UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് എന്തുകൊണ്ട് ഇന്ത്യയില്‍ കുറ്റമല്ല?

Avatar

ടീം അഴിമുഖം

ഇന്ത്യയില്‍ അത് നടപ്പാകില്ല – കാലാകാലമായി നാം കേള്‍ക്കുന്ന ഒഴിവുകഴിവാണിത്. മുന്‍പ് പല കാര്യങ്ങളിലും നാം ഇതുകേട്ടിട്ടുണ്ട്, ഇനിയും കേള്‍ക്കും. ഈ ഉത്തരം കൊണ്ട് ഒഴിവാക്കപ്പെടുന്നവയില്‍ ഒന്ന് വിവാഹത്തിനുള്ളിലെ ബലാത്സംഗം കുറ്റകരമാണോ എന്ന ചോദ്യമാണ്. സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കി കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി നല്‍കിയ പാര്‍ലമെന്റില്‍ എഴുതിനല്‍കിയ ഉത്തരമാണ് ഇപ്പോള്‍ ഈ വിഷയം പ്രസക്തമാക്കുന്നത്. ഇതായിരുന്നു മന്ത്രിയുടെ മറുപടി:

‘വിവാഹത്തിനുള്ളിലെ ബലാത്സംഗം രാജ്യാന്തരതലത്തില്‍ മനസിലാക്കപ്പെടുന്നതുപോലെ മനസിലാക്കാന്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സാധ്യമല്ല. വിദ്യാഭ്യാസനിലവാരം, നിരക്ഷരത, ദാരിദ്ര്യം, അനവധിയായ സാമൂഹിക സമ്പ്രദായങ്ങള്‍, മതവിശ്വാസങ്ങള്‍, മൂല്യങ്ങള്‍, വിവാഹത്തെ വിശുദ്ധമായി കാണുന്ന സമൂഹമനസ്ഥിതി എന്നിവയാണ് ഇതിനു കാരണം.’

സ്ത്രീയുടെ അന്തസ് നഷ്ടമായാലും അവള്‍ എത്ര സഹിക്കേണ്ടിവന്നാലും വിവാഹം എന്ന സ്ഥാപനം നിലനില്‍ക്കണമെന്ന ചിന്തയാണ് ഈ വാദത്തിന്റെ കാതല്‍. വാദത്തിന് ഉപോല്‍ബലകമായി ഉപയോഗിച്ചിരിക്കുന്ന കാരണങ്ങള്‍ ഞെട്ടലുണ്ടാക്കുന്നവയാണ്. ഇന്ത്യയില്‍ വളരെക്കുറച്ച് വിദ്യാഭ്യാസമേ ഉള്ളൂ, വളരെയധികം സാമൂഹികാചാരങ്ങളുണ്ട്, വിശ്വാസങ്ങളുണ്ട് എന്നതാണത്.

നീതിദേവതയ്ക്കു കണ്ണില്ല എന്നാണ് നമ്മെ പഠിപ്പിച്ചിരിക്കുന്നത്. നിയമത്തിന്റെ ചട്ടക്കൂടില്‍ നില്‍ക്കുന്ന ഒരു സമൂഹം നീതിക്കുവേണ്ടി വിശ്വാസങ്ങളെയും ആചാരങ്ങളെയും മാറ്റിവയ്ക്കാന്‍ തയ്യാറാകണം. നിലനില്‍ക്കുന്ന വിവാഹബന്ധത്തിലെ ബലാത്സംഗം കുറ്റമായി കണക്കാക്കുന്നതില്‍ പാശ്ചാത്യപാരമ്പര്യത്തിലും എതിര്‍പ്പുണ്ട്.  ഭാര്യയുടെ എല്ലാ അവകാശങ്ങളും ഭര്‍ത്താവിനു കീഴിലാണ് എന്ന തത്വത്തിലാണ് ഇതിന്റെ ഉദ്ഭവം. സ്ത്രീ എപ്പോഴും ഭര്‍ത്താവിന്റെ സംരക്ഷണത്തിലും അധികാരത്തിലുമാണെന്ന സങ്കല്‍പം.

1736ല്‍ ഇംഗ്ലണ്ടില്‍ മാത്യു ഹേല്‍ നടത്തിയ വിധി പ്രസ്താവന ഭാര്യയെ ബലാത്സംഗം ചെയ്തു എന്ന കുറ്റം ഒരിക്കലും ഭര്‍ത്താവില്‍ ചുമത്താനാകില്ല എന്നായിരുന്നു. കാരണം ‘ഉഭയസമ്മതവും വിവാഹകരാറും അനുസരിച്ച് ഭാര്യ ഇത് ഭര്‍ത്താവിന് അനുവദിച്ചുകൊടുത്തതാണ്. അതില്‍നിന്ന് അവര്‍ക്ക് പിന്മാറാനാകില്ല’ എന്നാണ്. പിന്നീടുവന്ന പുരോഗമനപരമായ വിധിപ്രസ്താവങ്ങള്‍ ഈ വിധിയെ പാടേ ഉപേക്ഷിച്ചുകഴിഞ്ഞു. കാലാനുസൃതമായ ഇത്തരം മാറ്റങ്ങള്‍ ഇന്ത്യയില്‍ ഉണ്ടാകുന്നില്ല.

വനിതകള്‍ക്കെതിരായ കുറ്റങ്ങള്‍ സംബന്ധിച്ച നിയമങ്ങളില്‍ സാരമായ മാറ്റങ്ങള്‍ നിര്‍ദേശിച്ച ജസ്റ്റിസ് ജെ എസ് വര്‍മ കമ്മിറ്റി വിവാഹബന്ധത്തിലെ ബലാത്സംഗം കുറ്റകരമാക്കണമെന്നു നിര്‍ദേശിച്ചിരുന്നു. ഇത് നടപ്പായില്ല.  ഇപ്പോഴത്തെ നിയമം അനുസരിച്ച് 15 വയസിനു മുകളിലുള്ള ഭാര്യയും ഭര്‍ത്താവും തമ്മില്‍ പരസ്പരം സമ്മതമില്ലാതെയുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല. എന്നാല്‍ ഭര്‍ത്താവില്‍നിന്ന് അകന്നു താമസിക്കുന്ന ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് കുറ്റകരമാണ്.

15 വയസ് എന്ന പ്രായപരിധി അതില്‍ത്തന്നെ പ്രശ്‌നമാണ്. കാരണം സമ്മതത്തോടെയാണെങ്കില്‍ പോലും 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടിയുമായുള്ള ലൈംഗികബന്ധം കുറ്റകരമാണ്. വിവാഹത്തിനുള്ളിലെ ബലാത്സംഗത്തിനു നല്‍കിയിരിക്കുന്ന ഇളവ് ജസ്റ്റിസ് വര്‍മ ചൂണ്ടിക്കാട്ടുന്നതുപോലെ ‘ഭാര്യയെ ഭര്‍ത്താവിന്റെ സ്വത്തായി കാണുന്ന പഴയ, കാലഹരണപ്പെട്ട ചിന്തയുടെ ഫലമാണ്.’

വിവാഹത്തിനുള്ളിലെ ബലാത്സംഗം കുറ്റകരമാക്കണം, ആശയമായി അവസാനിക്കരുത്. വിവാഹബന്ധത്തിന്റെ കെട്ടുറപ്പിനു ഭീഷണിയാകും, ദുരുപയോഗം ചെയ്യപ്പെടും തുടങ്ങിയ എതിര്‍ വാദങ്ങളുണ്ടാകും. സ്വകാര്യതയും ഗാര്‍ഹികതയും നിയമത്തിനു പുറത്തല്ല. ഗാര്‍ഹികപീഡനനിയമം ഇപ്പോള്‍ത്തന്നെ വീടിനുള്ളിലെ അക്രമം – മാനസികവും ശാരീരികവും – നിയമത്തിന് ഇടപെടാവുന്ന കാര്യമാണെന്നു സ്ഥാപിച്ചുകഴിഞ്ഞു. ബലാത്സംഗക്കുറ്റം ചുമത്തുന്നത് വിവാഹത്തെ നശിപ്പിക്കും, എന്നാല്‍ ഗാര്‍ഹിക പീഡനം ആരോപിക്കുന്നത് വിവാഹത്തെ ബാധിക്കില്ല എന്ന വാദം നിലനില്‍ക്കില്ല. വിവാഹബന്ധത്തില്‍ സമ്മതവും അടങ്ങിയിരിക്കുന്നു എന്ന ചിന്ത ഉപേക്ഷിക്കാന്‍ കാലമായി. വിവാഹിതരോ അവിവാഹിതരോ എന്ന വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകളുടെയും ശരീരത്തിന്റെ സ്വാതന്ത്യം പരിഗണിക്കാന്‍ നിയമത്തിനു കഴിയണം. അപ്പോള്‍ മാത്രമേ ആ  നിയമം പുരോമനപരമാകുകയുള്ളൂ. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍