UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജാതി ഉന്മൂലനം നടന്നാലേ ഇന്ത്യയില്‍ തുറസിടങ്ങളിലെ മലവിസര്‍ജ്ജനവും അവസാനിക്കൂ

Avatar

നിഖില്‍ ശ്രീവാസ്തവ 

നിരവധി നിയമങ്ങള്‍ കൊണ്ടുവന്നിട്ടും തോട്ടിപ്പണി ഇല്ലാതാക്കാന്‍ ഇന്ത്യക്കായിട്ടില്ല. അതിപ്പോഴും നിലനില്‍ക്കുന്നതുകൊണ്ടും ആരാണ് മലവിസര്‍ജ്യം വൃത്തിയാക്കേണ്ടത് എന്ന്‍ ശക്തമായ ജാതിവ്യവസ്ഥ നിശ്ചയിക്കുന്നതുകൊണ്ടും തോട്ടിപ്പണിക്കാരല്ലാത്ത സമുദായങ്ങളില്‍ നിന്നുള്ളവര്‍ക്ക് കക്കൂസ് വൃത്തിയാക്കാന്‍ – അത് സ്വന്തമായാലും സര്‍ക്കാര്‍ വകയായാലും – അറപ്പാണ്. അതുകൊണ്ടുതന്നെ അവര്‍ തുറസിടങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തുകയും നിവൃത്തിയില്ലെങ്കില്‍ മാത്രം കക്കൂസ് ഉപയോഗിക്കുകയും ചെയ്യുന്നു.

 

അതുകൊണ്ടാണ് ജാതിയും ശുചിത്വപ്രശ്നവും ഒരുമിച്ച് ചര്‍ച്ച ചെയ്യേണ്ടിവരുന്നത്. ഗ്രാമീണ ഇന്ത്യയില്‍ ചെലവുകുറഞ്ഞ കക്കൂസുകള്‍ വ്യാപകമാക്കണമെങ്കില്‍ ജാതിപരിസരത്തുള്ള ചര്‍ച്ച കൂടിയേ തീരൂ.

 

ഇന്ത്യയിലെ തുറസിട മലവിസര്‍ജന പ്രശ്നത്തെക്കുറിച്ച് ചില നിരീക്ഷണങ്ങള്‍.

 

ആരാണ് തോട്ടിപ്പണിക്കാര്‍?

ഒരു മനുഷ്യന്‍ ഒരു അഴുക്കുചാലിലേക്ക് ഇറങ്ങിപ്പോകുന്ന ദൃശ്യം ഇന്ത്യയില്‍ സാധാരണമാണ്. ഒരു ശരാശരി ഇന്ത്യാക്കാരന്‍ അതില്‍ സങ്കടപ്പെട്ടേക്കാം, എന്നാല്‍ അമ്പരക്കില്ല. കാരണം ആളുകളെ ജനിച്ച കുടുംബത്തിന്റെ അടിസ്ഥാനത്തില്‍ ചില തൊഴിലുകളിലേക്ക് ചുരുക്കുകയും വേര്‍തിരിക്കുകയും ചെയുന്ന ഹിന്ദു സമൂഹത്തില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാമൂഹ്യവേര്‍തിരിവിന്റെ, ജാതിവ്യവസ്ഥയുടെ ചട്ടക്കൂടുകള്‍ അവര്‍ സ്വീകരിച്ചതുകൊണ്ടാണത്.

 

ജാതിവ്യവസ്ഥയ്ക്കകത്തെ എല്ലാ ജോലികളിലും വെച്ച് ഏറ്റവും അധമമെന്ന് കരുതുന്നതാണ് വിസര്‍ജ്യം കോരുന്ന ഈ ജോലി. തൊട്ടുകൂടാത്തവരെന്ന് ഈ വ്യവസ്ഥ വിളിക്കുന്നവരാണ് ഈ പണിയെടുക്കുന്നത് – രാജ്യത്തിന്റെ പല ഭാഗത്തും ഇവര്‍ക്ക് പല പേരാണ്. ജാതിവ്യവസ്ഥ പ്രകാരം മറ്റ് തൊട്ടുകൂടാത്തവര്‍ പോലും ഇപ്പണി ചെയ്തുകൂടാ. അത് ലംഘിച്ചാല്‍ ഒരാള്‍ സമൂഹഭ്രഷ്ടനാകും.

 

തോട്ടിപ്പണിയുടെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ്
യാതൊരു സുരക്ഷിതത്വ സന്നാഹങ്ങളും കൂടാതെ ഓ‌ട വൃത്തിയാക്കുകയും ശുചീകരണജോലികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവര്‍ക്ക് മരണത്തിലേക്ക് വരെ നയിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട് എന്ന്‍ നിരവധി  പഠനങ്ങള്‍ തെളിയിക്കുന്നു. മീഥെയ്ന്‍, ഹൈഡ്രജന്‍ സള്‍ഫൈഡ്, തുടങ്ങിയ വിഷവാതകങ്ങള്‍ ശ്വസിക്കേണ്ടി വരുന്നു. നിരവധി രോഗങ്ങളും ഇവര്‍ക്ക് ഇതുമൂലം ജീവിതകാലം മുഴുവന്‍ കൊണ്ടുനടക്കേണ്ടിവരുന്നുണ്ട്. (cardiovascular degeneration, musculoskeletal disorders-osteoarthritic changes,intervertebral disc herniation, infections – hepatitis, leptospirosis, helicobacter, skin problems, respiratory system problems,altered pulmonary function)

 

2011-ലെ സാമൂഹ്യ-സാമ്പത്തിക ജാതി കണക്കെടുപ്പ് അനുസരിച്ച്, 1,68,068 കുടുംബങ്ങള്‍ ഉപജീവനത്തിനായി തോട്ടിപ്പണിയെ ആശ്രയിക്കുന്നു. 2011-ല്‍ സെന്‍സസില്‍ രേഖപ്പെടുത്തിയിരിക്കുന്നത് രാജ്യത്ത് 7,95,252 വിസര്‍ജ്യം അവശേഷിക്കുന്ന തരം കക്കൂസുകള്‍ ഉണ്ടെന്നാണ്. എന്തായാലും ഈ കണക്കുകള്‍ പോലും യാഥാര്‍ത്ഥ കണക്കിലും കുറവാണെന്നാണ് കരുതുന്നത്.

 

  • എന്തുകൊണ്ടാണ് ആളുകള്‍ ഇപ്പൊഴും ഈ തൊഴില്‍ ചെയ്യാന്‍ സന്നദ്ധമാകുന്നത് ?

മുജന്മത്തിലെ ദുഷ്കര്‍മ്മത്തിന്റെ ഫലമായി ഈ ജന്മത്തില്‍ തോട്ടിയാകാന്‍ വിധിക്കപ്പെട്ട ഒരു സമുദായമായി സമൂഹം കാണുന്ന ഒന്നിലാണ് നിങ്ങള്‍ ജനിച്ചതെന്ന് സങ്കല്‍പ്പിക്കുക. ഈ ജന്മത്തിലെ നിങ്ങളുടെ തെരഞ്ഞെടുപ്പ് നിങ്ങളുടെ പദവിയെ മാറ്റില്ല -ആളുകള്‍ നിങ്ങളില്‍ നിന്നും അകലം പാലിക്കുന്നത് തുടരും, നിങ്ങള്‍ തൊട്ട വസ്തുക്കള്‍ അശുദ്ധമായി കാണും. അതിലേറെ, നിങ്ങള്‍ ഭൂരഹിതരും ദരിദ്രരും നിരക്ഷരരും അവിദഗ്ധരുമായിരിക്കും. ഗ്രാമത്തില്‍ നിങ്ങളൊരു പലചരക്കുകടയോ ചായക്കടയോ തുടങ്ങിയാല്‍ തൊട്ടുകൂടാത്തവന്റെ കടയില്‍ നിന്നും ആരും ഒന്നും വാങ്ങില്ല. മറ്റേതെങ്കിലും കച്ചവടം തുടങ്ങാന്‍ വലിയ മൂലധനം വേണം. അത് നിങ്ങളുടെ പക്കലില്ല. കൃഷിപ്പണികൊണ്ട് മാത്രം കുടുംബം കഴിയാനാകില്ല. എന്നാല്‍ തോട്ടിപ്പണിക്ക് ആളെക്കിട്ടാനിലില്ലാത്തതുകൊണ്ട്  അതില്‍ നിന്നുള്ള വരുമാനം താരതമ്യേന മെച്ചമായിരിക്കും. തോട്ടിപ്പണി ചെയ്താലും ഇല്ലെങ്കിലും തൊട്ടുകൂടായ്മയില്‍ മാറ്റമൊന്നും ഉണ്ടാകില്ല എന്നതുകൊണ്ട് കുടുംബം പുലര്‍ത്താവുന്ന ആ തൊഴിലില്‍ത്തന്നെ നിങ്ങള്‍ സ്വാഭാവികം എന്ന രീതിയില്‍ തളച്ചിടപ്പെടുന്നു.

 

എന്നാല്‍ തോട്ടിപ്പണി ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിച്ചാലും അതേ വരുമാനമുള്ള ഒരു ഉയര്‍ന്ന ജാതിക്കാരനെക്കാള്‍ കുറഞ്ഞ ജീവിത സംതൃപ്തി മാത്രമേ അയാള്‍ക്ക് കിട്ടുകയുള്ളൂ. “മലം കോരുന്നതിന് അവര്‍ക്ക് കിട്ടുന്ന പണം എത്ര കൂടുതലാണെങ്കിലും സാമൂഹ്യമായ തൊട്ടുകൂടായ്മയും അത്രയും കൂടുതലാണ്. സ്വന്തം കുട്ടികളെ അവരാഗ്രഹിക്കുന്ന സ്വകാര്യ വിദ്യാലയത്തില്‍ പഠിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പണം കൊണ്ടെന്താണ് കാര്യം?” ബീഹാറിലെ ഒരു തോട്ടിതൊഴിലാളി ചോദിക്കുന്നത് ഇതാണ്.

 

തോട്ടിപ്പണി നിയമവിരുദ്ധമല്ലേ?
1947-മുതല്‍ തോട്ടിപ്പണി നിരോധിക്കാന്‍ ഇന്ത്യയില്‍ പല നിയമങ്ങള്‍ വന്നു. ഇന്ത്യന്‍ ഭരണഘടന തൊട്ടുകൂടായ്മ നിരോധിക്കുന്നു. തോട്ടിപ്പണി ചെയ്യാന്‍ ആരെയെങ്കിലും നിര്‍ബന്ധിക്കുന്നതിനെ 1955-ലെ പൌരാവകാശ സംരക്ഷണ നിയമം നിരോധിച്ചു. 1993-ലെ Employment of Manual Scavengers and Construction of Dry Latrines (Prohibition) Act തോട്ടിപ്പണി ചെയ്യിക്കുന്നതും ഇത്തരം കക്കൂസുകള്‍ (dry latrine) നിര്‍മ്മിക്കുന്നതും പിഴയും തടവുശിക്ഷയും ലഭിക്കാവുന്ന കുറ്റങ്ങളാക്കി. നിയമം നിലവില്‍ വന്ന്‍ 23 വര്‍ഷമായിട്ടും ഇതുവരെ ഒരാള്‍പോലുംഅതിനുകീഴില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല.

 

തോട്ടിപ്പണിക്കാരെയും കുടുംബത്തെയും പുനരധിവസിപ്പിക്കാനുള്ള ദേശീയപദ്ധതി വേണ്ടവിധത്തില്‍ ചെലവഴിച്ചില്ല എന്ന്‍ 2003-ലെ സിഎജി റിപ്പോര്‍ട് പറയുന്നു.

 

2013-ല്‍ വന്ന Prohibition of Employment as Manual Scavengers and Their Rehabilitation Act പഴയനിയമത്തിനെക്കാള്‍ മുന്നോട്ടുപോയി. തുറന്ന ഓടകള്‍, മാലിന്യക്കുഴികള്‍ എന്നിവയിലെല്ലാമുള്ള മനുഷ്യരെ ഉപയോഗിച്ചുള്ള വൃത്തിയാക്കല്‍ പണി കുറ്റകരമാക്കി. എന്നാല്‍ വിസര്‍ജ്യം ജീര്‍ണിച്ചുപോയ കക്കൂസുകുഴികള്‍ വൃത്തിയാക്കുന്ന പണി തോട്ടിപ്പണിയായി കണക്കാക്കിയില്ല.

 

ജനങ്ങളെ വേണ്ടത്ര ബോധവാന്‍മാരാക്കാതെയാണ് സര്‍ക്കാര്‍ ശുചിത്വ പരിപാടിയില്‍ പലപ്പോഴും ഒറ്റക്കുഴി കക്കൂസുകള്‍ ഉണ്ടാക്കുന്നത്. അതാര് വൃത്തിയാക്കുമെന്ന് ധാരണയുണ്ടാക്കാതെയുള്ള ഈ പരിപാടി അവ വൃത്തിയാക്കാന്‍ കാലങ്ങളായി നിര്‍ബന്ധിക്കപ്പെടുന്ന സമുദായങ്ങളെ അതിലേക്കു തള്ളിവിടലാണ്.

 

തോട്ടിപ്പണി ഇപ്പോഴും ഒരു പ്രശ്നമാണോ?
വിസര്‍ജ്യം കോരിയെടുത്ത് വൃത്തിയാക്കേണ്ട തരം കക്കൂസുകള്‍ ഇപ്പോള്‍ കുറഞ്ഞുവരുന്നു എന്നത് ശരിതന്നെ. പക്ഷേ ഇതുമാത്രമല്ല തോട്ടിപ്പണി. ഇത്തരം കക്കൂസുകളുടെ എണ്ണം കുറയുന്നതോടെ സാഹചര്യം മെച്ചപ്പെടുന്നു എന്നത് ശരിയായ നിരീക്ഷണമായിരിക്കില്ല. ഏതുതരം കുഴികക്കൂസും ഇടയ്ക്കു കാലിയാക്കി വൃത്തിയാക്കേണ്ടിവരും, അല്ലെങ്കില്‍ തടസങ്ങള്‍ നീക്കേണ്ടിവരും. ഇതിനുള്ള സാങ്കേതികവിദ്യ ഗ്രാമീണ ഇന്ത്യയില്‍ ലഭ്യമാകാത്തിടത്തോളവും, ഒറ്റക്കുഴി കക്കൂസുകളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുമ്പോള്‍, തൊട്ടിപ്പണി ചെയ്തുപോന്ന സമുദായങ്ങള്‍ അതില്‍ത്തന്നെ കുരുങ്ങിക്കിടക്കാനുള്ള സാധ്യത കൂടുതലാണ്.

 

1993-ലെ നിയമത്തിനു ശേഷം, സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശവും വന്നതോടെ കക്കൂസുകള്‍ വൃത്തിയാക്കാന്‍ ഔദ്യോഗികമായി ആളെ എടുക്കുന്നത് നഗരസഭകള്‍ നിര്‍ത്തി. എന്നാലിപ്പോള്‍ ഇപ്പണി കരാറുകാരെ ഏല്‍പ്പിക്കുകയും അവര്‍ ഇതേ ആളുകളെ ഉപയോഗിച്ച് ഈ ജോലി സര്‍ക്കാരിനായി ചെയ്തുകൊടുക്കുകയുമാണ്. തോട്ടിപ്പണിക്കാര്‍ക്കൊഴിച്ച് ബാക്കിയെല്ലാവര്‍ക്കും നിയമം നടപ്പാക്കിയ സംതൃപ്തി.

 

 

  • ഇന്ത്യയിലെ കുട്ടികളുടെ ആരോഗ്യത്തെ ജാതിവ്യവസ്ഥ എങ്ങനെ ബാധിക്കുന്നു?

ലോക ജനസംഖ്യയുടെ 17 ശതമാനം താമസിക്കുന്ന ഇന്ത്യയില്‍, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മുന്‍കാലത്തേക്കാള്‍ സാമ്പത്തിക വളര്‍ച്ചയുണ്ട്. പക്ഷേ തുറസിടങ്ങളില്‍ മലവിസര്‍ജനം ചെയ്യുന്നവരുടെ 60 ശതമാനവും ഇന്ത്യയിലാണ്. ഇതിന്റെ പ്രധാന കാരണം ജാതിവ്യവസ്ഥയാണ്. ഈ തുറസിടങ്ങളിലെ മലവിസര്‍ജനം കുഞ്ഞുങ്ങളെ കൊല്ലുകയും വളര്‍ച്ച മുരടിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി രാജ്യത്തെ പകുതിയോളം കുട്ടികള്‍ വളര്‍ച്ച മുരടിച്ചവരും മൂന്നിലൊന്ന് പേര്‍ ഗുരുതരമായ രീതിയില്‍ ആ പ്രശ്നം നേരിടുന്നവരുമാണ്. ശരാശരി കണക്കെടുത്താല്‍ ഇന്ത്യയിലെ കുട്ടികള്‍ ചൈന, ബംഗ്ലാദേശ്, ആഫ്രിക്ക എന്നിവിടങ്ങളിലെ സമപ്രായക്കാരേക്കാള്‍ കുറിയവരാണ്.

 

എന്തുകൊണ്ടാണ് ഉയരം പ്രധാനമാകുന്നത്?
ആദ്യവര്‍ഷങ്ങളിലെ ആരോഗ്യത്തിന്റെ പ്രധാന സൂചികകളിലൊന്ന് ഉയരമാണ്. ഇത് ശാരീരിക, ബൌദ്ധിക വികാസത്തിന്റെ നിര്‍ണായക സമയവുമാണ്. ആവശ്യമായ രീതിയില്‍ ഉയരമുള്ള കുട്ടികള്‍ കൌമാരത്തില്‍ കൂടുതല്‍ ശേഷി പ്രകടിപ്പിക്കുന്നു എന്ന് പഠനങ്ങളുണ്ട്.

 

തുറസിടങ്ങളിലെ മലവിസര്‍ജനം കുറയുന്നുണ്ടോ?
2001-നും 2011-നും ഇടയില്‍ തുറസിടങ്ങളില്‍ മലവിസര്‍ജനം നടത്തുന്ന കുടുംബങ്ങളുടെ  എണ്ണത്തില്‍ ചെറിയ കുറവ് വന്നിട്ടുണ്ട് എന്നത് ശരിയാണ്. എന്നാല്‍ പകുതിയോളം ഇന്ത്യക്കാരും ജീവിക്കുന്നത് തുറസിടങ്ങളിലെ മലവിസര്‍ജനം കൂടിയ പ്രദേശങ്ങളിലാണ്.

 

ഈ പ്രശ്നം സൃഷ്ടിക്കുന്ന രോഗങ്ങള്‍ ബോധവത്കരണത്തിന് സഹായകമാകും എന്നിരിക്കിലും സര്‍ക്കാര്‍ അതില്‍ പരാജയപ്പെടുകയാണ്. വീട്ടുകാര്‍ എല്ലാവരും വൃത്തിയുള്ള കക്കൂസുകള്‍ ഉപയോഗിയ്ക്കുന്ന വീട്ടിലെ കുട്ടികള്‍ക്കും അയല്‍ക്കാര്‍ തുറസിടങ്ങളില്‍ മലവിസര്‍ജനം നടത്തിയാല്‍ ആരോഗ്യവിപത്തുകള്‍ ഒരേപോലെയാണ് ബാധിക്കുക.

 

  • വേണ്ടത്ര വെള്ളമില്ലാതെ ആളുകള്‍ എങ്ങനെയാണ് കക്കൂസുകള്‍ ഉപയോഗിക്കുക? 

വേണ്ടത്ര വെള്ളം കിട്ടാത്തതാണ് തുറസിടങ്ങളിലെ മലവിസര്‍ജനത്തിന് കാരണമെന്ന് പലരും കരുതുന്നു. എന്നാല്‍ ലോകത്തെ തുറസിടങ്ങളിലെ മലവിസര്‍ജനത്തിന്റെ എട്ടിലൊന്നുള്ള വടക്കേ ഇന്ത്യയില്‍ നടത്തിയ ഒരു  പഠനം കാണിക്കുന്നത് 3 ശതമാനം പേര്‍ മാത്രമാണ് വെളിമ്പ്രദേശത്തു മലവിസര്‍ജനം നടത്തുന്നതിന് വെള്ളം കിട്ടാത്തത് ഒരു കാരണമായി പറഞ്ഞത്. മാത്രവുമല്ല യു.എന്‍ ബാലനിധിയും ലോകാരോഗ്യസംഘടനയും നടത്തിയ പഠനം കാണിക്കുന്നത് ഗ്രാമീണ ഇന്ത്യയില്‍ 90 ശതമാനം പേര്‍ക്കും ജലലഭ്യതയുണ്ടെന്നും എന്നാല്‍ 70 ശതമാനം കുടുംബങ്ങള്‍ക്കും ശാസ്ത്രീയമായി പണിത കക്കൂസില്ലെന്നുമാണ്. എന്നാല്‍ വെറും 49 ശതമാനത്തിന് മാത്രം മെച്ചപ്പെട്ട ജലലഭ്യതയുള്ള സബ് സഹാറന്‍ ആഫ്രിക്കയില്‍ 45 ശതമാനം ആളുകള്‍ മാത്രമേ തുറസിടങ്ങളില്‍ മലവിസര്‍ജനം നടത്തുന്നുള്ളൂ. നേപ്പാളും ബംഗ്ലാദേശുമൊക്കെ ഇക്കാര്യത്തില്‍ ഇന്ത്യയെക്കാള്‍ മെച്ചമാണ്.

 

  • നല്ല കക്കൂസുള്ളവര്‍ അതുപയോഗിക്കുന്നു. എന്തുകൊണ്ട് സര്‍ക്കാര്‍ അത്തരം കക്കൂസുകള്‍ പണിതു നല്‍കുന്നില്ല?

കക്കൂസുകള്‍ ഉള്ള കുടുംബങ്ങളില്‍ 79 ശതമാനം ആളുകളും അതുപയോഗിക്കുന്നു. എന്നാല്‍ സര്‍ക്കാര്‍, കക്കൂസുകള്‍ പണിതു നല്‍കിയാല്‍ തുറസിടങ്ങളിലെ മലവിസര്‍ജനം അവസാനിക്കുമെന്നല്ല ഇതിനര്‍ത്ഥം. കാരണം വീട്ടുകാര്‍ പണിയുന്ന കക്കൂസും സര്‍ക്കാര്‍ പണിയുന്നവയും രണ്ടു തരത്തിലുള്ളവയാണ്.

 

ഗ്രാമീണമേഖലയില്‍ കക്കൂസ് പണിയാന്‍ കേന്ദ്ര സര്‍ക്കാര്‍ 12,000 രൂപ നല്‍കുന്നു. ചിലപ്പോള്‍ ഗ്രാമത്തിലെ എല്ലാവര്‍ക്കും കക്കൂസ് പണിയാന്‍ ഒരു കരാറുകാരനെ ഏല്‍പ്പിക്കുന്നു. ഇത് വികസ്വര രാജ്യങ്ങളില്‍ വിജയകരമായി നടപ്പാക്കിയ, ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന മെച്ചപ്പെട്ട കക്കൂസുകളുടെ മാതൃകയില്‍ പണിയാന്‍ ആവശ്യമായ തുകയാണ്. എന്നാല്‍ ഇന്ത്യയിലെ ഗ്രാമീണര്‍ ഇത്തരം കക്കൂസുകളല്ല ആഗ്രഹിക്കുന്നത്.

 

എന്തുകൊണ്ടാണ് സര്‍ക്കാര്‍ കക്കൂസുകള്‍ ഉള്ളവരും തുറസിടങ്ങളില്‍ മലവിസര്‍ജനം ചെയ്യുന്നത്?കക്കൂസുകുഴിയുടെ വലിപ്പമാണ് ഇതില്‍ നിര്‍ണായകം. ഒരു സര്‍വെ കാണിക്കുന്നത് സ്വകാര്യമായി നിര്‍മ്മിച്ച കക്കൂസുകുഴികളുടെ വലിപ്പം സര്‍ക്കാര്‍/WHO നിര്‍ദേശിക്കുന്ന കക്കൂസുകളുടെ കുഴിയെക്കാള്‍ അഞ്ചിരട്ടി വലുതാണ് എന്നാണ്. ഇടക്കിടെ കുഴി കാലിയാക്കേണ്ട പ്രശ്നം ഒഴിവാക്കാനാണ് ഗ്രാമീണ ഇന്ത്യക്കാര്‍ ചെലവുകൂടിയ ഈ രീതി അവലംബിക്കുന്നത്. സര്‍ക്കാര്‍ തരം കക്കൂസ് കുഴികള്‍ ഏതാനും മാസങ്ങള്‍ക്കുളില്‍ നിറയുമെന്നാണ് ജനത്തിന്റെ തെറ്റിദ്ധാരണ. സ്വന്തം കക്കൂസ് വൃത്തിയാക്കുന്നത് സാമൂഹ്യമായി സ്വീകാര്യമല്ലാത്തതിനാല്‍ അത്തരം കക്കൂസുകള്‍ പല കുടുംബങ്ങളും അത്യാവശ്യത്തിനെ ഉപയോഗിക്കുന്നുള്ളൂ.

 

ആളുകള്‍ ചെയ്യുന്നില്ലെങ്കില്‍ കക്കൂസുകുഴി കാലിയാക്കാന്‍ എന്തെങ്കിലും വിപണി പരിഹാരമുണ്ടോ?ഇതിന് സാങ്കേതിക വിദ്യയുണ്ട്. എന്നാലിത് നഗരങ്ങളിലും ചെലവേറിയതുമാണ്. ഒരാളെ ഇപ്പണിക്ക് വിളിക്കുന്നതും ചെലവേറിയതാണ് എന്നാണ് വാസ്തവം.

 

  • എങ്ങനെയാണ് തോട്ടിപ്പണി തുറസിട മലവിസര്‍ജനത്തിന് കാരണമാകുന്നത്?

ദളിതര്‍ പല മേഖലകളിലും – വിദ്യാഭ്യാസം, സ്വകാര്യ ജോലികള്‍ – കടന്നുവരുന്നുണ്ടെങ്കിലും മ്ളേച്ഛമെന്ന് കരുതുന്ന ഒരു തൊഴിലും സവര്‍ണരെന്നു കരുത്തുന്ന ജാതിക്കാര്‍ ഇപ്പോഴും ചെയ്യുന്നില്ല. സമൂഹത്തിലെ ജാതിവ്യവസ്ഥ മൂലം ഇത്തരം തൊഴിലുകള്‍ ഇപ്പോഴും ദളിതരാണ് ചെയ്യുന്നത്. നിരവധി ധീരമായ സമരങ്ങളുടെ ഫലമായി തോട്ടിപ്പണി അടിച്ചേല്‍പ്പിക്കപ്പെട്ട സമുദായങ്ങളില്‍ നിന്നുള്ളവരും ഇപ്പോള്‍ ആ ജോലി ചെയ്യുന്നത് വളരെ കുറവാണ്. ഇതെല്ലാം ചേര്‍ന്ന് ചെലവുകുറഞ്ഞതരം കക്കൂസുകള്‍ ഉപയോഗിക്കാന്‍ ആളുകള്‍ പ്രേരിതരാകുന്നു. മറ്റ് രാജ്യങ്ങള്‍ക്ക് ഈ പ്രശ്നമില്ല, കാരണം അവിടെ തൊട്ടുകൂടായ്മയുടെ ചരിത്രമില്ല.

 

മറുവശത്ത് മെച്ചപ്പെട്ട കക്കൂസുകളുടെ വ്യാപനം കൂടുന്നുണ്ടെങ്കിലും (ആവശ്യമുള്ള തോതില്‍ അല്ലെങ്കിലും) അവയ്ക്ക് അറ്റകുറ്റപ്പണികളും വേണം. ഇപ്പോളത് അപ്പണിക്ക് വിധിക്കപ്പെട്ട സമുദായങ്ങളുടെ മേല്‍ കെട്ടിയിട്ടിരിക്കുകയാണ്. സ്വച്ച് ഭാരത് ദൌത്യത്തില്‍ കുഴികക്കൂസുകള്‍ പണിയുമ്പോഴും അവ വൃത്തിയാക്കാന്‍ ജാതി വ്യവസ്ഥയുടെ ജീര്‍ണ സമ്പ്രദായങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന് സര്‍ക്കാര്‍ പരിഗണിക്കുന്നില്ല.

 

ഇന്ത്യയിലെ കുട്ടികളുടെ ആരോഗ്യവും ആത്മാഭിമാനത്തോടെയുള്ള ഒരു വാല്മീകിയുടെ (തോട്ടിപ്പണി ചെയ്യുന്നവര്‍) ജീവിതാവകാശവും തമ്മില്‍ സംഘര്‍ഷമൊന്നുമില്ല. കാരണം മുന്നിലുള്ള ഒരേയൊരു വഴി ജാതി ഉന്‍മൂലനത്തിന്റെതാണ്.

 

(Research Institute for Compassionate economics (rice)-ല്‍ റിസേര്‍ച്ച് ആന്‍ഡ് പോളിസി മാനേജരായ നിഖില്‍ scroll.in-ല്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍