UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദളിത് ഭക്ഷണത്തെപ്പറ്റി ഞാന്‍ പുസ്തകമെഴുതിയത് എന്തുകൊണ്ട്?

Avatar

ഷാഹു പട്ടോലെ

ഞാന്‍ ‘അന്ന ഹെ അപൂര്‍ണ ബ്രഹ്മ’ എന്ന പുസ്തകമെഴുതിയത് ബീഫ് നിരോധനം മൂലമാണെന്ന് അനവധി ആളുകള്‍ കരുതുന്നു. അത് സത്യമല്ല. ഈ പുസ്തകത്തിനുവേണ്ടിയുള്ള ഗവേഷണം ഞാന്‍ ആരംഭിച്ചത് മൂന്നുവര്‍ഷം മുന്‍പാണ്. ലോകവും എന്റെ മക്കളും ഞങ്ങളുടെ ആളുകള്‍ – മറാത്ത് വാഡയിലെ മാംഗുകള്‍ – എന്താണു കഴിച്ചിരുന്നത് എന്നു മനസിലാക്കണം എന്ന ആഗ്രഹത്തെത്തുടര്‍ന്നായിരുന്നു ഇത്. ബീഫ് ഞങ്ങളുടെ ആഹാരത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു.

ചുറ്റും നോക്കിയാല്‍ അനേകതരം ഭക്ഷണത്തെപ്പറ്റിയുള്ള പുസ്തകങ്ങളും ബ്ലോഗുകളും കാണുന്നു: ദക്ഷിണേന്ത്യന്‍, ബംഗാളി, സിറിയന്‍ ക്രിസ്ത്യന്‍, പാഴ്‌സി, പഞ്ചാബി എന്നിങ്ങനെ. എന്നാല്‍ ദളിത് ഭക്ഷണത്തെപ്പറ്റി വളരെക്കുറച്ചേ കാണാനുള്ളൂ. അങ്ങനെയാണ് അതില്‍ ഒരു കൈ നോക്കാന്‍ ഞാന്‍ തീരുമാനിച്ചത്.

ഹിന്ദു വേദങ്ങളിലെ ഒരു ചൊല്ലിന് അല്‍പം മാറ്റം വരുത്തിയതാണ് പുസ്തത്തിന്റെ തലക്കെട്ട്. അന്നം അഥവാ ആഹാരം ബ്രഹ്മന്‍ അഥവാ പൂര്‍ണ ബ്രഹ്മ ആണെന്നതാണ് ചൊല്ല്. പൂര്‍ണഭക്ഷണത്തിന്റെ ഭാഗമായി ഓരോ ഭക്ഷണപാത്രത്തിലും കാണേണ്ട നാലു സാത്വിക രുചികളെപ്പറ്റിയാണ് ഈ ചൊല്ല്. ദളിതരുടെ കാര്യത്തില്‍ പാത്രം എന്നും അപൂര്‍ണമായിരുന്നു. അതിനാലാണ് ‘അന്ന ഹെ അപൂര്‍ണ ബ്രഹ്മ’ എന്നു തിരുത്തിയത്. നാലു രുചികള്‍ പോയിട്ട് മിക്കപ്പോഴും ഉപ്പിന്റെ രുചി മാത്രമേ ഞങ്ങളുടെ ഭക്ഷണത്തിലുണ്ടായിരുന്നുള്ളൂ. അങ്ങനെ ദളിത് ഭക്ഷണത്തെ എപ്പോഴും നിര്‍വചിച്ചിരുന്നത് ഇല്ലായ്മയാണ്. ഹിന്ദു വേദങ്ങള്‍ നിര്‍ദേശിച്ചിരുന്ന രുചികളുടെ ഇല്ലായ്മ. എന്റെ പുസ്തകത്തിലെ കഥകളും പാചകവിധികളും മറാത്ത് വാഡയിലെ ഭക്ഷണത്തെപ്പറ്റിയാണ്. ഉത്തര്‍പ്രദേശിലെയോ തമിഴ് നാട്ടിലെയോ ബിഹാറിലെയോ ദളിത് ഭക്ഷണത്തെ ഇത് പ്രതിനിധാനം ചെയ്യുന്നില്ല. ഈ ഭക്ഷണമാണ് എന്റെ മാതാപിതാക്കളും അവരുടെ മാതാപിതാക്കളും കഴിച്ചത്. പലപ്പോഴും ഞാന്‍ കഴിക്കുന്നത്. ആര്‍ജിച്ചെടുത്ത രുചിയാണതിന്. നൂറ്റാണ്ടുകളിലെ വിവേചനത്തിലൂടെ ആര്‍ജിച്ചെടുത്ത രുചി.

പുസ്തകത്തിലെ പാചകവിധികള്‍ സൂക്ഷിച്ചുനോക്കിയാല്‍ മിക്കവയ്ക്കും എണ്ണ ആവശ്യമില്ലെന്നു മനസിലാകും. എന്തുകൊണ്ട്? ദളിതര്‍ക്ക് എണ്ണ വാങ്ങാനുള്ള സാമ്പത്തികസ്ഥിതിയുണ്ടായിരുന്നില്ല. അതിനാലാണ് ഞങ്ങള്‍ക്ക് ജോവര്‍, വെളുത്തുള്ളി, മല്ലി എന്നിവ ഉപയോഗിച്ച് ആവിയില്‍ വെന്ത മട്‌കെ ഭക്ഷണമായത്. എണ്ണയ്ക്കു പകരം ഞങ്ങള്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചു. മഹാരാഷ്ട്രയിലെ പ്രശസ്തമായ പുരന്‍ പൊലി എന്ന ഭക്ഷണത്തില്‍ ദളിതര്‍ നെയ്ക്കു പകരം സംഭാരം ഉപയോഗിച്ചു. കാരണം വ്യക്തം.

പുസ്തകത്തിലെ മറ്റു ചില പാചകവിധികള്‍ വൈരുദ്ധ്യം തോന്നിപ്പിക്കാം. യുഗങ്ങളോളം ഞങ്ങള്‍ക്ക് ഒരു തരം ‘ബ്ലഡ് പുഡ്ഡിങ്’ ഉണ്ടായിരുന്നു. ലക്കുട്ടി എന്നത് പശു/എരുമ/കാള തുടങ്ങിയവയുടെ ചോര യെസുര്‍ എന്ന കടുത്ത മസാലക്കൂട്ട് ചേര്‍ത്തു തിളപ്പിച്ചതാണ്. ‘മൂക്കു മുതല്‍ വാല്‍ വരെ’യുള്ള ഭക്ഷണരീതിയായിരുന്നു വര്‍ഷങ്ങളോളം ഞങ്ങള്‍ക്കുണ്ടായിരുന്നത്. പശു അല്ലെങ്കില്‍ കാളയുടെ ചെറുനാക്ക് കൊണ്ടുണ്ടാക്കുന്ന ഫാഷി എന്ന ഭക്ഷണം മറാത്ത് വാഡയില്‍ ദീര്‍ഘകാലം നിലനിന്നിരുന്നു. നൂറ്റാണ്ടുകളിലെ ദാരിദ്ര്യം ഞങ്ങളെ ഭക്ഷണം തിരഞ്ഞുകണ്ടെത്തുന്നതില്‍ വിദഗ്ദ്ധരാക്കി. കാട്ടുപച്ചക്കറികള്‍, ഈച്ചപ്പുഴുക്കള്‍, മത്തന്‍ ഇലകള്‍ എന്നിവയെല്ലാം ദീര്‍ഘകാലം ഞങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമായിരുന്നു.

കാര്യങ്ങള്‍ മാറിയെന്ന് നിങ്ങള്‍ എന്നോടു പറയുമെന്ന് എനിക്കറിയാം. അതു ശരിയുമാണ്. എന്നാല്‍ 1972ലെ വരള്‍ച്ചക്കാലം വരെ ആ മാറ്റത്തിനു കാത്തിരിക്കേണ്ടിവന്നു. അക്കാലത്താണ് ആയിരക്കണക്കിനു മാംഗുകളും മഹാറുകളും (മഹാറുകളാണ് 1956-ല്‍ ബുദ്ധമതക്കാരായി മാറിയത് ) മറാത്ത് വാഡ ഉപേക്ഷിച്ച് മുംബൈയിലേക്കും മറ്റുപട്ടണങ്ങളിലേക്കും ജോലി തേടിപ്പോയത്. അവിടെ അവര്‍ വടാപാവും മിസാലും പരിചയപ്പെട്ടു. മഹാരാഷ്ട്രയുടെ ഇതിഹാസ ഭക്ഷണമെന്നു കരുതപ്പെടുന്ന ഇവയെപ്പറ്റി എന്റെ മാതാപിതാക്കള്‍ കേട്ടിട്ടുപോലുമില്ല.

ഇന്നും മാറ്റം വളരെ സാവധാനമാണ്. അതിനോടുള്ള പ്രതിരോധം അനുഭവിക്കാന്‍ എനിക്കു വളരെ ദൂരെയൊന്നും തിരയേണ്ടതുമില്ല. എന്റെ അയല്‍വാസി മറാത്തിയും സുഹൃത്തുമാണ്. ഉത്സവാവസരങ്ങളില്‍ അദ്ദേഹം വീട്ടിലേക്കു ഭക്ഷണം കൊടുത്തയയ്ക്കാറുണ്ട്. എന്നാല്‍ ഞാന്‍ തിരിച്ച് അങ്ങനെ ചെയ്യുന്നത് ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനാകുമെന്നു ഞാന്‍ കരുതുന്നില്ല. എങ്ങനെ അറിയാം എന്നു നിങ്ങള്‍ ചോദിക്കും. പലപ്പോഴും അദ്ദേഹം ഞങ്ങളുടെ വീട്ടില്‍ ഭക്ഷണം കഴിക്കാറുണ്ട്. ഞങ്ങളുണ്ടാക്കുന്ന ഭക്ഷണം അദ്ദേഹത്തിന് ഇഷ്ടവുമാണ്. എന്നാല്‍ താന്‍ ഇവിടെ ഭക്ഷണം കഴിച്ച കാര്യം മറ്റൊരാള്‍ അറിയരുതെന്ന് എപ്പോഴും എന്നോടു പറയാറുണ്ട്.

(ഷാഹു പട്ടോലെ ‘അന്ന ഹെ അപൂര്‍ണ ബ്രഹ്മ’ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാണ്. വാര്‍ത്താവിതരണ മന്ത്രാലയത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായ പട്ടോലെ ഔറംഗബാദിലാണ് താമസം).

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍