UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുക്കര്‍ബര്‍ഗ് മോഡല്‍ ദാനശീലം ഇന്ത്യക്കാര്‍ക്ക് ഫേസ്ബുക്കില്‍ മാത്രം

Avatar

അഴിമുഖം പ്രതിനിധി

ഫേസ് ബുക്ക് ഓഹരിയുടെ 99 ശതമാനം തന്റെ ജീവിതകാലത്തുതന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു നല്‍കുമെന്ന് ഫേസ് ബുക്ക് സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ചൊവ്വാഴ്ച അറിയിച്ചു.
ഇന്ത്യയില്‍ ഇങ്ങനെ ഒരു കാര്യം നടക്കുമോ?

മിതവ്യയം ഇന്ത്യയില്‍ മികച്ച ഒരു സ്വഭാവഗുണമാണ്; പിശുക്കും. ഒരു പൈസയെങ്കിലും ലാഭിക്കാനുള്ള സ്വന്തം കുറുക്കുവഴികള്‍ ഓരോരുത്തര്‍ക്കുമുണ്ടാകും. ആഡംബരകാറുമായെത്തുന്നയാള്‍ പാര്‍ക്കിങ് സ്ഥലത്ത് രണ്ടുരൂപയ്ക്കു വേണ്ടി നടത്തുന്ന ബഹളം, 50 പൈസയ്ക്കുവേണ്ടി കെഎസ്ആര്‍ടിസി കണ്ടക്ടറുമായുള്ള തര്‍ക്കം – എല്ലാം നമ്മുടെ സ്വഭാവത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്.

ഈ സ്വഭാവത്തിന് ദോഷവശവുമുണ്ട്. പണം ചെലവഴിക്കേണ്ടി വരുമ്പോള്‍ കൈ മുറുക്കിപ്പിടിക്കാന്‍ ഇത് നമ്മെ പ്രേരിപ്പിക്കുന്നു. ഫലം -ഭൂതദയ അഥവാ പരോപകാര തത്പരത നമുക്ക് വളരെ കുറവാണ്.

ദാനശീലത്തിന്റെ പ്രവാചകരായ ബില്‍ ഗേറ്റ്‌സും വാറന്‍ ബഫറ്റും നാലുവര്‍ഷം മുന്‍പ് ഇന്ത്യ സന്ദര്‍ശിച്ചു. സമ്പാദിക്കുന്നതില്‍ നിന്ന് ഒരു ഭാഗം സമൂഹത്തിനു തിരിച്ചുനല്‍കേണ്ടതിന്റെ ആവശ്യകത, മഹത്തായ കാര്യങ്ങള്‍ക്കുവേണ്ടി സഹായം നല്‍കിയ അവസരങ്ങള്‍ എന്നിവയെപ്പറ്റി ഇന്ത്യക്കാരോടു സംസാരിക്കുകയായിരുന്നു ഉദ്ദേശ്യം. ഇവരുടെ പ്രേരണയില്‍ ഇന്ത്യയിലെ വന്‍ വ്യവസായികള്‍ ഇത്തരം കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കും എന്നായിരുന്നു പ്രതീക്ഷ. കാര്യങ്ങള്‍ പ്രതീക്ഷയിലൊതുങ്ങി എന്നു പറഞ്ഞാല്‍ മതി.

‘സമ്പാദ്യം സമൂഹത്തിനു തിരിച്ചുനല്‍കുമ്പോഴാണ് നമുക്ക് അളവറ്റ സന്തോഷമുണ്ടാകുന്നത് ‘, ഗേറ്റ്‌സ് അന്നു പറഞ്ഞു. ഗേറ്റ്‌സും ബഫറ്റും പ്രസംഗം പ്രാവര്‍ത്തികമാക്കുന്നു.

യുഎസില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യവസായികളുടെ പട്ടികയില്‍ ഒന്നാമതാണ് ബഫറ്റിന്റെ സ്ഥാനമെന്ന് ഫോര്‍ബ്‌സ് മാസിക ചൂണ്ടിക്കാട്ടുന്നു. 2014ല്‍ 2.8 ബില്യണ്‍ ഡോളറാണ് ബഫറ്റ് ഇങ്ങനെ ചെലവിട്ടത്. ഇക്കഴിഞ്ഞ വര്‍ഷം അദ്ദേത്തിന്റെ മൊത്തം ജീവകാരുണ്യനിധി 22.7 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ബഫറ്റിന്റെ ആകെ വരുമാനത്തിന്റെ 37ശതമാനം.

രണ്ടാംസ്ഥാനത്താണ് ഗേറ്റ്‌സ്. കഴിഞ്ഞ വര്‍ഷം 1.3 ബില്യണ്‍ ഡോളറാണ് ഗേറ്റ്‌സ് കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു നല്‍കിയത്. ഇതുവരെ ഇങ്ങനെ ചെലവിട്ടത് 31.5 ബില്യണ്‍. ഗേറ്റ്‌സിന്റെ വരുമാനത്തിന്റെ 41 ശതമാനം വരും ഇത്.

താനും ഭാര്യയും ഫേസ്ബുക്കിന്റെ 99ശതമാനം ഓഹരിമൂല്യം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു നീക്കിവയ്ക്കുമെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞപ്പോള്‍ അമേരിക്കയിലെ പരോപകാരപ്രിയരായ പ്രമുഖരുടെ നിരയില്‍ അവരും ചേരുകയായിരുന്നു. പൈതൃകമായി വന്‍തോതില്‍ സമ്പത്ത് ലഭിച്ചാല്‍ മക്കള്‍ ജീവിതത്തില്‍ സ്വന്തമായി ഒന്നും ചെയ്‌തേക്കില്ലെന്ന തിരിച്ചറിവാണ് സമ്പന്നരെ ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.

ഇന്ത്യയില്‍ വ്യവസായപ്രമുഖര്‍ക്കിടയില്‍ ഇത്തരം ചിന്തകളില്ല. ആകര്‍ഷകമായ നികുതിഇളവ് ലഭിക്കുമെങ്കില്‍ മാത്രമേ ഇവിടെ പണക്കാര്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെപ്പറ്റി ആലോചിക്കാറുള്ളൂവെന്നാണ് വിമര്‍ശകപക്ഷം.

ഇന്ത്യയിലും ചൈനയിലുമാണ് ലോകത്ത് ഏറ്റവുമധികം പിശുക്കന്മാരുള്ളതെന്ന് 2010ല്‍ ബെയ്ന്‍ ആന്‍ഡ് കമ്പനി നടത്തിയ സര്‍വേ കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും 10 ശതമാനം മാത്രമാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്നത്. ചൈനയില്‍ ഇത് 9 ശതമാനമാണ്. അമേരിക്കയിലും ബ്രിട്ടനിലും യഥാക്രമം 75, 34 എന്നിങ്ങനെയാണ് ശതമാനക്കണക്ക്.

എന്തുകൊണ്ടാണ് ഇന്ത്യക്കാര്‍ കുപ്രസിദ്ധ പിശുക്കരായത്?

ചരിത്രപരമായി നോക്കിയാല്‍ പ്രകടമായ ആര്‍ഭാടത്തെ ഇന്ത്യ നീരസത്തോടെയാണ് കാണുന്നത് എന്നു മനസിലാകും. ലളിതജീവിതത്തിനും മിതത്വത്തിനുമാണ് ഇവിടെ ബഹുമാന്യത. സമ്പന്നര്‍ ശിക്ഷിക്കപ്പെടണം എന്ന മട്ടിലാണ് ഇവിടത്തെ നികുതിവ്യവസ്ഥ. 1973ല്‍ 11 നികുതി സ്ലാബുകളാണ് ഇവിടെ ഉണ്ടായിരുന്നത്. 10 മുതല്‍ 85 ശതമാനം വരെ നികുതിയാണ് ഓരോ വിഭാഗത്തിനും ബാധകമാക്കിയിരുന്നത്. ഇത് 97ശതമാനത്തിലെത്തിയ കാലവും ഉണ്ടായിരുന്നു.

സ്വാഭാവികമായും സമ്പന്നര്‍ സ്വത്തുവിവരം മറച്ചുവച്ചു. വരുമാനം കുറച്ചുകാണിച്ചു. ഭൂമിയും കെട്ടിടങ്ങളും ആഡംബരവസ്തുക്കളും കമ്പനികളുടെ പേരിലാക്കി. സ്‌കൂളുകള്‍, കോളജുകള്‍, ആശുപത്രികള്‍, മതസംഘടനകള്‍ തുടങ്ങിയവയ്ക്കു നല്‍കുന്ന സംഭാവനയ്ക്ക് നികുതി ഇളവ് ആവശ്യപ്പെട്ടു.

നികുതിഘടനയ്ക്കു മാറ്റമുണ്ടാകുകയും നിരക്കുകള്‍ കുറയുകയും ചെയ്‌തെങ്കിലും ആളുകള്‍ സമ്പത്ത് ഒളിപ്പിക്കുന്ന രീതി മാറിയില്ല. ധനനികുതി അടവ് ഒരിക്കലും 1000കോടി കടക്കാത്തത് ഇതുകൊണ്ടാണ്. നൂറിലധികം കോടീശ്വരന്മാരുള്ള നാട്ടില്‍ ഇത് സംഭവിക്കരുതാത്തതാണ്. ഈ നികുതി കഴിഞ്ഞ വര്‍ഷം മുതല്‍ ഇല്ലാതായി.

ഭൂമി, ആഡംബര കാറുകള്‍, വിമാനങ്ങള്‍, ഹെലികോപ്ടറുകള്‍, പായ്ക്കപ്പലുകള്‍, കലാശേഖരം തുടങ്ങിയവയ്ക്കാണ് ധനനികുതി ചുമത്തിയിരുന്നത്. മിക്ക വ്യവസായികള്‍ക്കും ഇവ സ്വന്തമല്ല. പ്രത്യേക ആവശ്യ വാഹനങ്ങള്‍ തുടങ്ങിയ പേരിലാണ് ഇവയുടെ ഉടമസ്ഥ, നടത്തിപ്പ് അവകാശങ്ങള്‍.

കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇങ്ങനെ പറഞ്ഞു, ‘ പിരിച്ചെടുക്കല്‍ വന്‍ ചെലവുണ്ടാക്കുന്നതും പിരിഞ്ഞുകിട്ടുന്ന തുക കുറഞ്ഞതുമായ ഒരു നികുതി നാം നിലനിര്‍ത്തേണ്ടതുണ്ടോ? ഇതിനു പകരം വരുമാനം കൂട്ടുന്ന നികുതിയല്ലേ വേണ്ടത്? സമ്പന്നര്‍ മറ്റുള്ളവരെക്കാള്‍ നികുതി അടയ്ക്കുക തന്നെ വേണം. അതിനാല്‍ ധനനികുതി എടുത്തുകളയുകയാണ്. പകരം നികുതി ഈടാക്കാവുന്ന വരുമാനം ഒരു കോടി കവിയുന്നവര്‍ക്ക് രണ്ടുശതമാനം അധിക സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുന്നു’.

എന്നാല്‍ സമ്പന്നരുടെ കൈയിലല്ല സമ്പത്ത്. അവയെല്ലാം ട്രസ്റ്റുകളിലും ഫൗണ്ടേഷനുകളിലുമാണ്. കയ്യില്‍ പണമില്ലെങ്കില്‍ എന്തു കൊടുക്കാന്‍!

ഇതിനൊരു പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സിഎസ്ആര്‍) എന്ന പേരില്‍ സാമൂഹികസംരംഭങ്ങളെ സഹായിക്കാനായി കോര്‍പറേറ്റുകള്‍ ഒരു ഫണ്ട് ഉണ്ടാക്കിയേ തീരൂ എന്ന കമ്പനി നിയമത്തില്‍ മാറ്റം വരുത്തി. ഇത്തരമൊരു വ്യവസ്ഥ കമ്പനി നിയമത്തിലുള്ള ലോകത്തിലെ ഏക രാജ്യമാണ് ഇന്ത്യ. പറഞ്ഞാല്‍ കേള്‍ക്കാത്തവര്‍ക്കു നേരെ വടിയെടുക്കുന്ന നയം തന്നെ.

വാര്‍ഷികവരുമാനം 1000 കോടി കവിയുന്നതോ അറ്റാദായം അഞ്ചുകോടി കടക്കുന്നതോ ആയ കമ്പനികള്‍ക്കാണ് ഈ വ്യവസ്ഥ ബാധകം. കഴിഞ്ഞ മൂന്നുവര്‍ഷത്തെ ശരാശരി അറ്റാദായത്തിന്റെ രണ്ടുശതമാനം സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കണമെന്നാണ് വ്യവസ്ഥ. സമൂഹ ഉന്നമനത്തിനുള്ള പദ്ധതികളില്‍ – വനിതകളുടെ വിദ്യാഭ്യാസം മുതല്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി വരെ – എന്തിലും പണമിടാം. ഇത് പദ്ധതിയുടെ ആദ്യവര്‍ഷമാണ്. ഇതുവരെയുള്ള വിവരം അനുസരിച്ച് മിക്ക കമ്പനികളും ലക്ഷ്യത്തിനടുത്തെങ്ങുമല്ല.

രണ്ടുമാസം മുന്‍പ് സര്‍ക്കാരിന്റെ ഒരു സമിതി ഈ പദ്ധതിയിലെ കുഴപ്പം കണ്ടെത്തി. സിഎസ്ആര്‍ പദ്ധതികളില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതി ഇളവില്ല; പക്ഷേ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതിയിളവു ലഭിക്കും. മിക്കവാറും കമ്പനികള്‍ സിഎസ്ആര്‍ തുക മുഴുവന്‍ പ്രധാനമന്ത്രിയുടെ നിധിയിലിട്ട് നികുതിയിളവു നേടുകയാകും ചെയ്യുക. ഇത് സിഎസ് ആറിന്റെ ഉദ്ദേശ്യലക്ഷ്യത്തിനു തിരിച്ചടിയാകും.

പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ മില്‍ട്ടണ്‍ ഫ്രീഡ്മാന്‍ സിഎസ്ആറിനെ ‘അധാര്‍മിക’മെന്നാണു വിശേഷിപ്പിക്കുന്നത്. ഓഹരിയുടമകളുടെ സമ്മതമില്ലാതെ അവരുടെ പണം ചെലവഴിക്കുകയാണ് കമ്പനികള്‍ ചെയ്യുന്നത് എന്നാണ് ഫ്രീഡ്മാന്റെ അഭിപ്രായം.

നിര്‍ബന്ധിത സിഎസ്ആര്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. ഇതിനെക്കാള്‍ നിന്ദ്യമാണ് ചെയ്യേണ്ട ഒരു കാര്യത്തെ മറ്റുവഴിക്കു തിരിച്ചുവിട്ട് നികുതി ഇളവുനേടാന്‍ കമ്പനികള്‍ ശ്രമിക്കുന്നത്.

നല്ല കാര്യങ്ങളെ പ്രകീര്‍ത്തിക്കുന്നതില്‍ ഇന്ത്യക്കാര്‍ മുന്നിലാകാം. പക്ഷേ കയ്യിലെ കാശ് ചെലവഴിക്കേണ്ട അവസരം വരുമ്പോള്‍ അവരെക്കാള്‍ അധമര്‍ വേറെയില്ല.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍