UPDATES

വിപണി/സാമ്പത്തികം

അന്താരാഷ്ട്ര വിലയില്‍ കുറവുണ്ടായിട്ടും ഇന്ധന വില കുറയാത്തതെന്ത്? പെട്രോള്‍, ഡീസല്‍ വില കൂട്ടുന്ന സര്‍ക്കാര്‍ നയങ്ങള്‍ എന്തൊക്കെ

വിനിമയ മൂല്യത്തിലെ ഇടിവ് വിലയെ ബാധിക്കുന്നു

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറയുന്നു. രാജ്യത്തെ ഇന്ധന വില നിശ്ചയിക്കുന്ന നിര്‍ണായ ഘടകം ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വിലയാണ്. എന്നാല്‍ അന്താരാഷ്ട്ര വില കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധന വിലയില്‍ കുറവുണ്ടായിട്ടില്ല. ഏത് സര്‍ക്കാര്‍ നയങ്ങളാണ് രാജ്യത്തെ ഇന്ധനവിലയെ മുകളില്‍ പിടിച്ചുനിര്‍ത്തുന്നത്?

ജൂലൈ മുതല്‍ ഇതുവരെ ക്രൂഡിന്റെ വിലയില്‍ 10.57 ശതമാനത്തിന്റെ കുറവാണുണ്ടായത്. എന്നാല്‍ ഇതേ കാലയളവില്‍ 2.45 ശതമാനത്തിന്റെ വര്‍ധനയാണ് രാജ്യത്തുണ്ടായത്. ഓഗസ്റ്റ് ക്രൂഡ് ഓയില്‍ വില 8.68 ശതമാനം കുറഞ്ഞു.

ക്രൂഡിന്റെ വില കുറഞ്ഞിട്ടും ഇന്ത്യയില്‍ ഇന്ധനത്തിന് വില കൂടാനുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ടത് രൂപയുടെ മൂല്യത്തില്‍ ഉണ്ടായ ഇടിവാണ്. ജൂലൈ മാസം മുതല്‍ രൂപയുടെ മൂല്യം ഡോളറിനെ അപേക്ഷിച്ച് അഞ്ച് ശതമാനമാണ് കുറഞ്ഞത്. രൂപയുടെ മുല്യം കുറയുന്നതോടെ, ഇറക്കുമതി ചെയ്യുന്ന ഏത് ഉത്പന്നങ്ങളുടെയും വിലയില്‍ വര്‍ധനയുണ്ടാകും. ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന നിലയില്‍ രുപയുടെ വിനിമയ മൂല്യത്തിലെ തകര്‍ച്ച അന്താരാഷ്ട്ര വില ഇന്ത്യയില്‍ പ്രതിഫലിക്കാതിരിക്കാന്‍ കാരണമാകും.

ബജറ്റില്‍ നികുതി ചുമതത്തിയതാണ് വിലയില്‍ വര്‍ധിക്കുന്നതിനുള്ള മറ്റൊരു കാരണം. കഴിഞ്ഞ ബജറ്റില്‍ ലിറ്റിന് രണ്ടുരൂപയാണ് കൂട്ടിയത്. സംസ്ഥാന സര്‍ക്കാരുകളുടെ നികുതി കൂടി ചേര്‍ക്കുമ്പോള്‍ ലിറ്ററിന് രണ്ടര രൂപയാകും. പെട്രോള്‍ ഡീസല്‍ നിരക്കുകളില്‍ ഡല്‍ഹിയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ 1.57 രൂപയും 0.98 രൂപയുമാണ് വര്‍ധിച്ചത്.

ഓയില്‍ കമ്പനികള്‍ രണ്ട് വര്‍ഷത്തിനിടെ അവരുടെ മാര്‍ക്കറ്റിംങ് മാര്‍ജിന്‍ (ഉത്പന്നങ്ങള്‍ വില്‍ക്കുന്ന വിലയും അത് ലഭിക്കുന്നതിന് ചെലവാക്കിയ തുകയും തമ്മിലുളള വ്യത്യാസം) 77 ശതമാനം ഉയര്‍ത്തിയെന്നാണ് കണക്കാക്കുന്നത്. അസംസ്കൃത എണ്ണയുടെ വിലയിൽ കുറവുണ്ടാകുന്നതിൻ്റെ നേട്ടം പ്രധാനമായി കമ്പനികള്‍ക്കാണ് ലഭിക്കുന്നത്.

പെട്രോളിയം ഉത്പന്നങ്ങളുടെ ആഗോളവിലയും കറന്‍സിയുടെ വിനിമയ നിരക്കും കണക്കിലെടുത്താണ് പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പന വില തീരുമാനിക്കുന്നത്. ആഗോള തലത്തില്‍ ക്രൂഡിന്റെ വില നിശ്ചയിക്കുന്ന ഘടകം രാഷ്ട്രീയമാണ്.

എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനായായ ഒപ്പെക് എടുക്കുന്ന തീരുമാനവും അന്താരാഷ്ട്ര രംഗത്ത് ഉടലെടുക്കുന്ന രാഷ്ട്രീയ സാമ്പത്തിക സംഭവവികാസങ്ങളുമാണ് ക്രൂഡിന്റെ വിലയെ സ്വാധീനിക്കുന്ന നിര്‍ണായക ഘടകങ്ങള്‍. അമേരിക്കയും ചൈനയും തമ്മില്‍ നടക്കുന്ന വ്യാപാര യുദ്ധത്തിന്റെ പാശ്ചാത്തലവും പൊതുവില്‍ ലോക സാമ്പത്തിക വളര്‍ച്ചാ ഇടിവുമാണ് ക്രൂഡോയിലിന്റെ വിലയില്‍ കുറവുണ്ടാക്കിയത്. 2008 സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്തും ക്രൂഡ് വിലയില്‍ വന്‍ കുറവുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍