UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബുള്ളറ്റ് ട്രെയിന്‍ ആര്‍ക്കുവേണ്ടി?

Avatar

അഴിമുഖം പ്രതിനിധി

മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ചുതന്നെ ചെലവ് 15 ബില്യണ്‍ യുഎസ് ഡോളറാണ്. ഭീമമായ ഈ തുകയെപ്പറ്റി – ഇതില്‍ നല്ലൊരു ശതമാനം ജപ്പാന്‍ വായ്പയാണ് – ആശങ്കപ്പെടുന്നതിനും മുന്‍പ് ആലോചിക്കേണ്ടത് മറ്റൊന്നാണ്: ഇന്ത്യയില്‍ ആര്‍ക്കാണ് ഇപ്പോള്‍ ബുള്ളറ്റ് ട്രെയിന്‍ ആവശ്യം? ശുദ്ധജലമോ വിദ്യാഭ്യാസമോ ആരോഗ്യസുരക്ഷയോ ഇല്ലാത്ത ഭൂരിപക്ഷത്തിന് എന്തായാലും ബുള്ളറ്റ് ട്രെയിന്‍ ഒരു ആവശ്യമല്ല.

ഇന്ത്യയില്‍ ട്രെയിന്‍ യാത്രയുടെ  മുഖ്യ ആകര്‍ഷണം കുറഞ്ഞ ചെലവാണ്. പാവപ്പെട്ടവര്‍ക്ക് പ്രാപ്യമായ പൊതുഗതാഗത മാര്‍ഗം എന്ന നിലയിലാണ് ആളുകള്‍ റയില്‍വേയെ ആശ്രയിക്കുന്നത്. ലോകത്തെവിടെയും ബുള്ളറ്റ് ട്രെയിനുകള്‍ യാത്രാച്ചെലവു കൂടിയവയാണ്. വിമാനയാത്ര ചെയ്യാന്‍ കഴിവുള്ളവരാണ് പൊതുവെ ഇവയിലെ യാത്രക്കാര്‍. ഇന്ത്യക്കാരില്‍ ഭൂരിപക്ഷത്തിനും ബുള്ളറ്റ് ട്രെയിനുകള്‍ അപ്രാപ്യമായിരിക്കുമെന്നര്‍ത്ഥം.

അതുകൊണ്ടുതന്നെ ജപ്പാന്റെ സാങ്കേതിക, സാമ്പത്തിക സഹായങ്ങള്‍ സ്വീകരിച്ച് ബുള്ളറ്റ് ട്രെയിന്‍ നിര്‍മിക്കാന്‍ ആലോചിക്കുന്നതില്‍ അടിസ്ഥാനപരമായ കുഴപ്പമുണ്ട്. ഇന്ത്യയില്‍ ഭൂരിപക്ഷം ജനങ്ങള്‍ക്കും പ്രാഥമികസൗകര്യങ്ങള്‍ പോലും ലഭ്യമല്ല. അവര്‍ക്ക് ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത വെറും സങ്കല്‍പമായേ അനുഭവപ്പെടൂ.

രാജ്യത്ത് റയില്‍ യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയേ തീരൂ. അതിന് പണം ആവശ്യവുമാണ്. പക്ഷേ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കു നല്‍കുന്ന മുന്‍ഗണന സര്‍ക്കാര്‍ നയങ്ങള്‍ എത്ര തെറ്റായ ദിശയിലാണെന്നു കാണിക്കുന്നു. ഭൂരിപക്ഷത്തിനും പ്രയോജനമില്ലാത്ത ഒരു പദ്ധതിക്കുവേണ്ടി രാജ്യത്തെ വിഭവശേഷി ചെലവഴിക്കുകയാകും ഇതിന്റെ ഫലം.

കാര്യമായ സാമ്പത്തികപുരോഗതി നേടിയശേഷമാണ് ജപ്പാനും ചൈനയും ബുള്ളറ്റ് ട്രെയിനുകള്‍ കൊണ്ടുവന്നത്. അത്തരം ആര്‍ഭാടങ്ങളെപ്പറ്റി ചിന്തിക്കാനുള്ള അവസ്ഥയിലല്ല ഇന്ത്യയിലെ പൊതുഗതാഗതസംവിധാനം.

ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്യാനുള്ള സാമ്പത്തികസ്ഥിതി ഇല്ലാത്തവരും ഇതിന്റെ ചെലവുവഹിക്കേണ്ടിവരുമെന്നതാണ് മറ്റൊരു കാര്യം. പദ്ധതിക്കുവേണ്ടി 12 മില്യണ്‍ ഡോളര്‍ വായ്പയാണ് ജപ്പാന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിന് പലിശനിരക്കില്‍ ചില സൗജന്യങ്ങളും അനുവദിച്ചിട്ടുണ്ട്. പക്ഷേ വായ്പ തിരിച്ചടയ്ക്കണം. ആ ബാധ്യത എല്ലാ നികുതിദായകര്‍ക്കുമാകും. ഇങ്ങനെയൊരു നികുതിബാധ്യത വരുത്തിവയ്ക്കുന്നത്  അടിസ്ഥാന ഫെഡറല്‍ തത്വങ്ങള്‍ക്കു വിരുദ്ധമാണ്.

പദ്ധതി വഴി മുംബൈ, അഹമ്മദാബാദ് എന്നിവയെ ബന്ധിപ്പിക്കാനാണ് പരിപാടി. ഇതുമായി ബന്ധമൊന്നുമില്ലാത്ത സംസ്ഥാനങ്ങള്‍ എന്തിന് ഇതിന്റെ സാമ്പത്തിക ബാധ്യത പങ്കിടണം എന്ന ചോദ്യവുമുണ്ട്. ന്യൂഡല്‍ഹിക്കും മുംബൈയ്ക്കുമിടയില്‍ നടപ്പാക്കാനിരിക്കുന്ന രണ്ടാമത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കും ഈ ചോദ്യം ബാധകമാണ്. ഈ പദ്ധതിയുടെ പ്രായോഗികത പഠിക്കാന്‍ സര്‍ക്കാര്‍ ഒരു ചൈനീസ് കമ്പനിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഇത്തരം കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളാണ് മുന്‍ഗണനകള്‍ നിശ്ചയിക്കുകയും ജനങ്ങളോടുള്ള ഉത്തരവാദിത്തം എങ്ങനെ നിറവേറ്റണമെന്നു തീരുമാനിക്കുകയും ചെയ്യേണ്ടത്. രാജ്യം മുഴുവനുമുള്ള ജനങ്ങളുടെ ആവശ്യങ്ങള്‍ അറിയാമെന്ന അമിതആത്മവിശ്വാസം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കേണ്ട സമയമായിരിക്കുന്നു. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങളെ സംബന്ധിക്കുന്ന വിഷയങ്ങളില്‍, പ്രത്യേകിച്ച് സാമ്പത്തികവിഷയങ്ങളില്‍, തീരുമാനമെടുക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്കാണ്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍