UPDATES

പെമ്പിളൈ ഒരുമൈയെ എല്ലാവര്‍ക്കും വേണം; വളര്‍ത്താനും കൊല്ലാനും

ഗോമതിയുടെയും ലിസിയുടെയും പേരില്‍ പെമ്പിളൈ ഒരുമൈയില്‍ രാഷ്ട്രീയം കളിക്കുന്നതാര്?

മൂന്നാര്‍ തേയില തോട്ടങ്ങളിലെ സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മയായ പെമ്പിളൈ ഒരുമൈ അവരുടെ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും വന്‍തോതിലുള്ള ജനകീയ സമരം നടത്തിയതിലൂടെയുമാണ് കേരളത്തില്‍ ധ്രുതഗതിയിലുള്ള സ്വീകാര്യത നേടിയത്. കക്ഷി രാഷ്ട്രീയ ബോധം നന്നായുള്ള കേരളത്തില്‍ പെമ്പിളൈ ഒരുമൈ പോലെ പ്രഖ്യാപിത സംഘടനകളുടെയൊന്നും പിന്തുണയില്ലാത്ത ഒരു കൂട്ടായ്മയ്ക്ക് നിര്‍ണായക ഘടകമാകാന്‍ സാധിച്ചുവെന്നത് സുപ്രധാനമായ ഒരു കാര്യം തന്നെയാണ്.

എന്നാല്‍ ഇന്ന് പെമ്പിളൈ ഒരുമൈയിലെ സ്ഥിതിഗതികള്‍ ഏറെ മാറിയിരിക്കുന്നു. കൂട്ടായ്മയെന്ന അവസ്ഥയില്‍ നിന്നും തമ്മില്‍ത്തല്ലിന്റെ വാര്‍ത്തകളാണ് ഇവിടെ നിന്നും പുറത്തേക്ക് വരുന്നത്. ഒരേക്കര്‍ കൃഷിഭൂമി ഓരോ തൊഴിലാളി കുടുംബത്തിനും എന്ന ആവശ്യം ഉന്നയിച്ച് പെമ്പിളൈ ഒരുമൈ ഈ മാസം 22ന് സമരപ്രഖ്യാപനം നടത്താനിരിക്കെയായിരുന്നു പുതിയ പ്രശ്‌നങ്ങള്‍ രൂപപ്പെട്ടത്. മന്ത്രി എംഎം മണി തങ്ങള്‍ക്കെതിരെ നടത്തിയ വിവാദ പ്രസ്താവനയ്‌ക്കെതിരെ ഗോമതിയുടെ നേതൃത്വത്തില്‍ മൂന്നാര്‍ റോഡില്‍ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ ആരംഭിച്ച പ്രതിഷേധമാണ് ഏറെ നാളായി സംഘടനയ്ക്കകത്ത് മാത്രം നിന്നിരുന്ന ഒരു പ്രശ്‌നത്തെ വാര്‍ത്തകളിലെത്തിച്ചത്. മണിക്കെതിരെ മൂന്നാറില്‍ സമരം നടത്തുന്നത് യഥാര്‍ത്ഥ പെമ്പിളൈ ഒരുമൈ അല്ലെന്നും താന്‍ തന്നെയാണ് ഇപ്പോഴും സംഘടനയുടെ പ്രസിഡന്റെന്നും പറഞ്ഞ് ലിസി സണ്ണി രംഗത്തെത്തിയാതോടെയാണ് ഇത്. കൂടാതെ ഗോമതിയെ പെമ്പിളൈ ഒരുമൈയിലേക്ക് തിരികെയെടുത്തിട്ടില്ലെന്നും ഇവര്‍ പറയുന്നു. മന്ത്രിക്കെതിരായ സമരത്തിന്റെ മറവില്‍ ഗോമതി നാടകം കളിക്കുകയാണെന്നാണ് ലിസി സണ്ണിയുടെ വാദം.

ഒരു തൊഴിലാളിയും ഗോമതിക്കൊപ്പമില്ലെന്നും ഗോമതിക്കൊപ്പമുള്ളത് അവരുടെ കൂട്ടുകാര്‍ മാത്രമാണെന്നുമാണ് ലിസി പറയുന്നത്. ഗോമതി സ്റ്റാര്‍ ആകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും സമരത്തില്‍ ഗോമതിയുടെ സ്വന്തക്കാര്‍ മാത്രമാണ് പങ്കെടുക്കുന്നതെന്നും ഇവര്‍ പറയുന്നു. അവരെ സംഘടനയില്‍ നിന്നും പുറത്താക്കിയ ശേഷം അവര്‍ക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ പറ്റിയിട്ടില്ല. അതുകൊണ്ട് ഈ സമരത്തിലൂടെ സ്റ്റാര്‍ ആകാനാണ് ശ്രമം. ആളുകളെ ഏതെങ്കിലും പാര്‍ട്ടിയിലേക്ക് കൊണ്ടുപോകാനാണ് ഗോമതിയുടെ ശ്രമം. തന്നെ പുറത്താക്കാന്‍ ഗോമതി ആരാണ്; ഗോമതിയെ ആരാണ് സംഘടനയിലെടുത്തതെന്നും ലിസി ചോദിക്കുന്നു.

അതേസമയം പെമ്പിളൈ ഒരുമൈയുടെ ജനറല്‍ സെക്രട്ടറി രാജേശ്വരിക്ക് പറയാനുള്ളത് മറ്റൊന്നാണ്. ലിസിയെ തങ്ങള്‍ സംഘടനയില്‍ നിന്നും പുറത്താക്കിയിട്ടില്ല. നാല് മാസത്തിനിടെ നടന്ന പതിമൂന്ന് കമ്മിറ്റി മീറ്റിംഗുകളിലും പങ്കെടുക്കാതെ വന്നതോടെ അവരെ തങ്ങള്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നും കമ്മിറ്റി കൂടി നീക്കം ചെയ്യുകയായിരുന്നു. ആരുടെയും വ്യക്തിപരമായ താല്‍പര്യങ്ങളല്ല ലിസി സണ്ണിയെ സ്ഥാനത്തു നിന്നും നീക്കാന്‍ കാരണം. സംഘടനയിലേക്കുള്ള ഗോമതിയുടെ മടങ്ങി വരവും അതും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും രാജേശ്വരി അഴിമുഖത്തോട് വെളിപ്പെടുത്തി. ഗോമതിയെ സാധാരണ അംഗമായി തിരിച്ചെടുത്തതും കമ്മിറ്റി കൂടി തന്നെയാണ്. എന്നാല്‍ ആ കമ്മിറ്റിയില്‍ ലിസി സണ്ണി പങ്കെടുക്കാന്‍ തയ്യാറായില്ല. ഇതിന് ശേഷമാണ് അവരെ നീക്കം ചെയ്തത്.

കഴിഞ്ഞ പതിമൂന്നിന് പത്രസമ്മേളനത്തില്‍ പെമ്പിളൈ ഒരുമൈയിലേക്ക് മടങ്ങിവരുന്നതായി ഗോമതി പ്രഖ്യാപിച്ചിരുന്നു. പതിനാലിന് തനിക്ക് അവര്‍ കത്തു നല്‍കുകയും ചെയ്തു. എന്നാല്‍ ഇതേക്കുറിച്ച് സംസാരിക്കാന്‍ ലിസിയെ ബന്ധപ്പെട്ടെങ്കിലും അവര്‍ ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് ഗോമതിയുടെ മടങ്ങിവരവ് വ്യക്തമാക്കി താന്‍ അവര്‍ക്ക് മെസേജ് അയച്ചെങ്കിലും തന്റെ ഫോണെടുക്കാന്‍ താല്‍പര്യമില്ലെന്ന മറുപടിയാണ് ലിസിയില്‍ നിന്നുണ്ടായത്. ഇതിന് മുമ്പും പലപ്പോഴും ലിസിയെ കമ്മിറ്റിയിലെ അംഗങ്ങളെല്ലാം വിളിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഫോണെടുക്കാന്‍ തയ്യാറായില്ല. ലിസി സംഘടനയില്‍ സജീവമല്ലാതെ വന്നോടെ കമ്മിറ്റി തീരുമാനിച്ച് അവരെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ആറ് മാസത്തേക്ക് നീക്കുകയും വൈസ്പ്രസിഡന്റ് കൗസല്യ തങ്കമണിയെ താല്‍ക്കാലിക പ്രസിഡന്റ് ആയി നിയമിക്കുകയുമായിരുന്നെന്നും രാജേശ്വരി വിശദീകരിച്ചു. ഗോമതിയ്ക്ക് സംഘടനയില്‍ ഇപ്പോള്‍ ഭാരവാഹിത്വങ്ങളൊന്നുമില്ലെന്നും അവര്‍ വ്യക്തമാക്കി.

22ന് സമരപ്രഖ്യാപനം നടക്കാതിരുന്നത് മൈക്ക് അനുമതി ലഭിക്കാതിരുന്നതിനാലാണ്. അതിനുള്ള അപേക്ഷ നല്‍കിയിരുന്നെങ്കിലും ലിസി സണ്ണിയുടെ ഒപ്പില്ലാതെ താന്‍ ഒപ്പിടില്ലെന്ന് എസ്‌ഐ പറയുകയായിരുന്നു. സംഘടനയുടെ പ്രസിഡന്റ് ലിസിയാണെന്നും ലിസിയുടെ പരാതി പ്രകാരമാണ് ഒപ്പിടാത്തതെന്നും പറഞ്ഞ എസ്‌ഐ തന്നോടും കൂട്ടത്തിലുള്ളവരോടും സ്‌റ്റേഷനില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. തനിക്ക് ലിസിയുടേത് പോലെ രാഷ്ട്രീയ സ്വാധീനമൊന്നും ഇല്ലാത്തതിനാല്‍ മറുത്തൊന്നും പറയാതെ സ്റ്റേഷനില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.

അതേസമയം ലിസി സണ്ണി ഇല്ലാതെ പാണ്ടികള്‍ക്ക് സമരം നടത്താന്‍ അനുമതി നല്‍കില്ലെന്ന് എസ്‌ഐ പറയുന്നത് തനിക്കൊപ്പമുള്ളവര്‍ കേട്ടെന്നും താന്‍ അത് കേട്ടില്ലെന്നും രാജേശ്വരി വ്യക്തമാക്കി. ലിസി സണ്ണി മറ്റേതെങ്കിലും സംഘടനയുമായി താല്‍പര്യം കാണിക്കുന്നുണ്ടോ ഇല്ലയോ എന്ന് താന്‍ പറയില്ലെന്നാണ് ഇവര്‍ പറയുന്നത്. ലിസി സണ്ണി ഇപ്പോള്‍ പറയുന്നതൊന്നും തങ്ങളെ ബാധിക്കുന്നവയല്ലെന്നും പകരം എംഎം മണി തങ്ങളുടെ സമരത്തിനെതിരെ നടത്തിയ പ്രസ്താവനയാണ് തങ്ങളുടെ വിഷയമെന്നുമാണ് രാജേശ്വരി പറയുന്നത്.

പെമ്പിളൈ ഒരുമൈയ്ക്കിടയില്‍ ആശയസംഘട്ടനങ്ങള്‍ സൃഷ്ടിച്ച് ലാഭം നേടാന്‍ കാത്തിരിക്കുന്നവര്‍ ആരാണെന്നതാണ് ഇവിടുത്തെ പ്രശ്‌നം. ലിസിയുടെ പ്രസ്താവന സിപിഎമ്മിന്റെ സ്വന്തം ചാനലായ കൈരളി പീപ്പിളിലാണ് വന്നത്. ഗോമതി, പെമ്പിളൈ ഒരുമൈയില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നുവെന്നത് അടുത്തിടെ ഉയര്‍ന്ന് തുടങ്ങിയ ആരോപണമാണ്. സമീപകാലത്തെ മണിയുടെ പ്രസ്താവനകളെല്ലാം തന്നെ വിവാദമായിരുന്നെങ്കിലും പെമ്പിളൈ ഒരുമൈയെ പരാമര്‍ശിച്ച പ്രസ്താവനയാണ് ഇവിടെ കാട്ടുതീ പോലെ ആളിക്കത്തിയത്. തങ്ങള്‍ അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെ ചെയ്ത സമരത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്ന വിധത്തില്‍ മണി നടത്തിയ പ്രസ്താവനയോട് പൊറുക്കാന്‍ തയ്യാറാകാത്ത അവര്‍ വൈകാരികമായി തന്നെ അതിനെ നേരിടുകയും ചെയ്തു. മൂന്നാര്‍ ഇടിച്ചുനിരത്തലില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും എല്‍ഡിഎഫ് സര്‍ക്കാരിനെ അങ്ങേയറ്റം ഈ പ്രസ്താവന പ്രതിരോധത്തിലാക്കാന്‍ കാരണം അവര്‍ ഇതിനെ വൈകാരികമായി സമീപിച്ചത് തന്നെയാണ്. മണി മാപ്പ് പറയാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് അവര്‍ ഇപ്പോഴും.

ഈ സാഹചര്യത്തില്‍ പെമ്പിളൈ ഒരുമൈയില്‍ ഭിന്നിപ്പുണ്ടാക്കേണ്ടത് സിപിഎമ്മിന്റെ ആവശ്യമാണെന്ന് വ്യക്തം. കൂടാതെ ആദ്യ പെമ്പിളൈ ഒരുമൈ സമരം നടക്കുമ്പോള്‍ പാര്‍ട്ടി കൊടി വലിച്ചെറിഞ്ഞ് സ്ത്രീകള്‍ ചെരുപ്പുകളുമായി മുന്നോട്ട് വന്നപ്പോള്‍ മണിക്ക് ജില്ലയില്‍ നിന്നും ഓടി രക്ഷപ്പെടേണ്ടി വന്നിരുന്നു. എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ സമരപ്പന്തലില്‍ പേരിന് പോലും ആളില്ലാതിരുന്നപ്പോള്‍ പെമ്പിളൈ ഒരുമൈ സമരത്തില്‍ പതിനായിരങ്ങള്‍ അണിനിരന്നതും സിപിഎമ്മിന് ഇടുക്കി ജില്ലയില്‍ നേരിട്ടിരിക്കുന്ന എക്കാലത്തെയും വലിയ തിരിച്ചടിയുമാണ്. പെമ്പിളൈ ഒരുമൈ പുതിയ സമരപ്രഖ്യാപനം നടത്തുമ്പോള്‍ അതിനാല്‍ തന്നെ അതിനെ മുളയിലെ നുള്ളുകയെന്നത് സിപിഎമ്മിന്റെ ലക്ഷ്യമാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുകയും പ്രധാന ആവശ്യങ്ങളെല്ലാം തന്നെ നിരാകരിക്കുകയും ചെയ്ത് ആദ്യ പെമ്പിളൈ ഒരുമൈ സമരം പൊളിച്ചെടുത്ത ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനേക്കാള്‍ വലിയ കുതന്ത്രങ്ങളാണ് പിണറായി സര്‍ക്കാര്‍ തയ്യാറാക്കുന്നതെന്ന് വ്യക്തം. സമരം പോലും നടത്താത്ത വിധത്തില്‍ സംഘടനയില്‍ ഭിന്നിപ്പുണ്ടാക്കി വിഷയത്തെ അപ്രസക്തമാക്കുകയാണ് അവര്‍ ഇവിടെ. എന്നാല്‍ താഴേക്കിടയില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ച് ശക്തിപ്രാപിക്കാന്‍ തയ്യാറെടുക്കുന്ന ബിജെപിയുടെ ഇവിടുത്തെ ലക്ഷ്യങ്ങളെന്താണെന്നും കാത്തിരിക്കേണ്ടിയിരിക്കുന്നു. ഇന്നലെ ഇടുക്കിയില്‍ നടത്തിയ ഹര്‍ത്താലിനെ പെമ്പിളൈ ഒരുമൈയിലൂടെ ജില്ലയില്‍ ഇടംനേടാനുള്ള അവരുടെ ശ്രമമായി തന്നെയാണ് കാണേണ്ടത്. രണ്ടാം സമരത്തിന് മുന്നോടിയായി പെമ്പിളൈ ഒരുമൈയില്‍ കടന്നുകയറിയാല്‍ സമരത്തെ തങ്ങളുടെ രാഷ്ട്രീയ നേട്ടമായി ചിത്രീകരിക്കാമെന്ന് അവര്‍ കണക്കു കൂട്ടുന്നുണ്ട്.

സര്‍ക്കാരിനെതിരെ പെമ്പിളൈ ഒരുമൈയേക്കാള്‍ മികച്ചൊരു ജനകീയ കൂട്ടായ്മ കണ്ടെത്താനാകില്ലെന്ന് കോണ്‍ഗ്രസിന് ബോധ്യമുണ്ട്. ഈ കൂട്ടായ്മയെ സ്വന്തമാക്കേണ്ടത് കോണ്‍ഗ്രസിന്റെ ആവശ്യമാകുന്നത് അവര്‍ പ്രതിപക്ഷത്താണ് എന്നയിടത്താണ്. ഒന്നിച്ചു നില്‍ക്കുന്ന പെമ്പിളൈ ഒരുമൈയിലേക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കടന്നുകയറാനാകില്ലെന്ന് ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തന്നെയാണ് നന്നായി അറിയാവുന്നത്. അതിനാല്‍ തന്നെ പെമ്പിളൈ ഒരുമൈയില്‍ ഭിന്നിപ്പുണ്ടാക്കേണ്ടത് ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടെയും ആവശ്യമായി മാറുകയുമാണ്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍