UPDATES

ട്രെന്‍ഡിങ്ങ്

നദ്ദയോ ഭൂപേന്ദ്രര്‍ യാദവോ? ബിജെപി അധ്യക്ഷ സ്ഥാനത്ത് ആരാവും അമിത്ഷായുടെ പിന്‍ഗാമി?

അമിത്ഷാ സ്ഥാനത്ത് തുടര്‍ന്ന് വര്‍ക്കിംങ് പ്രസിഡന്റ് എന്ന പദവി പുതുതായി സൃഷ്ടിക്കാനും സാധ്യതയെന്നും റിപ്പോര്‍ട്ട്

അമിത് അനില്‍ചന്ദ്ര ഷായെപോലെ ബിജെപി അധ്യക്ഷ സ്ഥാനത്തിനിരുന്ന് സംഘടനയ്ക്ക് നേട്ടങ്ങള്‍ ഉണ്ടാക്കിയ നേതാവ് ആ പാര്‍ട്ടിയുടെ നാല് പതിറ്റാണ്ടിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. ബിജെപിയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം ഉണ്ടാക്കി കൊടുത്തതില്‍ പ്രധാനിയെന്ന വിശേഷണവുമായി അമിത്ഷാ വിശ്വസ്തനായ നരേന്ദ്രമോദിയുടെ മന്ത്രിസഭയിലേക്ക് പോകുമ്പോള്‍, ഉയരുന്ന ചോദ്യം ആരാവും ഇനി ബിജെപിയുടെ അധ്യക്ഷന്‍ എന്നതാണ്. അമിത് ഷാ ഉണ്ടാക്കിയ നേട്ടങ്ങള്‍ നിലനിര്‍ത്തി മുന്നോട്ടുപോകാന്‍ ആരെയാവും ആര്‍എസ്എസ് തെരഞ്ഞെടുക്കുകയെന്നതാണ് സംഘ്പരിവാര്‍ അനുകൂലികളും രാഷട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്ന കാര്യം.

ബിജെപിയുടെ കാര്യങ്ങളില്‍ ഇടപെടാറില്ലെന്ന് ആവര്‍ത്തിക്കാറുണ്ടെങ്കിലും ആ സംഘടനയുടെ ചലനം ആര്‍എസ്എസ്സിന്റെ ആഗ്രഹപ്രകാരമാണെന്ന് എല്ലാവര്‍ക്കും മനസ്സിലാകുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ പാര്‍ട്ടിയുടെ വളര്‍ച്ചയിലും സംഘപരിവാറിന് അവരുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനും കിട്ടിയ ഏറ്റവും നല്ല അവസരത്തില്‍ ആരാണ് പ്രസിഡന്റ് സ്ഥാനത്ത് വരികയെന്നതില്‍ ആര്‍എസ്എസ്സിന്റെ തീരുമാനം വളരെ പ്രധാനമാണ്. ഇതോടൊപ്പം നരേന്ദ്ര മോദിയ്ക്കും അമിത്ഷായ്ക്കും താല്‍പര്യമുള്ള നേതാവ് തന്നെയാകും ഇനിയുള്ള ദിവസങ്ങളില്‍ ബിജെപിയെ നയിക്കുക.

അമിത് ഷായുടെ അഭാവം പാര്‍ട്ടി കാര്യങ്ങളില്‍ പ്രതിഫലിപ്പിക്കാതിരിക്കാന്‍ വര്‍ക്കിംങ് പ്രസിഡന്റ് സ്ഥാനം സൃഷ്ടിച്ച് ഷാ പദവിയില്‍ കുറച്ചുകാലം കൂടി തുടരാനുള്ള സാധ്യതയുമുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. രണ്ട് പേരുകള്‍ക്കാണ് മുഖ്യമായും സാധ്യത കല്‍പിക്കുന്നത്. മോദിയുടെ ഒന്നാം മന്ത്രിസഭയില്‍ അംഗവും ആര്‍എസ്എസ്സിന്റെ വിശ്വസ്തനായി കരുതുകയും ചെയ്യുന്ന ജഗത് പ്രകാശ് നദ്ദ എന്ന ജെപി നദ്ദയെ അധ്യക്ഷ സ്ഥാനത്തോ, വര്‍ക്കിംങ് പ്രസിഡന്റ് സ്ഥാനത്തോ നിയോഗിക്കുമെന്നാണ് സൂചനകള്‍. ഇദ്ദേഹത്തെ മോദിയുടെ രണ്ടാമത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നത് ഇതിന്റെ മുന്നോടിയായാണെന്നും സൂചനകളുണ്ട്.

എബിവിപിയിലൂടെ പൊതുരംഗത്തേക്ക് വന്ന ജെപി നദ്ദ ആര്‍എസ്എസ്സിന്റെ വിശ്വസ്തരായ നേതാവായാണ് അറിയപ്പെടുന്നത്. ഹിമാചല്‍ പ്രദേശില്‍ നേരത്തെ മന്ത്രിയായിരുന്നു. 2014 ല്‍ രാജ്‌നാഥ് സിങിന്റെ പിന്‍ഗാമിയായി നദ്ദ പ്രസിഡന്റായേക്കുമെന്ന് സൂചനയുണ്ടായിരുന്നു. മോദിയുടെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെതുടര്‍ന്നാണ് അദ്ദേഹം ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിഞ്ഞത്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന മോദിയുടെ ഏറ്റവും വലിയ വിശ്വസ്തന്‍ അമിത് ഷായെ ചുമതലയേല്‍പ്പിക്കുകയായിരുന്നു. നദ്ദയെ പിന്നീട് മോദിയുടെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ആരോഗ്യവകുപ്പിന്റെ ചുമതലയും നല്‍കി.

അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ബിജെപി പ്രസിഡന്റ് സ്ഥാനത്തേക്ക് ഒഴിവുവരുമ്പോള്‍ നദ്ദ വീണ്ടും പരിഗണിക്കപ്പെടുന്നു. അമിത് ഷായും മോദിയും ചേര്‍ന്നുണ്ടാക്കിയ വലിയ നേട്ടങ്ങള്‍ സംരക്ഷിക്കാനും മുന്നോട്ടുപോകാനും ആര്‍എസ്എസ് നദ്ദയെ ഉത്തരവാദിത്തം ഏല്‍പ്പിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

നദ്ദയെ പോലെ തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പേരുകളില്‍ പ്രധാനിയാണ് ഭൂപേന്ദ്രര്‍ യാദവ്. ബിജെപിയുടെ ജനറല്‍ സെക്രട്ടറി. ആര്‍എസ്എസ്സിന്റെയും അമിത്ഷാ -മോദി കൂട്ടുകെട്ടിന്റെയും വിശ്വസ്തന്‍. നിഥിന്‍ ഗഡ്ക്കരി അധ്യക്ഷനായിരുന്നപ്പോഴാണ് ഇദ്ദേഹം ദേശീയ തലത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. പാര്‍ട്ടി ദേശീയ സെക്രട്ടറിയായി. പിന്നീട് രാജ്യസഭയിലെത്തി. രാജസ്ഥാന്‍ ഗുജറാത്ത്, ഝാര്‍ഖഡ് ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് കാലത്ത് പ്രവര്‍ത്തിച്ചു. രാജ്യസഭ അംഗമെന്ന നിലയില്‍ നിരവധി പാര്‍ലമെന്ററി സമതികളില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവ പരിചയവും യാദവിനുണ്ട്.

രണ്ട് ദിവസത്തിനകം ബിജെപി അതിനെ ഇനിയുള്ള ദിവസങ്ങളില്‍ ആര് നയിക്കുമെന്ന കാര്യത്തില്‍ തീരുമാനിക്കും. ആരായാലും അവരില്‍ നിക്ഷിപ്തമാകുന്ന ഭാരിച്ച ഉത്തരവാദിത്തമായിരിക്കും. അമിത്ഷായുടെ നേട്ടങ്ങള്‍ നിലനിര്‍ത്തുകയെന്നതാവും പുതിയ പ്രസിഡന്റിന് മുന്നിലുളള വെല്ലുവിളി.

Read: സര്‍ക്കാര്‍ സ്കൂളുകള്‍ എന്ന് ഇന്നാരും അവജ്ഞയോടെ പറയില്ല; വിദ്യാഭ്യാസ രംഗത്ത് നിശബ്ദ വിപ്ലവം സൃഷ്ടിക്കുകയാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍