UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്തുകൊണ്ട് എഫ്ടിഐഐ വലതു രാഷ്ട്രീയത്തിന്റെ കണ്ണിലെ കരടാകുന്നു?

Avatar

അജിത്കുമാര്‍ ബി, കമല്‍ കെഎം

രാജ്യത്തെ ഏറ്റവും വലിയ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടായ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്ടിഐഐ) യിലെ വിദ്യാര്‍ത്ഥികള്‍ വീണ്ടും സമരത്തിലാണ്. എന്നാല്‍ ഇതിനെ കുറിച്ചുള്ള വാര്‍ത്തകളൊന്നും പുറത്തുവരുന്നില്ല. രാജ്യത്തെമ്പാടും വിദ്യാര്‍ത്ഥി രാഷ്ട്രീയം കാലഹരണപ്പെട്ട ഒന്നായി മാറിക്കൊണ്ടിരിക്കുന്ന കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കിടയില്‍ ഇത്തരം സംഭവങ്ങള്‍ എണ്ണമില്ലാത്ത അളവില്‍ ആവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു.

1950 കളിലും 60കളിലും നെഹ്രൂവിയന്‍ സോഷ്യലിസം പ്രോത്സാഹിപ്പിച്ച സാമൂഹിക-സാംസ്‌കാരിക നിര്‍മ്മാണത്തിന്റെ ഫ്രാങ്കന്‍സ്റ്റൈന്‍ ഭീകരരൂപിയുടെ മാതൃകയിലുള്ള വികസനാഭിലാഷങ്ങളില്‍ പെടുന്ന പദ്ധതികളില്‍ ഒായിരുന്നു എഫ്ടിഐഐയും. നല്ല സിനിമയെ പ്രോത്സാഹിപ്പിക്കുക എതായിരുന്നു ഇതിന്റെ പിന്നിലുള്ള ആശയം. ദേശീയ ചലച്ചിത്രവികസന കോര്‍പ്പറേഷനും ഫിലിംസ് ഡിവിഷനും ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റിയുമൊക്കെ ഈ പടുകൂറ്റന്‍ പദ്ധതിയുടെ ഭാഗമായിരുന്നു. ഉദ്യോഗസ്ഥര്‍ ശ്വാസം മുട്ടിച്ച് എന്‍എഫ്ഡിസിയെയും എഫ്ഡിയെയും മുരടിപ്പിച്ച് കഴിഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥരുടെ ദുഷ്പ്രമാണിത്തത്തിനിടയിലും ആ സ്ഥാപനത്തെ ഊര്‍ജ്ജസ്വലമാക്കുതിനായി ഓരോ വര്‍ഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അവിടേക്ക് ഒഴുകിയെത്തുന്ന യുവരക്തം ജാഗ്രത പാലിച്ചതിനാല്‍ മറ്റ് രണ്ട് സ്ഥാപനങ്ങളുടെയും വിധി എഫ്ടിഐഐയ്ക്ക് ഉണ്ടായില്ല. ലോക സിനിമയില്‍ നിന്നും ദൈനംദിന ഊര്‍ജ്ജം ഉള്‍ക്കൊണ്ട എഫ്ടിഐഐ അതിന്റെ സ്ഥാപകര്‍ പ്രതീക്ഷച്ചതിനേക്കാള്‍ വലിയ ഉയരങ്ങള്‍ കീഴടക്കി. അതിനെ ഇനി ആരുടെയും ചൊല്‍പ്പടിയില്‍ കടിഞ്ഞാണിട്ട് നിറുത്താന്‍ സാധിക്കില്ല. അതിന്റെ അഭിലാഷങ്ങളെയും ക്രിയാത്മക ചിന്തകളെ കുറിച്ചുള്ള സ്വപ്‌നങ്ങളെയും കടിഞ്ഞാണില്ലാത്ത ആവിഷ്‌കാരങ്ങളെയും നിങ്ങള്‍ക്ക് മായ്ച്ചുകളയാനാവില്ല. എന്നാല്‍ എഫ്ടിഐഐ ചില സമയങ്ങളിലെങ്കിലും വലതുപക്ഷ രാഷ്ട്രീയത്തിന്റെ ലക്ഷ്യകേന്ദ്രമായി മാറാറുണ്ട്. ഇത് എന്തെങ്കിലും തരത്തിലുള്ള പ്രകടമായ രാഷ്ട്രീയ ചായ്‌വിന്റെ പേരിലല്ല മറിച്ച്, വലതുപക്ഷം ഭ്രഷ്ടായി കരുതിയിരിക്കുന്ന ചില മൂല്യങ്ങളെ എഫ്ടിഐഐ എല്ലാക്കാലത്തും ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. സ്വതന്ത്രചിന്ത, അധികാരികളോടുള്ള ബഹുമാനക്കുറവ്, വിമര്‍ശനാത്മക സമീപനം, സ്വപ്‌നം കാണാനുള്ള ധൈര്യം, സാര്‍വലൗകീക ഐക്യദാര്‍ഢ്യം, സംസ്‌കാരവുമായി ബന്ധപ്പെട്ട വിഭാഗീയ അതിര്‍ത്തികളെ അംഗീകരിക്കാതിരിക്കല്‍, വാണിജ്യ വിനോദപരിപാടികള്‍ക്കും മ്ലേച്ഛമായ കലഹപ്രിയതയ്ക്കും മുടന്തന്‍ പ്രചാരണാത്മകതയ്ക്കും ഉപരിയായി കലയിലെ ഉയര്‍ മൂല്യങ്ങളെ അംഗീകരിക്കല്‍ തുടങ്ങിയവയൊന്നും വലതുപക്ഷ രാഷ്ട്രീയ താല്‍പര്യങ്ങളുമായി ഒത്തുപോകുന്നവയല്ല.

ഇന്ത്യന്‍ സിനിമയിലെ അതികായന്മാരായ അടൂര്‍ ഗോപാലകൃഷ്ണന്‍, ഗിരീഷ് കാസറവള്ളി, കെജി ജോര്‍ജ്ജ്, സയീദ് മിര്‍സ, കുന്ദന്‍ ഷാ, വിധു വിനോദ് ചോപ്ര, സഞ്ജയ് ലീല ബന്‍സാലി, ഡേവിഡ് ധവാന്‍, കുമാര്‍ സാഹ്നി, സുഭാഷ് ഗയ്, മണി കൗള്‍, ജോ അബ്രഹാം, കേതന്‍ മേത്ത, വിനയ് ശുക്ല, ജാനു ബറുവ, എകെ ബിര്‍, ഷാജി എന്‍ കരു തുടങ്ങിയ സംവിധായകരും ഛായാഗ്രാഹകരായ സന്തോഷ് ശിവന്‍, വേണു, രാമചന്ദ്രബാബു, അനില്‍ മേത്ത, കെകെ മഹാജന്‍, മധു അമ്പാട്ട് എഡിറ്റര്‍മാരായ ബിനാ പോള്‍, രേണു സലൂജ, ശബ്ദലേഖകരായ അനില്‍ ദേവ്, ദേവദാസ്, കൃഷ്ണനുണ്ണി തുടങ്ങിയ ഒരു നീണ്ടനിര തന്നെ എഫ്ടിഐഐയില്‍ പഠനം നടത്തിയവരാണ്. സമീപകാലങ്ങളില്‍ പുറത്തിറങ്ങിയ റസൂല്‍ പൂക്കുട്ടി, സേതു, രാജീവ് രവി, ഉമേഷ് കുല്‍ക്കര്‍ണി, അമിത് ദത്ത, അവിനാശ് ജയിന്‍ തുടങ്ങിയ എണ്ണമറ്റ ചലച്ചിത്രകാരന്മാരും സാങ്കേതിക വിദഗ്ധരും ഇന്ത്യന്‍ സിനിമയില്‍ ഗുണമേന്മയുടെ പുതിയ സമവാക്യങ്ങള്‍ നിശ്ചയിച്ചു കഴിഞ്ഞു. ഈ പട്ടിക എത്രവേണമെങ്കിലും നീട്ടുകയും ചെയ്യാം. സമ്പന്നമായ സിനിമ വ്യവസായത്തെയും കലാമേന്മയുള്ള ചലച്ചിത്രങ്ങളെയും വിദ്യാഭ്യാസ, ഡോക്യുമെന്ററി ചിത്രങ്ങളെയും ഇന്ത്യയിലെ ടെലിവിഷന്‍ വ്യവസായത്തെയും പുഷ്ടിപ്പെടുത്തുന്നതില്‍ നിര്‍ണായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ എഫ്ടിഐഐയുടെ കടയ്ക്കല്‍ കത്തിവയ്ക്കാന്‍ ആഗ്രഹിക്കുന്ന അധികാരസ്ഥാനങ്ങളെ തടയാന്‍ ഈ നേട്ടങ്ങള്‍ക്കൊന്നും സാധിച്ചിട്ടില്ല എന്നത് നിരാശജനകമാണ്.

ആഗോളീകരണം നമ്മുടെ വ്യവസ്ഥിതിയെ ഏറ്റെടുത്ത തൊണ്ണൂറുകളുടെ അവസാനത്തോടെയാണ് എഫ്ടിഐഐയ്‌ക്കെതിരായ ആക്രമണങ്ങള്‍ ആരംഭിച്ചത്. വിദ്യാഭ്യാസ ധനസഹായങ്ങള്‍ അവസാനിപ്പിക്കാനും ഇന്‍സ്റ്റിറ്റ്യൂട്ടിനെ സിനിമാ വ്യവസായത്തിന്റെ ഭാഗമാക്കി ഒരു പോളിടെക്‌നിക് നിലവാരത്തിലേക്ക് താഴ്ത്താനുമുള്ള ശ്രമങ്ങളെ അവിടുത്തെ വിദ്യാര്‍ത്ഥികള്‍ നിരവധി സമരങ്ങളിലൂടെ കഴിഞ്ഞ 20 വര്‍ഷമായി ചെറുത്ത് നില്‍ക്കുകയാണ്. തങ്ങള്‍ക്ക് ലഭിച്ച വിദ്യാഭ്യാസത്തിന്റെ നിലവാരത്തെ കുറിച്ച് ഉത്തമബോധ്യമുള്ള എഫ്ടിഐഐയിലെ വിദ്യാര്‍ത്ഥി സമൂഹം, അതേ നിലവാരം തന്നെ ഭാവി തലമുറയ്ക്കും ലഭിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നതില്‍ അത്ഭുതത്തിന് അവകാശമില്ല. ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ കുറെക്കാലമായി നടക്കുന്ന ആക്രമണത്തേതില്‍ അവസാനത്തേതാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന നടപടി. മഹാഭാരതം ടിവി പരമ്പരയില്‍ യുധിഷ്ഠിരന്റെ വേഷം ചെയ്ത് പ്രശസ്തിയിലേക്ക് ഉയര്‍ന്ന മിസ്റ്റര്‍ ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിലൂടെ അക്കാദമിക് ഭരണരംഗത്ത് നിലവിലുള്ള എല്ലാ കീഴ്‌വഴക്കങ്ങളോടുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ലജ്ജമായ അവഹേളനത്തിന്റെ പ്രത്യക്ഷോദാഹരണമായി. ചില മൃദു ലൈംഗീക ചിത്രങ്ങളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഭരിക്കുന്ന പാര്‍ട്ടിയിലെ അംഗമാണ്. ഇപ്പോള്‍ സിനിമ രംഗത്ത് നിന്നുള്ള നാല് പേരെ ഒഴിച്ചു നിറുത്തിയാല്‍, പുതുതായി ഭരണനിര്‍വഹണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന കാവിപ്പടയിലെ വിവിധ സംഘടനകളില്‍ പെട്ട അംഗങ്ങള്‍ക്കും സിനിമയുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. മാത്രമല്ല സിനിമയുമായി ബന്ധപ്പെട്ട നാല് പേരില്‍ പ്രമുഖ ഛായാഗ്രാഹകനായ സന്തോഷ് ശിവന്‍ ഇതിനകം തന്നെ ചൗഹാന്റെ നിയമനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് തന്റെ രാജി സമര്‍പ്പിക്കുകയും ചെയ്തു. 

ഇത്തരത്തിലുള്ള അരോചകമായ ഒരു നീക്കത്തിന്റെ കാരണം എന്താണ്? പുതുതായി നിയമിക്കപ്പെട്ടിരിക്കുന്ന മേലാളന്മാരുടെ ഉത്തരവുകളില്‍ നിന്നും ഉത്തരം വ്യക്തമാണ്. എഫ്ടിഐഐയെ ‘ദേശീയതയെയും’ ‘ഇന്ത്യന്‍ സംസ്‌കാരത്തെയും’ കുറിച്ച് ചില പാഠങ്ങള്‍ പഠിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. സ്വതന്ത്രചിന്തയും ക്രിയാത്മക വിമര്‍ശനവും ബാക്കി നില്‍ക്കുന്ന അവസാന സ്ഥാപനങ്ങളില്‍ ഒന്നിനെ ഇല്ലാതാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ബറോഡയിലെ എംഎസ് സര്‍വകലാശാലയിലെ പ്രശസ്തമായ ഫൈന്‍ ആര്‍ട്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നശിപ്പിച്ചതില്‍ ആരംഭിച്ച ഗൂഢ പദ്ധതിയുടെ ചിട്ടയായ നടപ്പിലാക്കലിന്റെ ഭാഗമായി ഈ നീക്കത്തെയും കാണേണ്ടി വരും. ഈ നീക്കങ്ങളുടെ ഭാഗമായിരുന്നു പിന്നീട് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍, അലിഗഡ് മുസ്ലീം സര്‍വകലാശാല, ചെന്നൈ ഐഐടി തുടങ്ങിയ സ്ഥാപനങ്ങളിലും സംഭവിച്ചത്. അഭിപ്രായ, ചിന്താ സ്വാതന്ത്ര്യങ്ങളുടെ അംശമെങ്കിലും എവിടെയെങ്കിലും ബാക്കിയുണ്ടെങ്കില്‍, അതിനെ മുഴുവന്‍ തച്ചുതകര്‍ക്കാര്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു.

വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധരാണൊണ് ആര്‍എസ്എസ് ആരോപിക്കുന്നത്. ആയിരക്കണക്കിന് അപേക്ഷകരില്‍ നിന്നും വിരല്‍ എണ്ണാവുന്ന സീറ്റുകളിലേക്ക് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിന് കടുത്ത എന്‍ട്രന്‍സ് പരീക്ഷയാണ് നിലവിലുള്ളത്. ഈ എന്‍ട്രന്‍സ് പരീക്ഷ ദേശവിരുദ്ധരെ വളരെ കാര്യക്ഷമമായി തിരഞ്ഞെടുക്കുന്ന ഒന്നാണോ? അല്ല. മറിച്ച്, സംസ്‌കാരം എന്ന പാഠ്യവിഷയത്തിലാണ് പ്രശ്‌നം കുടികൊള്ളുന്നത്. വലതുപക്ഷ രാഷ്ട്രീയം എല്ലാക്കാലത്തും അപമാനിക്കുന്ന കലയുടെ സ്വാതന്ത്ര്യം, നീതി, സമത്വം, ഐക്യദാര്‍ഢ്യം, പരിശുദ്ധി, സാമൂഹികോദ്യേശ്യം എന്നീ മൂല്യങ്ങളെ വിദ്യാര്‍ത്ഥികളില്‍ ഊട്ടിയുറപ്പിക്കാന്‍ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ക്രിയാത്മക മനസുകള്‍ എല്ലാക്കാലത്തും ശ്രമിച്ചിരുന്നു. ഇത്തരം മൂല്യങ്ങള്‍ക്ക് കോട്ടംതട്ടുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിതരാകും. അതുകൊണ്ടാവും എഫ്ടിഐഐ എന്ന സ്ഥാപനം ഇത്തരത്തില്‍ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ക്ക് വിധേയമാകുന്നത്. എന്നാല്‍ സ്ഥാപനത്തെ നശിപ്പിക്കാനുള്ള ഓരോ ശ്രമങ്ങള്‍ നടക്കുമ്പോഴും വിദ്യാര്‍ത്ഥികള്‍ കൗശലപൂര്‍വം, ശക്തമായി തന്നെ ആ നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കുന്നു. ഇത്തവണയും വിദ്യാര്‍ത്ഥികള്‍ ജയം ആവര്‍ത്തിക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. അതിനുള്ള സാധ്യതകള്‍ വിരളമാണെങ്കില്‍ കൂടിയും.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍