UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്തുകൊണ്ടാണ് ദീപാവലി ആഘോഷിക്കുന്ന ഈ ഹിന്ദു കുടുബം ക്രിസ്മസും ആഘോഷിക്കുന്നത്?

Avatar

രുദ്രി പട്ടേല്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

ക്രിസ്മസ് കരോളുകളുടെ പശ്ചാത്തലത്തില്‍ ഞാനും ഒന്‍പതുവയസുകാരി മകളും ക്രിസ്മസ് മരം അലങ്കരിക്കുകയാണ്. സ്വീകരണമുറിയുടെ ഒരു കോണില്‍ ശാഖകള്‍ വിരിച്ചുനില്‍ക്കുന്ന ക്രിസ്മസ് മരത്തില്‍ ചെറുവിളക്കുകള്‍ നക്ഷത്രസമൂഹങ്ങളെ സൃഷ്ടിക്കുന്നു. മധുരത്തിനുവേണ്ടി ഹോട്ട് ചോക്ക്ലേറ്റും മാര്‍ഷ്മാലോയും ഉണ്ടാക്കിയിട്ടുണ്ട്.  എന്റെ ഐ ഫോണ്‍ ക്രിസ്മസ് സ്‌റ്റേഷനിലേക്കു ട്യൂണ്‍ ചെയ്തിരിക്കുന്നു. നിലത്ത് കൈകള്‍ പിടിച്ച് നൃത്തം ചെയ്യുമ്പോള്‍ ഞങ്ങള്‍ ‘ജിംഗിള്‍ ബെല്‍സ് ‘ പാടുന്നു.

ആഘോഷത്തിനിടയില്‍ മുറിയുടെ മറുദിശയിലേക്ക് എന്റെ നോട്ടമെത്തുന്നുണ്ട്. അവിടെ വെള്ളിയിലും ചെമ്പിലും തീര്‍ത്ത ഒരു കൊച്ചുക്ഷേത്രം. എന്നും രാവിലെ എന്നെയും കുടുംബത്തെയും സ്വന്തം വേരുകളെപ്പറ്റി ഓര്‍മിപ്പിക്കുന്ന സാംസ്‌കാരിക വെളിച്ചം. ഏതാനും ആഴ്ച മുന്‍പാണ് ഞങ്ങള്‍ ദീപാവലി – പ്രകാശത്തിന്റെ ഉല്‍സവം – ആഘോഷിച്ചത്. അന്ന് ഞാന്‍ പരമ്പരാഗത വിഭവങ്ങള്‍ ഒരുക്കി. എന്റെ മകള്‍ രംഗോലി – നിലത്ത് നിറമുള്ള മണല്‍ കൊണ്ടു വരയ്ക്കുന്ന രൂപങ്ങള്‍ – ഉണ്ടാക്കി. തലകുനിച്ച് ഞങ്ങള്‍ പ്രാര്‍ഥിച്ചു. ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് ‘ ഹാപ്പി ദിവാലി’ ആശംസിച്ചു. ആഘോഷ തിമിര്‍പ്പില്‍ രാത്രി പൂത്തിരികള്‍ കത്തിച്ചു.

കലണ്ടറില്‍ ഏതാണ്ട് ഒരേ സമയത്തെത്തുന്ന ഹിന്ദു ആഘോഷമായ ദീപാവലിയും ക്രിസ്തീയ ആഘോഷമായ ക്രിസ്മസും ഞങ്ങള്‍ എന്തിന് ഒരുപോലെ ആഘോഷിക്കുന്നു? രണ്ട് ആഘോഷങ്ങളുടെയും അടുപ്പം ഞാന്‍ മകള്‍ക്കു പകര്‍ന്നു കൊടുക്കാന്‍ ശ്രമിക്കുന്ന മൂന്ന് പ്രധാനപാഠങ്ങളെ – സഹിഷ്ണുത, സ്വാംശീകരണം, സംയോജനം- ഉറപ്പിക്കുന്നുവെന്നതാണ് കാരണം.

ആഘോഷങ്ങളുടെ കുടുംബപാരമ്പര്യങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ ക്രിസ്തുമതത്തെയും ഹിന്ദുമതത്തെയും പറ്റിയുള്ള ചര്‍ച്ചകള്‍ക്കു തുടക്കമിടുകയാണ് എന്റെ ലക്ഷ്യം. ജൂത, ബുദ്ധമതങ്ങള്‍ തുടങ്ങി മറ്റുള്ളവയെപ്പറ്റിയും അറിവു പകരണം. മതത്തിന്റെ പേരില്‍ സംഘട്ടനങ്ങളും ലഹളകളും നിറഞ്ഞ ഈ ലോകത്ത് മറ്റുള്ളവരുടെ വിശ്വാസങ്ങളെയും തിരഞ്ഞെടുപ്പുകളെയും ബഹുമാനിക്കുക എന്ന മറ്റൊരു വഴികൂടിയുണ്ട് എന്ന് മകളെ കാണിച്ചുകൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വ്യത്യസ്ത വിശ്വാസങ്ങളെപ്പറ്റി അറിവുനേടുന്നതിലൂടെ അവള്‍ക്ക് വ്യത്യസ്ത ദേശീയതകളെയും വ്യത്യസ്ത പ്രദേശങ്ങളെയും കൂടുതല്‍ തുറന്ന മനസോടെ സമീപിക്കാനാകുമെന്ന് ഞാന്‍ കരുതുന്നു.

ഞാന്‍ സ്വന്തമായി കണ്ടെത്തിയതല്ല ഇത്.

30 വര്‍ഷം മുന്‍പ് യുഎസിലേക്കു കുടിയേറിയ എന്റെ മാതാപിതാക്കള്‍ എന്നെയും സഹോദരിയെയും രണ്ട് സംസ്‌കാരങ്ങളെ കൂട്ടിയിണക്കി വളരാന്‍ സഹായിച്ചത് ആഘോഷങ്ങളിലൂടെയാണ്. ക്രിസ്മസ് ദിനത്തില്‍ ലഭിക്കും വിധം തൊട്ടടുത്ത ബേക്കറിയില്‍ നിന്ന് എന്റെ അച്ഛന്‍ കേക്ക് ഓര്‍ഡര്‍ ചെയ്തിരുന്നു. ക്രിസ്മസ് ദിനത്തില്‍ ഗണപതി വിഗ്രഹം ക്രിസ്മസ് ട്രീയെ നോക്കിയിരിക്കുമ്പോള്‍ ഞങ്ങള്‍ ചായയും കേക്കും കഴിക്കും. പശ്ചാത്തലത്തില്‍ റേഡിയോ ഹിന്ദിസിനിമാ ഗാനങ്ങള്‍ ആലപിക്കും. പ്രഭാതഭക്ഷണത്തിനുശേഷം ഞാനും എന്റെ സഹോദരിയും സമ്മാനങ്ങള്‍ തുറക്കും. അച്ഛനും അമ്മയും തപാലില്‍ വന്ന ക്രിസ്മസ് ആശംസാകാര്‍ഡുകള്‍ നോക്കും. ഞങ്ങള്‍ സമ്മാനിച്ച ടൈ നോക്കി മന്ദഹസിക്കുന്ന അച്ഛനെയും പുതിയ ബ്ലെന്‍ഡര്‍ ഉപയോഗിക്കുന്ന അമ്മയെയും ഞാന്‍ ഓര്‍മിക്കുന്നു.

ദീപാവലി പോലെ ക്രിസ്മസും ഞങ്ങള്‍ക്ക് പ്രകാശത്തിന്റെ ഉല്‍സവമായിരുന്നു. രാത്രി അയല്‍പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ഞങ്ങള്‍ സാധാരണ തെരുവുകളെ മാന്ത്രികനഗരങ്ങളാക്കുന്ന ക്രിസ്മസ് വിളക്കുകള്‍ കണ്ടു. കാറിനുള്ളിലെ ചൂടില്‍ ഒരുമിച്ചിരിക്കുമ്പോള്‍ അമ്മ എന്റെ കവിളില്‍ ഉമ്മവയ്ക്കുന്നതും സഹോദരി ഓരോ തിരിനാളത്തിലും അതിശയപ്പെടുന്നതും എനിക്കോര്‍മയുണ്ട്.

എന്റെ സാംസ്‌കാരിക പൈതൃകത്തെപ്പറ്റി മുന്‍വിധികളുള്ളവരില്‍ എന്റെ മുറിയിലെ ക്രിസ്മസ് മരം അത്ഭുതമുണ്ടാക്കുന്നു. സാന്തായ്ക്കുവേണ്ടി ബേക്ക് ചെയ്ത കുക്കികള്‍  നിരത്താറുമുണ്ട് ഞങ്ങള്‍. വര്‍ഷം തോറും ഞങ്ങള്‍ ക്രിസ്മസ് കാര്‍ഡുകള്‍ അയയ്ക്കുകയും ഹോളിഡേ പാര്‍ട്ടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നു.

എന്റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചതുപോലെ ഒരു മതത്തിലുള്ള വിശ്വാസം മറ്റൊരു മതത്തിന്റെ ആഘോഷങ്ങളെ സ്വീകരിക്കുന്നതിനു തടസമല്ലെന്ന് എന്റെ മകളെ പഠിപ്പിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ വീടില്ലാത്തവര്‍ക്കുള്ള അഭയകേന്ദ്രങ്ങളില്‍ ഞാന്‍ അവളെ കൊണ്ടുപോയിരുന്നു. ക്രിസ്മസിന് ചൂടുള്ള ഭക്ഷണവും സമ്മാനങ്ങളും ലഭിക്കാനുള്ള ഭാഗ്യം എല്ലാവര്‍ക്കുമില്ലെന്ന് അങ്ങനെ അവള്‍ മനസിലാക്കി. ഹിന്ദുമതത്തെപ്പറ്റി ആശയക്കുഴപ്പമുണ്ടാകുമെന്നു ഞങ്ങള്‍ ഭയന്നിരുന്നെങ്കില്‍ ഇക്കാര്യങ്ങളൊന്നും മനസിലാക്കാന്‍ അവള്‍ക്ക് അവസരം കിട്ടുമായിരുന്നില്ല.

എന്റെ ചെറുപ്പകാലം മറക്കാനാവില്ലെങ്കിലും അവധി ആഘോഷങ്ങള്‍ എന്റെ മകള്‍ ഓര്‍ത്തുവയ്ക്കുമെന്ന് എനിക്ക് ഉറപ്പില്ല. ഈ പ്രായത്തില്‍ അവള്‍ എത്രത്തോളം കാര്യങ്ങള്‍ ഗ്രഹിക്കുമെന്ന് എനിക്കറിയില്ല. എങ്കിലും ദൈവത്തെ ബഹുമാനിക്കാനുള്ള മറ്റു വഴികളെപ്പറ്റി ഞങ്ങള്‍ സംസാരിച്ചുതുടങ്ങിയെന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്. വിശ്വാസങ്ങള്‍ തമ്മിലുള്ള സാമ്യങ്ങളും വ്യത്യാസങ്ങളും അവള്‍ അറിഞ്ഞുതുടങ്ങട്ടെ. വലുതാകുമ്പോള്‍ മറ്റു മതങ്ങളെ കൂടുതല്‍ അറിയാനുള്ള അവളുടെ ആഗ്രഹത്തിന് എന്റെ പിന്തുണയുണ്ടാകും. അത് ജ്ഞാനസ്‌നാനം കണ്ടറിയാന്‍ പള്ളിയില്‍ പോകലായാലും ക്വാന്‍സ ചടങ്ങുകളെപ്പറ്റിയുള്ള പഠനമായാലും ഹനുക്ക ആഘോഷത്തോടനുബന്ധിച്ച മെനോറ ദീപങ്ങളുടെ തെളിയിക്കലായാലും.

ഇപ്പോള്‍ ദീപാവലി ആഘോഷങ്ങള്‍ക്കുശേഷം തെളിഞ്ഞ മനസുമായി എന്റെ മകള്‍ ക്രിസ്മസ് കാരളുകള്‍ പാടി, വീട്ടിലുണ്ടാക്കിയ ഹോളിഡേ കുക്കീകള്‍ കഴിച്ച് ഷെല്‍ഫിലേയ്‌ക്കെത്തുന്ന സാന്തായുടെ സ്‌കൗട്ട് എല്‍ഫിനെ കാത്തിരിക്കുകയാണ്. ഇതൊക്കെ അവള്‍ക്കായി ഒരുക്കുമ്പോള്‍ എനിക്കുള്ള പ്രതീക്ഷ ഇതാണ്: മറ്റൊരു കാഴ്ചപ്പാടിനെ സ്വീകരിക്കുന്നതുകൊണ്ട്  തന്റെ കാഴ്ചപ്പാട് ഇല്ലാതാകില്ല എന്ന് എന്നെപ്പോലെ എന്റെ മകളും മനസിലാക്കണം.

(മുന്‍ അഭിഭാഷകയായ  രുദ്രി പട്ടേല്‍ എഴുത്തുകാരിയും എഡിറ്ററുമാണ്.)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍