UPDATES

സൈനികര്‍ക്ക് സന്ദേശമയയ്ക്കുന്നവരുടെ വിവരങ്ങള്‍ മോദി തിരയുന്നതെന്തിനാണ്?

പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം സൈനികര്‍ക്ക് ആശംസ നേരുന്ന ഒരു പൌരന്‍ എന്തിനാണ് തന്നെ വ്യക്തിപരമായി അടയാളപ്പെടുത്തുന്നതിനുള്ള വിവരങ്ങള്‍ നല്‍കുന്നത്?

ടീം അഴിമുഖം

ഇന്ത്യന്‍ സൈനികര്‍ക്ക് സന്ദേശങ്ങളയക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന ‘Sandesh2Soldiers’ എന്ന പുതിയ പരിപാടിക്ക് ഈ ദീപാവലിക്കാലത്ത്  പ്രധാനമന്ത്രി തുടക്കം കുറിച്ചിരുന്നു. അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് വ്യക്തിപരമായ ആശംസകള്‍ നേരാനാണ് പ്രധാനമന്ത്രി ജനങ്ങളെ പ്രേരിപ്പിക്കുന്നത്. മോദി ദീപാവലി ആഘോഷിച്ചതും ഉത്തരാഞ്ചലില്‍  ITBP സൈനികര്‍ക്കൊപ്പമാണ്.

 

എന്നാല്‍ സൈനികര്‍ക്കുള്ള സന്ദേശമയക്കല്‍ പരിപാടിയില്‍ ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖാ വിശദാംശങ്ങള്‍ അടക്കം ശേഖരിക്കുന്നതില്‍, വ്യക്തിവിവരങ്ങള്‍ ശേഖരിക്കാനുള്ള ഒരു രാഷ്ട്രീയ ഒളിയജണ്ടയും കാണാം.

 

സൈനികര്‍ക്കുള്ള സന്ദേശമയയ്ക്കാന്‍ പ്രേരിപ്പിക്കുന്ന വമ്പിച്ച പരസ്യപ്രചാരണം അനുസരിച്ച്, പ്രധാനമന്ത്രിയുടെ ഔദ്യോഗിക മൊബൈല്‍ ആപ് വഴിയോ അല്ലെങ്കില്‍ www.mygov.in വഴിയോ അയയ്ക്കാവുന്നതാണ്. ജനപങ്കാളിത്തം ഭരണനിര്‍വഹണത്തില്‍ ഉറപ്പാക്കാന്‍ 2014-ല്‍ പ്രധാനമന്ത്രി ആരംഭിച്ചതാണ് ഈ വെബ്സൈറ്റ്. ഒരു പത്തക്ക നമ്പറില്‍ വിളിച്ച് ശബ്ദസന്ദേശം രേഖപ്പെടുത്തി അയച്ചാല്‍ ആകാശവാണിയത് പ്രക്ഷേപണം ചെയ്യുന്ന രീതിയിലായിരുന്നു പരിപാടി.

 

സന്ദേശം വെബ്സൈറ്റ് വഴിക്കാണെങ്കില്‍ സാധാരണ സൈബര്‍ സുരക്ഷാ മാതൃകയില്‍, അയക്കുന്ന ആളുടെ പേരും ഇ-മെയില്‍ വിലാസവും നല്‍കിയാല്‍ മതി. എന്നാല്‍ മോദി ആപ് ഉപയോഗിക്കണമെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കണം: ആദ്യം പ്രധാനമന്ത്രിയുടെ ‘ഔദ്യോഗിക’ മൊബൈല്‍ പ്രയോഗസംവിധാനത്തിന് നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് സമ്മതം നല്കണം.

 

അതിന്റെ നടപടിക്രമം ഇങ്ങനെയാണ്: ആ സംവിധാനം ഉപയോഗിക്കുന്നതിന്, സന്ദേശം അയക്കുന്നതിന് ഉപയോക്താവ് പേരും മൊബൈല്‍ നമ്പറും ഇ-മെയില്‍ വിലാസവും മാത്രം നല്‍കിയാല്‍ പോര; തൊഴില്‍, സംസ്ഥാനം, ജില്ല, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖ നമ്പര്‍, താത്പര്യമുള്ള മേഖലകള്‍, പിന്നെ 500 അക്ഷരങ്ങള്‍ക്കുളില്‍ ഒരു സ്വയം വിവരണവും നല്‍കണം.

 

ഇത് പലരെയും അമ്പരപ്പിച്ചു. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം സൈനികര്‍ക്ക് ആശംസ നേരുന്ന ഒരു പൌരന്‍ എന്തിനാണ് തന്നെ വ്യക്തിപരമായി അടയാളപ്പെടുത്തുന്നതിനുള്ള വിവരങ്ങള്‍ നല്‍കുന്നത്? സ്വകാര്യതയും ശേഖരിക്കുന്ന വിവരങ്ങളുടെ ദുരുപയോഗവും അടക്കമുള്ള പ്രശ്നങ്ങള്‍ അടങ്ങുന്ന, ആധാര്‍ കാര്‍ഡിന്റെ നിര്‍ബന്ധിത ഉപയോഗത്തിനെതിരായ ഒരുകൂട്ടം ഹര്‍ജികളില്‍ സുപ്രീം കോടതി വാദം കേള്‍ക്കുന്ന ഈ സമയത്ത് ഇതൊരു പ്രസക്തമായ ചോദ്യമാണ്.

 

 

“സൈനികര്‍ക്ക് ഒരു സന്ദേശം അയയ്ക്കാന്‍ ഇത്തരം അധികവിവരങ്ങള്‍ ആവശ്യപ്പെടേണ്ട ഒരു കാര്യവുമില്ല. അധിക വിവരങ്ങള്‍ ഒരു ഉപയോക്താവിന്റെ വ്യക്തിവിവരരേഖ ഉണ്ടാക്കാന്‍ അത് ശേഖരിച്ചയാളെ സഹായിക്കുമെങ്കിലും ബഹുതല വിവരശേഖരണ കേന്ദ്രങ്ങള്‍ ഒന്നിച്ച് ആ വ്യക്തിയുടെ സമ്പൂര്‍ണ ചിത്രം ഉണ്ടാക്കുന്ന ആധുനിക രീതിയില്‍ ഒന്നല്ല ഇത്,” ബംഗളൂരു ആസ്ഥാനമായ ഇന്റര്‍നെറ്റ് ആന്‍ഡ് സൊസൈറ്റി ഡയറക്ടര്‍ സുനില്‍ അബ്രഹാം പറഞ്ഞു.

 

“ഏതെങ്കിലും വാണിജ്യ സ്ഥാപനം ഈ മൊബൈല്‍ ആപ് ഉപയോഗിച്ച് ശേഖരിച്ച വിവരങ്ങള്‍ അനധികൃതമായി ഉപയോഗിക്കില്ല എന്നതിന് ഉറപ്പൊന്നുമില്ല. കാരണം നമ്മുടെ വിവര സംരക്ഷണ നിയമമായ വിവര സാങ്കേതികവിദ്യ നിയമത്തിലെ 43എ വകുപ്പ് സര്‍ക്കാരിന് ബാധകമല്ല, സ്വകാര്യ മേഖലയ്ക്ക് മാത്രമാണു ബാധകം. അതുകൊണ്ടുതന്നെ ഈ വിവരങ്ങള്‍ ഏതെങ്കിലും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനത്തിന് നല്‍കാന്‍ സര്‍ക്കാരിന് യാതൊരു നിയമതടസവുമില്ല.”

 

Mygov സൈറ്റില്‍ നിന്നും വ്യത്യസ്തമായി നരേന്ദ്ര മോദി മൊബൈല്‍ പ്രയോഗസംവിധാനത്തില്‍ ഉപയോക്താവ് സന്ദേശം രേഖപ്പെടുത്തിയാല്‍ ഒപ്പം പ്രധാനമന്ത്രിയുടെ ഒരു ഉദ്ധരണി കൂടി വരും. അത്, “ഓരോ ഇന്ത്യക്കാരന്റെയും ഓര്‍മ്മയില്‍ നമ്മുടെ സായുധ സേനകളുടെ ധീരതയും ബലിയും ഉറച്ചു രേഖപ്പെടുത്തിയിരിക്കുന്നതില്‍” പ്രധാനമന്ത്രിയുടെ അഭിമാനം പ്രകടിപ്പിക്കുന്നു.

 

കഴിഞ്ഞ നവംബറിലാണ് മോദി തന്റെ ഔദ്യോഗിക മൊബൈല്‍ ആപ് തുടങ്ങിയത്. അങ്ങനെ ചെയ്യുന്ന ആദ്യ പ്രധാനമന്ത്രിയുമായി മോദി. ഡല്‍ഹി സാങ്കേതിക സര്‍വ്വകലാശാലയിലെ 6 വിദ്യാര്‍ത്ഥികളാണ് രണ്ടു ഘട്ടങ്ങളായുള്ള മത്സരത്തിന് ശേഷം ഇത് രൂപപ്പെടുത്തുന്നതില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വിജയികളായത്. പ്രധാനമന്ത്രിയുടെ ദൈനംദിന പരിപാടികളെക്കുറിച്ചാണ് ഈ സംവിധാനം നേരിട്ടു വിവരം നല്‍കുന്നതെന്ന് അത് വിശേഷിപ്പിക്കുന്നു. ഇത് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.pmindia.gov.inമായും ബന്ധപ്പെടുത്തിയിരിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍