UPDATES

വിദേശം

ഓഷ്‌വിറ്റ്‌സ് കൂട്ടക്കുരുതി; ഗ്രോനിംഗിന്റെ വിചാരണ ജര്‍മനിയുടെ പ്രായശ്ചിത്തമോ?

Avatar

ലിയോനിഡ് ബെര്‍ഷിദ്‌സ്‌കി
(ബ്ലൂംബര്‍ഗ് ന്യൂസ്)

ഓസ്‌ക്കാര്‍ ഗ്രോനിംഗ്- രണ്ടാം ലോക മഹായുദ്ധക്കാലത്ത് ജര്‍മ്മനിയിലെ ഓഷ്‌വിറ്റ്‌സ് ക്യാമ്പില്‍ ജൂതന്മാരുടെ കൂട്ടക്കുരുതി അരങ്ങേറുമ്പോള്‍ അവിടുത്തെ കാവല്‍ക്കാരനായിരുന്ന അദ്ദേഹം ഇപ്പോള്‍ തന്റെ 93ാം വയസില്‍ ആ കേസില്‍ വിചാരണ നേരിടുകയാണ്. അദ്ദേഹത്തെ ശിക്ഷിക്കുന്നതോ, അല്ലെങ്കില്‍ പാപമോചനം നല്‍കുന്നതിനോ ഉപരിയായ പ്രാധാന്യം ഈ വിചാരണയ്ക്കുണ്ട്. എന്തായാലും ല്യൂന്‍ബെര്‍ഗിലെ കോടതി അദ്ദേഹത്തെ ജയിലടയ്ക്കുമെന്നൊന്നും കരുതുക വയ്യ. എളുപ്പത്തില്‍ കുറ്റ വിമുക്തനാക്കാനും കഴിയില്ല, ഭാവി തലമുറയ്ക്ക് നാസി ഭീകരതയ്‌ക്കെതിരായ ശക്തമായ സന്ദേശം നല്‍കുകയെന്നതാണ് വിചാരണയുടെ ലക്ഷ്യം. അതൊരു പ്രഹസനമായിരുന്നില്ലെന്നു തെളിയിക്കുകയും വേണം. ഈ കൂട്ടക്കുരുതികളെല്ലാം നടന്ന് പതിറ്റാണ്ടുകള്‍ക്കു ശേഷം ജനിച്ച ജഡ്ജി ഫ്രാന്‍സ് കോംപിച്ചിനു മുന്നിലുള്ള ദൗത്യം ക്ലേശം നിറഞ്ഞതാണ്. 

ഗ്രോനിംഗിന്റെ വിചാരണ കേള്‍ക്കുന്ന ജഡ്ജിക്ക് നീതിന്യായ വിഭാഗത്തിനു തന്നെ മാതൃകയാകുന്ന തരത്തിലുള്ള തീരുമാനമാണ് കൈക്കൊള്ളേണ്ടതായുള്ളത്. ഒട്ടേറെ നാസി ക്രിമിനലുകളെ അവര്‍ ജീവിച്ചിരുന്ന സമയത്ത് വിചാരണ ചെയ്യാതെ വെറുതെ വിട്ടതിനുള്ള ക്ഷമാപണത്തോടെയാണ് വിചാരണ തുടങ്ങേണ്ടിയിരുന്നതെന്നു പത്രപ്രവര്‍ത്തകനും നിയമ വിദഗ്ധനുമായ ഹെര്‍മ്പര്‍ട്ട് പ്രാന്‍ടി ഒരു ജര്‍മന്‍ പത്രത്തില്‍ എഴുതിയിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം വന്ന പല ജഡ്ജിമാരും കറുത്ത ഗൗണണിഞ്ഞു തങ്ങളുടെ മനസാക്ഷിയെ തന്നെ മറച്ചപ്പോള്‍ അത് അസംഭവ്യമായി. നാസി കാലഘട്ടത്തിലെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഒരാളെ പോലും ഇതുവരെയായി ശിക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍ ഹിറ്റ്‌ലറുടെ ക്രൂരതൃത്യങ്ങളുടെ ഭാഗമായ ഓരോ കണ്ണിക്കും അതിനു കണക്കു പറയേണ്ടി വന്നുവെന്നു ഉറപ്പാക്കുകയല്ലാതെ കോംപിച്ചിനും മറ്റ് ജഡ്ജിമാര്‍ക്കും മറ്റൊന്നും ചെയ്യാനില്ല. 

ഇക്കാരണങ്ങളെല്ലാം കൊണ്ടു തന്നെയാണ് ല്യൂന്‍ബെര്‍ഗിലെ കോടതിക്ക് ഗ്രോനിംഗിനെ വെറുതെ വിട്ടയക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാവുന്നത്. ഗ്രോനിംഗിനെ പോലുള്ള വളരെ കുറച്ചു പേരെ ജീവനോടെ അവശേഷിക്കുന്നുള്ളു. പ്രതിബന്ധത തെളിയിക്കാനും വളരെ കുറച്ചു അവസരങ്ങള്‍ മാത്രം. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാല്‍, യുദ്ധ ക്യാമ്പിലെ ഒരു സൈനികന്‍ കുട്ടിയെ ഇരുമ്പഴിയിലടിച്ചു കൊല്ലുന്നത് നിങ്ങള്‍ കാണുന്നു. എന്നിട്ടും ഒന്നും ചെയ്യാതെ നിസംഗനായി ഇരുന്നാല്‍ പിന്നെ നിങ്ങളെ വെറും സാക്ഷിയായി പരിഗണിക്കാന്‍ കഴിയില്ല. കുറ്റകൃത്യത്തിലെ കൂട്ടുപ്രതി തന്നെയാണ് പിന്നെ നിങ്ങള്‍ . ഗ്രോനിംഗ് ചെയ്തതും അതു തന്നെയാണ്. തടവുകാരില്‍ നിന്നും പിടിച്ചെടുക്കുന്ന പണവും സാധനങ്ങളും തിട്ടപ്പെടുത്തുകയും സംഘാംഗങ്ങളുമായി കളിക്കുകയും കള്ളുകുടിക്കുകയുമൊക്കെ മാത്രമായിരിക്കും ഗ്രോനിംഗ് അന്ന് ചെയ്തിട്ടുണ്ടാകുക. അദ്ദേഹം ആരെയും കൊന്നിട്ടുമുണ്ടാകില്ല. അതൊന്നും പക്ഷേ അദ്ദേഹം കൂട്ടുപ്രതി അല്ലാതാകാനുള്ള ന്യായീകരണമാവുന്നില്ല. കേസില്‍ വിധി പറയുമ്പോള്‍ ഇക്കാര്യം നിര്‍ണ്ണായകമാണെന്നതില്‍ സംശയമില്ല. 

പൈശാചിക ക്രൂരതകള്‍ക്ക് ഇപ്പോഴും കുറവൊന്നുമുണ്ടായിട്ടില്ല. സിറിയയിലും ഇറാഖിലും യെമനിലും ഉക്രൈനിലും നൈജീരിയയിലുമൊക്കെ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളിലെല്ലാം അത്തരം അതിക്രമങ്ങള്‍ ഉണ്ടാവുന്നുണ്ട്. ആ സൈനികരെല്ലാം മനസിലാക്കേണ്ടൊരു പ്രധാന കാര്യമുണ്ട്, ന്യായീകരണങ്ങള്‍ നിരത്തി നിങ്ങള്‍ പാപഭാരത്തില്‍ നിന്നും ഒഴിവായ സാഹചര്യമൊന്നും ഭാവി തലമുറ കണക്കിലെടുക്കിലെടുക്കാന്‍ പോകുന്നില്ല. 

അതെ, ഗ്രോനിംഗ് ഓഷ്‌വിറ്റിലെ ഒരു കണക്കുസൂക്ഷിപ്പുകാരന്‍ മാത്രമായിരുന്നു. കടുത്ത ദേശീയവാദിയായ അച്ഛന്റെ സംരക്ഷണയില്‍ വളര്‍ന്ന അദ്ദേഹത്തിനു ജൂതര്‍ ജര്‍മനിക്കു ഭീഷണിയാണെന്ന നാസി പ്രചരണത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ ക.ഴിഞ്ഞിട്ടുണ്ടാവില്ല. ഓഷ് വിറ്റിലെ അനുഭവങ്ങള്‍ മറക്കാനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്. അതേപറ്റിയൊന്നും ചോദിക്കരുതെന്നു ഭാര്യയോടു പറയുകയും ചെയ്തിരുന്നു. പിന്നീട് ജൂതക്കൂട്ടക്കൊലയെ നിക്ഷേധിക്കുന്ന ഒരാളെ കാണാനിടയായപ്പോള്‍ ക്രൂരതകള്‍ സംബന്ധിച്ച ഓര്‍മകളെ പാവനമായ രൂപത്തില്‍ സംരക്ഷിച്ചു നിര്‍ത്താനായി സ്മാരകം പണിയാനായി മുന്നോട്ടു വരുകയും ചെയ്തു അദ്ദേഹം എന്നാല്‍ അതു കൊണ്ടു മാത്രം എന്തു കാര്യം?

ഓഷ് വിറ്റ്‌സ് ക്യാമ്പിലെ ഇരകളേയും അവരുടെ കുട്ടികളേയും കുറിച്ച് ചിന്തിച്ചു നോക്കു. ക്യാമ്പിനു പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരേയും കൊലപാതകികളായാണ് അവര്‍ അറിയുന്നത്. അത് സത്യവുമാണ്.

എന്നാല്‍ ഇക്കാര്യത്തില്‍ ഒരു മറുവശം കൂടിയുണ്ട്. ചെറുതും വലുതും ആയ യുദ്ധക്കുറ്റങ്ങള്‍ ആരു ചെയ്താലും അവരെല്ലാം ശിക്ഷിക്കപ്പെടുകയോ, നീതി എല്ലാവര്‍ക്കും തുല്ല്യമായി ലഭിക്കുന്നയോ ചെയ്യുന്ന ഒരു സാഹചര്യം ഇല്ല എന്നതാണത്. നിങ്ങള്‍ പരാജയ പക്ഷത്താണോ എന്നു നോക്കിയാവും എല്ലാം തീരുമാനിക്കപ്പെടുന്നത്.

ഹിറ്റ്‌ലറെ പരാജയപ്പെടുത്തിയ മുന്നണി സഖ്യത്തിലുണ്ടായിരുന്ന രാജ്യമായിരുന്നു സോവിയറ്റ് യൂണിയന്‍. അവര്‍ ഒരു പക്ഷേ യുദ്ധ ക്യാമ്പിലെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ആയിരങ്ങളെ ഗ്യാസ് ചേംബറിലടച്ച് കൊന്നിട്ടുണ്ടാകില്ല. പക്ഷേ അവിടെ ആയിരക്കണക്കിനാളുകള്‍ പട്ടിണി കൊണ്ടും തണുപ്പു കൊണ്ടും മറ്റു ദുരവസ്ഥകള്‍ കാരണവും മരിച്ചു കൊണ്ടിരുന്നപ്പോള്‍ ഭരണകുടം വെറുതെ നോക്കിയിരിക്കുകയായിരുന്നു. സ്റ്റാലിന്റെ പാവനമായ ഭരണക്കാലത്ത് ബുള്ളറ്റ് ലാഭിക്കാനായി കത്തി ഉപയോഗിച്ചാണ് വധശിക്ഷ നടപ്പിലാക്കിയിരുന്നത്. സ്റ്റാലിന്റെ രഹസ്യ പോലീസില്‍ പ്രവര്‍ത്തിച്ചിരുന്ന ചിലരുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്. ”ഞാനന്ന് തീരെ ചെറുപ്പമായിരുന്നു., എന്നോട് അവര്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ വിശ്വസിച്ചു, ഞാന്‍ ആരെയും കൊന്നിട്ടില്ല.” ഇത്തരത്തില്‍ പോകുന്നു അവരുടേയും ന്യായീകരണങ്ങള്‍. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അവരാരും ജയിലിലായില്ല, അതില്‍ ജീവിച്ചിരിക്കുന്നര്‍ ഇനി ഒരു നടപടിയും നേരിടാനും പോകുന്നില്ല. പക്ഷേ നമ്മള്‍ അങ്ങനെ തങ്ങളുടെ ദുഷിച്ച ഭൂതകാലവുമായി സന്ധി ചെയ്ത റഷ്യയെ പോലെയാകരുത്. ഹിറ്റ്‌ലറുടെ സാമ്രാജ്യം ഭൂമിയില്‍ നിന്നു തുടച്ചു നീക്കപ്പെടുമ്പോഴും, ഓഷ് വിറ്റ്‌സ്‌നെ മോചിപ്പിച്ച സൈന്യം മാര്‍ച്ചു നടത്തുമ്പോഴുമൊക്കെ ധാരാളം യുദ്ധക്കുറ്റങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. എന്നാല്‍ അതു ചെയ്ത സൈനികര്‍ക്കെതിരെയൊന്നും നാസി കുറ്റവാളികള്‍ക്കെതിരെ ഉണ്ടായ പോലെയൊരു ആഗോളതല വേട്ടയൊന്നും ഉണ്ടായില്ല, അതൊക്കെ നന്മ സ്ഥാപിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായിരുന്നുവെന്നും നിയമപരമായിരുന്നുവെന്നുമൊക്കെയുള്ള വാദങ്ങള്‍ അവര്‍ തുടര്‍ന്നു. സ്വന്തം വീട്ടില്‍ വച്ചു മരിക്കാനും അവര്‍ക്കു സാധിച്ചു. വിജയമുന്നണിയുടെ ഭാഗമാണെങ്കിലും അവരെല്ലാം റഷ്യയിലെ ഗ്രോനിംഗുമ്മാര്‍ തന്നെയാണ്.

യുദ്ധക്കുറ്റങ്ങള്‍ക്ക് പ്രായശ്ചിത്വം ചെയ്യേണ്ടത് യുദ്ധം ചെയ്തുകൊണ്ടാവരുതെന്നു പറയുന്നത് അതുകൊണ്ടാണ്. അത് അക്രമങ്ങളെ പ്രതിരോധിച്ചു കൊണ്ടാകണം. മറ്റുള്ളവര്‍ സൈനിക ശക്തി ഉപയോഗിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ സംഘര്‍ഷങ്ങളില്‍ സമവായമുണ്ടാക്കാന്‍ ആന്‍ജലീന മെര്‍ക്കല്‍ മുന്‍കൈയ്യെടുത്തു നടത്തുന്ന വിട്ടുവീഴ്ച്ചയില്ലാത്ത, ആത്മാര്‍ഥമായ ശ്രമങ്ങള്‍ മേല്‍പറഞ്ഞ ആശയം മുറുകേ പിടിക്കുന്ന ജര്‍മന്‍ സമീപനത്തിനുള്ള തെളിവാണ്. അല്ലാതെ 93 വയസുള്ള അവശനായ പഴയൊരു കണക്കു സൂക്ഷിപ്പുകാരനു കൊടുക്കാന്‍ കഴിയുന്ന ജയില്‍ ശിക്ഷയായിരിക്കില്ല ജര്‍മ്മനി ചെയ്യുന്ന പ്രായശ്ചിത്വം. രണ്ടാം ലോകമഹാ യുദ്ധത്തില്‍ വിജയിച്ച ആളുകള്‍ക്കും ഈ ആശയം മനസ്സിലാക്കാന്‍ സാധിക്കുമോ?

(ബ്ലൂംബര്‍ഗ് കോളമിസ്റ്റായ ലിയോനിഡ് ബെര്‍ഷിദ്‌സ്‌കി ബെര്‍ലിന്‍ ബെയ്സ്ഡ് എഴുത്തുകാരനാണ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍