UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമ്മമാരുടെ സാമ്രാജ്യത്തിലെ അച്ഛന്‍

Avatar

നെവിന്‍ മാര്‍ടെല്‍
(വാഷിംഗടണ്‍ പോസ്റ്റ്)

ചെറിയ മാറ്റങ്ങള്‍ ഉണ്ടെങ്കിലും പേരന്റിംഗ് ലോകം ഇപ്പോഴും അമ്മമാരുടെ ലോകമാണ്. ശിശുകേന്ദ്രിതമായ ഒരു ലോകത്ത് ഒരു അമ്മയ്ക്ക് എന്നെ പരിചയപ്പെടുത്തുമ്പോള്‍ മൂന്നു കാര്യങ്ങളാണ് വേഗം തന്നെ ഞാന്‍ അവതരിപ്പിക്കേണ്ടിവരുന്നത്. 

ഒന്ന്: ഞാന്‍ എന്റെ മകനോടൊപ്പം വന്നതാണ്. ‘അതാ, എന്റെ മകന്‍, ആ സ്ലൈഡില്‍ കയറുന്നവന്‍.’ 

രണ്ട്: ഞാന്‍ വിവാഹിതനാണ്. ‘എന്റെ ഭാര്യ ഹെല്‍ത്ത് ക്ലബ്ബിലാണ്. ഞാന്‍ കുറച്ച് അച്ഛന്‍-മകന്‍ സമയം ആസ്വദിക്കുകയാണ്.’

മൂന്ന്: കുടുംബമാണ് എനിക്ക് ഏറ്റവും പ്രധാനം. ‘കഴിഞ്ഞ ആഴ്ചയാണ് ഞാനും ഭാര്യവും ആദ്യമായി 2015ല്‍ കുറച്ചു സമയം ഒറ്റയ്ക്ക് ചെലവഴിച്ചത്. പുറത്തുപോയതൊക്കെ രസമായിരുന്നു, പക്ഷെ ഈ ചെറിയ മനുഷ്യനെ വല്ലാതെ മിസ് ചെയ്തു. അതുകൊണ്ട് ഞങ്ങള്‍ ഈ വീക്കെന്‍ഡില്‍ മ്യൂസിയത്തില്‍ പോവുകയാണ്.’ 

എന്തിനാണ് ഞാന്‍ ഇത്രയൊക്കെ വിശദീകരിക്കുന്നത് എന്ന് തോന്നാം. മറ്റമ്മമാരോട് ഞാന്‍ വേഗം തന്നെ ഇതൊക്കെ പറയുന്നത് അവര്‍ ഞാന്‍ ദുഷ്ടലാക്കോടെ വന്ന ഒരാളാണ് എന്ന് കരുതാതിരിക്കാനാണ്. 

അമ്മമാരുടെ മാത്രം ഇടങ്ങളായിരുന്ന ചില സ്ഥലങ്ങളില്‍ പുരുഷന്മാരെ കണ്ടാല്‍ ഇപ്പോഴും ആളുകള്‍ക്ക് സംശയങ്ങളുണ്ട്. പണ്ടൊക്കെയായിരുന്നെങ്കില്‍ ഈ സംശയിക്കുന്നതിന് ന്യായമുണ്ട്. പാശ്ചാത്യ ലോകത്ത് കുട്ടിയെ വളര്‍ത്താന്‍ അമ്മയെപ്പോലെ തന്നെ ഇടപെടലുകള്‍ നടത്തുന്ന അച്ഛന്‍ ഒരു പുതിയ ആശയമാണ്. ആകമാനമുള്ള പേരന്റിംഗ് ചിത്രത്തില്‍ ഞങ്ങള്‍ ഇപ്പോഴും ഒരു ന്യൂനപക്ഷമാണ്. 

എഴുപതുകളില്‍ ഞാന്‍ വളര്‍ന്ന കാലത്ത് എന്റെ അച്ഛന്‍ എന്നെ പ്ലേഗ്രൗണ്ടില്‍ കൊണ്ടുപോകുന്നത് വളരെ അപൂര്‍വമായിരുന്നു. സ്‌കൂളിനു വെളിയിലുള്ള ഒരു കാര്യത്തിനും അച്ഛന്‍ ഒപ്പമുണ്ടായിരുന്നില്ല (അച്ഛന്‍ സ്ഥിരമായി എന്നെ മീന്‍ പിടിക്കാനും കാട്ടിലൂടെ നടക്കാനും കോമിക്ക് ബുക്ക് കടയിലും കൊണ്ടുപോകാറുണ്ടായിരുന്നു). വീട്ടമ്മയായ എന്റെ അമ്മയാണ് ഇതൊക്കെ ചെയ്തിരുന്നത്. അച്ഛനായിരുന്നു വീട്ടിലെ ഏകവരുമാനക്കാരന്‍. ആഴ്ചകളോളം ഇടവേളയില്ലാതെ അച്ഛന്‍ ജോലിചെയ്തിരുന്നത് ഞാന്‍ ഓര്‍ക്കുന്നുണ്ട്. അതിനുശേഷം അച്ഛന്‍ വീട്ടിലെത്തുമ്പോള്‍ പരിപൂര്‍ണ്ണ വിശ്രമമമായിരുന്നു. 

കുറച്ചു ദശാബ്ദങ്ങള്‍ കൊണ്ട് പല പേരന്റിംഗ് രീതികളും മാറി, ചിലപ്പോഴൊക്കെ വളരെ വിപ്ലവകരമായിത്തന്നെ. കുടുംബത്തിലെ ജോലികളും ഘടനയുമൊക്കെ മാറ്റുന്ന ഇത്തരം മാറ്റങ്ങള്‍ക്കു ശേഷവും മുന്‍രീതിയെ ചുറ്റിപ്പറ്റിയുള്ള മാനസികാവസ്ഥകള്‍ തുടരുന്നു. ഡേ കെയറില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും കുട്ടികളെ വിളിച്ചുകൊണ്ടുപോകാനും കുട്ടികളുടെ മറ്റു പ്രവര്‍ത്തികളില്‍ പങ്കുചേരാനും അച്ഛന്മാര്‍ എത്തുന്നത് പലര്‍ക്കും ഇപ്പോഴും അംഗീകരിക്കാനാവുന്ന കാര്യമല്ല. 

ഇത്തരം ഇടങ്ങളില്‍ കളിസ്ഥലങ്ങള്‍, ഡോക്ടറുടെ മുറികള്‍, ഡേകെയര്‍ മാതൃത്വത്തിന്റെ വിശുദ്ധനിലങ്ങളില്‍ അതിക്രമിച്ചുകയറുന്ന ഒരാളായി കരുതപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നെയും ഒരു രക്ഷകര്‍ത്താവായി അംഗീകരിക്കണം എന്നതാണ് എനിക്കിഷ്ടം. ഇത്തരം സാമ്പ്രദായിക അമ്മ ഇടങ്ങളില്‍ കുറെയേറെ സമയം ചെലവഴിച്ചിട്ടുള്ളതുകൊണ്ടു ഈ ടെന്‍ഷന്‍ എനിക്ക് വേഗം മനസിലാകും. 

പലപ്പോഴും എനിക്ക് സമയം കാണാറില്ല. അതുകൊണ്ടാണ് ഞാന്‍ ഈ മൂന്നു വിവരങ്ങള്‍ കൗതുകക്കാരിയായ ഓരോ അമ്മയോടും പറയാന്‍ ശ്രദ്ധിക്കുന്നത്. എനിക്കൊരു കുട്ടിയുണ്ട്, ഞാന്‍ വിവാഹിതനാണ്, എന്റെ കുടുംബമാണ് എനിക്ക് ഏറ്റവും പ്രധാനം. 

ഉദാഹരണത്തിന് ഞാന്‍ എന്റെ മകനെ കളിസ്ഥലത്ത് കൊണ്ടുപോയാല്‍ അവിടെ ഒറ്റയ്ക്ക് വരുന്ന അച്ഛന്മാരെക്കാള്‍ കൂടുതല്‍ ഒറ്റയ്ക്ക് വരുന്ന അമ്മമാരായിരിക്കും. കുട്ടിയെ ഊഞ്ഞാലാട്ടുന്നതിനിടയില്‍ അവരോടു സംസാരിക്കാന്‍ എനിക്ക് തോന്നും. അത്തരം സംഭാഷണങ്ങളില്‍ നിന്ന് കുട്ടികളെ വളര്‍ത്താനുള്ള ടിപ്പുകളും സന്തോഷങ്ങളും തമാശകളും ചിലപ്പോള്‍ കുട്ടി വിഷയങ്ങളല്ലാത്ത സാധാരണ സംഭാഷണങ്ങള്‍ പോലും സംഭവിക്കും. 

ജീവിതത്തിലെ ഒരു സന്ദര്‍ഭങ്ങളിലും ഒരു മോശക്കാരനായി ചിത്രീകരിക്കപ്പെടുന്നത് എനിക്കിഷ്ടമല്ല എന്ന് ഞാന്‍ തുറന്നു സമ്മതിക്കട്ടെ. ഒരു അമ്മയോട് ഞാന്‍ ഒരു മോശക്കാരനല്ല എന്ന് ഉടനടി ബോധ്യപ്പെടുത്തിയില്ലെങ്കില്‍ ബാക്കിയുള്ള സമയം ഞാന്‍ അവരെ ഒഴിവാക്കാന്‍ ശ്രമിക്കേണ്ടിവരും. മറ്റൊരു പേരന്റിനോട് ഞാന്‍ ഒരു അപകടകാരിയല്ല എന്ന് ബോധിപ്പിക്കേണ്ടി വരുമ്പോള്‍ ഞാന്‍ ഒരു പരാജയമാണെന്ന് എനിക്ക് തോന്നും. 

എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ സന്ദര്‍ഭങ്ങളുമുണ്ട്. പണ്ട് ഞാന്‍ എന്റെ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ ഡേകെയറില്‍ നിന്ന് വിളിക്കാന്‍ പോകുമ്പോള്‍ പലപ്പോഴും ഒരു മുറിനിറയെ മുലയൂട്ടുന്ന അമ്മമാരെ കാണാമായിരുന്നു. ഒരു മുറിയിലെ പൂര്‍ണമായി ഷര്‍ട്ട് ധരിക്കുന്ന ഏകവ്യക്തിയാകുന്നത് എന്നെ അസ്വസ്ഥനാക്കി. വലിയ ഒരു ഭക്ഷണശാലയില്‍ മുഷിഞ്ഞവേഷമിട്ട് ചെല്ലുന്നതുപോലെയായിരുന്നു അത്. ഞാന്‍ അവിടെ ചേരില്ല.

എനിക്ക് അനൗചിത്യം തോന്നിയിരുന്നെങ്കിലും എന്റെ ഡേകെയറിലെ മറ്റു മാതാപിതാക്കളെ അടുത്തറിയാന്‍ ഞാന്‍ ശ്രമിച്ചു. സംസാരങ്ങള്‍ക്കിടയില്‍ ബഹുമാനപൂര്‍വം കഴുത്തിനുമേലെ മാത്രം നോക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു. മടിയിലെ കുട്ടി എത്രത്തോളം എന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചിട്ടും. 

അവരുടെ നടുവില്‍ ഞാന്‍ വന്നിരിക്കുന്നത് ആദ്യം അമ്മമാര്‍ക്ക് അസ്വസ്ഥതയുണ്ടാക്കിയിരുന്നു എന്നെനിക്ക് മനസിലാകും. ഉത്തരങ്ങള്‍ ചുരുങ്ങിയ വാക്കുകളിലായിരുന്നു. മുലയൂട്ടല്‍ ദൈര്‍ഘ്യം കുറഞ്ഞതില്‍നിന്നും അവരുടെ മടി എനിക്ക് മനസിലാക്കാന്‍ കഴിയുമായിരുന്നു. ഞാന്‍ എന്റെ ഇടപെടലുകള്‍ ചെറിയ സമയത്തേക്ക് വെച്ചു. ഓരോ അമ്മയുടെയും കുഞ്ഞിന്റെയും പേര് പഠിക്കുന്നതും കുട്ടികളുടെ വളര്‍ച്ച മനസിലാക്കുന്നതും ആളുകളുമായി ഒരു ബന്ധമുണ്ടാക്കാന്‍ സഹായകമായി. മിക്കവാറും ദിവസങ്ങളിലും എന്റെ മകന്റെ ജീവിതത്തില്‍ ഞാന്‍ സ്ഥിരസാന്നിധ്യമായി ഉണ്ടായി എന്നതും സഹായകമായി. 

കുറച്ചുമാസങ്ങള്‍ കൊണ്ടു അമ്മമാരുടെയും എന്റെയും ഇടയിലെ അദൃശ്യമായ മതില്‍ ഇടിഞ്ഞു. എനിക്ക് മുലയൂട്ടുന്ന അമ്മമാരുടെ അടുത്തിരുന്ന് കുട്ടികളെപ്പറ്റിയും മറ്റുവിഷയങ്ങളെപ്പറ്റിയും സംസാരിക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ ഈ അമ്മമാരില്‍ പലരും എന്റെ പ്രിയ സുഹൃത്തുക്കളാണ്. ഞാന്‍ ഒരു പേരന്റ് ആയി വളര്‍ന്നതില്‍ ഇവരുടെ പിന്തുണയും അറിവും കൂടിയുണ്ട്. 

അമ്മ സാമ്രാജ്യങ്ങളില്‍ എന്റെ മകന്റെ കൂടെ പല തവണ യാത്രചെയ്തപ്പോള്‍ ഞാന്‍ കൂടുതല്‍ സ്വസ്ഥനായി. ഞാനും മറ്റൊരു പേരന്റ് മാത്രമാണെന്നും കുട്ടിക്ക് ഏറ്റവും മികച്ചത് ലഭിക്കണമെന്നു ആഗ്രഹിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നതെന്നും അമ്മമാരും തിരിച്ചറിഞ്ഞു. 

അമ്മമാരെ, ഇനി നിങ്ങള്‍ ഒരു കളിസ്ഥലത്ത് ഒരു അച്ഛനെ തനിച്ചുകണ്ടാല്‍, ഡോക്ടറുടെ ഓഫീസില്‍ കാത്തിരിക്കുന്നതോ ഡേകെയറില്‍ കുട്ടിയുടെ ബാഗ് ഒരുക്കുന്നതോ കണ്ടാല്‍, അയാളെ അവിടെ കാണുന്നതില്‍ സന്തോഷമുണ്ട് എന്ന് അയാളോട് പറയാന്‍ ശ്രമിക്കുക. ഒരിക്കല്‍ നിങ്ങളുടെത് മാത്രമായിരുന്ന സാമ്രാജ്യത്തില്‍ അയാള്‍ക്കും സ്വാഗതം എന്നറിയുന്നത് അയാളെ സന്തോഷിപ്പിക്കും. ഉറപ്പ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍