UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യക്കെന്തുകൊണ്ട് പാകിസ്ഥാനെതിരെ ഇസ്രയേല്‍ ശൈലിയില്‍ ആക്രമണം സാധ്യമല്ല

Avatar

അഴിമുഖം പ്രതിനിധി

ഓരോ തവണയും അതിര്‍ത്തിക്കപ്പുറത്തുനിന്നും ഇന്ത്യ വലിയ ഭീകരാക്രമണം നേരിടുമ്പോള്‍ തിരിച്ചടിക്കാന്‍ ഇസ്രയേല്‍ ശൈലി ഉപയോഗിക്കാന്‍ പെട്ടെന്ന് ആവശ്യങ്ങളുയരാറുണ്ട്. ഇസ്രയേല്‍ തിരിച്ചടി ദൌത്യം എന്നുവിളിക്കുന്നതിന്റെ ചില രൂപങ്ങള്‍ ഭാവിയില്‍ ഒരു മാര്‍ഗമായേക്കാം, പക്ഷേ അതിനുതകുന്ന ഒരു ആഭ്യന്തര രാഷ്ട്രീയ സാഹചര്യം അതിനു മുമ്പ് സൃഷ്ടിക്കണം.

 

ഇസ്രയേലിന്റെ അടിച്ചമര്‍ത്തല്‍ നയവും പൂര്‍ണമായും ആ തരത്തില്‍ മാത്രം രൂപപ്പെട്ട ഒന്നല്ല. അത് നയതന്ത്ര, സൈനിക സാഹചര്യങ്ങളുമായി ഒത്തുപോകുന്ന തരത്തിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്. പൊതുജനവികാരത്തെ മാത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കാതിരിക്കാന്‍ ഇസ്രയേലി നേതൃത്വം ശ്രദ്ധിക്കാറുണ്ട്.

 

1948-ലെ അറബ് – ഇസ്രയേല്‍ യുദ്ധത്തിനുശേഷം സായുധരായ പലസ്തീന്‍കാര്‍ ഇസ്രായേലിന് നേര്‍ക്ക് അതിര്‍ത്തികടന്നുള്ള ആക്രമണങ്ങള്‍ നടത്തുന്നതിനെ ഈജിപ്തും ജോര്‍ദാനും പ്രോത്സാഹിപ്പിച്ചു. അന്ന് ദുര്‍ബലമായ സൈന്യവും അധികം സുഹൃത്തുക്കളുമില്ലാതിരുന്ന ഇസ്രയേല്‍ ജോര്‍ദാനെതിരെ ചില പ്രത്യാക്രമണങ്ങള്‍ നടത്തി; അതേസമയം ഈജിപ്തിനെ മാറ്റി നിര്‍ത്തി.

 

യുദ്ധത്തിനുശേഷം സ്വന്തം മണ്ണില്‍ നഷ്ടങ്ങള്‍ ഒഴിവാക്കി വിശാലാടിസ്ഥാനത്തില്‍ സമാധാനം ഉറപ്പാക്കാനായിരുന്നു അത്. ഈജിപ്ത് മറ്റൊരു യുദ്ധത്തിനു തയ്യാറെടുക്കുന്നു എന്നു മനസിലാക്കിയപ്പോഴാണ് കെയ്റോയെ ആക്രമിക്കാന്‍ ഇസ്രായേല്‍ നേതൃത്വം തയ്യാറായത്.

 

ചിലപ്പോഴൊക്കെ ഇസ്രയേലികള്‍ വ്യോമാക്രമണം നടത്താറുണ്ടെങ്കിലും അവരുടെ അടിച്ചമര്‍ത്തല്‍ മികവാറും ഇന്ന് നമ്മള്‍ സ്പെഷ്യല്‍ ഫോഴ്സ്  എന്നു വിളിക്കുന്ന പ്രത്യേകസേനാ വിഭാഗങ്ങളെ ഉപയോഗിച്ചു കൊണ്ടായിരുന്നു. സൈനികശക്തിയില്‍ തുല്യം നിന്ന അറബ് അയല്‍ക്കാരുമായുള്ള ഈ ഏറ്റുമുട്ടലില്‍ ഇസ്രയേലി സൈന്യത്തിനും വലിയ നാശനഷ്ടങ്ങള്‍ നേരിടേണ്ടിവന്നിരുന്നു. പലപ്പോഴും ആക്രമണങ്ങള്‍ കൈവിട്ടുപോയി; ചിലത് കൂട്ടക്കൊലകളില്‍ കലാശിക്കുകയും ചെയ്തു.

 

ഇതില്‍ നിന്ന്‍ ഇന്ത്യക്കുള്ള പാഠം – കൂടുതല്‍ കടുപ്പമേറിയ എതിരാളിയും ദുര്‍ഘടമായ ഭൂപ്രദേശവും – തങ്ങളുടെ പല ദൌത്യങ്ങളും പരാജയപ്പെടുമെന്നും ഇന്ത്യന്‍ സേനയില്‍ യുദ്ധത്തടവുകാരും ആളപായവും ഉണ്ടാകാമെന്നും ന്യൂഡല്‍ഹി തിരിച്ചറിഞ്ഞാല്‍ മാത്രമേ കരയാക്രമണം സാധ്യമാകൂ.

 

കണ്ണിന് കണ്ണ്‍, പല്ലിന് പല്ല് എന്ന കാടന്‍ തന്ത്രം 1967-ലെ അറബ് – ഇസ്രയേല്‍ യുദ്ധത്തോടെ അവസാനിക്കുകയും ഇസ്രയേല്‍, ഭൂമി പിടിച്ചെടുത്ത് തങ്ങളുടെ അതിരുകള്‍ അറബ് ആവാസപ്രദേശങ്ങളിലേക്ക് നീട്ടുകയും ചെയ്തു.

 

അപ്പോഴേക്കും കൂടുതല്‍ ഗൂഡവും പ്രച്ഛന്നതരത്തിലുള്ളതുമായ ഒരു അടിച്ചമര്‍ത്തല്‍ ശൈലി ഇസ്രയേല്‍ സ്വീകരിച്ചിരുന്നു: കൊലപാതകം അല്ലെങ്കില്‍ ഇല്ലാതാക്കല്‍. മ്യൂണിക് ഒളിംപിക്സിലെ (1972) കൂട്ടക്കൊലയ്ക്ക് ശേഷം ഇസ്രയേലിന്റെ തിരിച്ചടിയുടെ പ്രധാന ഭാഗമായി മാറിയ The Kidon ‘കുന്തമുന’ എന്ന മൊസാദിലെ ഈ ചെറിയ സംഘം കൊലയാളി വിഭാഗം പിന്നെ ലോകം മുഴുവനായുമുള്ള നടപടികള്‍ക്ക് ഉപയോഗിക്കപ്പെട്ടു.

 

ഇസ്രയേലിന്റെ അന്നത്തെ ആഭ്യന്തര സുരക്ഷാ മേധാവിയോട് ഇതിന്റെ വിജയനിരക്കിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്, “80 ശതമാനത്തിന് മുകളില്‍. പക്ഷേ 90 ശതമാനമാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്” എന്നാണ്.

 

ഇതാണ് ഇന്ത്യ പിന്തുടരണം എന്ന്‍ ഇവിടെ പലരും കരുതുന്ന ഇസ്രയേല്‍ നയം. പരിശീലനം കൊടുത്ത് കുറച്ചു ഔദ്യോഗിക കൊലയാളികളെ തയ്യാറാക്കുന്നത് ഈ കളിയിലെ എളുപ്പമുള്ള ഭാഗമാണ്. തോക്കുകളും സുലഭം. മാനസിക സ്ഥൈര്യമാണ് ബുദ്ധിമുട്ട്.

 

ഇരകളെ തേടിപ്പിടിച്ച് ലക്ഷ്യം നിറവേറ്റാന്‍ കൊലയാളികള്‍ വര്‍ഷങ്ങളെടുക്കും. ഇതിനിടയില്‍ ഏത് സര്‍ക്കാരും ഉദ്യോഗസ്ഥരും മാറിയാലും സംവിധാനം അവര്‍ക്കൊപ്പമുണ്ടാകും എന്നു അവര്‍ക്കുറപ്പുണ്ടാകണം.

 

പുതുതായി അധികാരത്തില്‍ വരുന്ന പ്രധാനമന്ത്രി പദ്ധതിക്കെതിരാണെങ്കില്‍ പോലും അതിന്റെ വിശ്വാസ്യതയെ നിലനിര്‍ത്താന്‍ അദ്ദേഹം അത് തുടരാന്‍ അനുവദിക്കേണ്ടതുണ്ട്.

 

ഈ രാഷ്ട്രീയ അഭിപ്രായ സമന്വയം ഇന്ത്യയിലില്ല. അതിലൊരാള്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന ഐ.കെ ഗുജ്റാളാണ്. പാകിസ്ഥാനിലുള്ള ഇന്ത്യയുടെ എല്ലാ ഒളിശൃംഖലകളും (covert network) അവസാനിപ്പിച്ചത് ഗുജ്റാളാണ്- ആ നടപടിയുടെ പ്രത്യാഘാതങ്ങളില്‍ നിന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇതുവരെ മുക്തമായിട്ടില്ല. പാക്കിസ്താതാനുമായി വലിയ സമാധാന മോഹങ്ങളുണ്ടായിരുന്ന വാജ്പേയിയും മന്‍മോഹന്‍ സിംഗും ഇത്തരം ഒളിപ്രവര്‍ത്തനങ്ങള്‍ നയതന്ത്രശ്രമങ്ങളെ ബാധിക്കുമെന്ന അഭിപ്രായക്കാരായിരുന്നു.

 

അത്തരത്തിലൊരു കാര്യത്തില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കുന്നതിന് മുന്നോടിയായി അത്തരമൊരു നീക്കത്തിന്റെ ആശാസ്യതയെക്കുറിച്ച് നരേന്ദ്ര മോദി സര്‍ക്കാരിന് ആദ്യം സര്‍ക്കാരിന്റെയുള്ളിലും പിന്നെ പൊതുചര്‍ച്ചയും നടത്താവുന്നതാണ്. പക്ഷേ അത്തരമൊരു ഐക്യം അടുത്തൊന്നും പ്രതീക്ഷിച്ചുകൂട.

 

 

എതിരാളികളുടെ വധങ്ങള്‍ തോന്നും പോലെ കൈവിട്ടുപോകുമോ എന്നു ഇസ്രായേലിനും ആശങ്കയുണ്ടായിരുന്നു. മൊസാദിന്റെ ആദ്യകാല തലവന്മാരിലൊരാളായ മെയിര്‍ അമീറ്റിന്റെ കാലത്തുണ്ടാക്കിയ അതിന്റെ കൊലപാതക നിയമങ്ങളില്‍, നിയമസംവിധാനത്തിന് മുന്നില്‍ നിരത്താവുന്ന തരം തെളിവുകളും വ്യക്തമായ രാഷ്ട്രീയ അനുമതിയും വേണമെന്നുണ്ട്. ഗോര്‍ഡന്‍ തോമസിന്റെ Gideon’s Spies എന്ന പുസ്തകത്തില്‍ പറഞ്ഞപോലെ ഈ നിയമങ്ങളില്‍, “ഓരോ കൊലപാതകത്തിനും പ്രധാനമന്ത്രിയുടെ അനുമതി വേണം. ചട്ടമനുസരിച്ചേ എന്തും ചെയ്യാവൂ. തീരുമാനങ്ങളുടെ രേഖകള്‍ സൂക്ഷിക്കണം. നമ്മുടെ ദൌത്യങ്ങള്‍ ഭരണകൂടം നടത്തുന്ന കൊലപാതകങ്ങളായി കാണാന്‍ ഇടവരരുത്; മറിച്ച് രാഷ്ട്രത്തിന് കൊണ്ടുവരാവുന്ന അവസാനത്തെ നിയമനടപടി എന്ന നിലയ്ക്കാകണം. ഒരു ആരാച്ചാറില്‍ നിന്നോ നിയമം ഏര്‍പ്പാടാക്കിയ കൊലയാളിയില്‍ നിന്നോ നാം വ്യത്യസ്തരല്ല,” എന്ന്‍ പറയുന്നുണ്ട്.

 

എന്നാല്‍ ഇതെല്ലാം ഇന്ത്യക്ക് വലിയ പ്രശ്നം സൃഷ്ടിക്കും. ഇന്ത്യക്ക് പുറത്തുള്ള ദൌത്യങ്ങളില്‍ രഹസ്യാന്വേഷണം വഴി തെളിവുകള്‍ ശേഖരിക്കുക എന്നതില്‍ ഇന്ത്യയുടെ ആ മേഖലയിലെ ചരിത്രം അത്ര മികച്ചതല്ല. ഇതിനും പതിറ്റാണ്ടുകളോളം നീളുന്ന നിക്ഷേപവും രാഷ്ട്രീയ പ്രതിബദ്ധതയും വേണ്ടിവരും.

 

ഇസ്രയേലി രാഷ്ട്രീയ നേതാക്കള്‍ വോട്ടുകിട്ടാന്‍ വേണ്ടി നടത്തിച്ച ദൌത്യങ്ങളെല്ലാം മൊസാദിന് സംഭവിച്ച വന്‍പിഴവുകളായിരുന്നു എന്നും കാണണം. ഹമാസ് നേതാവ് ഖാലിദ് മേഷാലിനെ വധിക്കാനുള്ള പൊളിഞ്ഞുപോയ ശ്രമം ഇതിന്റെ ഉദാഹരണമാണ്.

 

വിജയകരമായ ഒരു അടിച്ചമര്‍ത്തല്‍ നയത്തിന് എന്തൊക്കെ കൂടിയേ തീരൂ എന്നാണ് ഇസ്രയേല്‍ അനുഭവം നമുക്ക് കാണിച്ചുതരുന്നത്; 1. അത് വിപുലമായ ഒരു നയതന്ത്ര, സുരക്ഷാ നയത്തിന്റെ ഭാഗമായിരിക്കണം. പാളിപ്പോയാല്‍ ഇത്തരം കൊലപാതകങ്ങള്‍ ലക്ഷ്യമില്ലാത്തവയാകും.

 

2. രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളില്‍ ഇത്തരമൊരു നയത്തിന്റെ ആവശ്യകതയെ കുറിച്ച് അഭിപ്രായ സമന്വയം വേണം. അതില്ലെങ്കില്‍ രഹസ്യാന്വേഷണം, ഉപകരണങ്ങള്‍, പരിശീലനം, തന്ത്രങ്ങള്‍ മെനയാല്‍ എന്നിവയൊന്നും നടക്കില്ല. നയം നിലനില്‍ക്കില്ല.

 

3. കൊലപാതകം നിയമപരമായ വഴികളില്‍ നിന്നും വ്യതിചലിക്കരുത്. ആ പ്രക്രിയ രഹസ്യമായല്‍ പോലും. തെളിവുനോക്കലും വിധി പറയലും സിവിലിയന്‍ നിയന്ത്രണവും പ്രധാനമാണ്. അല്ലെങ്കില്‍ മറ്റൊരു ഭരണകൂട കൊലപാതകമായി ഈ കാര്യങ്ങള്‍ മാറും; അത് സൃഷ്ടിച്ച സര്‍ക്കാരിനു തന്നെ ഭീഷണിയാകുകയും ചെയ്യും.

 

അവസാനമായി, ഇത്തരം ഒളിയാക്രമണങ്ങള്‍ ഒരിക്കലും ശരിയായ സുരക്ഷാ ഫലം നല്‍കില്ല. അതൊരു സന്ദേശം നല്‍കാനായി ഉപയോഗിക്കാം, അല്ലാതെ സംഘര്‍ഷം അവസാനിപ്പിക്കാനല്ല. ഈ നയത്തിന്റെ ഗുണദോഷങ്ങള്‍ പറഞ്ഞുകൊണ്ട്, എന്തിന് ഇതിന് അനുമതി നല്‍കി എന്ന്‍ ഒരു  പ്രസംഗത്തില്‍ ഡേവിഡ് ബെന്‍ ഗൂറിയോണ്‍ പറയുന്നുണ്ട്:

“വെള്ളക്കുഴലുകള്‍ പൊട്ടിത്തെറിക്കില്ലെന്നോ മരങ്ങള്‍ കടപുഴകില്ലെന്നോ ഉറപ്പാക്കാന്‍ ഞങ്ങള്‍ക്ക് ശക്തിയില്ല. കിടന്നുറങ്ങുന്ന തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും വധിക്കുന്നത് തടയാനും ഞങ്ങള്‍ക്ക് കരുത്തില്ല. പക്ഷേ ഞങ്ങളുടെ രക്തത്തിന്റെ വില ഞങ്ങള്‍ക്ക് നിശ്ചയിക്കാനാകും. അറബ് സമുദായത്തിന് അത് ഏറെ വലുതായിരിക്കും. അറബ് സൈന്യങ്ങള്‍ക്കും അറബ് സര്‍ക്കാരുകള്‍ക്കും താങ്ങാനാകാത്തതായിരിക്കും.”

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍