UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്തുകൊണ്ടാണ് കുട്ടികളിപ്പോഴും പുസ്തകങ്ങള്‍ മണത്തുനോക്കാന്‍ ഇഷ്ടപ്പെടുന്നത്?

Avatar

മൈക്കിള്‍ എസ് റോസന്‍വാള്‍ഡ് 
(വാഷിംഗ്ടണ്‍ പോസ്റ്റ്)


ഫ്രാങ്ക് ഷെംബാരിക്ക് പുസ്തകങ്ങള്‍ ഇഷ്ടമാണ് പ്രിന്റ് ചെയ്ത പുസ്തകങ്ങള്‍. പുസ്തകങ്ങളുടെ മണം, മാര്‍ജിനുകളില്‍ കുത്തിക്കുറിക്കുന്നത്, രസമുള്ള വാചകങ്ങള്‍ക്ക് അടിവരയിടുന്നത്, ഇടം അടയാളപ്പെടുത്താന്‍ പുസ്തകത്തിന്റെ അരിക് മടക്കുന്നത്. 

പോളിറ്റിക്‌സ് ആന്‍ഡ് പ്രോസ് പോലെയുള്ള ബുക്ക്‌ഷോപ്പുകളില്‍ വൈകുന്നേരം ചായകുടിച്ചിരിക്കുന്ന റിട്ടയര്‍ ചെയ്തയാളല്ല ഷെംബാരി. ഒരു അമേരിക്കന്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന ഇരുപതുകാരന്‍, ഇസ്രയേലിന്റെ ചരിത്രം ക്ലാസിനിടയില്‍ വായിക്കുന്നയാള്‍, ഇന്റര്‍നെറ്റ് കാലത്ത് കാണുന്ന ഒരു വൈരുധ്യമാണിയാള്‍. ഡിജിറ്റല്‍ സ്വദേശികള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്നത് പ്രിന്റിലാണ്. 

‘എനിക്കത് ഇഷ്ടമാണ്.’ ഷെംബാരി പറയുന്നു, കാമ്പസിലെ വെളിച്ചത്തില്‍ വായിച്ചുകൊണ്ടിരിക്കുന്ന അയാളുടെ അരികില്‍ ഐഫോണ്‍ ഉണ്ട്. ‘എനിക്കത് കയ്യില്‍ പിടിക്കാന്‍ ഇഷ്ടമാണ്, ഇത് ഓഫായി പോകുന്നില്ല, ഇതില്‍ നിന്ന് ഒച്ചകള്‍ കേള്‍ക്കുന്നില്ല.’ 

ടെക്സ്റ്റ്ബുക്ക് നിര്‍മ്മാതാക്കളും ബുക്ക്‌സ്‌റ്റോര്‍ ഉടമകളും കോളേജ് വിദ്യാര്‍ഥികളും ഒരേ പോലെ പറയുന്നു ഇപ്പോഴുള്ള തലമുറയ്ക്കും വിനോദത്തിനും പഠനത്തിനും വേണ്ടി വായിക്കാനിഷ്ടം പ്രിന്റ് ആണ് എന്ന്. മറ്റുതരം കണ്ടന്റ് ഡിജിറ്റല്‍ ആയി വായിക്കുന്ന തലമുറയാണിത് എന്നോര്‍ക്കുമ്പോഴാണ് ഇതിലെ വൈരുധ്യം. വാഷിംഗ്ടണ്‍ സര്‍വകലാശാലയില്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നത് ടെക്സ്റ്റ് ബുക്കുകള്‍ ഡിജിറ്റല്‍ ആയപ്പോഴും കാല്‍ഭാഗം വിദ്യാര്‍ഥികളും സൗജന്യമായി കിട്ടിയ ഈ ബുക്കിനു പുറമേ പാഠപുസ്തകം വാങ്ങിയെന്നാണ്. 

‘പുസ്തകം മണക്കുക എന്നാല്‍ എന്താണ് എന്ന് അറിയാന്‍ പോലും കഴിയാതാകേണ്ട ഒരു തലമുറയാണിത്’, ഡിജിറ്റല്‍ ആശയവിനിമയത്തില്‍ ഗവേഷണം നടത്തുന്ന നവോമി ബാരന്‍ പറയുന്നു. ‘ഇത് അതിശയകരമാണ്’

ഈ മാസം തുടക്കത്തില്‍ ബാരന്‍ ‘ഓണ്‍സ്‌ക്രീന്‍ വാക്കുകള്‍: ഡിജിറ്റല്‍ ലോകത്തെ വായനയുടെ വിധി’ എന്ന പുസ്തകം ഹാര്‍ഡ് കവറിലും ഇലക്ട്രോണിക്കായും പ്രസിദ്ധീകരിച്ചു. അതില്‍ എന്തുകൊണ്ടാണ് ഇപ്പോഴും വിദ്യാര്‍ത്ഥികള്‍ പഴയരീതിയിലുള്ള പുസ്തകങ്ങള്‍ തന്നെ ഇഷ്ടപ്പെടുന്നത് എന്ന് വിശദീകരിക്കുന്നുണ്ട്. സ്‌ക്രീനുകളില്‍ വായനക്കാര്‍ പലതും വിട്ടുകളഞ്ഞാണ് വായിക്കാറ്. പല തരം ശ്രദ്ധമാറ്റങ്ങള്‍ ഉണ്ടാകാം, മനസിലാക്കുന്നതിനും പരിമിതികള്‍ ഉണ്ടാകും. 

വര്‍ഷങ്ങള്‍ നീണ്ട സര്‍വേയില്‍ ബാരന്‍ പ്രിന്റില്‍ വായിക്കുന്നതില്‍ ഏറ്റവും ഇഷ്ടമില്ലാത്ത കാര്യമെന്താണ് എന്ന് ചോദിക്കാറുണ്ടായിരുന്നു. അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രതികരണം ഇതാണ്. ‘കൂടുതല്‍ ശ്രദ്ധയോടെ വായിക്കുന്നതുകൊണ്ട് പ്രിന്റില്‍ കൂടുതല്‍ സമയമെടുക്കുന്നു.’ 

ക്യൂരിയസ് ഇഗ്വാന എന്ന ബുക്ക്‌ഷോപ്പിലെ ഉടമ മാര്‍ലീന്‍ പറയുന്നത് പുതിയ കുട്ടികള്‍ അവര്‍ക്ക് പുസ്തകങ്ങള്‍ പ്രിന്റില്‍ വായിക്കാന്‍ ഇഷ്ടം കൂടുതലാകാന്‍ കാരണം കഥകള്‍ മനസിലാക്കാന്‍ എളുപ്പമായതുകൊണ്ടാണ് എന്ന് പറയാറുണ്ടെന്നാണ്. പതിനെട്ടിനും ഇരുപത്തിയൊമ്പതിനും മദ്ധ്യേ പ്രായമുള്ളവരാണ് ഏറ്റവുമധികം പ്രിന്റില്‍ വായിക്കുന്നത്. ഇവര്‍ തന്നെയാണ് പൊതുവായനശാലകള്‍ ഏറ്റവുമധികം ഉപയോഗിക്കുന്നതും. 

കൂടുതല്‍ ലാഭകരമായ വേര്‍ഷനുകളിലേയ്ക്ക് ബിസിനസ് മാറ്റാന്‍ പാഠപുസ്തക നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നത് കാണാം. വിദ്യാഭ്യാസ പുസ്തകങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ നിര്‍മ്മാതാക്കളായ പിയേഴ്‌സന്‍ ഗ്രൂപ്പിന്റെ നോര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണ്‍ കില്‌ബെതന്‍ പറയുന്നു, ‘ഡിജിറ്റല്‍ ആവുക എന്നത് ഒരു വിപ്ലവമായല്ല, ഒരു പരിണാമമായാണ് ഇപ്പോള്‍ തോന്നുന്നത് എന്ന്.’ 

കോളേജ് കാമ്പസുകളില്‍ വിദ്യാര്‍ഥികള്‍ ഇപ്പോഴും പുസ്തകങ്ങള്‍ നിറച്ച ബാക്ക് പാക്കുകള്‍ കൊണ്ടുനടക്കുന്നു. അവര്‍ നോട്ട് കുറിക്കുകയോ ഫേസ്ബുക്ക് നോക്കുകയോ ചെയ്യുന്നത് ലാപ്‌ടോപ്പിലാകും. പൊളിറ്റിക്കല്‍ സയന്‍സ് പഠിക്കുന്ന കൂപ്പര്‍ നോര്‍ദ് ക്വിസ്റ്റ് എന്ന ചെറുപ്പക്കാരന്‍ അലക്‌സിസ് ഡി ടോക്വില്ലിന്റെ ആയിരത്തോളം പേജുവരുന്ന ‘ഡെമോക്രസി ഇന്‍ അമേരിക്ക’ ചുമന്ന് നടക്കാന്‍ ഒരുക്കമാണ്. 

‘ടോക്വിലിനെ ഇലക്ട്രോണിക്കലായി വായിച്ചു മനസിലാക്കുന്നത് ആലോചിക്കാന്‍ പോലും വയ്യ.’ ക്ലാസുകള്‍ക്കിടയില്‍ ഇമെയില്‍ പരിശോധിക്കുന്നതിനിടെ അയാള്‍ പറഞ്ഞു. 

ബാരന്റെ പുസ്തകം വായിക്കാതെ തന്നെ അവരുടെ കണ്ടെത്തലുകളെ ശരിവയ്ക്കുന്ന തരം കാരണങ്ങള്‍ കൂപ്പര്‍ നിരത്തി. 

അതില്‍ പ്രധാനപ്പെട്ടത് പുസ്തകം എന്തൊക്കെ എവിടെയൊക്കെയാണ് എന്ന ഭൗതികമായ ഒരു മാപ്പ് മനസ്സില്‍ രൂപപ്പെടുത്താന്‍ സഹായിക്കുന്നു എന്നതാണ്. പുസ്തകത്തിന്റെ പേജും ലേ ഔട്ടും ഇതിനു സഹായകമാണ്. ഒരു ഡയലോഗ് ഒരു പേജിന്റെ മൂലയ്ക്ക് മഷി പുരണ്ടതിന്റെ അടുത്തുള്ള വലിയ പാരഗ്രാഫിലാണ് എന്ന് ഓര്‍ക്കാന്‍ കഴിയും. കാര്യങ്ങളെ മനസിലാക്കുന്നതില്‍ ഇത്തരം അറിവുകള്‍ക്ക് പ്രാധാന്യമുണ്ട് എന്നാണ് ഗവേഷകര്‍ പറയുന്നത്. 

എന്നാല്‍ സ്‌ക്രീനുകളിലെ വായനയില്‍ ഇത് ഏറെ ബുദ്ധിമുട്ടാണ്. ഓണ്‍ലൈന്‍ ആയി വായിക്കുന്ന സമയത്തിന്റെ പകുതി നമ്മള്‍ വിട്ടുകളയാന്‍ ഉപയോഗിക്കുന്നു. വെബ്‌പേജുകളില്‍ ഒരു മിനുട്ടില്‍ താഴെ സമയമാണ് ചെലവിടുന്നത് എന്നും ഓരോ വാക്കും വായിക്കുന്നത് വെറും പതിനാറു ശതമാനം ആളുകള്‍ മാത്രമാണെന്നും ബാരന്റെ പഠനം സൂചിപ്പിക്കുന്നു. കൂടുതല്‍ നീളമുള്ള വെബ്‌പെജുകളാെണങ്കില്‍ വായനയും അതിനനുസരിച്ച് ചുരുങ്ങുന്നത് കാണാം. 

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു പ്രശ്‌നം ഉള്ളത് ശ്രദ്ധ നിലനിര്‍ത്താന്‍ കഴിയാത്തതാണ്. പുതിയ തലമുറയുടെ ജീവിതത്തിന്റെ ഏറിയ പങ്കും സ്‌ക്രീനുകളിലാണ്. പ്രിന്റില്‍ വായിക്കുന്നതിനിടെ മറ്റുജോലികള്‍ ചെയ്യില്ലെങ്കിലും ഓണ്‍ലൈന്‍ വായിക്കുന്ന തൊണ്ണൂറു ശതമാനം ആളുകളും മറ്റുപലതും ചെയ്യുന്നതിനിടെയാണ് വായിക്കുന്നത്. 

ഒരു വിദ്യാര്‍ഥി പറയുന്നത് ഇങ്ങനെ ‘ഒരു പാരഗ്രാഫ് വായിച്ചുകഴിയുമ്പോള്‍ ഞാന്‍ ഫേസ്ബുക്കില്‍ പോകും, മൂന്നുമണിക്കൂര്‍ കഴിയുമ്പോഴാണ് വായിച്ചുതീര്‍ന്നില്ല എന്ന് ഓര്‍ക്കുന്നത്.’ 

വിദ്യാര്‍ഥികള്‍ പ്രിന്റ് പുസ്തകങ്ങള്‍ വായിക്കുന്നത് മറ്റുകാരണങ്ങളും കാണും, മാര്‍ജിനില്‍ നോട്ടുകള്‍ ഉള്ള, അടയാളപ്പെടുത്തിയ പുസ്തകങ്ങള്‍ കടമെടുത്ത് വായിക്കാന്‍ പലര്‍ക്കും ഇഷ്ടമാണ്. പലര്‍ പഠിച്ച ഒരു പുസ്തകം കയ്യില്‍ കിട്ടിയാല്‍ പഠിക്കാന്‍ എളുപ്പമാണെന്ന് ഒരു വിദ്യാര്‍ഥി പറയുന്നു. 

എപ്പോഴാണ് കുട്ടികള് ഡിജിറ്റല്‍ ഇഷ്ടമാകുന്നത്? 

ശാസ്ത്ര, ഗണിത ക്ലാസുകളില്‍ പഠനപ്രശ്‌നങ്ങള്‍ക്ക് ഒപ്പം നിന്ന് പരിഹാരം നല്‍കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ഉണ്ടാകുമ്പോള്‍. സ്‌ക്രീന്‍ പഠനം കൂടുതല്‍ രസകരമാക്കാനായി ഇത്തരം ഓണ്‍ലൈന്‍ പരിസരങ്ങള്‍ ഒരുക്കാന്‍ പുസ്തകപ്രസാധകരും ശ്രദ്ധിക്കുന്നുണ്ട്. 

ക്ലാസുകളെക്കാള്‍ ഇതാണ് കുട്ടികള്‍ ഇഷ്ടപ്പെടുന്നത്, ഒരു വിവരം കണ്ടെത്താനും എളുപ്പമാണ്. ഒരു പ്രിന്റഡ് പുസ്തകത്തില്‍ കണ്‍ട്രോള്‍ എഫ് കി ഇല്ലല്ലോ. 

വിലയും ഒരു പ്രശ്‌നമാണ്. ഇ പുസ്തകങ്ങള്‍ പലപ്പോഴും സൗജന്യമായിരിക്കും. പൈറേറ്റഡ് പുസ്തകങ്ങളും ധാരാളമായി പ്രചാരത്തിലുണ്ട്. 

വിദ്യാഭ്യാസം പുസ്തകങ്ങളുടെ വില ഉള്‍പ്പെടെ ചെലവേറുമ്പോള്‍ കുട്ടികള്‍ ഡിജിറ്റല്‍ വായനയിലേയ്ക്ക് തിരിയാറുണ്ട്. വില ഒരു പ്രശ്‌നമല്ലായിരുന്നെങ്കില്‍ കുട്ടികളില്‍ പലരും പ്രിന്റില്‍ തന്നെ വായിക്കാന്‍ താല്‍പര്യപ്പെടുന്നവരാണ് എന്ന് ബാരന്റെ പഠനം സൂചിപ്പിക്കുന്നു. ഇതേ കാര്യം സൂചിപ്പിക്കുന്ന മറ്റുപഠനങ്ങളുമുണ്ട്. 

കുട്ടികള്‍ ദീര്‍ഘമായ വായന ഒഴിവാക്കുന്നതിന്റെ കാരണങ്ങള്‍ ചിന്തിക്കേണ്ടതുണ്ട്. 

ഇത് കോളേജില്‍ പഠിക്കുന്ന കുട്ടികളുടെ മാത്രം പ്രശ്‌നമല്ല. സ്‌കൂളുകള്‍ കോടിക്കണക്കിനു ടാബ്‌ലെറ്റുകളും ലാപ്‌ടോപ്പ്കളുമാണ് ക്ലാസ്‌റൂം ഉപയോഗത്തിനായി വാങ്ങുന്നത്. എന്നാല്‍ ഇതിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. 

കുട്ടികളുടെ വിദ്യാഭ്യാസത്തിനും ചിന്തയ്ക്കും എന്താണ് സംഭവിക്കുന്നത്? ബാരന്‍ ചോദിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍