UPDATES

ട്രെന്‍ഡിങ്ങ്

ക്രിക്കറ്റ് കളിയാണ്, അതിദേശീയതയുടെ പ്രദര്‍ശനമത്സരമല്ല; ടെണ്ടുല്‍ക്കര്‍ മുതല്‍ ധോണി വരെയുള്ളവരുടെ രാജ്യസ്‌നേഹ ‘പ്രകടനങ്ങള്‍’

അതിദേശിയതയുടെ പ്രകടന മേഖലകളായി ക്രിക്കറ്റ് മാറിയിട്ട് കുറേക്കാലമായി

ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് മല്‍സരവുമായി ബന്ധപ്പെട്ടുള്ള ഒരു പ്രധാന വാര്‍ത്ത മഹേന്ദ്ര സിംങ് ധോണിയുടെ കൈയുറയാണ്. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ അദ്ദേഹം അണിയുന്ന കൈയുറയില്‍ സൈന്യവുമായി ബന്ധപ്പെട്ട ചിഹ്നം ആലേഖനം ചെയ്തതാണ് വിവാദമായത്. അത് അനുവദിക്കാന്‍ കഴിയില്ലെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ വ്യക്തമാക്കി. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ധോണിയെ പിന്തുണച്ച് രംഗത്തെത്തി.

ക്രിക്കറ്റെന്നല്ല, ലോകത്ത് ഒരു മല്‍സരവും രാഷ്ട്രീയ മുക്തമല്ല. അതുകൊണ്ടാണ് വര്‍ണവിവേചനം നിലനിന്ന ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അംഗീകരിക്കാതിരുന്നത്. പലസ്തീന്‍ ജനതയെ കൂട്ടക്കുരുതി നടത്തുന്ന ഇസ്രയേലുമായി കായിക ബന്ധത്തിന് മുതിരാന്‍ ചിലര്‍ മടിക്കുന്നതും രാഷ്ട്രീയം കൊണ്ട് തന്നെ. തീര്‍ച്ചയായും ശീതയുദ്ധകാലത്തെ തീവ്രത ഇപ്പോള്‍ ഇക്കാര്യത്തില്‍ ഇല്ല. എങ്കിലും രാഷ്ട്രീയത്തെ പൂര്‍ണമായി മാറ്റി നിര്‍ത്തിയുള്ള ഒരു മല്‍സരവും യഥാര്‍ത്ഥത്തില്‍ സാധ്യമല്ല. അങ്ങനെയാവുമ്പോള്‍ പോലും മല്‍സരങ്ങളെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള മഞ്ഞുരുകലിനുള്ള അവസരമാക്കി മാറ്റാന്‍ രാഷ്ട്ര നേതാക്കള്‍ ശ്രമിച്ചതിന്റെ ഉദാഹരണങ്ങള്‍ ഉണ്ട്. രാജ്യങ്ങള്‍ക്കിടയിലെ ശത്രുത മാറ്റി ജനങ്ങള്‍ക്കിടയിലെ സൗഹാര്‍ദ്ദം വര്‍ധിപ്പിക്കാനാണ് മല്‍സരങ്ങള്‍ കൊണ്ട് ലക്ഷ്യമിടാറുള്ളത്.

ഇന്ത്യയും പാകിസ്താനും തമ്മില്‍ അത്ര നല്ല ബന്ധമല്ലാതിരുന്ന കാലത്താണ് ക്രിക്കറ്റ് ഡിപ്ലോമസിയിലുടെ ഉഭയകക്ഷി ബന്ധത്തിന് പുതിയൊരു തുടക്കം കുറിക്കാന്‍ അന്നത്തെ ഇരു രാഷ്ട്രങ്ങളിലേയും നേതാക്കള്‍ ശ്രമിച്ചത്. 1980 കളില്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴായിരുന്നു അത്. പാകിസ്താന്‍ പ്രസിഡന്റായിരുന്ന സിയ ഉള്‍ ഹഖ് അന്ന് ഇന്ത്യ പാക് ടെസ്റ്റ് മല്‍സരം കാണാന്‍ ഇന്ത്യയിലെത്തുകയായിരുന്നു. ജയ്പൂരിലെ സവായ് മാന്‍ സിംങ് സ്‌റ്റേഡിയത്തില്‍ അദ്ദേഹം മല്‍സരം കണ്ടു. ഇന്നത്തെ പാക് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാന്‍, സുനില്‍ ഗവാസ്‌ക്കര്‍ മിയാന്‍ദാദ്, തുടങ്ങി ഉപഭൂഖണ്ഡത്തിലെ വിശ്വോത്തര താരങ്ങള്‍ കളിച്ച മല്‍സരമായിരുന്നു അത്. ഇന്ത്യ പാക് ബന്ധത്തില്‍ കാര്യമായൊരു മാറ്റവും സിയാ ഉള്‍ ഹഖിന്റെയും രാജീവ് ഗാന്ധിയുടെയും ക്രിക്കറ്റ് ഡിപ്ലോമസി കൊണ്ടുണ്ടായില്ലെങ്കിലും തല്‍ക്കാലത്തേക്കെങ്കിലും ഒരു സൗഹാര്‍ദ അന്തരീക്ഷം സൃഷ്ടിക്കാനെങ്കിലും കഴിഞ്ഞു.

ഇന്ത്യ പാക് മല്‍സരങ്ങളെ യുദ്ധമെന്ന് മറുപേര് വിളിച്ച് ആഘോഷിച്ചത് മാധ്യമങ്ങളാണ്. അതുകൊണ്ട് തന്നെ കളിക്കാരായല്ല, സൈനികരായാണ് അതിദേശീയത ബാധയേറ്റവര്‍ ക്രിക്കറ്റര്‍മാരെ കണ്ടത്. മല്‍സരത്തിന്റെ സൗന്ദര്യത്തിനപ്പുറം ദേശീയതയുടെ രൗദ്രതയായിരുന്നു അവര്‍ക്ക് കളിക്കളത്തില്‍ വേണ്ടത്. ക്രിക്കറ്റിലെ മനോഹരമായ ഷോട്ടുകളോ, കളിക്കളത്തിലെ ഫീല്‍ഡര്‍മാരുടെ അനിതരസാധാരണങ്ങളായ പ്രകടനങ്ങളോ ബോളില്‍ മാന്ത്രികത നിറയ്ക്കുന്ന കരുവിരുതോ എന്നതിലപ്പുറം എതിരാളിയെ നിഗ്രഹിക്കാന്‍ എന്തെങ്കിലും ചെയ്താല്‍ മതിയെന്ന വെപ്രാളമായി ഇത്തരക്കാര്‍ക്ക് ഇന്ത്യ പാക് മല്‍സരങ്ങള്‍. പാകിസ്താനെതിരെ ഇന്ത്യ മല്‍സരിച്ച് ജയിക്കുമ്പോള്‍ മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ഉത്തരേന്ത്യയിലെ ചിലയിടങ്ങളില്‍ ആക്രമങ്ങള്‍ ഉണ്ടാകുന്നതൊക്കെ ഇതിന്റെ ഭാഗമായി കാണേണ്ടതാണ്.

ഇതിന്റെ മറ്റൊരു വശമാണ് ലഫ്. കേണല്‍ എന്ന പദവി ലഭിച്ച മഹിന്ദര്‍ സിംങ് ധോണി തന്റെ കൈയുറയില്‍ സൈന്യത്തിന്റെത് തോന്നുന്ന ചിത്രം പതിപ്പിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ നിബന്ധന പ്രകാരം രാഷ്ട്രീയമായോ വംശീയമായോ മതപരമായോ ഉളള സൂചനകള്‍ നല്‍കുന്ന ഒന്നും കളിക്കളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. രാജ്യത്തെ സൈന്യത്തെ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരത്തിനിടെ ഓര്‍മ്മപ്പെടുത്തുന്നത് ഒരു രാഷ്ട്രീയ പ്രസ്താവന തന്നെയാണ്. കളിക്കളത്തില്‍ അതല്ല ആവശ്യം. ധോണി യുദ്ധവുമായി ക്രിക്കറ്റിനെ ബന്ദിപ്പിക്കുന്നുവെന്ന പാകിസ്താന്‍ മന്ത്രിക്ക് അതിവായന നടത്താന്‍ ഇടയാക്കിയത് ഈ പെരുമാറ്റമാണ്. ഇതിനോട് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ പ്രതികരിക്കുകയും അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്യുന്നതിന് പകരം ക്രിക്കറ്റ് താരത്തിന്റെ വൈകാരിക യുക്തിയുടെ പിന്നാലെ പോകുകയാണ് ഇന്ത്യയിലെ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും ചെയ്തത്.

ദേശീയത പ്രകടനം മൈതാനത്തില്‍ ഒരു സ്വാഭാവിക പരിപാടിയാക്കി മാറ്റിയത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു. ഹെല്‍മെറ്റില്‍ ഇന്ത്യന്‍ പതാകയുടെ ചിത്രം പതിച്ച് മൈതാനത്ത് ഇറങ്ങിയത് സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. ചിലര്‍ അന്ന് അതിനെ ഉചിതമല്ലാത്ത സ്ഥലത്ത് ദേശീയ പതാക പ്രദര്‍ശിപ്പിച്ചത് തെറ്റായി കണ്ടു. ചുരുക്കം ചിലര്‍ ഇത്തരത്തില്‍ ദേശീയത പ്രദര്‍ശനം ആവശ്യമുണ്ടോ എന്ന് സംശയിച്ചു. എന്തായാലും ടെണ്ടുല്‍ക്കറുടെ നടപടി പിന്നീട് സ്വാഭാവികവല്‍ക്കരിക്കപ്പെട്ടു. ഇപ്പോള്‍ പലരും അത് ചെയ്യുന്നു.

പുല്‍വാമയില്‍ ഭീകരാക്രമണം ഉണ്ടായതിന് ശേഷം നടന്ന ഒരു മല്‍സരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളിക്കളത്തില്‍ ഇറങ്ങിയത് മിലിട്ടറി ക്യാപുമായാണ്. രാജ്യത്തോടുള്ള സ്‌നേഹത്തെ സൈന്യത്തിലേക്ക് ചുരക്കികളയുക എന്നത് ഒരു രാഷട്രീയമാണ്. സൈനികവല്‍ക്കരണത്തെ മഹത്വവല്‍ക്കരിക്കുന്ന ഒരു രാഷ്ട്രീയം. അതിന്റെ വക്താക്കളാവുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. പുല്‍വാമയില്‍ ഭീകരാക്രമണം നടന്നതിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ ലോകകപ്പ് മല്‍സരത്തില്‍ പങ്കെടുപ്പിക്കാതിരിക്കാന്‍ ശ്രമിച്ചതാണ് ബിസിസിഐ. അതും സര്‍ക്കാരിന്റെ ഒരു നിര്‍ദ്ദേശവുമില്ലാതെ! പാകിസ്താന്‍ ടീം അംഗങ്ങള്‍ ഇന്ത്യയ്‌ക്കെതിരായ മല്‍സരത്തില്‍ പട്ടാളത്തിന്റെ ക്യാപ്പും മറ്റ് ചിഹ്ന പ്രദര്‍ശനങ്ങളുമായി എത്തിയാല്‍ എങ്ങനെയാവും നമ്മുടെ പ്രതികരണം. അതിദേശിയതയുടെ പ്രദര്‍ശനമല്‍സരങ്ങളാക്കി ക്രിക്കറ്റിനെ മാറ്റുന്നതില്‍ ബിസിസിഐയ്ക്കും പങ്കുണ്ട്.

മിലിട്ടറിസത്തിനും ഫാസിസത്തിനുമെതിരെ മനുഷ്യത്വപരമായി പ്രതികരിച്ച ചരിത്രം ഇന്ത്യയ്ക്കുണ്ട്. അതും കൊളോണിയല്‍ കാലത്ത്. 1936 ലെ ബര്‍ലിന്‍ ഒളിമ്പിക്കിസില്‍ പങ്കെടുത്ത ടീം അംഗങ്ങള്‍ ഹിറ്റ്‌ലറെ അഭിവാദ്യം ചെയ്യണമെന്ന നിര്‍ദ്ദേശം തള്ളിക്കളഞ്ഞ ചുരുക്കം ചില രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയുമുണ്ടായിരുന്നു. അന്ന് ദേശിയതയെ കുറിച്ചുള്ള ഇന്ത്യന്‍ മുഖ്യധാരയെ സ്വാധീനിച്ചത് മിലിട്ടറിസ്റ്റ് സങ്കല്‍പങ്ങളായിരുന്നില്ല. ധോണിയിലും കോഹ്ലിയിലും ബിസിസിഐയുടെ നടത്തിപ്പുകാര്‍ക്കും രാജ്യത്തെ സ്‌നേഹിക്കുകയെന്നാല്‍ പട്ടാളത്തെ മഹത്വവല്‍ക്കരിക്കുകയെന്നതാണ്. മിലിട്ടറിസം പക്ഷെ രാജ്യത്തെ സ്‌നേഹിക്കുന്നതിന് പകരമായി ഉപയോഗിക്കാവുന്ന വാക്കല്ല. ഒരിടത്തും, പ്രത്യേകിച്ച് ജനാധിപത്യ സമൂഹങ്ങളില്‍.

Read More: ധോണിയുടെ ‘പട്ടാള ഗ്ലൗസ്’ അനുവദിക്കാനാവില്ലെന്ന് ഐസിസി; ധോണിക്ക് പിന്തുണയുമായി ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍

എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍