UPDATES

വിദേശം

എന്തുകൊണ്ട് അമേരിക്കയിലെ ഹിന്ദുക്കള്‍ ട്രംപ് ഭക്തരല്ല

Avatar

കാഞ്ചന്‍ ചന്ദ്ര
(വാഷിംഗ്ടന്‍ പോസ്റ്റ്) 

ശനിയാഴ്ച ന്യൂ ജേഴ്സിയിലെ എഡിസണില്‍ റിപ്പബ്ലിക്കന്‍ ഹിന്ദു സഖ്യം സംഘടിപ്പിച്ച സമ്മേളനത്തില്‍ “ഞാന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഇന്ത്യക്കാര്‍ക്കും ഹിന്ദു സമൂഹത്തിനും വൈറ്റ്ഹൌസില്‍ ഒരു വലിയ സുഹൃത്തിനെ കിട്ടും,” എന്നാണ് ഡൊണാള്‍ഡ് ട്രംപ് പ്രസംഗിച്ചത്. അമേരിക്കന്‍ ഇന്ത്യക്കാരുടെ ഇടയിലെ ഹിന്ദുക്കളെ ആകര്‍ഷിക്കാന്‍ മൂന്ന് വഴികളിലൂടെയാണ് ട്രംപ് ശ്രമിച്ചത്:

ഒന്നാമതായി, ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളായ 172 മില്ല്യണ്‍ മുസ്ലീങ്ങളെയും 28 മില്ല്യണ്‍ കൃസ്ത്യാനികളെയും 21 മില്ല്യണ്‍ സിഖുകാരെയും 8 മില്ല്യണ്‍ ബുദ്ധിസ്റ്റുകളെയും മറ്റുള്ളവരെയുമൊക്കെ ചിത്രത്തില്‍ നിന്നൊഴിവാക്കി ട്രംപ് ഇന്ത്യക്കാരെന്നാല്‍ ഹിന്ദുക്കളെന്ന് ചേര്‍ത്തു വച്ചു.

രണ്ടാമതായി, ഇസ്ലാമിക് തീവ്രവാദത്തോടുള്ള തന്‍റെ സമീപനം തന്നെയാണ് ഇന്ത്യ ഗവണ്‍മെന്‍റിന്‍റേതെന്നും പറയാന്‍ ശ്രമിച്ചു. “ഇസ്ലാമിക് തീവ്രവാദികളുമായുള്ള പോരാട്ടത്തില്‍ ഇന്ത്യ യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ നല്ല സുഹൃത്തായിരുന്നു. ഇനി നമ്മള്‍ ഏറ്റവുമടുത്ത കൂട്ടുകാരാകാന്‍ പോകുകയാണ്,” എന്നാണ് അദ്ദേഹം പറഞ്ഞത്.

മൂന്നാമതായി, ട്രംപ് തന്നെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉപമിച്ചു. “ഇന്ത്യന്‍ ബ്യൂറോക്രസിയെ ഊര്‍ജ്ജസ്വലതയോടെ മാറ്റി മറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനെ ഞാന്‍ ഉറ്റു നോക്കുകയാണ്. മഹാനായ ആ വ്യക്തിയെ ഞാന്‍ അഭിനന്ദിക്കുന്നു. ഇവിടെ, ഈ യുണൈറ്റഡ് സ്റ്റേറ്റ്സിലും അതുപോലെയുള്ള ഗൌരവമായ മാറ്റങ്ങള്‍ ബ്യൂറോക്രാറ്റിക് തലത്തില്‍ കൊണ്ടുവരാന്‍ എനിക്കു പദ്ധതിയുണ്ട്.”

അമേരിക്കന്‍ ഇന്ത്യക്കാരില്‍ ഭൂരിഭാഗവും ട്രംപിനെ അനുകൂലിക്കുന്നില്ലെന്ന് പല ഭാഗത്തുനിന്നും സൂചനകളുണ്ടെങ്കിലും മോദിയുമായി സഹകരിക്കാനുള്ള ശ്രമങ്ങളും മുസ്ലീങ്ങള്‍ക്കെതിരായുള്ള പ്രസംഗങ്ങളുമൊക്കെ ചിലരുടെയെങ്കിലും പിന്തുണ അദ്ദേഹത്തിന്  നേടിക്കൊടുത്തേക്കാം. ഉദാഹരണത്തിന്, “മി. മോദിയുടെ ആശയങ്ങളെ പ്രശംസിക്കുന്നത് ട്രംപിന് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഹിന്ദുക്കള്‍ക്കിടയില്‍ സമ്മതി നേടിക്കൊടുത്തിട്ടുണ്ട്. കാലങ്ങളായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ തങ്ങളുടെ പ്രതിയോഗികളായ മുസ്ലീങ്ങളെ അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നത് അവരില്‍ ചിലരെ സന്തോഷിപ്പിക്കുന്നു,” എന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. WNYC റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെയാണ്: “മുസ്ലീം കുടിയേറ്റക്കാരെ അമേരിക്കയില്‍ കടക്കാന്‍ അനുവദിക്കില്ല എന്നു നിരോധനം മുന്നോട്ടു വയ്ക്കുന്നതിലൂടെ അമേരിക്കയിലെ ചില ഇന്ത്യക്കാരെയും ഹിന്ദുക്കളെയും ട്രംപ് തനിക്കൊപ്പം നിര്‍ത്തുന്നുണ്ട്. ഹിന്ദു മുസ്ലീം സംഘര്‍ഷങ്ങള്‍ വളരെ മുന്‍പേ ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഒന്നാണ്, 1980കളുടെ അവസാനമുണ്ടായ കലാപങ്ങളിലും നൂറുകണക്കിനാളുകള്‍ മരിച്ചു. അതിനാല്‍, ഒരു പരിധി വരെ ഈ രണ്ടു വിഭാഗങ്ങളും പരസ്പരം സംശയത്തോടെയാണ് കാണുന്നത്.” ഇസ്ലാം മൌലികവാദത്തിനെതിരെ പോരാടുന്ന വിഷയം പരാമര്‍ശിക്കവേ ജനക്കൂട്ടത്തില്‍ നിന്ന് ട്രംപിനനുകൂലമായി ആരവങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ അമേരിക്കയിലെ ഇന്ത്യക്കാരുടെ, പ്രത്യേകിച്ചു ഹിന്ദുക്കളുടെ രാഷ്ട്രീയ അനുഭാവത്തെ സംബന്ധിച്ച യാഥാര്‍ഥ്യം മറ്റൊന്നാണ്- ട്രംപിന്‍റെ മുസ്ലീം വിരുദ്ധത ചിലരെ ആകര്‍ഷിക്കുമ്പോള്‍ ഭൂരിഭാഗം പേരിലും അതുണ്ടാക്കുന്നത് അകല്‍ച്ചയാണ്. ഓഗസ്റ്റിലും സെപ്റ്റംബറിലുമായി നടന്ന 2016 നാഷണല്‍ ഏഷ്യന്‍ അമേരിക്കന്‍ സര്‍വേ പ്രകാരം 7 ശതമാനം പേരാണ് പ്രൈമറികളില്‍ ട്രംപിന് വോട്ടു ചെയ്തത്. 7 ശതമാനം പേര്‍ മാത്രമാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി വോട്ട് രേഖപ്പെടുത്താന്‍ സാദ്ധ്യതയുള്ളതായി പറഞ്ഞത്.

2012 തെരഞ്ഞെടുപ്പിനു ശേഷമുള്ള നാഷണല്‍ ഏഷ്യന്‍ അമേരിക്കന്‍ സര്‍വേയില്‍ കണ്ടത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന മിറ്റ് റോംനിക്ക് 16 ശതമാനം ഇന്ത്യക്കാരുടെ വോട്ടു ലഭിച്ചു എന്നാണ്. അമേരിക്കയിലെ ഇന്ത്യക്കാര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ ആവേശപൂര്‍വ്വം പിന്തുണയ്ക്കുന്നതാണ് പണ്ടു മുതലേയുള്ള പതിവ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ലഭിച്ചിരുന്ന ചെറിയ ശതമാനം വോട്ടുകളില്‍ 2012നും 2016നും ഇടയ്ക്ക് കുത്തനെ ഉണ്ടായ ഇടിവു കാണിക്കുന്നത് ട്രംപിന്‍റെ പ്രസംഗങ്ങള്‍ ഇന്ത്യക്കാരുടെ വോട്ടുകള്‍ നേടിക്കൊടുക്കുന്നതിനു പകരം നഷ്ടപ്പെടുത്തുകയാണ് ചെയ്തതെന്നാണ്.

ഈ സര്‍വ്വേകളിലെ കണക്കുകളില്‍ ഇന്ത്യക്കാരുടെ രാഷ്ട്രീയ മുന്‍ഗണനകള്‍ മതം തിരിച്ചു സൂചിപ്പിക്കുന്നില്ല. എന്നാല്‍ 2016 നാഷണല്‍ ഏഷ്യന്‍ അമേരിക്കന്‍ സര്‍വേയില്‍ പങ്കെടുത്ത ഇന്ത്യന്‍ വംശജരില്‍ 54 ശതമാനവും ഹിന്ദുക്കളായിരുന്നു. ട്രംപിന് വോട്ടു ചെയ്യണമെന്ന് കരുതുന്ന 7 ശതമാനം പേരും ഹിന്ദുക്കളാണെന്ന് കരുതിയാല്‍ പോലും ഭൂരിഭാഗം ഹിന്ദുക്കളും ട്രംപിനെ അനുകൂലിക്കുന്നവരല്ല എന്നു മനസിലാക്കാം.

ഇതിനു വിപരീതമായി മോദിക്കു അമേരിക്കന്‍ ഇന്ത്യക്കാരില്‍ നിന്ന്, പ്രത്യേകിച്ച് ഹിന്ദുക്കളില്‍ നിന്നു കിട്ടുന്നത് വന്‍പിച്ച പിന്തുണയാണ്. അവരുടെ മോദി പ്രേമം എത്രത്തോളമുണ്ടെന്നതിന് സര്‍വ്വേ കണക്കുകള്‍ ഒന്നും ലഭ്യമല്ല. എന്നാല്‍ അദ്ദേഹം അമേരിക്കയില്‍ നടത്തിയ ഇന്ത്യക്കാരുടെ സമ്മേളനങ്ങളില്‍ വളരെ നല്ല പ്രതികരണങ്ങളും ആവേശവും ദൃശ്യമായിരുന്നു. 2014ല്‍ മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനില്‍ ഏതാണ്ട് 20,000ത്തോളം പേര്‍ ഒത്തുകൂടിയത് ഉദാഹരണമാണ്. തന്‍റെ ഹിന്ദു ദേശീയത പ്രത്യയശാസ്ത്രങ്ങളിലൂടെയാണ് ഈ ജനസമ്മതിയും പിന്തുണയും മോദി നേടിയെടുത്തിരിക്കുന്നത്.

മോദിയുടെ ഹിന്ദു ദേശീയത തീര്‍ത്തും നിരുപദ്രവമായ ഒന്നല്ല. ഹിന്ദു ഭൂരിപക്ഷവാദത്തെ ദേശീയതയില്‍ ഒന്നിപ്പിക്കാനുള്ള ചിട്ടയായ ശ്രമം എന്ന നിലയില്‍ ഇന്ത്യയിലെ ഹിന്ദുക്കളല്ലാത്ത ന്യൂനപക്ഷങ്ങളോടുള്ള അസഹിഷ്ണുതയെ അത് ന്യായീകരിക്കുന്നു. അമേരിക്കന്‍ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് അവരിലെ ഹിന്ദുക്കളുടെ ഇടയില്‍ ട്രംപിന് സ്വീകാര്യത കുറഞ്ഞത് ഒരു ചോദ്യം ഉയര്‍ത്തുന്നുണ്ട്. ഹിന്ദു ദേശീയതയെ പ്രതിനിധാനം ചെയ്യുന്ന ശക്തനായ ഒരു നേതാവില്‍ ആകൃഷ്ടരായവര്‍ ട്രംപിന്‍റെ പ്രസംഗങ്ങളില്‍ എന്തുകൊണ്ട് വീണില്ല എന്നാണത്.

ഹിന്ദു ദേശീയതയടക്കമുള്ള വലതുപക്ഷ ദേശീയവാദത്തില്‍ നിന്നു ട്രംപിന്‍റെ ആശയങ്ങള്‍ക്ക് എന്താണ് വ്യത്യാസം എന്നതില്‍ അതിനുള്ള ഉത്തരമുണ്ട്. മിക്ക വലതുപക്ഷ ദേശീയതാ പ്രസ്ഥാനങ്ങളും ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ ശത്രുവായി കരുതുന്നവയാണ്. എന്നാല്‍ യുണൈറ്റഡ് സ്റ്റേറ്റ്സിനകത്തും പുറത്തും ട്രംപ് ശത്രുവായി എണ്ണുന്നവരുടെ നിര നീണ്ടതാണ്- ആഫ്രിക്കന്‍ അമേരിക്കക്കാര്‍, സ്പാനിഷ് വംശജര്‍, മുസ്ലീങ്ങള്‍, മെക്സിക്കോക്കാര്‍ എന്നിങ്ങനെ പോകുന്നു അത്. അതുപോലെ ഭൂരിഭാഗം റൈറ്റ് വിങ് ദേശീയവാദികളും തങ്ങളുടെ എതിരാളികളോടുള്ള വെറുപ്പ് അതിനു ചേരുന്ന രീതിയിലുള്ള ഒരു പ്രത്യയ ശാസ്ത്രത്തില്‍ പൊതിഞ്ഞാണ് അവതരിപ്പിക്കുന്നത്; സംഘടനാ പിന്‍ബലവും അവര്‍ക്കുണ്ടാകും. എന്നാല്‍ ഇപ്രകാരമുള്ള സ്ഥിരതയുടെ ആവശ്യം ട്രംപിനെ അലട്ടുന്നതായി തോന്നുന്നില്ല; സ്വന്തം പാര്‍ട്ടിയുടെ പിന്തുണയും അദ്ദേഹത്തിനു നഷ്ടമായിരിക്കുന്നു. സാധാരണ റൈറ്റ് വിങ് ദേശീയവാദികളുടെ സ്ത്രീകളോടുള്ള സമീപനം തൃപ്തികരമായിരിക്കും. അത്ര സുഖകരമല്ലാത്ത ഇത്തരമൊരു താരതമ്യത്തില്‍ പോലും  ട്രംപിന്‍റെ ആക്രമണപരമായ സ്ത്രീവിരുദ്ധത അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്നു.

(ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്സ് പ്രൊഫസറായ ചന്ദ്രയുടെ ഗവേഷണ മേഖല വംശീയ രാഷ്ട്രീയത്തിന്‍റെ താരതമ്യമാണ്.)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍