അനിസ ദ്രാബൂ
രണ്ട് ട്രില്യണ്‍ ഡോളര്‍ കടന്ന ഇന്ത്യന്‍ സാമ്പത്തികരംഗം ആറ് ശതമാനം പ്രതിവര്‍ഷ വളര്‍ച്ച നിരക്ക് കാണിക്കുന്നു. പക്ഷെ അടിസ്ഥാന സൗകര്യ വികസന സാമ്പത്തിക കോര്‍പ്പറേഷന്‍ പുറത്തിറക്കിയ 2012-13ലെ ഇന്ത്യന്‍ ഗ്രാമീണ വികസന റിപ്പോര്‍ട്ട് പ്രകാരം ഇപ്പോഴും ജനസംഖ്യയില്‍ 69 ശതമാനവും ഗ്രാമീണ മേഖലയില്‍ ആണെന്നതും അവരില്‍ 70 ശതമാനം അല്ലെങ്കില്‍ ഇന്ത്യന്‍ ജനതയുടെ പകുതി, ഭൂമിയെയും ഭൂമിയെ അടിസ്ഥാനപ്പെടുത്തിയുള്ള ജീവിത മാര്‍ഗ്ഗങ്ങളെയുമാണ് ആശ്രയിക്കുന്നത് എന്ന കാര്യം ഈ വികസന കണക്കുകള്‍ക്ക് മറച്ചുപിടിക്കാന്‍ സാധിക്കില്ല.
സര്‍ക്കാര്‍ ജൂലൈ മൂന്നിന് പുറത്തിറക്കിയ 2011ലെ സാമൂഹിക, സാമ്പത്തിക, ജാതി സര്‍വെയില്‍ ചൂണ്ടിക്കാണിക്കുന്നത് പോലെ ജാതിയ്ക്കും നിരക്ഷരതയ്ക്കും അപ്പുറം ഭൂരാഹിത്യമാണ് ഇന്ത്യയിലെ ഗ്രാമീണ ദാരിദ്ര്യം പ്രതിഫലിപ്പിക്കുന്ന ഏറ്റവും വലിയ സൂചകം. ഭൂരാഹിത്യമാണ് ഇന്ത്യയിലെ ഗ്രാമീണ ദാരിദ്ര്യത്തിന്റെ ഏറ്റവും വലിയ സൂചകമെന്ന് ഒരു പക്ഷെ സര്‍ക്കാര്‍ തന്നെ അംഗീകരിക്കുന്നത് ഇതാദ്യമായാണ്. ഇന്ത്യയിലെ ഗ്രാമീണ ജനസംഖ്യയുടെ 54 ശതമാനവും ഒരു ഭൂഉടമസ്ഥതയും ഇല്ലാതെയാണ് ജീവിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഗ്രാമീണ ദാരിദ്ര്യം തുടച്ചുനീക്കുന്നതിനുള്ള അര്‍ത്ഥപൂര്‍ണമായ നടപടികള്‍ കൈക്കൊള്ളാതെ ഇന്ത്യയെ ഒരു സാമ്പത്തിക ശക്തിയായി വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കില്ല. ഗ്രാമീണ ദാരിദ്ര്യം തുടച്ചുനീക്കാനും കാര്‍ഷിക വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനുമായുള്ള ഭൂപരിഷ്‌കരണങ്ങളായിരുന്നു 1950കളിലും 1960കളിലും നമ്മുടെ മുഖ്യ അജണ്ടയായി മാറിയതെങ്കിലും മിക്ക സംസ്ഥാനങ്ങളിലും സംഭവിച്ച ഭീമമായ നയപരാജയം ഈ ലക്ഷ്യത്തെ പിറകോട്ടടിച്ചു. ചില സംസ്ഥാനങ്ങളിലെ അത്ര പ്രധാനമല്ലാത്ത പരിശ്രമങ്ങള്‍ ഇത്തരം സാധ്യതകളെ സജീവമാക്കി നിലനിറുത്തിയെങ്കിലും ദേശീയമായി വന്‍കിട ഭൂപരിഷ്‌കരണങ്ങള്‍ ഒരിക്കലും അതിന്റെ പ്രാധാന്യം കൈവരിച്ചില്ല.
ഇത്, വിജയകരമായ ഭൂപരിഷ്‌കരണ നയങ്ങളിലൂടെ തങ്ങളുടെ ദേശീയ സാമ്പത്തികരംഗത്തെ ഉത്തേജിപ്പിച്ച ചൈന, ജപ്പാന്‍, തായ്വാന്‍, തായിലന്റ്, വിയന്റ്‌നാം തുടങ്ങിയ മേഖലയില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും തികച്ചും വിഭിന്നമായ ഒരു സ്ഥിതിവിശേഷമാണ് ഇന്ത്യയില്‍ സൃഷ്ടിച്ചത്.
സ്മാര്‍ട്ട് സിറ്റികള്‍ പോലെയുള്ള പദ്ധതികള്‍ വഴി നഗരവികസനത്തിന് സര്‍ക്കാര്‍ നല്‍കുന്ന അതേ ഊര്‍ജ്ജസ്വലത തന്നെ ഭൂരഹിതരുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഗ്രാമീണ വികസനം സാധ്യമാക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരിക്കുന്നു. ഭൂ ഏറ്റെടുക്കല്‍ ബില്ലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന അതേ ആവേശം ഭൂപരിഷ്‌കരണവും ഭൂമിയുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്നതില്‍ വീഴ്ച വന്നിട്ടുള്ള നയങ്ങളുടെയും നിയമങ്ങളുടെയും കാര്യത്തില്‍ പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ വരുന്ന പത്തുപതിനഞ്ച് കൊല്ലങ്ങള്‍ക്കുള്ളില്‍ ഗ്രാമീണ ഭൂരാഹിത്യം എന്ന വലിയ പ്രശ്‌നം തുടച്ച് നീക്കാന്‍ സാധിക്കും.
നിര്‍ണായകമാകുന്ന ഭൂഅവകാശങ്ങള്‍
ഇന്ത്യയിലെ ഗ്രാമീണ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം വരുമാനത്തെയും സാമൂഹിക ശ്രേണിയെയും സാമ്പത്തിനെയും സുരക്ഷയെയും നിര്‍ണായകമായി സ്വാധീനിക്കുന്നത് ഭൂമിയിലുള്ള അവകാശങ്ങളാണ്. ഭൂമിയിലുള്ള അവകാശങ്ങള്‍ ഗ്രാമീണ കുടുംബങ്ങള്‍ക്ക് സ്ഥിരമായ ഒരു ആസ്തി മാത്രമല്ല പ്രധാനം ചെയ്യുന്നത്. മറിച്ച് ഭൂമിയുടെ അവകാശം, തങ്ങളുടെ ഭൂമിയില്‍ മെച്ചപ്പെട്ട നിക്ഷേപങ്ങള്‍ നടത്താനുള്ള ഒരു പ്രേരണയായും വായ്പകളുടെയും ഭവന, സാമൂഹിക ക്ഷേമപദ്ധതികളുടെയും ലഭ്യതയിലേക്കുള്ള ഒരു സ്രോതസായി മാറുകയും ചെയ്യുന്നു. സ്ത്രീകള്‍ പ്രത്യേകിച്ചും ഭൂമിയുടെ അവകാശികളായി തീരുന്നതോടെ, ശാക്തീകരിക്കപ്പെട്ടു എന്ന തോന്നല്‍ അവര്‍ക്ക് ഉണ്ടാവുകയും തങ്ങളുടെ മക്കളുടെ ഭാവിക്കായി കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ അവര്‍ക്ക് സാധിക്കുകയും തീരുമാനമെടുക്കാനുള്ള അധികാരം വര്‍ദ്ധിക്കുകയും അതുവഴി അവരുടെ ഭക്ഷ്യസുരക്ഷ, പോഷകാഹാര ഉപഭോഗം മെച്ചപ്പെടുകയും ചെയ്യുന്നു.
അതുകൊണ്ടുതന്നെ, ഭൂമിയിലുള്ള അവകാശം ഗ്രാമീണ കുടുംബങ്ങളെ സ്വതന്ത്രമാക്കുകയും ദാരിദ്ര്യത്തിന്റെ വിഷമവൃത്തത്തില്‍ നിന്നും അവരെ മോചിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അതേസമയം തന്നെ, ഭൂമിയില്‍ അവകാശമില്ലാതിരിക്കുന്നിടത്തോളം കാലം ജീവനോപാധികള്‍ ലഭ്യമാകാതിരിക്കുകയും ഗ്രാമീണ ദരിദ്രരെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു.
നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ ഭൂമി വിതരണ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചിലരെങ്കിലും അത് കൃത്യമായി നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ദേശീയ തലത്തില്‍ തന്നെ ഗ്രാമീണ ഭൂരാഹിത്യം ഊര്‍ജ്ജസ്വലവും സമഗ്രവുമായി കൈകാര്യം ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകതയിലേക്കാണ് അവസാനം ലഭിക്കുന്ന കണക്കുകള്‍ വിരല്‍ചൂണ്ടുന്നത്.
ഉദാഹരണത്തിന് ചില പദ്ധതികള്‍ വലിയ ഫലപ്രാപ്തികള്‍ ഉണ്ടാക്കരുത് എന്ന ബോധപൂര്‍വമായ ആലോചനയുടെ പേരിലാണ് നടപ്പിലാക്കിയിട്ടുള്ളത്. പരിധിക്ക് വെളിയില്‍ വരുന്ന ഭൂമി, ഭൂരഹിതര്‍ക്കോ ദരിദ്രര്‍ക്കോ അല്ലെങ്കില്‍ പ്രാന്തവല്‍കൃത കര്‍ഷകര്‍ക്കോ വീതിച്ച് നല്‍കുക എന്ന ഉദ്ദേശത്തോടെ കാര്‍ഷീക ഭൂമി കൈവശം വെക്കുന്നതിന്റെ പരിധി നിശ്ചയിച്ചുകൊണ്ട് എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളും നിയമനിര്‍മ്മാണം നടത്തിയിട്ടുണ്ട്. രണ്ട് ഘട്ടങ്ങളായാണ് ഇത്തരം പരിധി നിയമങ്ങള്‍ ആവിഷ്‌കരിച്ചതും നടപ്പാക്കിയതും: 1960 മുതല്‍ 1972 വരെ പ്രത്യേകിച്ച് നയമാര്‍ഗ്ഗരേഖകള്‍ നിലവിലില്ലാതിരുന്ന കാലത്തും ദേശീയ നയമാര്‍ഗ്ഗരേഖ നിലവില്‍ വന്ന 1972ന് ശേഷവും. ഗ്രാമീണ ഉപഭോക്തൃ കുടുംബങ്ങള്‍ക്ക് മില്യണ്‍ കണക്കിന് ഏക്കര്‍ ഭൂമി പുനര്‍വിതരണം ചെയ്തിട്ടും, ഇപ്പോഴും ദരിദ്രര്‍ക്ക് വീതിച്ചു നല്‍കാത്ത വലിയ അളവുള്ള ഭൂമി ബാക്കിയായി നില്‍ക്കുന്നു.
1951ല്‍ തെലുങ്കാനയില്‍ വിനോബ ഭാവെ ആരംഭിച്ച ഭൂദാന്‍ അല്ലെങ്കില്‍ ഭൂമി സമ്മാന പ്രസ്ഥാനം, ഭൂരഹിതര്‍ക്കായി തങ്ങളുടെ ഭൂമിയുടെ ഒരു പങ്ക് ദാനം ചെയ്യാന്‍ ഭൂവുടമകളോട് ആവശ്യപ്പെട്ടു. ഇത്തരം ദാനത്തിലൂടെ ഭാവെയ്ക്ക് 40 മില്യണ്‍ ഏക്കര്‍ ഭൂമി ലഭിച്ചെങ്കിലും അതില്‍ 22 മില്യണ്‍ ഏക്കര്‍ ഭൂമി മാത്രമേ അവര്‍ക്ക് ദരിദ്രര്‍ക്കായി വിതരണം ചെയ്യാന്‍ സാധിച്ചുള്ളു. ബാക്കി ഭൂമി ഇപ്പോഴും വിതരണം ചെയ്യാതെ ഇരിക്കുകയാണ്. ചില സംസ്ഥാനങ്ങളില്‍ സര്‍ക്കാരിന്റെ മിച്ചഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ ഭൂരാഹിത്യ പ്രശ്‌നം അതിന്റെ പൂര്‍ണതയില്‍ പരിഹരിക്കുന്നതിന് കൂടുതല്‍ ഘടനാപരമായ ഒരു പദ്ധതി ആവശ്യമാണ്.
ദൗര്‍ഭാഗ്യവശാല്‍ ഇത്തരം ഭൂമികളിലെ നല്ലൊരു ശതമാനവും വ്യവഹാരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍, പ്രാദേശിക തലത്തില്‍ ഭൂമി ട്രിബ്യൂണലുകള്‍ വഴി ഈ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള അടിയന്തിരശ്രമങ്ങള്‍ അത്യാന്താപേക്ഷിതമാണ്. കൂടാതെ, ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട നിരവധി നിയമങ്ങളും നയങ്ങളും ഇനിയും പൂര്‍ണമായി നടപ്പിലാക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ബോധവല്‍ക്കരണത്തിന്റെ അഭാവം മൂലവും നിലനില്‍ക്കുന്ന പുരുഷമേധാവിത്വപരവും സാമൂഹികവുമായ നിയമങ്ങള്‍ മൂലവും സ്ത്രീകള്‍ക്ക് ഭൂമിയിലും സ്വത്തിലും ഉടമസ്ഥാവകാശം പ്രദാനം ചെയ്യാന്‍ ഉദ്ദേശിച്ചുള്ള ഹിന്ദു പിന്തുടര്‍ച്ചാവകാശ ഭേദഗതി ചട്ടം 2005 നടപ്പിലാക്കുന്നതിന് നിരവധി വെല്ലുവിളികളാണ് നേരിടുന്നത്.
ഭൂമി ഏറ്റെടുക്കലിന് എന്തുകൊണ്ട് കൂടുതല്‍ ഊന്നല്‍ നല്‍കുന്നു?
ഭൂമി പ്രശ്‌നങ്ങളെ കുറിച്ച് കേന്ദ്ര സര്‍ക്കാരിന് ഉല്‍കണ്ഠകളുണ്ട്. എന്നാല്‍ വ്യാവസായിക, അടിസ്ഥാന സൗകര്യ അടിസ്ഥാനത്തിലുള്ള സാമ്പത്തിക വികസനത്തിന് ഊന്നല്‍ നല്‍കുന്ന ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയയിലേക്ക് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോള്‍ ചുരുങ്ങിയിരിക്കുകയാണ്. എന്നാല്‍ പകുതിയിലേറെ വരുന്ന ഗ്രാമീണ ജനത ഭൂരഹിതരാണെന്ന യാഥാര്‍ത്ഥ്യം കണക്കിലെടുക്കുമ്പോള്‍, ഗ്രാമീണ ഭൂരഹിതരുടെ താല്‍പര്യങ്ങള്‍ ചര്‍ച്ചകളുടെ ഭാഗമാകേണ്ടതാണ്.
ഇന്ത്യയിലെ ഭൂപരിഷ്‌കരണത്തിന്റെയും ഭൂരഹിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ പ്രധാന്യം മുന്നില്‍ കണ്ടുകൊണ്ടുള്ള ഇത്തരം തുടര്‍ ചര്‍ച്ചകളുടെ ഭാഗമായി 2013ല്‍ ദേശീയ ഭൂപരിഷ്‌കരണ നയത്തിന്റെ കരടിന് രൂപം നല്‍കിയെങ്കിലും അതിപ്പോഴും മറവിയില്‍ മൂടിക്കിടക്കുകയാണ്. എല്ലാ ഗ്രാമീണ ഭുരഹിതര്‍ക്കും ഒരേക്കറിന്റെ പത്തില്‍ ഒന്ന് അതായത്, ഒരു ടെന്നീസ് കോര്‍ട്ടിന്റെ അത്രയും വിസ്തൃതിയുള്ള ഭൂമി പുരയിടം എന്ന നിലയില്‍ വിതരണം ചെയ്യുന്നത് ഉറപ്പാക്കാന്‍ ഉദ്ദേശിച്ച് കൊണ്ടുവന്ന 2013ല്‍ ദേശീയ പുരയിട ബില്ലും കൂടുതല്‍ നടപടി കാത്തിരിക്കുകയാണ്.
ഭൂവിതരണവുമായി ബന്ധപ്പെട്ട് അനുകരിക്കാവുന്ന നിരവധി ഉദാഹരണങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയിട്ടുണ്ട്. പശ്ചിമ ബംഗാള്‍, ഒഡീഷ, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കിയ ഭൂരഹിതര്‍ക്കുള്ള പുരയിട വിതരണം ഇത്തരത്തിലുള്ള നല്ല നീക്കങ്ങളുടെ ഭാഗമാണ്. നയങ്ങള്‍ രൂപീകരിക്കാനും ദത്തെടുക്കാനും അന്തിമതീരുമാനം കൈക്കൊള്ളാനും ഉപകരിക്കുന്ന തരത്തിലുള്ള വിശദമായ നിര്‍ദ്ദേശങ്ങള്‍ രാജ്യത്തിനുള്ളില്‍ തന്നെ ലഭ്യമാണ്. ദേശീയ ഭൂപരിഷ്‌കരണത്തിന്റെ കരട്, പുരയിട ബില്ല്, വനിതാ കര്‍ഷക ബില്ല് തുടങ്ങിയവയില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊള്ളാവുന്നതാണ്.
സര്‍ക്കാര്‍ ദേശീയ തലത്തില്‍ കൂടിയാലോചനകള്‍ നടത്തുകയും ഗ്രാമീണ ദരിദ്രര്‍ക്ക് നിര്‍ണായക വിഭവങ്ങള്‍ ലഭ്യമാകുന്നതിന് കൂടുതല്‍ സുതാര്യമായ പാതകള്‍ വരച്ചുകാട്ടുകയും ചെയ്യേണ്ടിയിരിക്കുന്നു. എന്നാല്‍ 2013ല്‍ കരട് തയ്യാറാക്കിയ ഭൂമി ഏറ്റെടുക്കല്‍ നിയമം ശരിയായ രൂപത്തിലാക്കുകയും പാസാക്കിയെടുക്കുകയും ചെയ്യുന്നതിലാണ് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. 1894ല്‍ ബ്രിട്ടീഷുകാര്‍ നടപ്പില്‍ വരുത്തിയ ഭൂമി ഏറ്റെടുക്കല്‍ നയങ്ങള്‍ക്ക് പകരമാണ് പുതിയ ബില്ല് നിലവില്‍ വരുന്നത്.
2014 ഡിസംബറില്‍, ഒരു ഓര്‍ഡിനന്‍സ് വഴി സര്‍ക്കാര്‍ നിലവിലുള്ള നിയമത്തില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. എന്നാല്‍ ബില്ല് ഇതുവരെ പാര്‍ലമെന്റ് അംഗീകരിച്ചിട്ടില്ല. ഇപ്പോള്‍ നടക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ ഈ ബില്ല് ചര്‍ച്ചയ്ക്ക് വരാനുള്ള സാധ്യത ഏറെയാണ്. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഭൂരഹിതരുടെ പ്രശ്‌നങ്ങളെ ബില്ല് എങ്ങനെ പ്രതിഫലിപ്പിക്കുമെന്നതും അതിനെ നേരിടുന്നതിന് എന്തൊക്കെ പ്രതിവിധികള്‍ നിര്‍ദ്ദേശിക്കപ്പെടുമെന്നതും കൗതുകമുണര്‍ത്തുന്ന വിഷയങ്ങളാണ്.
(ദരിദ്ര ജനവിഭാഗങ്ങളുടെ ഭൂഅവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നോണ്‍-പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ ലന്‍ഡേസ്സയില്‍ അഡ്വക്കസി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗം ഡയറക്ടറാണ് ലേഖിക)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
