UPDATES

ട്രെന്‍ഡിങ്ങ്

എക്സിറ്റ് പോള്‍: ഇത്രയൊക്കെയായിട്ടും, എന്താവും ജനങ്ങള്‍ മോദിയില്‍ വീണ്ടും പ്രതീക്ഷ അര്‍പ്പിക്കുന്നത്?

മോദിയെന്ന നേതാവിന്റെ പ്രചാരണ ശേഷിയേയും തന്ത്രങ്ങളേയും മറികടക്കാന്‍ പ്രതിപക്ഷത്തിന്റെ പക്കല്‍ ഒന്നുമുണ്ടായിരുന്നില്ല

ഇന്ത്യ ചരിത്രത്തിലെ ഏറ്റവും സംഘര്‍ഷ ഭരിതമായ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി, എക്‌സിറ്റ് പോളുകളുടെ ഫലം പുറത്തുവന്നു. എല്ലാ ഫലങ്ങളും മോദി തിരിച്ചുവരുമെന്ന് പ്രവചിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ജനജീവിതവുമായി നേരിട്ട് ബന്ധമുള്ള എല്ലാ മേഖലകളിലും തിരിച്ചടി നേരിട്ട ഒരു ഭരണം വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ അതിന് കാരണമെന്തായിരിക്കും. ജീവല്‍പ്രശ്‌നങ്ങളെക്കാള്‍ വൈകാരികതയ്ക്ക് കീഴടങ്ങുന്നവരാണോ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറയായി വര്‍ത്തിക്കുന്നത്?

ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നോക്കിയാല്‍ മോദി ഭരണകാലത്ത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായെന്ന് പറയേണ്ടി വരും. പശു സംരക്ഷണക്കാര്‍ നടത്തിയ കൊലപാതകങ്ങള്‍, വര്‍ഗീയ ലഹളകള്‍ തുടങ്ങി കശ്മീരിലെ വര്‍ധിച്ച തീവ്രവാദ ആക്രമണങ്ങള്‍ വരെ ഈ മേഖലയിലെ പരാജയത്തിന്റെ തെളിവുകളാണ്. അതെപോലെ സാമ്പത്തിക രംഗത്തെ തകര്‍ച്ച. നോട്ടുനിരോധനവും ജിഎസ്ടിയുടെ നടത്തിപ്പുവരെ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍. ചെറുകിട വ്യവസായ വ്യപാര സ്ഥാപനങ്ങളുടെ തകര്‍ച്ചവരെയുളള കാര്യങ്ങള്‍. തൊഴില്‍നഷ്ടത്തിന്റെ തുടര്‍ച്ചയായ കണക്കുകള്‍. അത് മറച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍, ഇങ്ങനെ വിവാദങ്ങള്‍ക്ക് ഒരു കുറവും ഈ മേഖലയിലും ഉണ്ടായിരുന്നില്ല. വിദേശനയത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. സുപ്രീം കോടതി, സിബിഐ തുടങ്ങി ഇങ്ങനെ അഞ്ച് വര്‍ഷത്തിനിടെ വിവാദത്തിലാകാത്ത സ്ഥാപനങ്ങളില്ല.

ഇങ്ങനെയൊക്കെയായിട്ടും എന്തുകൊണ്ടാവും മോദിയെ വീണ്ടും തെരഞ്ഞെടുക്കാന്‍ (ഫലം അതാണെങ്കില്‍) ജനങ്ങളെ പ്രേരിപ്പിച്ചിട്ടുണ്ടാവുക? തൊഴില്‍മേഖലകളിലെ തകര്‍ച്ചയെക്കുറിച്ചും കാര്‍ഷിക പ്രതിസന്ധിയും ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് മറുപടി പറയുന്നതിന് പകരം ദേശീയ സുരക്ഷയും അതിദേശീയ വാദവും ഉന്നയിച്ചാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. പുല്‍വാമയിലെ ആക്രമണവും ബാലക്കോട്ടും ഇതിനുവേണ്ടി ഉപയോഗിച്ചു. ദേശ സുരക്ഷയെക്കുറിച്ചുള്ള ബിജെപി വ്യാഖ്യാനങ്ങള്‍ക്ക് പിന്നില്‍ നടക്കുകയാണ് കോണ്‍ഗ്രസ് അടക്കമുളള രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്തത്. ദേശീയതയെയും ദേശസുരക്ഷയേയും സംബന്ധിച്ചുള്ള ബിജെപി വ്യാഖ്യാനത്തെ ഫലപ്രദമായി നേരിടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എന്നുമാത്രമല്ല, ദേശസുരക്ഷയ്ക്ക് മോദി തന്നെ വേണമെന്ന് സ്ഥാപിച്ചെടുക്കാന്‍ ബിജെപിയ്ക്ക് അവരുടെ പ്രചണ്ഡമായ പ്രചാരണം കൊണ്ട് സാധിക്കുകയും ചെയ്തു. അതിന് എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളെയും അവര്‍ ഉപയോഗിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളൊന്നും ബിജെപിയ്ക്ക് ബാധകമായില്ല. ടെലിവിഷനുകളിലും മറ്റും നിത്യസാന്നിധ്യമായി മോദിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഇതും ജനങ്ങളെ സ്വാധിനിച്ചിട്ടുണ്ടാവണം എന്നാണ എക്‌സിറ്റ് പോളുകള്‍ നല്‍കുന്ന സൂചന.

അവസാനഘട്ട വോട്ടെടുപ്പിന് മുമ്പ് മോദി നടത്തിയ ‘ധ്യാന നാടക’ങ്ങള്‍ അദ്ദേഹം എങ്ങനെയാണ് സംവിധാനങ്ങളെ തനിക്ക് വേണ്ടി ഉപയോഗിക്കുന്നതെന്നതിന്റെ തെളിവാണ്. ക്ഷേത്ര ദര്‍ശനവും ധ്യാനവും പോലുള്ള സ്വകാര്യ ചടങ്ങുകള്‍ എങ്ങനെ ഒരു ദേശീയ ചര്‍ച്ച വിഷയമാക്കാം എന്നു തെളിയിക്കുക കൂടിയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതിന് ശേഷം നടത്തിയ ഈ പ്രകടനം ഫലത്തില്‍ 59 സീറ്റുകളിലേക്കുള്ള പ്രചാരണം തന്നെയായി. തീര്‍ത്തും സര്‍ക്കാരിന് കീഴടങ്ങിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനെതിരെ ഒന്നും ചെയ്തുമില്ല. അതാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതിത്വത്തെക്കുറിച്ച് ആരോപിച്ചതും.

തന്റെ ക്ലാസിനെയും കാസ്റ്റിനെയും ഉപയോഗിച്ചാണ് മോദി പ്രചാരണം നടത്തിയതെന്നാണ് സിഎസ്ഡിഎസ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പോന്നതായിരുന്നു എന്നും അദ്ദേഹം പറയുന്നു.

ഇതിന് പുറമെയായിരുന്നു പ്രതിപക്ഷത്തിന്റെ ആശയക്കുഴപ്പം. വിശാലമായ രാഷ്ട്രീയ സഖ്യത്തിന് ശ്രമിക്കുന്നതിന് പകരം സങ്കുചിത രാഷ്ട്രീയത്തിനാണ് കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിച്ചത്. യുപിയില്‍ കോണ്‍ഗ്രസും എസ് പിയും ബിഎസ്പി സഖ്യവും തമ്മിലുള്ള സഖ്യവും മല്‍സരത്തില്‍ ഏര്‍പ്പെട്ടതുവഴി എത്ര സീറ്റുകളിലാണ് പ്രതിപക്ഷത്തിന് നഷ്ടമാകുന്നത് എന്നത് ഫലം വന്നതിന് ശേഷമേ കണക്കാക്കാന്‍ കഴിയൂ.
അതുപോലെ ഛത്തീസ്ഗഡിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് ബിഎസ്പി ധാരണയുണ്ടായിരുന്നെങ്കില്‍ നേട്ടം ഉണ്ടാകുമായിരുന്നുവോ എന്ന കാര്യവും ഫലം പുറത്തുവന്നാല്‍ മാത്രം വ്യക്തമാകുന്ന കാര്യമാണ്.
ഡല്‍ഹിയില്‍ ആം ആദ്മിയും കോണ്‍ഗ്രസും ധാരണയില്ലെത്താത് ബിജെപിയ്ക്ക് കുറച്ചു സീറ്റിലെങ്കിലും ഗുണം ചെയ്തിട്ടുണ്ടാകുമെന്ന ഉറപ്പാണ്.

മോദിയുടെയും ബിജെപിയുടെയും പ്രചാരണത്തിനും തന്ത്രങ്ങള്‍ക്കും മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റുന്ന ഒന്നും പ്രതിപക്ഷത്തിന്റെ പക്കലുണ്ടായിരുന്നില്ല. പ്രതിപക്ഷത്തിന്റെ വീഴ്ചകളും ബിജെപിയുടെ തന്ത്രങ്ങളും മോദിയുടെ പ്രചാരണവും സര്‍ക്കാരിന്റെ എല്ലാ വീഴ്ചകളും മറച്ചുപിടിക്കാന്‍ കഴിയുന്നതായിരുന്നു.

Read More: 56 ഇഞ്ച് നെഞ്ചും 56 ഇഞ്ച് ഹൃദയവും; രണ്ടു കാഴ്ചപ്പാടുകളുടെ യുദ്ധം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍