UPDATES

വിദേശം

എന്തുകൊണ്ടാണ് സുവിശേഷകര്‍ ഡൊണാള്‍ഡ് ട്രംപിനെ ഇഷ്ടപ്പെടുന്നത്?

Avatar

ജെന്ന ജോണ്‍സണ്‍, സാറ പല്ലിയം ബെയ്‌ലി
(വാഷിങ്ടണ്‍ പോസ്റ്റ്)

തിങ്കളാഴ്ച രാവിലെ ലിബര്‍ട്ടി യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ജെറി ഫാള്‍വെല്‍ ജൂനിയര്‍ ആയിരത്തിലധികം വരുന്ന തന്റെ ശിഷ്യരോടും ചില സന്ദര്‍ശകരോടും ഡൊണാള്‍ഡ് ട്രംപിനുവേണ്ടി വാദിച്ചു. ശാപവാക്കുകള്‍ ഉരുവിടുന്ന, വിജയത്തിനായി സ്വയം പ്രവര്‍ത്തിക്കുന്ന, മൂന്നു തവണ വിവാഹിതനായ, ബൈബിള്‍ ഉദ്ധരണികള്‍ കൂട്ടിക്കുഴയ്ക്കുന്ന ട്രംപ് എന്ന കോടീശ്വരന്‍ എന്തുകൊണ്ട് തന്നെപ്പോലുള്ള യാഥാസ്ഥിതിക സുവിശേഷകരുടെ പിന്തുണയ്ക്ക് അര്‍ഹനാണ് എന്നു വിശദീകരിച്ചു.

ട്രംപിനെ ‘ സേവകനായ നേതാവ് ‘ എന്നും ‘ ക്രിസ്തുവിനെപ്പോലെ മറ്റുള്ളവരെ സഹായിക്കാനായി ജീവിക്കുന്നയാള്‍’ എന്നും വിശേഷിപ്പിച്ചെങ്കിലും ഭക്തിയോ വിശുദ്ധിയോ നിറഞ്ഞ സ്ഥാനാര്‍ത്ഥിയായതുകൊണ്ടല്ല അദ്ദേഹത്തെ പിന്താങ്ങുന്നതെന്ന് ഫാള്‍വെല്‍ പറയുന്നു. ‘ട്രംപ് കഴിവുറ്റ ബിസിനസുകാരനാണ്. അദ്ദേഹം പൊതുവേദികളില്‍ സത്യം പറയുന്നു, അത് ആളുകള്‍ക്ക് അസുഖകരമാണെങ്കില്‍പ്പോലും. വന്‍ സംഭാവനകള്‍ നല്‍കുന്നവരുടെ കൈയിലെ പാവയല്ല ട്രംപ്.’

തന്റെ പരാമര്‍ശങ്ങള്‍ ട്രംപിനുവേണ്ടിയുള്ള പരസ്യമല്ലെന്നു പറഞ്ഞ ഫാള്‍വെല്‍ ട്രംപിനെ മുന്‍പ്രസിഡന്റ് റൊണാള്‍ഡ് റീഗനോട് ഉപമിച്ചു. സതേണ്‍ ബാപ്റ്റിസ്റ്റ് സണ്‍ഡേ സ്‌കൂള്‍ അധ്യാപകനായിരുന്ന ജിമ്മി കാര്‍ട്ടറെക്കാള്‍ അഭിനേതാവില്‍ നിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങിയ റീഗനാകും ശോഭിക്കുക എന്നായിരുന്നു ഫാള്‍വെല്ലിന്റെ പിതാവ് പരേതനായ ടെലി ഇവാഞ്ചലിസ്റ്റ് ജെറി ഫാള്‍വെല്ലിന്റെ അഭിപ്രായം.

‘വോട്ടിങ് ബൂത്തില്‍ എന്റെ പിതാവ് സണ്‍ഡേ സ്‌കൂള്‍ അധ്യാപകനെ തിരഞ്ഞെടുക്കുകയായിരുന്നില്ല. പുരോഹിതനെയോ സ്വന്തം വിശ്വാസങ്ങള്‍ പങ്കിടുന്ന പ്രസിഡന്റിനെയോ തിരഞ്ഞെടുക്കുകയായിരുന്നില്ല. രാഷ്ട്രത്തെ നയിക്കാന്‍ കഴിവും പരിചയസമ്പത്തുമുള്ള യുഎസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയായിരുന്നു. ജിമ്മി കാര്‍ട്ടര്‍ മികച്ച സണ്‍ഡേ സ്‌കൂള്‍ അധ്യാപകനായിരുന്നു. പക്ഷേ അദ്ദേഹം പ്രസിഡന്റായിരുന്നപ്പോള്‍ നമ്മുടെ രാജ്യത്തിന് എന്താണു സംഭവിച്ചതെന്നു നോക്കുക’.

പ്രിസ്ബിറ്റേറിയന്‍ ചര്‍ച്ച് വിശ്വാസിയായ ട്രംപ് അപ്രതീക്ഷിതമാംവിധം അനേകം ഇവാഞ്ചലിക്കല്‍ വോട്ടര്‍മാരുടെ ഇഷ്ടസ്ഥാനാര്‍ത്ഥിയാണ്. ആദ്യം വോട്ടെടുപ്പു നടക്കുന്ന ചില സംസ്ഥാനങ്ങളില്‍ ഇവരുടെ വോട്ടിന് ഗണ്യമായ പ്രാധാന്യമുണ്ട്. സതേണ്‍ ബാപ്റ്റിസ്റ്റും പാസ്റ്ററുടെ പുത്രനുമായ സെനറ്റര്‍ ടെഡ് ക്രൂസിനെ ഇഷ്ടപ്പെടുന്ന അതേ ആളുകളാണ് ഇവര്‍. പ്രചാരണത്തിലുടനീളം മതവിശ്വാസം ചര്‍ച്ച ചെയ്യുന്നയാളാണ് ക്രൂസ്. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്കായുള്ള മല്‍സരം കടുക്കുമ്പോള്‍ ഇരുവരും തമ്മിലുള്ള യുദ്ധം ഇവാഞ്ചലിക്കല്‍ വോട്ടുകള്‍ക്കുവേണ്ടിയാണ്.

ദേശീയവോട്ടെടുപ്പുകളില്‍ ഇവാഞ്ചലിസ്റ്റുകള്‍ക്കിടയില്‍ ട്രംപ് മുന്നിലോ ഒപ്പത്തിനൊപ്പമോ ആണ്. എന്നാല്‍ ഇയോവയില്‍ ക്രൂസിന് നല്ല മുന്‍തൂക്കമുണ്ട്.

ഇവാഞ്ചലിസ്റ്റുകളെ പ്രീതിപ്പെടുത്താനുള്ള ട്രംപിന്റെ ശ്രമം മനസില്ലാമനസോടെ എന്നു തോന്നിപ്പിക്കുംവിധമായിരുന്നു. എഴുതപ്പെട്ട ഏറ്റവും മഹത്തായ പുസ്തകം ബൈബിളാണെന്നു പറഞ്ഞ ട്രംപിന് ഇഷ്ടപ്പെട്ട ബൈബിള്‍ വാക്യം പറയാനായില്ല. മറ്റൊരിക്കല്‍ ഇയോവയിലെ റാലിയില്‍ തന്റെ സ്ഥൈര്യലേപനത്തിന്റെ ചിത്രങ്ങള്‍ ട്രംപ് വിതരണം ചെയ്തു. ക്രൂസിന്റെ പിതാവ് ക്യൂബയില്‍നിന്നു വന്നയാളാണെന്നു പറഞ്ഞ ട്രംപ് ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: ‘ ക്യൂബയില്‍നിന്ന് അധികം സുവിശേഷകര്‍ വന്നിട്ടില്ല’.

ലിബര്‍ട്ടിയില്‍ തിങ്കളാഴ്ച സംസാരിക്കവേ ട്രംപ് ‘കൊറിന്തിയക്കാര്‍ക്കുള്ള രണ്ടാം ലേഖനത്തെ’ ‘ രണ്ടു കൊറിന്തിയക്കാര്‍’ എന്നു പറഞ്ഞത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തമാശയായി. ക്രൂസിന്റെ പ്രചാരകര്‍ ട്വിറ്ററില്‍ ഇതിനെ കളിയാക്കുകയും ചെയ്തു.

ലോകത്തിലെ ഏറ്റവും വലിയ ക്രിസ്റ്റിയന്‍ യൂണിവേഴ്‌സിറ്റി എന്നവകാശപ്പെടുന്ന ലിബര്‍ട്ടിയില്‍ വിദ്യാര്‍ഥികള്‍ ആഴ്ചയില്‍ മൂന്നുതവണ ചാപ്പല്‍ സര്‍വീസില്‍ പങ്കെടുക്കണം. ഇവിടെയാണ് ക്രൂസ് തന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വ പ്രചാരണം ആരംഭിച്ചത്.

ഫ്‌ളോറിഡ മുന്‍ ഗവര്‍ണര്‍ ജെബ് ബുഷ്, റിട്ട. സര്‍ജന്‍ ബെന്‍ കാഴ്‌സന്‍, ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബെര്‍നി സാന്‍ഡേഴ്‌സ് എന്നിവരെല്ലാം ഇവിടെ അതിഥി പ്രാസംഗികരായിരുന്നു. 2012ലെ ഒരു കോണ്‍വൊക്കേഷനിലാണ് ട്രംപ് ഇവിടെ ആദ്യം എത്തുന്നത്. അന്നുമുതല്‍ ഫാള്‍വെല്ലുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു.

ലിബര്‍ട്ടി സദസില്‍ നിറയെ ക്രൂസിന്റെയും സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് ചര്‍ച്ച് അംഗമായ കാഴ്‌സന്റെയും ആരാധകരായിരുന്നു. ട്രംപിന്റെ തമാശ കേട്ട് മര്യാദയ്ക്കുവേണ്ടി ചിരിക്കുമെന്നല്ലാതെ അവര്‍ ആവേശത്തോടെ പ്രചാരണത്തെ എതിരേല്‍ക്കാന്‍ സാധ്യതയുണ്ടായിരുന്നില്ല. ട്രംപിന് വോട്ടു ചെയ്യാനുദ്ദേശിക്കുന്നവര്‍ എപ്പോഴും പറയുക അവരങ്ങനെ ചെയ്യുന്നത് മതപരമല്ലാത്ത കാരണങ്ങള്‍ കൊണ്ടാണ് എന്നാണ്. ഫാള്‍വെല്‍ പറഞ്ഞതുപോലെതന്നെ.

മാര്‍ക്കറ്റിങ് രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായ ജൊനാഥന്‍ കോഡി ഹില്‍ഡെബ്രാന്‍ഡ് ട്രംപിനെയും ക്രൂസിനെയും കാഴ്‌സനെയും ഇഷ്ടപ്പെടുന്നു. വിര്‍ജീനിയ പ്രൈമറികളില്‍ ട്രംപിന് വോട്ടുചെയ്യാനാണ് ജൊനാഥന്‍ ഉദ്ദേശിക്കുന്നത്. ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളില്‍ മുന്‍പിലുള്ള ഹിലരി ക്ലിന്റനെ തോല്‍പിക്കാന്‍ കഴിയുക ട്രംപിനാണെന്ന വിശ്വാസമാണ് കാരണം.

‘റിപ്പബ്ലിക്കന്‍ ആശയങ്ങളാണ് എന്റെ ക്രിസ്തീയ വിശ്വാസങ്ങളുമായി ഒത്തുപോകുക. അതുകൊണ്ട് വലതുപക്ഷത്തുള്ള ആരും ഇടതുപക്ഷത്തെക്കാള്‍ എനിക്ക് അനുയോജ്യരാണ്,’ ഹില്‍ഡെബ്രാന്‍ഡ് പറയുന്നു. ‘ ട്രംപിന്റെ അഹങ്കാരത്തെപ്പറ്റി ധാരാളം ആളുകള്‍ പരാമര്‍ശിക്കുന്നു. അത് ഒരു ക്രിസ്തീയ മൂല്യമല്ല. പക്ഷേ അതേ അഹങ്കാരമാണ് കാര്യങ്ങള്‍ നടത്താന്‍ അദ്ദേഹത്തെ പ്രാപ്തനാക്കുന്നത്. അഹങ്കാരിയായ ഒരു പ്രസിഡന്റ് എനിക്ക് പ്രശ്‌നമല്ല. മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. അതേ കാരണം കൊണ്ടുതന്നെ അദ്ദേഹം കാര്യങ്ങള്‍ നടത്തിയെടുക്കുന്നു.’

യന്ത്രഭാഗങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയുടെ ഉടമയായ കെന്നി ബ്രൗണ്‍,62, പറഞ്ഞത് അര്‍ക്കന്‍സാസ് ഗവര്‍ണര്‍ മൈക്ക് ഹക്കാബീയെപ്പറ്റിയാണ്. ‘ഹക്കാബീയുടെ മതവിശ്വാസങ്ങള്‍ കടുത്തതും അതീവശക്തവുമാണ്. അതിനാല്‍ അവ രാജ്യത്തിനു നേതൃത്വം കൊടുക്കുന്നതില്‍ വിഘാതമായേക്കാം’. സ്വന്തം ധാര്‍മികമൂല്യങ്ങളെക്കാള്‍ രാജ്യനന്മയ്ക്കു പ്രാധാന്യം കൊടുക്കുന്ന ഒരാളായിരിക്കും ട്രംപ് എന്നാണ് ബ്രൗണിന്റെയും അഭിപ്രായം.

‘ട്രംപ് ഇടയ്ക്കിടെ ക്ഷുഭിതനാകുന്നുവെന്നതു ശരിയാണ്. പക്ഷേ, ക്രിസ്തുവും ഇടയ്ക്കിടെ ക്ഷുഭിതനായിരുന്നു,’ ബ്രൗണ്‍ പറയുന്നു. ‘ ട്രംപ് പല കാരണങ്ങളാല്‍ പരിപൂര്‍ണനല്ല. പക്ഷേ രാജ്യത്തിനാവശ്യം ഒരു നല്ല, സത്യസന്ധനായ മനുഷ്യനെയാണ്.’

ലിബര്‍ട്ടിവിദ്യാര്‍ത്ഥിയുടെ അമ്മയായ മരിയ ടീഗു ‘മതപരമായ കാരണങ്ങളാല്‍’ ക്രൂസിന് മുന്‍തൂക്കം നല്‍കുന്നു.എങ്കിലും സംഭാവനക്കാരുടെ പിടിയിലല്ലാത്ത ട്രംപിനെ അവര്‍ ഇഷ്ടപ്പെടുന്നു.

‘വര്‍ഷങ്ങളായി നമുക്കുണ്ടായിരുന്ന രാഷ്ട്രീയക്കാരെക്കാള്‍ നന്നായി ട്രംപ് രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ കരുതുന്നു, ‘ നോര്‍ത്ത് കരോലിനയില്‍നിന്ന് നാലുമണിക്കൂര്‍ യാത്ര ചെയ്‌തെത്തിയ ടീഗു പറയുന്നു. ‘ ട്രംപിന് ഇനി ഒന്നും നേടേണ്ട കാര്യമില്ല. വേണ്ടത്ര പണം സമ്പാദിച്ചുകഴിഞ്ഞു. ജനപ്രീതിയും ആവശ്യത്തിനുണ്ട്. ഇതുരണ്ടിനുമല്ലെങ്കില്‍ പിന്നെ എന്തിനാണ് ട്രംപ് പ്രസിഡന്റാകാന്‍ ശ്രമിക്കുന്നത്?’

മതവിശ്വാസത്തെപ്പറ്റിയുള്ള ട്രംപിന്റെ അവകാശവാദം ടീഗു വിശ്വസിക്കുന്നില്ല. ” ഇഷ്ടപ്പെട്ട ദൈവ വചനം പറയാന്‍ ട്രംപിനായില്ല. ഇക്കാര്യത്തില്‍ ട്രംപിന്റേക് ഒരല്‍പം വീണ്‍വാക്ക് തന്നെയായിരിക്കണം.’

സഹപ്രവര്‍ത്തകരും അനുയായികളും ട്രംപിനെ അനുകൂലിക്കുന്നതില്‍ അമ്പരക്കുന്ന ഇവാഞ്ചലിക്കല്‍ മേധാവികളുണ്ട്. ട്രംപിന്റെ വ്യക്തിജീവിതം, മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള തീവ്രനിലപാടുകള്‍, തെറ്റു സമ്മതിക്കുന്നതിലും മാപ്പുചോദിക്കുന്നതിലുമുള്ള വിമുഖത എന്നിവയാണ് ഇവരെ ആശങ്കപ്പെടുത്തുന്നത്.

‘തന്റെ പേര് വഹിക്കുന്ന മകന്‍ അധാര്‍മികതയും ദൈവവിചാരമില്ലായ്കയുമുള്ള ട്രംപിനെ പിന്തുണയ്ക്കുന്നത് അറിഞ്ഞാല്‍ ഡെറി ഫാള്‍വെല്‍ സീനിയറിന് ശവകുടീരത്തിലും ശാന്തിയുണ്ടാകില്ല’, ഫ്‌ളോറിഡ ഫാമിലി ആക്ഷന്‍ പ്രസിഡന്റ് ജോണ്‍ സ്‌റ്റെബെര്‍ജര്‍ പ്രസ്താവനയില്‍ പറഞ്ഞു. ‘ മൂന്നു തവണ വിവാഹിതനായ ട്രംപിന് കാസിനോകളും സ്ട്രിപ് ക്ലബുകളുമുണ്ട്. ട്രംപ് വിജയിച്ചാല്‍ സ്വവര്‍ഗ വിവാഹത്തെ പിന്തുണയ്ക്കാന്‍ നഗ്നയായി പോസ് ചെയ്ത, നികുതിപ്പണം കൊണ്ട്ആസൂത്രിത രക്ഷാകര്‍തൃത്വത്തെ പ്രോല്‍സാഹിപ്പിക്കുന്ന ആദ്യ പ്രഥമവനിതയെ നമുക്കു ലഭിക്കും.’

മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ ദിനത്തില്‍ സംസാരിക്കാന്‍ ഫാള്‍വെല്‍ ട്രംപിനെ ക്ഷണിച്ചതില്‍ അസ്വസ്ഥനാണു താനെന്ന് സതേണ്‍ ബാപ്റ്റിസ്റ്റ് കണ്‍വന്‍ഷനിലെ റസല്‍ മൂര്‍ പറയുന്നു. കുടിയേറ്റക്കാരെയും ആഫ്രിക്കന്‍ അമേരിക്കക്കാരെയും പറ്റിയുള്ള ട്രംപിന്റെ പരാമര്‍ശങ്ങള്‍ വംശീയത ഉപയോഗിച്ചുള്ള ഇരപിടിക്കലാണെന്നും മൂര്‍ കരുതുന്നു.

ട്രംപ് സംസാരിക്കവേ മൂര്‍ ട്വിറ്ററില്‍ ഒരു നിര വിമര്‍ശനങ്ങള്‍ പോസ്റ്റ് ചെയ്തു. ‘ സുവിശേഷം രാഷ്ട്രീയത്തെ നയിക്കേണ്ടതിനു പകരം രാഷ്ട്രീയം സുവിശേഷത്തെ നയിക്കുന്നു. ഇത് ക്രിസ്തുവിന്റെ മൂന്നാമത്തെ പരീക്ഷണമായിരുന്നു. ക്രിസ്തു അതിനെ ജയിച്ചു. നമ്മളോ?’

മറ്റൊന്ന് ഇങ്ങനെയായിരുന്നു: ‘ഇത് ക്രിസ്തുവിന്റെ സുവിശേഷദൗത്യത്തിനു കടകവിരുദ്ധമായിരുന്നില്ലെങ്കില്‍ വന്‍ തമാശയാകുമായിരുന്നു.’

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍