UPDATES

demon-etisation

അനധികൃത പണകൈമാറ്റം, ജോലിഭാരത്തിന് പ്രതിഫലം; ബാങ്ക് ഉദ്യോഗസ്ഥരുടെ സമരം നാളെ

ചില പ്രത്യേക വിഭാഗങ്ങളുടെ കൈയില്‍ കോടിക്കണക്കിന് രൂപയുടെ പുതിയ നോട്ടുകള്‍ എത്തുന്നതിന്റെ സത്യാവസ്ഥ ആദായ നികുതി വകുപ്പ് പുറത്തു വിടണം

അമ്പത് ദിവസത്തെ ചില്ലറ ബുദ്ധിമുട്ടുകള്‍ സഹിക്കണമെന്ന് രാജ്യത്തോട് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. എന്നാല്‍ അമ്പത് ദിവസം പിന്നിട്ടിട്ടും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടുകയോ നോട്ട് ക്ഷാമം തീരുകയോ ചെയ്തിട്ടില്ല. പ്രതിവാരം ഒരു വ്യക്തിക്ക് 24,000 രൂപ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കൂ എന്ന നിബന്ധനയുണ്ടായിട്ടും ചില പ്രത്യേക വിഭാഗങ്ങളുടെ കൈയില്‍ കോടിക്കണക്കിന് രൂപയുടെ പുതിയ നോട്ടുകള്‍ എത്തുകയും ചെയ്യുന്നു. ഇത്തരം റെയ്ഡുകളുടെ വിവരങ്ങള്‍ കൃത്യമായി പുറത്തുവിടാന്‍ ആദായനികുതി വകുപ്പ് മടിക്കുന്നതുകൊണ്ട് ജനങ്ങള്‍ ബാങ്ക് ജീവനക്കാരെയാണ് സംശയിക്കുന്നതെന്ന് അഖിലേന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സിഎച്ച് വെങ്കിടാചലം ചൂണ്ടിക്കാമിക്കുന്നു. ഈ സാഹചര്യത്തിലാണ്, അനധികൃത പണകൈമാറ്റത്തെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്നും നോട്ട് നിരോധനത്തിന് ശേഷം വര്‍ദ്ധിച്ച ജോലി ഭാരത്തിന് പ്രതിഫലം നല്‍കണമെന്നും ആവശ്യപ്പെട്ട് ഈ മാസം മൂന്നിന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാന്‍ അസോസിയേഷന്‍ അഹ്വാനം ചെയ്യുന്നതെന്ന് അദ്ദേഹം സ്‌ക്രോള്‍.ഇന്നിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

അമ്പത് ദിവസങ്ങള്‍ക്ക് ശേഷവും രാജ്യത്തെമ്പാടുമുള്ള ദേശസാല്‍കൃത ബാങ്കുകള്‍ കടുത്ത നോട്ട് ക്ഷാമം നേരിടുകയാണ്. എ്ല്ലാ ഉപഭോക്താക്കള്‍ക്കും സേവനം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ പിന്‍വലിക്കാവുന്ന പണത്തിന്റെ അളവില്‍ ബാങ്കുകള്‍ സ്വയം ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ കണക്കുകള്‍ പ്രകാരം രാജ്യത്തെ 40 ശതമാനം എടിഎമ്മുകള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. പണക്കാരെ സഹായിക്കുന്നതിന് വേണ്ടി ജീവക്കാര്‍ പണം ഒളിപ്പിക്കുന്നുവെന്നാണ് ഉപഭോക്താക്കള്‍ കരുതുന്നത്.

ഇതിനിടയിലാണ് കോടിക്കണക്കിന് രൂപയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. എന്നാല്‍ ഒരു ബാങ്ക് ബ്രാഞ്ചില്‍ നിന്നും അത്തരത്തിലുള്ള വലിയ തുകകള്‍ പിന്‍വലിക്കാനാവില്ല. പണം കൈകാര്യം ചെയ്യാന്‍ അനുവാദമുള്ള സ്വകാര്യ എടിഎം സേവനദാതാക്കളെയാണ് ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് സംശയമെന്നും വെങ്കിടാചലം വ്യക്തമാക്കി. വലിയ അഴിമതിയാണ് ഇക്കാര്യത്തില്‍ നടക്കുന്നതെന്നും അതിനാല്‍ തന്നെ വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കില്‍ നിന്നും ഏതാനും ആയിരം രൂപകള്‍ മാത്രമാണ് വിതരണം ചെയ്യുന്നത്. പക്ഷെ കോടിക്കണക്കിന് രൂപയുടെ പുതിയ നോട്ടുകളാണ് പിടിച്ചെടുക്കപ്പെടുന്നത്. ബാങ്ക് ഉദ്യോഗസ്ഥര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവരെ ശിക്ഷിക്കണം. പക്ഷെ ഇത്രയും പണം വിതരണം ചെയ്യാനുള്ള അധികാരം അവര്‍ക്കില്ല. രാജ്യത്തെ മിക്ക എടിഎമ്മുകളും കാലിയാണെന്ന യാഥാര്‍ത്ഥ്യവും സ്വകാര്യ സേവന വിതരണക്കാരെ സംശയിക്കേണ്ട സാഹചര്യം ഒരുക്കുന്നു. അതീനാല്‍ തന്നെ ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമാണ്.

പുതിയ മാസത്തിലേക്ക് കടക്കുമ്പോള്‍ ശമ്പളത്തിനും പെന്‍ഷനുമായി ജനങ്ങള്‍ ബാങ്കിലെത്തും. വലിയ രീതിയില്‍ ശാഖകളില്‍ പണമെത്തിയാലേ ഈ സ്ഥിതിവിശേഷം നേരിടാന്‍ സാധിക്കുവെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ബിഐ കാര്യങ്ങള്‍ ശരിയായ രീതിയിലല്ല കൈകാര്യം ചെയ്യുന്നത്. ദേശസാല്‍കൃത ബാങ്കുകളുടെ ചിലവില്‍ സ്വകാര്യ ബാങ്കുകള്‍ക്ക് കൂടുതല്‍ പണം വിതരണം ചെയ്യുന്നു എന്ന് വേണം സംശയിക്കാന്‍. അതുകൊണ്ടാണ് പണവിതരണം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിടാന്‍ ആര്‍ബിഐ തയ്യാറാകാത്തത്. രേഖകള്‍ പുറത്തുവന്നാല്‍ ഏതുവഴിക്കാണ് പണം പോകുന്നതെന്ന് കണ്ടെത്താന്‍ സാധിക്കും.

ഇതിനിടയിലും ജീവനക്കാര്‍ കടുത്ത യാതനകളാണ് അനുഭവിക്കുന്നത്. ഉപഭോക്താക്കളുടെ തെറി മുഴുവന്‍ ജീവനക്കാര്‍ കേള്‍ക്കേണ്ടി വരുന്നു. 50 ദിവസമായി ഒരു വിശ്രമവുമില്ലാതെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. പക്ഷെ അധികസമയത്തിനും ജോലിക്കും ഒരു പ്രതിഫലവും ലഭിക്കുന്നില്ല. അതുകൊണ്ട് ജനുവരി മൂന്നിന് രാജ്യത്തെ എല്ലാ ആര്‍ബിഐ പ്രാദേശിക ഓഫീസുകളുടെ മുന്നിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. തുടര്‍ നടപടികളെ കുറിച്ച് ജനുവരി എട്ടിന് ചേരുന്ന എല്ലാ യൂണിയനുകളുടെയും യോഗത്തില്‍ തീരുമാനിക്കുമെന്നും വെങ്കിടാചലം അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍