UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മരിച്ചിട്ടു നാലു മാസം; സംസ്കരിക്കാതെ ക്രിസ്ത്യന്‍ പുരോഹിതന്‍റെ മൃതദേഹം

Avatar

അഴിമുഖം പ്രതിനിധി

ഗോവയിലെ ഒരു പുരോഹിതന്റെ ദുരൂഹ മരണം കൊലപാതകം ആണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുമ്പോഴും പൊലീസ് കേസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. ഭൂമാഫിയക്ക് എതിരെ ശബ്ദിച്ചിരുന്ന ഫാദര്‍ ബിസ്മാര്‍ക്ക് ഡയസാണ് കഴിഞ്ഞ വര്‍ഷം നവംബര്‍ അഞ്ചിന് അര്‍ദ്ധ രാത്രി മണ്ഡോവി നദിയില്‍ മുങ്ങിമരിച്ചത്. അദ്ദേഹത്തോടൊപ്പം നദിക്കരയില്‍ രണ്ട് യുവാക്കള്‍ ബീര്‍ കുടിക്കാന്‍ ഉണ്ടായിരുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അദ്ദേഹത്തിന്റേത് മുങ്ങിമരണം അല്ലെന്നും കൊലപാതകം ആണെന്നും വിശ്വസിക്കുന്ന ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിക്കാതെ നാലുമാസമായി സൂക്ഷിക്കുകയാണ്. പൊലീസ് നീതിയുക്തമായ അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടു വരുന്നതുവരെ സംസ്‌കാരം നടത്തേണ്ടെന്നാണ് അവരുടെ തീരുമാനം.

മരിക്കുന്നതിന് ഏതാനും ദിവസം മുമ്പ് അദ്ദേഹം തീര ദേശ നിയമങ്ങള്‍ ലംഘിച്ച് കെട്ടിടം നിര്‍മ്മിക്കുന്നതിന് എതിരെ ദേശീയ ഹരിത ട്രൈബ്യൂണലില്‍ പരാതി നല്‍കിയിരുന്നു. തിരക്കോളിലെ ഗോള്‍ഫ് കോഴ്‌സ്, വിവാദ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം, ഇലക്ട്രോണിക് സിറ്റി തുടങ്ങിയ ഗോവയിലെ ഭൂസംബന്ധമായ പദ്ധതികള്‍ക്കെതിരെ അദ്ദേഹം ശക്തമായ പ്രചാരണം നടത്തിയിരുന്നു.

ഇതേ തുടര്‍ന്ന് അദ്ദേഹത്തിന് വധഭീഷണികളും ലഭിച്ചിരുന്നു. അതുകാരണമാണ് ബന്ധുക്കള്‍ ഡയസിന്റെ മരണം കൊലപാതകം ആണെന്ന് ആരോപിക്കുന്നത്. അന്വേഷണം ശരിയായ ദിശയില്‍ നടത്തി ഡയസിന് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. തുടക്കം മുതല്‍ തന്നെ അന്വേഷണത്തില്‍ വിട്ടു വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്ന് കമ്മിറ്റിയംഗമായ ഡോക്ടര്‍ സാമിര്‍ കെലേക്കര്‍ ആരോപിക്കുന്നു. കേസിലെ കൊലപാതക വശം വിട്ടുകളഞ്ഞു. അസാധാരണ മരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസ് ഇതുവരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സാമിര്‍ പറയുന്നു. ഉന്നത തലത്തില്‍ നടന്ന ഗൂഢാലോചനയാണ് കേസിനെ അട്ടിമറിച്ചതെന്ന വിശ്വാസത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന് ആരോപിച്ച് മെഴുകുതിരി റാലികളും മറ്റും നടത്തിയിരുന്നു. ഈ റാലിയില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. അതേസമയം ഡയസിന്റെ ബന്ധുക്കള്‍ അഭിഭാഷകരുടെ സംഘത്തെ കേസ് പഠിക്കാനായി നിയോഗിച്ചിട്ടുണ്ട്.

റിയല്‍ എസ്റ്റേറ്റ് വിപണിയെ സഹായിക്കുന്നതിന് ഗോവ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു കൊണ്ടിരിക്കേ സംസ്ഥാനത്തുടനീളം പ്രക്ഷോഭങ്ങളും വര്‍ദ്ധിക്കുന്നുണ്ട്. ഗ്രാമങ്ങളില്‍ ഫാമുകളും ഭൂമിയും നഷ്ടപ്പെടുന്നതിനെ തുടര്‍ന്നാണ് ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. ഈ സാഹചര്യത്തിലാണ് ഭൂമാഫിയക്ക് എതിരെ പോരാടിയിരുന്ന ഫാദര്‍ ഡയസിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

എന്നാല്‍ എല്ലാ ആരോപണങ്ങളും പൊലീസ് പരിശോധിച്ചുവെന്നും 60 സാക്ഷികളെ ചോദ്യം ചെയ്തുവെന്നും ക്രൈം എസ് പി കാര്‍ത്തിക് കശ്യപ് പറയുന്നു. രണ്ട് തവണ പോസ്റ്റ് മോര്‍ട്ടം നടത്തുകയും മറ്റു പരിശോധനകള്‍ നടത്തുകയും ചെയ്തശേഷം ഡയസിന്റേത് മുങ്ങിമരണമാണ് എന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് ഇപ്പോള്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് സമര്‍പ്പിച്ചിരിക്കുകയാണ്.

എന്നാല്‍ പല തെളിവുകളും പൊലീസ് കൃത്യമായി അന്വേഷിച്ചില്ലെന്നും പൊലീസിന്റെ അവകാശവാദങ്ങളില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്നുമാണ് കെലേക്കര്‍ പറയുന്നത്. അന്വേഷണം അവസാനിപ്പിച്ചുവെന്ന് അറിയിച്ചിട്ടുപോലുമില്ലെന്ന് അദ്ദേഹം പറയുന്നു. അന്വേഷണം അവസാനിപ്പിച്ചതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റി സര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ട്.

കേസ് അന്വേഷണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് പ്രമുഖ ക്രിമിനല്‍ അഭിഭാഷകരായ ജോസ് പീറ്റര്‍ ഡിസൂസയും കരോലിന്‍ കൊളാക്കോയും കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ബോധമില്ലാത്ത അവസ്ഥയില്‍ അദ്ദേഹം വെള്ളത്തിലേക്ക് തള്ളിയിടപ്പെട്ടതാകാം എന്ന കണ്ടെത്തലിലാണ് ഇവര്‍ എത്തിയിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍