UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അംബേദ്കര്‍ ദിനം ആഘോഷിച്ചാല്‍ ദളിതര്‍ക്ക് മര്‍ദ്ദനവും ബഹിഷ്കരണവും

Avatar

അഴിമുഖം പ്രതിനിധി

ഇന്ത്യയുടെ ഭരണഘടന ശില്‍പിയായ ബാബ സാഹേബ് അംബേദ്കര്‍ ജീവിത കാലം മുഴുവന്‍ പോരാടിയത് മനുവാദികള്‍ക്ക് എതിരെ കൂടിയായിരുന്നു. ആ പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ആര്‍ എസ് എസിന്റെ രാഷ്ട്രീയ വിഭാഗമായ ബിജെപി അദ്ദേഹത്തെ സ്വന്തമാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്താണ് അംബേദ്കറിന്റെ 125-ാം ജന്മവാര്‍ഷികം കടന്നുപോയത്. ഒരു വര്‍ഷം കേന്ദ്രത്തില്‍ ഭരണം കൈയ്യാളുന്നതിന്റെ എല്ലാ ആനുകൂല്യങ്ങളും മുതലാക്കി ബിജെപി അംബേദ്കറെ ആശയപരമായി വിഴുങ്ങാനുള്ള എല്ലാ ശ്രമങ്ങളും നടത്തി. അത് തുടരുകയും ചെയ്യുന്നു.

എന്നാല്‍ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലെ പാങ്ക്രി നവഗരെ ഗ്രാമത്തിലെ ദളിത് ബുദ്ധ മതക്കാര്‍ക്ക് ഈ വര്‍ഷവും അംബേദ്കറുടെ ജയന്തി ആഘോഷിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. 3000-ത്തോളം പേരാണ് ഈ ഗ്രാമത്തില്‍ വസിക്കുന്നത്. 2,400 പേര്‍ ശക്തരായ മറാത്ത സമുദായക്കാരും 400 ദളിത് ബുദ്ധമതക്കാരും 100-ഓളം പേര്‍ മറ്റു വിവിധ സമുദായക്കാരുമാണ്. ചെറിയ ഗ്രാമമാണെങ്കിലും ജാതിപ്പോര് ആഴത്തില്‍ വേരൂന്നിയിട്ടുണ്ട്. 2007-ല്‍ അംബേദ്കര്‍ ജയന്തി ആഘോഷം നടത്താന്‍ അനുമതി ലഭിച്ചിരുന്നു. വളരെ അപൂര്‍മായി മാത്രം സംഭവിക്കുന്ന ഒന്നായിരുന്നു ആ അനുമതി. ആ വര്‍ഷം ബുദ്ധമതക്കാര്‍ ആഘോഷത്തിന്റെ ഭാഗമായി ഘോഷയാത്ര നടത്തി. എന്നാല്‍ അവര്‍ക്ക് യാത്ര നടത്താന്‍ അനുമതിയുള്ള പാതയില്‍ മറാത്ത വംശജര്‍ ഒരു മണ്ഡപം സ്ഥാപിച്ചതിനാല്‍ റൂട്ട് മാറ്റേണ്ടി വന്നു. അതുകാരണം ദളിത് ബുദ്ധ മതക്കാര്‍ക്ക് എതിരെ പൊലീസ് കേസെടുക്കുകയും ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വയ്ക്കുകയും ചെയ്തു.

എല്ലാ വര്‍ഷവും നിരന്തരം അപേക്ഷകള്‍ നല്‍കിയിട്ടും അംബേദ്കര്‍ ജയന്തി ആഘോഷത്തിന് അധികൃതര്‍ അനുമതി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് 2013-ല്‍ ദളിതര്‍ അനുമതിയില്ലാതെ റാലി നടത്തി. എന്നാല്‍ പ്രകോപിതരായ മേല്‍ജാതിക്കാര്‍ ദളിതരെ ആക്രമിച്ചു. പൊലീസിന്റെ കണ്‍മുന്നിലായിരുന്നു ഈ അക്രമം നടന്നത്. മറാത്ത സമുദായത്തിലെ നിരവധി അംഗങ്ങളുടെ പേരില്‍ കേസെടുക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ജാതിപ്പോരില്‍ ഈ ഗ്രാമത്തിന് പറയാന്‍ ഏറെ ചരിത്രമുണ്ട്. 1996-ല്‍ ദളിതര്‍ ഈ ഗ്രാമത്തില്‍ മറാത്ത ചക്രവര്‍ത്തി ശിവജിയുടെ പ്രതിമയ്ക്ക് ചെരുപ്പ് മാല അണിക്കുകയുണ്ടായി. ഇരു സമുദായങ്ങളും തമ്മിലെ സംഘര്‍ഷം കത്തി നിന്ന കാലമായിരുന്നു അത്. അന്നു മുതല്‍ 20 വര്‍ഷങ്ങളായി അംബേദ്കറുടെ പേരില്‍ ഒരു പരിപാടി നടത്താന്‍ അനുമതിക്കായി ദളിതര്‍ കാത്തിരിക്കുകയാണ്. മഹാനായ അംബേദ്കറിന്റെ സ്മരണയുണര്‍ത്തുന്ന ഒരു പരിപാടി നടത്താന്‍ ഔദ്യോഗിക അനുമതി വാങ്ങണമെന്നുള്ളതില്‍ തന്നെയൊരു ദുരന്തമുണ്ട്. 2007-ല്‍ സെക്രട്ടറിയേറ്റില്‍ വരെ അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഒരു ഫലവുമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് അനുമതിയില്ലാതെ പരിപാടി നടത്താന്‍ ദളിതര്‍ തുനിഞ്ഞത്.

ഈ ഗ്രാമത്തില്‍ നിലനില്‍ക്കുന്ന ജാതിപ്പോരിനെ ജില്ല ഭരണകൂടം ഔദ്യോഗികമായി നിഷേധിക്കും. രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് പറഞ്ഞ് തള്ളിക്കളയും. എന്നാല്‍ ഉദ്യോഗസ്ഥര്‍ അനൗദ്യോഗികമായി സമ്മതിക്കുകയും ചെയ്യും, ഇവിടെ ജാതികലഹമുണ്ട്. ബുദ്ധമതക്കാരുടെ നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുണ്ടെന്നും റാലി നടത്താന്‍ അനുവദിക്കണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത് ജനാധിപത്യമാണ്. ഉന്നത അധികൃതര്‍ റിസ്‌ക് എടുക്കാന്‍ തയ്യാറാകണം. രണ്ടു സമുദായക്കാരും കുറ്റക്കാര്‍ തന്നെയാണ്. മേല്‍ ജാതിക്കാരായ സ്ത്രീകളെ അപമാനിച്ചു കൊണ്ട് ദളിത് സ്ത്രീകള്‍ പാട്ടുകള്‍ പാടാറുണ്ട്. ബ്രാഹ്മണരെ അപമാനിക്കും. മറാത്താക്കാരാകട്ടെ അംബേദ്കര്‍ ജയന്തി സമയത്ത് ക്ഷേത്രങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കും. സമാധാന ചര്‍ച്ചകള്‍ക്ക് വിളിച്ചാല്‍ ഇരു വിഭാഗത്തുനിന്നും ആരും വരികയുമില്ല.

ബുദ്ധമതക്കാരെ തന്റെ മരണം വരെ റാലി നടത്താന്‍ അനുവദിക്കില്ലെന്ന് വാശി പിടിക്കുന്ന ഒരു വ്യക്തി മാത്രമാണുള്ളത്. എന്നാല്‍ എല്ലാവരുടേയും പിന്തുണ അയാള്‍ക്കില്ല.

കൂടാതെ അംബേദ്കര്‍ ജയന്തി സമയത്തു മാത്രമാണ് ഈ വൈരം. മറ്റു സമയങ്ങളില്‍ ബുദ്ധ മതക്കാര്‍ മറാത്തക്കാരുടെ വയലില്‍ ജോലി എടുക്കും. അവരുടെ ബൈക്കോടിച്ച് ചന്തയിലേക്ക് പോകും. അംബേദ്ക്കര്‍ ജയന്തി കാലയളവില്‍ ഇതെല്ലാം താളം തെറ്റും. ജയന്തിക്കാലത്തെ വൈരം മറന്ന് എല്ലാവരും പതിവുകളിലേക്ക് പോകുകയും ചെയ്യും.

ഇക്കാലയളവിലെ ക്രമസമാധാനപാലനത്തിന് പൊലീസ് സ്വീകരിക്കുന്ന മാര്‍ഗം ഇരുസമുദായങ്ങളിലേയും കുറച്ചു പേരെ ഈ ഗ്രാമത്തില്‍ നിന്നും പുറത്താക്കുകയാണ്. ഏപ്രില്‍ 14-ന് രാവിലെ എട്ട് മണി മുതല്‍ ഏപ്രില്‍ 16-ന് രാവിലെ എട്ടുമണിവരെ മാലേഗാവ് പൊലീസ് സ്റ്റേഷന്റെ അധികാര പരിധിയില്‍ പ്രവേശിക്കുന്നത് വിലക്കി കൊണ്ട് എസ് പി നോട്ടീസ് നല്‍കും. ഇത്തവണ ദളിതരില്‍ നിന്ന് 20-ല്‍ അധികം പേര്‍ക്കും മറാത്താക്കാരില്‍ അതിലിരട്ടിയോളം പേര്‍ക്കുമാണ് പൊലീസ് പ്രവേശന വിലക്കേര്‍പ്പെടുത്തിയത്. വിലക്കേര്‍പ്പെടുത്തിയവരില്‍ 60-നും 90-നും വയസ്സിനിടയിലെ മൂന്ന് ദളിത് സ്ത്രീകളുമുണ്ട്. പര്യാഗ്ബായി വാങ്കഡെ, ജനബായ് ഖദസെ, സുഗന്ധാബായ് തേജ്‌നെ എന്നിവര്‍ ക്രമസമാധാന തകര്‍ച്ചയുണ്ടാക്കാനുള്ള അവരുടെ കഴിവിന്റെ ഔദ്യോഗിക കണക്കുകൂട്ടലില്‍ അത്ഭുതപ്പെടുകയാണ്.

2013-ല്‍ മര്‍ദ്ദനമേറ്റത് പര്യാഗ്ബായ് ഓര്‍ത്തെടുത്തു. മേല്‍ജാതിക്കാരുടെ അടികൊണ്ട അവരുടെ പേരില്‍ പൊലീസ് കേസെടുക്കുകയും രണ്ട് ദിവസം ജയിലില്‍ കിടക്കുകയും ചെയ്തു. 15,000 രൂപ കെട്ടിവച്ചാണ് അവരെ ജാമ്യത്തിലിറക്കിയത്.

യുദ്ധാന്തരീക്ഷമാകും അംബേദ്കര്‍ ജയന്തി കാലയളവില്‍ ഗ്രാമത്തിലുണ്ടാകുക. പരിപൂര്‍ണമായ ബഹിഷ്‌കരണമാകും ദളിതര്‍ നേരിടുക. ഈ ദളിതര്‍ക്ക് പലചരക്കു കടയില്‍ നിന്നും സാധനങ്ങള്‍ ലഭിക്കില്ല. ധാന്യം പൊടിക്കുന്ന മില്ലില്‍ അവരുടെ ധാന്യം എടുക്കുകയുമില്ല. 

വാഷിം, ഹിങ്കോളി ജില്ലകളിലെ നിരവധി ദളിതര്‍ ഒരു വര്‍ഷത്തിലധികമായി ബഹിഷ്‌കരണം നേരിടുകയാണ്. കാരണം, അവര്‍ അംബേദ്കറുടെ ആശയങ്ങള്‍ പിന്തുടരുന്നു. അദ്ദേഹത്തെ ആഘോഷമാക്കുന്നു എന്നത് തന്നെ.

മഹാരാഷ്ട്രയില്‍ ദളിതര്‍ നേരിടുന്ന അവഗണനയിലും അപമാനത്തിലും ഒരു വശം മാത്രമാണിത്. അടുത്ത വര്‍ഷം നടക്കുന്ന യുപി തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മോദിയും അമിത്ഷായും ദളിത് പ്രീണന നയങ്ങളുമായി മുന്നോട്ടു പോകുമ്പോഴും താഴെ തട്ടിലെ ജാതിപ്പോരുകള്‍ കഠിനമാണ്.

കടപ്പാട്: http://www.dalitweb.org/

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍