UPDATES

എന്‍ കെ ഭൂപേഷ്

കാഴ്ചപ്പാട്

വരട്ടുവാദം

എന്‍ കെ ഭൂപേഷ്

ട്രെന്‍ഡിങ്ങ്

പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് രാജീവ് ഗാന്ധി ഒരു മാതൃകയല്ല, രാജ്യം ഇന്നനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ കൂടി സൃഷ്ടിയാണ്

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിന്നോട്ടടുപ്പിച്ച പ്രവണതകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നത് രാജീവ് ഗാന്ധിയുടെ സമീപനങ്ങള്‍

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75-ാം പിറന്നാള്‍ ആചരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഒരാഴ്ച പാര്‍ട്ടി വിവിധ പരിപാടികളോടെ ആചരിക്കുമെന്ന് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കുകയും ചെയ്തു.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് രാജീവ്ഗാന്ധിയില്‍ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടോ? വൈകാരികതയ്ക്കപ്പുറം രാജീവിന്റെ കാലത്തുനിന്ന് തിരുത്താന്‍ അല്ലാതെ കോണ്‍ഗ്രസിന് എന്തെങ്കിലും ഉള്‍ക്കൊള്ളാനുണ്ടോ? നെഹ്‌റുവിന്റെ കാലത്ത് പോലും ലഭിക്കാത്ത ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി അഞ്ചു വര്‍ഷത്തിനകം കോണ്‍ഗ്രസിനെ ദേശീയ രാഷ്ട്രീയത്തില്‍ തോല്‍പ്പിക്കാന്‍ പറ്റുന്ന, സാമാന്യം ദുര്‍ബലമായ പാര്‍ട്ടിയായി പരിവര്‍ത്തിപ്പിച്ചുവെന്നതാണ് രാജീവ് ഗാന്ധി തനിക്ക് ജന്മാവകാശമായി കിട്ടിയ സംഘടനയോട് ചെയ്തത് എന്നതാണ് ചരിത്രത്തിലേക്ക് തിരിച്ചുനോക്കുമ്പോള്‍ കാണാന്‍ കഴിയുക.

തന്റെ പിന്‍ഗാമിയായി ഇന്ദിരാ ഗാന്ധി ആദ്യം രാജീവിനെ കണ്ടില്ലെന്നത് വാസ്തവമായിരിക്കാം. എന്നാല്‍ സന്ദേഹിയായ രാഷ്ട്രീയക്കാരനായി ആരാധകരാല്‍ വിലയിരുത്തപ്പെടുന്ന രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധിയുടെ മരണത്തോടെ യാതൊരു മടിയും കൂടാതെയാണ് രാഷ്ട്രീയത്തിലെത്തിയത്. ഇപ്പോള്‍ മകള്‍ പ്രിയങ്ക രാഷ്ട്രീയത്തില്‍ പ്രവേശിച്ചതുപോലെ, എഐസിസി ജനറല്‍ സെക്രട്ടറിയായി തുടക്കം.

കുടുംബപരമായി കിട്ടിയ പാര്‍ട്ടി പദവിയുടെ ബോധങ്ങളാണ്, അല്ലാതെ കോണ്‍ഗ്രസ് പോലുള്ള ഒരു ബഹുജന സംഘടനയുടെ രാഷ്ട്രീയമായിരുന്നില്ല രാജീവ് ഗാന്ധിയെ തുടക്കം മുതല്‍ നയിച്ചതെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനവും കോണ്‍ഗ്രസിന് പിന്നീട് ഒരിക്കലും കരകയറാന്‍ പറ്റാത്തതുമായ സംഭവം ആന്ധ്രപ്രദേശില്‍ ഉണ്ടായതാണ്. ഒരു പക്ഷെ തെലുങ്കുദേശം പാര്‍ട്ടിയുടെ പിറവിക്ക് പോലും കാരണമായ സംഭവം.

എഐസിസി ജനറല്‍ സെക്രട്ടറിയായിരിക്കേ, രാജീവ് ഗാന്ധി ആന്ധ്രപ്രദേശില്‍ എത്തുന്നു. കോണ്‍ഗ്രസില്‍ അമ്മ ഇന്ദിരാ ഗാന്ധിയായി തുടങ്ങിയ സംസ്‌ക്കാരത്തിന്റെ ഭാഗമായി പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും മുഖ്യമന്ത്രി ടി. ആഞ്ചെയ്യയുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിക്കന്‍ എത്തി. ആള്‍ക്കൂട്ടവും ആരാധകകൂട്ടത്തിന്റെ ആവേശവും രാജീവ് ഗാന്ധിയെ ചൊടിപ്പിക്കുന്നു. അദ്ദേഹം ഇതിനെല്ലാം കാരണക്കാരാനായ മുഖ്യമന്ത്രിയെ പരസ്യമായി ആളുകളുടെ മുന്നില്‍വെച്ച് അപമാനിക്കുന്നു. ബഫൂണ്‍ എന്ന് അപഹസിക്കുന്നു. ദളിത് വിഭാഗത്തില്‍പെടുന്ന ആളുകൂടിയായ മുഖ്യമന്ത്രി ആകെ പരിഹാസ്യനായാണ് അന്ന് അവിടം വിട്ടത്. തെലുങ്ക് ആത്മാഭിമാനത്തെയാണ് രാജീവ് ഗാന്ധി പരിഹസിച്ചത് എന്ന മട്ടിലാണ് ജനങ്ങള്‍ ഈ സംഭവത്തെ കണ്ടത്. സിനിമാതാരമായ എന്‍.ടി രാമറാവു അഭിനയം നിര്‍ത്തി, തെലുങ്ക് ആത്മാഭിമാനമുയര്‍ത്തി ടിഡിപി രൂപികരിക്കുന്നത് ഇതിന് ശേഷമാണ്. അങ്ങനെ കുടുംബപരമായി തനിക്ക് കിട്ടിയ അധികാരം രാജീവ് ഗാന്ധി ആദ്യം പ്രയോഗിച്ചത് ആന്ധ്രയിലാണ്. അതിന്റെ ക്ഷീണം കോണ്‍ഗ്രസിന് ഇപ്പോഴും തീര്‍ന്നിട്ടില്ല. ഇനി ഒരിക്കലും തീരാനും സാധ്യതയില്ല.

1984 ഒക്ടോബര്‍ 31 ന് ഇന്ദിരാ ഗാന്ധി വെടിയേറ്റ് മരിച്ചപ്പോള്‍ അടുത്ത പ്രധാനമന്ത്രി ആരെന്ന കാര്യത്തില്‍ കോണ്‍ഗ്രസിലെ വൈതാളിക സംഘത്തെ പോലെ രാജീവ് ഗാന്ധിയ്ക്കും സംശയമൊന്നുമുണ്ടായിരുന്നില്ല. അന്ന് വൈകിട്ട് തന്നെ രാഷ്ട്രപതി ഗ്യാനി സെയില്‍സിംഗിനെ കണ്ട് അദ്ദേഹം പ്രധാനമന്ത്രിയായി. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ കലാപമായിരുന്നു അന്ന് അരങ്ങേറിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്യത്തെമ്പാടും അക്രമം അഴിച്ചുവിട്ടു. പലയിടങ്ങളിലും ഹിന്ദു തീവ്രവാദികളും ഇവരോടൊപ്പം കൂടി. 3000-ലധികം സിക്കുകാര്‍ കൊല്ലപ്പെട്ടു. വന്‍മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുക്കമുണ്ടാകുമെന്നായിരുന്നു ആയിരങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ രാജീവ് ഗാന്ധിയുടെ ന്യായീകരണം.

പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ 415 സീറ്റുമായി കോണ്‍ഗ്രസ് അധികാരത്തിലെത്തി. മിസ്റ്റര്‍ ക്ലീന്‍ എന്ന പ്രതിച്ഛായ ടാഗുമായി രാജീവ് ഭരണം തുടങ്ങി. പുതിയ അധികാര കേന്ദ്രങ്ങള്‍ കോണ്‍ഗ്രസിലുണ്ടായി. ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്റെ മോഹങ്ങളെ കെട്ടഴിച്ചുവിട്ടു എന്നതാണ് സാമ്പത്തിക രംഗത്ത് രാജീവ് ഗാന്ധി വരുത്തിയ പ്രധാനമാറ്റം. സാം പിട്രോഡയെ പോലുള്ളവരുടെ സഹായത്താല്‍ ഇന്ത്യന്‍ ടെലികോം രംഗത്ത്  വിപ്ലകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു.

അതേസമയം, വന്‍ ഭൂരിപക്ഷമുണ്ടായെങ്കിലും അതിന്റെ പിന്‍ബലത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെയും സമൂഹത്തെയും മുന്നോട്ടുകൊണ്ടുപോകാനുളള ആര്‍ജ്ജവമായിരുന്നില്ല രാജീവ് ഗാന്ധി കാണിച്ചത്. മൊഴി ചൊല്ലപ്പെടുന്ന മുസ്ലീം സ്ത്രീക്ക് ജീവനാംശം നല്‍കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ മത യാഥാസ്ഥിതികര്‍ അണിനിരന്നപ്പോള്‍ ലിംഗനീതി നടപ്പിലാക്കുന്നതിന് പകരം രാജീവ് അവര്‍ക്ക് മുന്നില്‍ കീഴടങ്ങി. സുപ്രീം കോടതി വിധി മറികടക്കുന്നതിന് നിയമം പാസ്സാക്കി. ഇതില്‍ പ്രതിഷേധിച്ച് ആരീഫ് മുഹമ്മദ് ഖാന്‍ മന്ത്രിസഭയില്‍നിന്ന് രാജിവെച്ചു.

നിയമം കൊണ്ടുവന്നതുകൊണ്ട് ഏറ്റവും പ്രയോജനമുണ്ടായ രണ്ട് വിഭാഗങ്ങള്‍, മുസ്ലീം യാഥാസ്ഥികരും ഹിന്ദു വര്‍ഗീയവാദികളുമായിരുന്നു. ഇന്ത്യന്‍ മതേതരത്വമെന്നത് ന്യൂനപക്ഷ പ്രീണനത്തിനുള്ള മറ്റൊരു വാക്കാണെന്ന ഹിന്ദുത്വവാദികളുടെ പ്രചരണം ഇതോടെ ശക്തിപ്പെട്ടു. ഈ ഘട്ടത്തിലാണ് അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുന്നത്. ഇനി പിടിച്ചുനില്‍ക്കാന്‍ ഹിന്ദു വര്‍ഗീയ വാദികളെ പ്രീണിപ്പിക്കലാണെന്ന് മാര്‍ഗമെന്ന് കരുതിയ രാജീവ് ഗാന്ധി ഇന്ത്യന്‍ മതേതരത്വത്തിന് ഒരിക്കലും പൊറുക്കാന്‍ കഴിയാത്ത മറ്റൊരു പ്രവര്‍ത്തിയാണ് ചെയ്തത്. മുസ്ലീം ദേവാലയമായിരുന്ന ബാബ്‌റി മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് ആരാധന നടത്താന്‍, അടച്ചിട്ട മന്ദിരം തുറന്നുകൊടുത്തു. ഇന്ത്യയില്‍ ഹിന്ദുത്വവാദികള്‍ക്ക് അതുമൂലം ഉണ്ടായ നേട്ടമാണ് ഇന്നും അവര്‍ അധികാരത്തിലെത്തുന്നതിന് സഹായകരമായ പ്രധാന ഘടകം. രാജീവ് ഗാന്ധി തുടങ്ങിയത് നരസിംഹറാവു പ്രധാനമന്ത്രിയായപ്പോള്‍ പൂര്‍ത്തിയാക്കി. ഹിന്ദുത്വ വാദികള്‍ എല്‍.കെ അദ്വാനിയുടെ ആഹ്വാനത്തിൽ ബാബ്‌റി പള്ളി പൊളിക്കുമ്പോള്‍ റാവു മൗനിയായി നോക്കിനിന്നു!

ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തില്‍ വല്യേട്ടന്‍ മനോഭാവത്തോടെ ഇടപ്പെട്ട് ഇന്ത്യയ്ക്ക് കൈപൊളളിയതും ഇക്കാലത്താലായിരുന്നു. ശ്രീലങ്കയിലെ തമിഴരുടെ പോരാട്ടത്തെ സഹായിക്കുന്നുവെന്ന രീതിയില്‍ ആദ്യ ഘട്ടങ്ങളില്‍ തോന്നിപ്പിച്ച രാജീവ് ഗാന്ധി പിന്നീട് അവരുടെ സ്വാതന്ത്ര്യ പോരാട്ടത്തെ നേരിടാന്‍ സിംഹള പട്ടാളത്തോടൊപ്പം ചേര്‍ന്നു. കനത്ത തിരിച്ചടി ഇന്ത്യന്‍ സൈന്യത്തിന് നേരിടേണ്ടി വന്നു. വിയറ്റ്‌നാമില്‍ കുടുങ്ങിയ അമേരിക്കന്‍ സൈന്യത്തിന്റെ അവസ്ഥയിലായിരുന്നു ഒരു ഘട്ടത്തില്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ സൈന്യം.

ഇന്ത്യന്‍ പ്രധാനമന്ത്രി വ്യക്തിപരമായി അഴിമതി നടത്തിയെന്ന് ആരോപണവും രാജീവ് ഗാന്ധിക്ക് നേരിടേണ്ടി വന്നു. ബോഫോഴ്‌സ് ആരോപണം കോണ്‍ഗ്രസിന്റെ ചരിത്രത്തെ മാറ്റി മറിച്ചു. കോണ്‍ഗ്രസില്‍തന്നെ കലാപമുണ്ടായി. വി.പി സിംങ് രാജിവെച്ചു. പുതിയ രാഷ്ട്രീയ പ്രസ്ഥാനമുണ്ടാക്കി.

എല്‍ടിടിഇ ആക്രമണത്തില്‍ രാജീവ് കൊല്ലപ്പെട്ടതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തെ പ്രതികൂലമായി ബാധിച്ച ഒരു കാലഘട്ടത്തിന് അന്ത്യമായി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപി കയറി വന്നതിന് രാജീവ് ഗാന്ധിയുടെ നയങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. 1984 ലെ രണ്ട് സീറ്റില്‍നിന്ന് അഞ്ച് വര്‍ഷത്തിനകം 89 സീറ്റിലേക്കെത്തിച്ചതില്‍ രാജീവ് ഗാന്ധിയുടെ വര്‍ഗീയ പ്രീണന നയങ്ങള്‍ നല്‍കിയ സംഭാവനയ്ക്ക് യഥാര്‍ത്ഥത്തില്‍ ആര്‍എസ്എസ് അദ്ദേഹത്തോട് നന്ദി പറയേണ്ടതാണ്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കാന്‍ കഴിയുമോ എന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പല കാര്യങ്ങളിലും പാര്‍ട്ടിക്ക് ഒരു നിലപാട് പോലുമില്ലെന്ന് കാശ്മീര്‍ സംഭവം തെളിയിക്കുകയും ചെയ്തതാണ്. എന്തായാലും ചരിത്രത്തെ നിര്‍മമായി നോക്കിയാല്‍ തിരിച്ചുവരാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് മുന്നില്‍ രാജീവ് ഗാന്ധി നില്‍ക്കുന്നത് അനുകരിക്കാവുന്ന മാതൃകയല്ല, മറിച്ച് നിര്‍ബന്ധമായി ഒഴിവാക്കേണ്ട നിലപാടുകള്‍ സ്വീകരിച്ച നേതാവെന്ന നിലിയിലാണ്. അത്രയും ചരിത്രബോധം കാണിക്കാനുള്ള രാഷട്രീയ ഇച്ഛാശക്തി സോണിയാ ഗാന്ധിയുടെ കോണ്‍ഗ്രസിനുണ്ടോ എന്നതാണ് പ്രശ്‌നം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Read Azhimukham: “കഴിഞ്ഞ പ്രളയത്തിന് 74 ദിവസങ്ങള്‍ ക്യാമ്പിലായിരുന്നു, ഇത്തവണയും പോയി, അടുത്ത തവണയും പോണം, ഇതിനൊന്നും ഒരറുതിയില്ലേ?”; ഓമനക്കുട്ടന്റെ അംബേദ്കര്‍ ഗ്രാമത്തിലെ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍

എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍