുന്നത് കാവല്‍മുഖ്യമന്ത്രിയും ഒരുകാലത്ത് ഉറ്റസുഹൃത്തുമായ ഒ പനീര്‍സെല്‍വത്തില്‍ നിന്നുള്ള കനത്ത വെല്ലുവിളിയാണ്.

ജയലളിത മന്ത്രിസഭയില്‍ പനീര്‍സെല്‍വത്തിന് താഴെ മൂന്നാം സ്ഥാനമാണ് എടപ്പാടിക്കുണ്ടായിരുന്നത്. 2011-16ലെ ജയലളിത മന്ത്രിസഭയുടെ തുടക്കത്തില്‍ 13-ാം സ്ഥാനത്തുണ്ടായിരുന്ന പഴനിസാമിയുടെ വിശ്വാസ്യത ബോധ്യപ്പെട്ടതോടെയാണ് ജയലളിത അദ്ദേഹത്തെ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ത്തുകയായിരുന്നു. നിലവില്‍ അദ്ദേഹം തുറമുഖം, ദേശീയപാത തുടങ്ങീ തമിഴ്‌നാടിനെ സംബന്ധിച്ച് സുപ്രധാനമായ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. പടിഞ്ഞാറന്‍ തമിഴ്‌നാട്ടിലെ സേലത്തു നിന്നും അണ്ണാ ഡിഎംകെയില്‍ ഉയര്‍ന്ന ഇദ്ദേഹം മറ്റ് പിന്നോക്ക വിഭാഗമായ ഗൗഡര്‍ വിഭാഗത്തില്‍ നിന്നുള്ള പാര്‍ട്ടിയിലെ നേതാവാണ്.

ഈ പശ്ചാത്തലം മറ്റൊരു ഒബിസി വിഭാഗമായ തേവര്‍ സമുദായക്കരനായ പനീര്‍സെല്‍വത്തെ നേരിടുമ്പോള്‍ ഇദ്ദേഹത്തിന് ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. സ്വദേശത്ത് അദ്ദേഹത്തിന് കാര്യമായ ജനപിന്തുണയില്ലെങ്കിലും ജയലളിതയുടെ വിശ്വസ്ഥനെന്ന പ്രതിച്ഛായ എപ്പോഴും ഗുണം ചെയ്തിട്ടുണ്ട്. 2011ല്‍ ജയലളിത തന്റെ മന്ത്രിസഭയില്‍ രൂപീകരിച്ച നാല് ഉന്നത മന്ത്രിമാരില്‍ ഇദ്ദേഹവുമുണ്ട്. എന്നാല്‍ ആ മന്ത്രിമാരില്‍ ഇപ്പോള്‍ ഇദ്ദേഹവും പനീര്‍സെല്‍വവും മാത്രമാണ് മന്ത്രിസഭയിലുള്ളത്. മുന്‍ ഊര്‍ജ്ജമന്ത്രി നാതം വിശ്വനാഥന്‍, മുന്‍ കൃഷി മന്ത്രി ആര്‍ വൈതിലിംഗം എന്നിവരാണ് മറ്റുള്ളവര്‍.

ഡിസംബറില്‍ ജയലളിതയുടെ മരണത്തിന് ശേഷവും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇദ്ദേഹത്തിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. ജയലളിതയ്ക്കും പാര്‍ട്ടി അനുഭാവികള്‍ക്കും ഇടയിലുള്ള പാലമായി പ്രവര്‍ത്തിച്ചു വന്നിരുന്നത് ഇദ്ദേഹമാണ്. അമ്മയ്ക്ക് ജില്ലാ തലത്തിലേക്ക് എന്തെങ്കിലും സന്ദേശം നല്‍കേണ്ടതുണ്ടെങ്കില്‍ അത് പളനിസാമി വഴിയല്ലാതെ പോകില്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമായിരുന്നെന്ന് പടിഞ്ഞാറന്‍ തമിഴ്‌നാടിലെ കൊംഗുനാടില്‍ നിന്നുള്ള എംഎല്‍എ ഒരു എംഎല്‍എ അറിയിച്ചു.

1980കളിലാണ് പഴനിസാമി അണ്ണാ ഡിഎംകെയില്‍ ചേര്‍ന്നത്. 87 പാര്‍ട്ടി സ്ഥാപകന്‍ എംജിഐആറിന്റെ മരണത്തോടെ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അദ്ദേഹം ജയലളിതയ്‌ക്കൊപ്പം നിന്നു. ഇതേതുടര്‍ന്ന് 1989ലെ തെരഞ്ഞെടുപ്പില്‍ ഐഎഡിഎംകെ ജയലളിത വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയായി അദ്ദേഹം സ്വന്തം മണ്ഡലമായ എടപ്പാടിയില്‍ മത്സരിച്ച് ജയിച്ചു. 91ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റതോടെ ഏകദേശം ഒരു ദശാബ്ദക്കാലം തഴയപ്പെട്ടെങ്കിലും ജയലളിതയുടെ വിശ്വസ്തനായി പാര്‍ട്ടിയില്‍ തുടര്‍ന്നു.

2016ല്‍ വീണ്ടും എടപ്പാടിയില്‍ മത്സരിച്ച അദ്ദേഹം 42,022 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇക്കുറി ജയിച്ചത്. അണ്ണാ ഡിഎംകെയുടെ നിയമസഭാ കക്ഷിനേതാവെന്ന നിലയില്‍ എടപ്പാടി പളനിസാമി പനീര്‍സെല്‍വത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി കഴിഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍