UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നടക്കാന്‍ മറക്കുന്ന നാം

Avatar

ടോം വാണ്ടര്‍ബില്‍റ്റ്
(സ്ലേറ്റ്)

കുറച്ചുവര്‍ഷം മുമ്പ് ഒരു ഹൈവേ സുരക്ഷാ കോണ്‍ഫറന്‍സില്‍ വെച്ച് ഞാന്‍ കാല്‍നടക്കാരുടെ സുരക്ഷ എന്നൊരു പാനല്‍ കണ്ടു. ഫ്രഞ്ച് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനറായ മൈക്കല്‍ റൊണ്‍കിനാണ് സംസാരിച്ചിരുന്നത്. നടക്കാവുന്നതും സൈക്കിളോടിക്കാവുന്നതുമായ വഴികള്‍ ഡിസൈന്‍ ചെയ്യുന്നതില്‍ ശ്രദ്ധിക്കുന്ന ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അന്നത്തെ ഒരു നിരീക്ഷണം എന്നോടൊപ്പം ഇപ്പോഴും ഉണ്ട്. ട്രാഫിക്ക് സുരക്ഷാ കോണ്‍ഫറന്‍സുകളില്‍ വളരെ കുറവ് ശ്രദ്ധ കിട്ടുന്ന ഒരു വിഷയമാണ് കാല്‍നടയാത്ര.

ആളൊഴിഞ്ഞ ഒരിടത്ത് നടക്കുമ്പോള്‍ ഒരാള്‍ ദൂരെനിന്ന് വരുന്നത് കണ്ടാലുടന്‍ ‘ഇതാ ഒരു കാല്‍നടയാത്രികന്‍ വരുന്നു’ എന്ന് നമ്മള്‍ ചിന്തിക്കുമോ? അദ്ദേഹം ചോദിച്ചു. 

തീര്‍ച്ചയായും ചോദിക്കില്ല. അയാള്‍ വെറുമൊരു വ്യക്തി മാത്രമായിരിക്കും. മറ്റു യാത്രാമാര്‍ഗങ്ങളില്‍ നിന്ന് വ്യത്യസ്തമായത് എന്ന രീതിയിലാണ് പെഡസ്ട്രിയന്‍ എന്ന വാക്കുണ്ടായത്. ലാറ്റിന്‍ വാക്കായ പെഡസ്റ്ററിന് കാല്‍നട എന്നാണു അര്‍ഥം. ഇതോടൊപ്പം ചേര്‍ത്തുവയ്ക്കാവുന്ന ഒരുവാക്ക് ഗ്രീക്ക് ഭാഷയിലുണ്ട്. അര്‍ഥം ‘ലളിതം, സാധാരണം, പ്രത്യേകതകളില്ലാത്തത്’ എന്നൊക്കെയാണ്. ഇതിന്റെ വിപരീതമാകട്ടെ കുതിരയും. പെഗാസസിന്റെ ചിറകുള്ള യാത്ര ഓര്‍ക്കാവുന്നതാണ്.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പണ്ട് കുതിരപ്പുറത്ത് യാത്ര ചെയ്യുകയോ പറക്കുകയോ അല്ലെങ്കില്‍ നിങ്ങള്‍ അതിസാധാരണം എന്നായിരുന്നു. ഇതിന്റെ സ്ഥിതിയില്‍ ഇപ്പോഴും വലിയ മാറ്റമില്ല. അന്ന് ഞങ്ങള്‍ സാവന്നയിലെ ചരിത്ര കേന്ദ്രത്തിലേക്ക് നടന്നപ്പോള്‍ ഇത് കൂടുതല്‍ കൃത്യമായി അറിയാനായി. നഗരത്തിലൂടെ നടന്നപ്പോള്‍ ഞങ്ങള്‍ ചെയ്തത് ഏറ്റവും മാനുഷികമായ ഒരു കാര്യമായിരുന്നു, നടത്തം. എന്നാല്‍ തിരക്കുപിടിച്ച ചിലയിടങ്ങളില്‍ ഞങ്ങള്‍ കാല്‍നടക്കാരായി. ഭീമന്‍ റിട്രോ റിഫ്‌ളക്ടീവ് ലൈറ്റുകള്‍ക്ക് കീഴെ ഞങ്ങള്‍ ചെറുതായി. വേഗത്തില്‍ ദൂരെ നിന്ന് വരുന്നവര്‍ക്ക് കാണാനായി നിര്‍മ്മിച്ചവയായിരുന്നു അത്. ചിലയിടങ്ങളില്‍ സന്ദേശങ്ങള്‍ ഉണ്ടായിരുന്നു, ‘കാല്‍നടക്കാര്‍ക്കുവേണ്ടി നിറുത്തുക’. ഞാന്‍ ഓര്‍ത്തു, ആരാണ് ഈ കാല്‍നടക്കാര്‍? ഞാനാണോ?’ 

വെറുതെ ഒന്ന് നടക്കാന്‍ ഇറങ്ങിയതോടെ ഞാന്‍ ഒരു വിചിത്രജീവിയായി. എന്നെപ്പറ്റി എഞ്ചിനീയര്‍മാര്‍ പഠിക്കുന്നു, എന്റെ അവകാശങ്ങള്‍ നിയമപരമായി വഴിയില്‍ എഴുതിവെച്ചിരിക്കുന്നു. (എന്തുകൊണ്ടു ആളുകള്‍ക്ക് വേണ്ടി നിറുത്തുക എന്നെഴുതിക്കൂടാ?) അത്തരം സൈനുകളില്‍ ഇതിനോടൊപ്പം അപകടം വരുമ്പോള്‍ 911 വിളിക്കുക എന്നും മറ്റും എഴുതി വെച്ചിരുന്നു. നടത്തം ഒരു നാഗരികശല്യമാണ് എന്ന രീതിയില്‍. കടന്നുപോകുന്ന വാഹനങ്ങള്‍ ഇത് കാണുമോ എന്നറിയാനായി ഞങ്ങള്‍ നിന്ന് നിരീക്ഷിച്ചു. അമേരിക്കയിലെ പെഡസ്ട്രിയന്‍ ഫ്രണ്ട്‌ലി നഗരമാണ് ഇതെന്നാണ് പറച്ചില്‍ എങ്കിലും ആ പറച്ചില്‍ വിചിത്രമായി എനിക്ക് തോന്നി. 

നടത്തം ഇന്ന് അമേരിക്കയില്‍ ഒരു പാര്‍ശ്വപ്രവര്‍ത്തിയാണ്. വാഹനങ്ങള്‍ നിറഞ്ഞ പ്രധാനകഥയില്‍ ഒളിഞ്ഞിരിക്കുന്ന ഒരു അപ്രധാന ഉപകഥ. നടക്കാന്‍ മറന്നുപോയ ഒരു രാജ്യമാണ് അമേരിക്ക.

ഉയര്‍ന്നുവരുന്ന നടക്കല്‍ പരിശീലനപദ്ധതികള്‍ നോക്കിയാല്‍ മാത്രം മതി. നാല് മില്യന്‍ വര്‍ഷം മുന്‍പ് രണ്ടുകാലില്‍ നടന്നുതുടങ്ങിയ നമുക്ക് ഇപ്പോള്‍ നടക്കാന്‍ പദ്ധതികളും തന്ത്രങ്ങളും ഒക്കെ പഠിക്കേണ്ടി വരുന്നു. നടക്കാന്‍ മൊബൈല്‍ ആപ്പ് വേണം, നടക്കാന്‍ പ്രത്യേക ഇടങ്ങള്‍ വേണം എന്നൊക്കെ പറയുന്നത് ഒരു ലോക ചരിത്ര ദുരന്തമാണ്. 

കാരണം നടത്തമാണ് ഏറ്റവും പ്രധാനപ്പെട്ട മൊബൈല്‍ ആപ്പ്. ഇതാണ് നടത്തത്തിന്റെ ചില പ്രയോജനങ്ങള്‍. ഒരാഴ്ച ആറുമൈല്‍ നടന്നാല്‍ അല്‍ഷിമേഴ്‌സ് ഉണ്ടാകാനുള്ള സാധ്യത കുറയും, നടത്തം കുട്ടികളുടെ പഠനം മെച്ചപ്പെടുത്തും, നടന്നാല്‍ നിങ്ങള്‍ കൂടുതല്‍ മിടുക്കരാകും, വിഷാദം കുറയ്ക്കും, രക്തസമ്മര്‍ദം കുറയ്ക്കും, ആത്മവിശ്വാസം കൂട്ടും.

പ്രത്യേക ഇന്ധനങ്ങള്‍ ഒന്നും ചെലവാക്കാതെ സ്വന്തം പ്രയത്‌നം കൊണ്ടു ഒരിടത്ത് നിന്നും മറ്റൊരിടത്തെത്താന്‍ സഹായിക്കുന്ന ഒരു പ്രധാനമാര്‍ഗമാണ് നടത്തം. ഉപകരണങ്ങള്‍ വേണ്ട, ഇന്ധനം വേണ്ട, പിച്ച വയ്ക്കുമ്പോള്‍ മുതല്‍ മരണം വരെ. 

ഇതെല്ലാം ഉണ്ടെങ്കിലും വാഹനങ്ങളുടെ സാംസ്‌കാരിക അധിനിവേശത്തില്‍ നടത്തം ഒരു നഷ്ട കലയായി. ആരും ഇന്ന് നടത്തത്തെ ഒരു യാത്രാരീതിയായി അംഗീകരിക്കുന്നില്ല. ഒരു വിനോദമോ കാര്‍ യാത്രയുടെ അനുബന്ധമോ ഒക്കെയാണ് നടത്തം. കാറുകള്‍ ഇല്ലാതെ നടക്കുന്നവരോട് പുച്ഛമാണ്. അമേരിക്കക്കാര്‍ വീണ്ടും എങ്ങനെ കൂടുതല്‍ നടന്നു തുടങ്ങി എന്നാണ് എന്റെ ചിന്ത. ഇതൊരു പഴഞ്ചന്‍ കാല്‍പ്പനികചിന്തയാകാം, പക്ഷെ അതൊരു ആവശ്യമാണ്. നടത്തം ഇല്ലാതായത് ഒരു വലിയ ആരോഗ്യ ദുസ്വപ്നമായി മാറിയിരിക്കുകയാണ്.

മറ്റേത് വ്യവസായവല്‍കൃത രാജ്യത്തെക്കാളും ഏറ്റവും കുറവ് നടക്കുന്ന രാജ്യമാണ് അമേരിക്ക. ഒരു ശരാശരി ഓസ്‌ട്രേലിയന്‍ ദിവസം 9,695 ചുവട് ദൂരം നടക്കുമ്പോള്‍ ശരാശരി ജാപ്പനീസ് വ്യക്തി 7,168 ചുവടും സ്വിസ്സ് വ്യക്തി 9,650 ചുവടുമാണ് നടക്കുന്നത്. എന്നാല്‍ അമേരിക്കന്‍ നടക്കുന്നത് 5,117 ചുവട് മാത്രം. 

എന്തുകൊണ്ടാണ് അമേരിക്ക ഇത്ര കുറവ് നടക്കുന്നത്? ആദ്യത്തെ ഉത്തരം ആധുനികലോകത്തില്‍ എല്ലായിടത്തും കാണാം. പല തരം ശാരീരികവ്യായാമങ്ങളില്‍ നടത്തത്തിന്റെ മാത്രം ആവശ്യം ഇല്ലാതായിരിക്കുന്നു. മുന്‍തലമുറ മഞ്ഞിലൂടെ അഞ്ച്‌മൈല്‍ നടന്നു സ്‌കൂളില്‍ പോയിരുന്നു എന്നോര്‍ക്കണം. എങ്ങനെയാണ് ആളുകള്‍ എത്ര നടന്നിരുന്നുവെന്ന്‍ അളക്കുന്നത്? പതിനെട്ടാം നൂറ്റാണ്ടില്‍ പെഡോമീറ്റര്‍ ഇല്ലല്ലോ?

അതിനു ചില മാര്‍ഗങ്ങളുണ്ട്. ഉദാഹരണത്തിന് കഴിഞ്ഞ 150 വര്‍ഷത്തില്‍ ജീവിതശൈലിയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാത്ത ഒരു സംഘത്തെ പഠിച്ചുവെന്നിരിക്കട്ടെ. ഡേവിഡ് ബാസ്‌നട്ടും സഹപ്രവര്‍ത്തകരും ചെയ്തത് ഇത് തന്നെയാണ്. ശാരീരികജോലികള്‍ പ്രധാനമായി വരുന്ന കൃഷിരീതികള്‍ ഇന്നും നടത്തുന്ന അമിഷ് എന്ന കനേഡിയന്‍ വിഭാഗത്തെയാണ് അവര്‍ പഠന വിഷയമാക്കിയത്. പെഡോമീറ്ററുകള്‍ ഉപയോഗിച്ച് അളന്നപ്പോള്‍ അവര്‍ ഒരു ദിവസം 18,000 അടി ദൂരം നടക്കുന്നുവെന്ന്‍ കാണാനായി. അവര്‍ക്ക് അമിതവണ്ണം എന്ന പ്രശ്‌നം ഇല്ലെന്നു പ്രത്യേകിച്ച് പറയേണ്ടല്ലോ.

ചരിത്രകാരനായ ജോ മോറന്‍ പറയുന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ഇരുപത്തഞ്ചു വര്‍ഷം മാത്രം യുകെയില്‍ 25 ശതമാനമായി കുറഞ്ഞുവെന്നാണ്. എന്തുകൊണ്ടാണ് അമേരിക്കയില്‍ ഇതിലും കൂടുതല്‍ അളവില്‍ നടത്തം കുറഞ്ഞത്? ഇവിടെ നമ്മള്‍ പെഡോമീറ്റര്‍ അല്ല ഓടോമീറ്റര്‍ ആണ് നോക്കേണ്ടത്. ലോകത്തില്‍ മറ്റാരെക്കാളും അധികം വാഹനങ്ങള്‍ ഓടിക്കുന്നത് അമേരിക്കയിലാണ്. അമേരിക്കയിലെ കാല്‍നടക്കാരന്‍ അപ്പോള്‍ കാര്‍ പാര്‍ക്ക് ചെയ്ത ഒരുവനാണ് എന്നൊരു തമാശയുമുണ്ട്.

ദേശീയ ഹൗസ്‌ഹോള്‍ഡ് ട്രാവല്‍ സര്‍വേ സൂചിപ്പിക്കുന്നത് 1969ല്‍ നിന്നും 2001 എത്തുമ്പോള്‍ പ്രതിദിനം ആളുകള്‍ യാത്ര ചെയ്തിരുന്നത് 20.64 മൈലില്‍ നിന്ന് 32.73 എത്തി. ഡ്രൈവ് ചെയ്യാന്‍ അധികം സമയം എന്നാല്‍ മറ്റു കാര്യങ്ങള്‍ക്ക്, പ്രത്യേകിച്ച് നടക്കാന്‍ സമയം കുറവ് എടുക്കുന്നു എന്നാണു അര്‍ഥം. നാം കൂടുതല്‍ ഡ്രൈവ് ചെയ്യുന്നതിന്റെ ഒരു കാരണം നമുക്ക് പോകേണ്ട ഇടങ്ങളില്‍ നിന്ന് ദൂരെ താമസിക്കുന്നതാണ്. ഉദാഹരണത്തിന് 69ല്‍ പാതിയോളം കുട്ടികള്‍ സ്‌കൂളിനു ഒരു മൈല്‍ ചുറ്റളവില്‍ ജീവിച്ചിരുന്നു. എന്നാല്‍ 2001 ആകുമ്പോള്‍ നാലില്‍ മൂന്നുപേരും ദൂരെയാണ് താമസിക്കുന്നത്. അതേ കാലയളവില്‍ തന്നെ സ്‌കൂളിലേയ്ക്ക് നടന്നുപോയിരുന്ന കുട്ടികളുടെ കണക്കും പാതിയില്‍ നിന്ന് പതിമൂന്നു ശതമാനത്തിലേയ്ക്ക് ചുരുങ്ങിയതില്‍ അതിശയമില്ലല്ലോ.

ഒരു കാലിനുമുന്നില്‍ അടുത്ത കാല്‍ വയ്ക്കാന്‍ അമേരിക്കക്കാര്‍ക്ക് പറ്റാത്തതില്‍ കാറിനോടുള്ള അസാധാരണമായ ഒരു ബന്ധമുണ്ടെങ്കിലും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്‍ജിനീയറിംഗ് ജോലിക്ക് കാല്‍നടക്കാരോടുള്ള ചരിത്രപരമായ അവഗണന ഇതിലേറെ ഗുരുതരമാണ്. പ്രധാന ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഫറന്‍സുകളില്‍ കാല്‍നടക്കാര്‍ക്കുവേണ്ടിയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നവര്‍ നല്ല അര്‍ത്ഥത്തിലുള്ളവരാണെങ്കിലും ഒരു തരം ക്ലിക്കുകള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്.

മറ്റൊരു പ്രശ്‌നം ഇതാണ്. എല്ലാവരും നടക്കും. നടപ്പിന്റെ ഒരു സര്‍വസാധാരണത്തത്തില്‍ തന്നെയാണ് അതിന്റെ പോരായ്മയും കിടക്കുന്നത്. നടത്തം ഇത്ര സാധാരണമായ ഒരു കാര്യമായതുകൊണ്ട് അതിനെപ്പറ്റി മറക്കാനും എളുപ്പമാണ്. ഇത് വളര്‍ത്തുകയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ട ഒന്നാണെന്ന് ആളുകള്‍ ഓര്‍ക്കാറില്ല. സ്വയം തീരുമാനിച്ചു നടക്കാന്‍ ഇറങ്ങുന്നവര്‍ക്ക് സംഘടനകള്‍ ഒന്നുമില്ല. നടക്കുകയും സൈക്കിള്‍ ഉപയോഗിക്കുകയും ചെയ്യുന്നവരുടെ എണ്ണം കൂട്ടുന്നതിനായി ഒരു ഫെഡറല്‍ ഗ്രാന്റ് ലഭിച്ചപ്പോള്‍ പ്രാദേശിക സംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് മാരിന്‍ കൌണ്ടി ക്രേഗ് ടകാബെറിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ കാല്‍നടക്കാര്‍ക്ക് ഉപദേശസംഘങ്ങള്‍ കണ്ടെത്താനായില്ല. സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ക്ക് സാമഗ്രികളുണ്ട്, അഭിനിവേശമുണ്ട്, ഗ്രൂപ്പ് യാത്രകള്‍, മത്സരങ്ങള്‍ എന്തിന് രാഷ്ട്രീയസംഘടനകള്‍ വരെയുണ്ട്. എന്നാല്‍ കാല്‍നട വെറും ‘കാല്‍നട’യായാണ് കാണപ്പെടുന്നത്.

അതുകൊണ്ട് തന്നെ നടത്തം എന്ന വിനോദം അധികം നന്നായി പഠന വിധേയമായിട്ടില്ല. അമേരിക്കയില്‍ നടത്തം രതി പോലെയാണ്. എല്ലാവരും ചെയ്യുന്നു, എന്നാല്‍ എത്ര എന്ന് ആര്‍ക്കും അറിയുകയുമില്ല. നടത്തത്തെപ്പറ്റിയുള്ള വിവരങ്ങള്‍ വളരെ ദരിദ്രമാണെന്ന് അമേരിക്ക വാക്ക്‌സിന്റെ ബ്രിക്കര്‍ പറയുന്നു. പെഡോമീറ്റര്‍ ഇല്ലെങ്കില്‍ എത്ര നടന്നുവന്നു ആര്‍ക്ക് ഓര്‍ക്കാനാകും? തങ്ങള്‍ നടക്കാറേയില്ലെന്ന് ഒരു സര്‍വെയില്‍ ആരു സമ്മതിക്കും? എന്താണ് നടത്തമായി കണക്കാക്കുന്നത് എന്നും സംശയമുണ്ട്. ബാത്ത്‌റൂമിലേയ്ക്ക് ഹോളിലൂടെ നടന്നുപോകുന്നത് നടത്തമാണോ? നടക്കാന്‍ വീടുവിടണോ? പട്ടിയുമായി പാര്‍ക്കില്‍ പോകുന്നതോ? ബസില്‍ കയറാനും ബസില്‍ നിന്നിറങ്ങിയ ശേഷവും നടക്കുന്നതോ? അതൊന്നും നടത്തമായി കണക്കാറില്ല. 

വേണമെന്നുണ്ടെങ്കില്‍ പോലും പലര്‍ക്കും ജോലി സ്ഥലത്തേയ്ക്ക് നടന്നുപോകാന്‍ കഴിയില്ല. ഏത് യാത്രയുടെയും പതിനഞ്ചുശതമാനമെങ്കിലും ഏതെങ്കിലും വാഹനമുപയോഗിച്ചാണ്.

പച്ചക്കറിക്കടയിലേക്കും ഫുട്‌ബോള്‍ പരിശീലനത്തിനും ബാങ്കിലേക്കും ഒക്കെയുള്ള യാത്രകളും ഡ്രൈവിംഗ് കൂട്ടാന്‍ കാരണമാകുന്നുണ്ട്. ജോലിസ്ഥലത്തെയ്ക്ക് എത്ര പേര്‍ നടക്കുന്നു എന്നത് മാത്രമല്ല കാര്യം, എന്തെങ്കിലും ആവശ്യത്തിനു ആരെങ്കിലും നടക്കാന്‍ തയ്യാറാകുന്നുണ്ടോ എന്നതാണ് പ്രധാനം. ഒരു മൈലില്‍ താഴെയുള്ള ഇത്തരം യാത്രകളില്‍ നടക്കാന്‍ ആളുകള്‍ തയ്യാറാകാതെ വന്നത് കൊണ്ടാണ് നടത്തം ഇത്ര കുറഞ്ഞത്. ആ നടപ്പ് പണ്ടൊക്കെ ഒരു സംസ്‌കാരത്തിന്റെ ഭാഗം കൂടിയായിരുന്നു. 

വാണ്ടര്‍ലസ്റ്റ്: നടത്തത്തിന്റെ ചരിത്രം എന്ന പുസ്തകത്തില്‍ റെബേക്ക സോള്‍നിറ്റ് പറയുന്നത് ഇപ്പോഴും ആളുകള്‍ വാഹനങ്ങളില്‍ നിന്ന് കെട്ടിടങ്ങള്‍ വരെ നടക്കാറുണ്ടെങ്കിലും നടത്തം എന്ന സാംസ്‌കാരികപ്രവര്‍ത്തി ഇല്ല എന്നാണ്. സന്തോഷത്തിന് വേണ്ടിയോ യാത്രയ്ക്ക് വേണ്ടിയോ ഇപ്പോള്‍ ആരും നടക്കാറില്ല. അതിനോടൊപ്പം നഷ്ടപ്പെടുന്നത് ശരീരവും ലോകവും ഭാവനയും തമ്മില്‍ പുരാതനമായി ഉണ്ടായിരുന്ന ഒരു ബന്ധമാണ്.’ഒരേ സമയം ഒരു നഷ്ടവും വിശപ്പുമുണ്ട്. യൂറോപ്പ് സഞ്ചാരത്തിനൊരുങ്ങുന്നവരെ നോക്കുക, എല്ലാവരും വാക്കിംഗ് ഷൂസ് തിരഞ്ഞുപോകുന്നത് കാണാം. ആളുകള്‍ക്ക് നടത്തം ഒരു പ്രത്യേക ക്രിയയോ ഒരു വിദേശരാജ്യമോ ഒക്കെയായി മാറിയിരിക്കുന്നു. നടത്തം ഇന്ന് ഒരു ബോട്ടിക്ക് നേരംപോക്കാണ്.

നടന്നുപോവുക എന്നത് തന്നെ പ്രത്യേകതരത്തില്‍ ഒരു ഫാഷനാകുന്ന ഒരു കാലമാണിത്. ഇപ്പോള്‍ നടത്തം കേന്ദ്രീകരിച്ച് കണ്‍സെപ്ച്വല്‍ കലയുണ്ട്, നടന്നുപോകാവുന്ന സ്റ്റെറിലൈസ് ചെയ്ത ലൈഫ്‌ സ്റ്റൈല്‍ സെന്ററുകളുണ്ട്. ഇരുമ്പ് വിളക്കുകാലുകളും കല്ലുപാകിയ നടപ്പാതകളും പോലെ പുരാതനമായ ഒരു കാര്യമായി മാറി. ഇത് മാറ്റിക്കൊണ്ടുള്ള ചുവടുവയ്‌ക്കേണ്ടത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍