UPDATES

അക്കേഷ്യ മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ വനംവകുപ്പിന് എന്തിനാണ് ഇത്ര ഉത്സാഹം

മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം നിലവിലുള്ളപ്പോള്‍ തന്നെ ഇതിനെ അവഗണിച്ച് ഇത്തരം മരങ്ങള്‍ വച്ച് പിടിപ്പിക്കാന്‍ ഉള്ള ശ്രമത്തിലാണ് വനംവകുപ്പ്

എന്ത് ഗൂഢോദ്ദേശ്യത്തിനാണ് വനംവകുപ്പ്, ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ശുദ്ധജലം കവര്‍ന്നെടുക്കുന്നതുള്‍പ്പടെയുള്ള ഗുരുതരമായ പരിസ്ഥി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടും അക്കേഷ്യ, മാഞ്ചിയം മരങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള ശ്രമം നടത്തുന്നത്. അക്കേഷ്യ, മാഞ്ചിയം എന്നിവ വച്ചു പിടിപ്പിക്കരുത് എന്ന് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം നിലവിലുള്ളപ്പോള്‍ തന്നെ ഇതിനെ അവഗണിച്ച് ഇത്തരം മരങ്ങള്‍ വച്ച് പിടിപ്പിക്കാന്‍ ഉള്ള ശ്രമത്തിലാണ് വനംവകുപ്പ്. പേപ്പാറ സംഭരണിയുടെ വൃഷ്ടി പ്രദേശം, വാമനപുര, കരമന നദികളുടെ വൃഷ്ടിപ്രദേശത്തുമാണ് വന്‍ തോതില്‍ അക്കേഷ്യമരങ്ങള്‍ നടാന്‍ വനംവകുപ്പ് ശ്രമം കഴിഞ്ഞ ദിവസം നടത്തിയത്.

പ്രദേശവാസിയായ പ്രമോദ് വനം വകുപ്പിന്റെ നടപടികളെ കുറിച്ച് പറയുന്നത്- ‘എം.എല്‍.എയും, പഞ്ചായത്ത് പ്രസിഡന്റുമെല്ലാം ഇടപെട്ട് വനം വകുപ്പുമായി കഴിഞ്ഞ ദിവസം ഒരു ചര്‍ച്ച നടത്തിയിരുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്ന വരെ, അക്കേഷ്യ പോലുള്ള മരങ്ങള്‍ നടില്ലെന്നും അവര്‍ ഉറപ്പ് തന്നിട്ടുമുണ്ട്. പക്ഷേ ഇത് ശ്വാശതമായ ഒരു പരിഹാരം അല്ലല്ലോ? ഒരു സ്ഥിരം പരിഹാരം എന്ന നിലയില്‍ ഇവിടെയുള്ള മൂന്ന് പഞ്ചയാത്തുകളില്‍ അക്കേഷ്യ, മാഞ്ചിയം സ്ഥാപിക്കരുത് എന്ന് പറഞ്ഞ് ഒരു പ്രമേയം പാസാക്കി എടുത്തിട്ടുണ്ട്. ഇതാണ് ഇനിയുള്ള പ്രതീക്ഷ. ഞങ്ങളുടെ ഈ പ്രദേശ എന്ന് പറാഞ്ഞാല്‍ വനമേഖലയാണ്. ഇവിടെ ഇതുവരെയില്ലാത്ത വരള്‍ച്ചയാണ് ഇപ്പോള്‍ ഉണ്ടായികൊണ്ടിരിക്കുന്നത്, അതുപോലെ വന്യമൃഗങ്ങള്‍ നാട്ടിലേക്ക് വന്ന് കൃഷി നശിപ്പിക്കുന്നു, കുട്ടികള്‍ക്ക് ആസ്തമ പോലെയുള്ള രോഗങ്ങള്‍ ഉണ്ടാവുന്നു. ഇതൊക്കെ ഇത്തരം വന്‍ വൃക്ഷങ്ങള്‍ അധികമായി വളര്‍ന്നതിന് ശേഷം തുടാങ്ങിയ പ്രശ്നങ്ങളാണ്. എന്ത് വന്നാലും ഇത്തരം മരങ്ങള്‍ ഇനിയിവിടെ കൂടുതലായി നട്ടുപിടിപ്പിയ്ക്കാന്‍ അനുവദിക്കുകയില്ല. കഴിഞ്ഞ ദിവസം, പുതുതായി സ്ഥാപിച്ച അക്കേഷ്യ പ്ലാന്റുകള്‍ നാട്ടുകാര്‍ ചേര്‍ന്ന് പറിച്ച് മാറ്റിയിരുന്നു. ഇത് തുടര്‍ന്നാല്‍ ഇനിയും പറിച്ച് മാറ്റും.’

പ്രമോദിന്റേത് ഒരു ഒറ്റപ്പെട്ട അഭിപ്രായമല്ല. വനപ്രദേശം ആയിട്ടുപോലും വേനലില്‍ വരള്‍ച്ച കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പ്രദേശവാസികള്‍. കിണറ്റിലോ, തോടുകളിലോ വെള്ളമില്ല. ഇതിന് പുറമേയാണ് വന്യജീവി ശല്യവും, കുട്ടികള്‍ക്ക് ഉണ്ടാവുന്ന രോഗങ്ങളും. നിലവില്‍ ഉള്ള അക്കേഷ്യ, മാഞ്ചിയം മരങ്ങള്‍ മുറിച്ച് മാറ്റണം എന്ന ആവശ്യം ശക്തമായിരിക്കെയാണ്, പുതിയവ വച്ച് പിടിപ്പിയ്ക്കാന്‍ വനം വകുപ്പ് നീക്കം നടത്തിയത്. ഇത് പ്രദേശവാസികള്‍ എല്ലാം ചേര്‍ന്ന് തടസ്സപ്പെടുത്തിയെങ്കിലും, ഇനിയും ഇത്തരം ശ്രമങ്ങള്‍ ഉണ്ടാവുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍. വനത്തിനുള്ളില്‍ ഇത്തരം വൃക്ഷത്തൈകള്‍ സ്ഥാപിച്ചാല്‍, കണ്ടുപിടിക്കുക എളുപ്പമല്ല. ഇതാണ് പ്രദേശവാസികളെ ഇപ്പോള്‍ കുഴപ്പിക്കുന്ന പ്രശ്നം.

പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇത് അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും, ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിഡുമായിട്ടുള്ള കരാറാണ് പ്രതിസന്ധിയായി നിലനില്ക്കുന്നത് എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കാട്ടിലെ പാഴ്മരങ്ങള്‍ വെട്ടി, ന്യൂസ് പ്രിന്റുകള്‍ നിര്‍മ്മിക്കാന്‍ 2022-വരെ നീളുന്ന കരാര്‍ നിലനില്ക്കുന്നുണ്ട്. എന്നാല്‍ മുളയും ഈറയും പോലുള്ള മരങ്ങള്‍ വെച്ച് പിടിപ്പിച്ചാല്‍, അക്കേഷ്യയിലും നല്ല പള്‍പ്പ് ലഭിക്കും എന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇതിന് തയ്യാറാവാതെ, ഇത്തരം വന്മരങ്ങള്‍ വച്ചു പിടിപ്പിക്കും എന്ന ശാഠ്യത്തില്‍ ആണത്രേ വനംവകുപ്പ്.

നന്നിയോട് പഞ്ചായത്ത് പ്രസിഡന്റ് അജിത്തിന് പങ്കുവെയ്ക്കാനുള്ളതും സമാന പരാതികളാണ്. ‘മുമ്പൊക്കെ 2 മിനുട്ട് മഴ പെയ്താല്‍ വെള്ളം തോടുകളിലെത്തുമായിരുന്നു, ഇപ്പോള്‍ രണ്ട് ദിവസം തുടര്‍ച്ചയായി മഴ പെയ്താലും തോടുകള്‍ ശൂന്യമായി കിടക്കുകയാണ്. ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിന് പള്‍പ്പുണ്ടാക്കാന്‍ മുളയും ഈറയും വെച്ചാല്‍ പോരെ? അവിടെ ഒന്നും വരള്‍ച്ചാ പ്രശ്നങ്ങളില്ല. അക്കേഷ്യക്ക് പടരുന്ന വേരുകളാണ്, ഒരു തുള്ളി വെള്ളം ഉള്ളിലേക്ക് പോവില്ല. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ താല്പര്യം ഉണ്ടാവാന്‍ കാരണം, അവര്‍ക്ക് മരം മുറിച്ച് മാറ്റല്‍, കുഴി എടുക്കല്‍, റീപ്ലേസ്, കവര്‍ വാങ്ങുന്നത്, കള പറി, വളമിടല്‍ തുടങ്ങിയ ഒരുപാട് ഘട്ടങ്ങളില്‍ വലിയ പൈസ ലഭിക്കും. അല്ലാതെ ഗവണ്മെന്റിന് ഈ കരാര്‍ പേപ്പര്‍ കമ്പനിയുമായി ഉണ്ട് എന്നതല്ല. കളക്ട്രേറ്റില്‍ വെച്ച് നടന്ന മീറ്റിങ്ങില്‍, വനംവകുപ്പ് മന്ത്രി അക്കേഷ്യ, മാഞ്ചിയം മരങ്ങള്‍ ജനവാസപ്രദേശങ്ങളില്‍ വയ്ക്കില്ല എന്ന് ഉറപ്പ് തന്നിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഒരു കാരണവശാലും ഇതിവിടെ അനുവദിക്കില്ല. രാത്രി സമയങ്ങളില്‍ വനത്തിനുള്ളില്‍ മരങ്ങള്‍ സ്ഥാപിക്കാന്‍ നീക്കം നടക്കുന്നതായും അറിയുന്നുണ്ട്. ഇതും ഒരു തരത്തിലും അംഗീരിക്കാന്‍ പറ്റില്ല.’

പാലോട് റേഞ്ചിലെ പാണ്ഡ്യന്‍ പാറ, ഉണ്ണിപ്പാറ, ചെമ്പങ്കോട് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച നടാനെത്തിച്ച തൈകള്‍ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞിരുന്നു. ചെമ്പങ്കോട് പ്രദേശത്ത് പരിസ്ഥിതി ദിനത്തില്‍ നട്ട വൃക്ഷതൈകള്‍ പിഴുതുമാറ്റിയാണ് വന്മരങ്ങള്‍ നട്ടത് എന്നും ആരോപണം ഉണ്ട്. പിന്നീട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെത്തി തൈകള്‍ പിഴുതു മാറ്റിയിരുന്നു. എം.എല്‍.എ ഡി.കെ മുരളി തൈകള്‍ നടുന്നത് നിര്‍ത്തി വയ്ക്കാന്‍ വനം വകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തിതിട്ടുണ്ട്.

കഴിഞ്ഞ മെയ് മൂന്നാം തീയ്യതി ചേര്‍ന്ന യോഗത്തിലാണ് അക്കേഷ്യ, മാഞ്ചിയം, കാറ്റാടി, യൂക്കാലി പോലെയുള്ള മരങ്ങള്‍ ഇനി സംസ്ഥാനത്ത് വച്ചുപിടിപ്പിക്കില്ല എന്ന് തീരുമാനിച്ചിരുന്നത്. വരള്‍ച്ചയ്ക്ക് ആക്കം കൂട്ടനും, മണ്ണൊലിപ്പ് പോലെ ഉള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാനും ഇത്തരം മരങ്ങള്‍ അധികമായി സ്ഥാപിക്കുന്നത് കാരണമാവും എന്ന വിലയിരുത്തലിനെ തുടര്‍ന്നയായിരുന്നു ഇത്. മുഖ്യമന്ത്രി ഇത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രസ്താവിക്കുകയും ചെയ്തതാണ്. ആ വാഗ്ദാനത്തിന്റെ പരസ്യമായ ലംഘനമാണ് ഇപ്പോഴും വനംവകുപ്പ് നടത്തുന്നത്. ഇത് സംബന്ധിച്ച ഉത്തരവുകള്‍ ഒന്നും വനം വകുപ്പിന് ലഭിച്ചിട്ടില്ല എന്ന ന്യായമാണ് ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്നത്. ഇത് ഗവണ്മെന്റിനെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ്. പ്രദേശവാസികളും, പഞ്ചായത്തുമെല്ലാം ചേര്‍ന്ന് വനംവകുപ്പിനെ പ്രതിരോധിക്കേണ്ടി വരുന്നതും ഈ വിഷയത്തിലെ ഗവണ്മെന്റിന്റെ ശ്രദ്ധക്കുറവ് കൊണ്ട് തന്നെയാണ്.

(വനം വകുപ്പ് മന്ത്രി കെ രാജുവിനെയും, തിരുവനന്തപുരം ജില്ലാ വനംവകുപ്പ് ഓഫീസറെയും ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ല)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഷാരോണ്‍ പ്രദീപ്‌

ഷാരോണ്‍ പ്രദീപ്‌

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍