UPDATES

സയന്‍സ്/ടെക്നോളജി

പ്രേമം വേണോ? വഞ്ചിതരാകാതിരിക്കൂ; ഫിറമോണ്‍ കൊണ്ടു കാര്യമില്ല

Avatar

റേച്ചല്‍ ഫെല്‍റ്റ്മാന്‍
(വാഷിംഗ്ടണ്‍പോസ്റ്റ്)

ഇണകളെ ആകര്‍ഷിക്കാനായി രൂപപ്പെടുത്തിയ നിഗൂഡ രാസവസ്തുക്കളായ ഫിറമോണ്‍ ഒരുപാട് ജീവികളില്‍ കാണപ്പെടുന്നുണ്ട്. മനുഷ്യനിലും അതുണ്ടാവാം; എന്നാല്‍ അവ എന്താണെന്നോ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നോ നമുക്കറിയില്ല.

അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ ഏറ്റവും പുതിയ റിയാക്ഷന്‍ വീഡിയോയിലെ വിഷയം ഈ ഫിറമോണുകളാണ്. പ്രണയം വായുവിലലിഞ്ഞ ഫെബ്രുവരി മാസത്തില്‍ നിങ്ങള്‍ക്കൊരു ‘ഡേറ്റ്’ തരപ്പെടുത്താന്‍ പല ഉത്പന്നങ്ങളും ശാസ്ത്രത്തെ ഉപയോഗിക്കാന്‍ ശ്രമിക്കും. എന്നാല്‍ ഫിറമോണ്‍ ഉത്തേജനം നടത്തുമെന്ന് അവകാശപ്പെടുന്ന ഉത്പന്നങ്ങളൊന്നും തന്നെ വാങ്ങരുതെന്ന് തെളിയിക്കുന്ന ചില ശാസ്ത്ര സത്യങ്ങളിതാ.

പല ജീവികളും ഉത്പാദിപ്പിക്കുകയും പുറംതള്ളുകയും ചെയ്യുന്ന രാസ സംയുക്തങ്ങളാണ് ഫിറമോണുകള്‍. തങ്ങളുടെ തന്നെ വര്‍ഗത്തിലെ മറ്റു ജീവികളില്‍ അബോധമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളവയാണവ. ഉദാഹരണത്തിന്, പ്രതിസന്ധിയിലകപ്പെടുമ്പോള്‍ മറ്റുള്ളവരെ അടുത്തേക്ക് ആകര്‍ഷിപ്പിച്ച് സഹായമഭ്യര്‍ഥിക്കാനായി ഉറുമ്പുകള്‍ ഇവ പുറപ്പെടുവിക്കാറുണ്ട്. ഭക്ഷണം കണ്ടെത്തുമ്പോള്‍ സഹവാസികളെ അറിയിക്കാന്‍ മറ്റൊരു തരത്തില്‍ അവര്‍ സൂചന നല്‍കും. അത് പോലെ തന്നെ പ്രജനനത്തിനായി ഇണകളെ ആകര്‍ഷിക്കാനും പല ജീവികളിലും ഫിറമോണ്‍ ഉത്പാദനം നടക്കാറുണ്ട്, സാങ്കേതികമായി പറഞ്ഞാല്‍ മറ്റു ജീവികള്‍ ഫിറമോണ്‍ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന അവയവം മനുഷ്യരിലുമുണ്ട്. എന്നാല്‍ പല ശാസ്ത്രജ്ഞരും പറയുന്നത് നമ്മുടെ മൂക്കിനും വായ്ക്കുമിടയിലുള്ള ‘വോമെറോനേസല്‍ ഓര്‍ഗന്‍’ പഴയ കാലഘട്ടത്തിന്റെ അവശേഷം മാത്രമായി നിലകൊള്ളുന്നതാണെന്നും അബോധ പ്രതികരണങ്ങള്‍ സൃഷ്ടിക്കുന്നതിനായി തലച്ചോറിലേക്ക് നേരിട്ട് ഗന്ധം അയക്കുവാന്‍ അവയ്ക്ക് കഴിയില്ലെന്നുമാണ്.

എങ്കിലും മനുഷ്യന് ഫിറമോണുണ്ടാവാനുള്ള എല്ലാ സാധ്യതകളുമുണ്ട്; പറ്റിയ ഒരു ഇണയെ ആകര്‍ഷിപ്പിക്കുവാന്‍ കഴിയുന്നതിനുള്‍പ്പടെ. എന്നാല്‍ എന്താണിവ എന്നറിയാത്തിടത്തോളം അവയെ വില്‍ക്കുവാനും സാധ്യമല്ല. പകരം ഫിറമോണ്‍ ഉത്തേജനം നടത്തുമെന്ന് അവകാശപ്പെടുന്ന ഉത്പന്നങ്ങളെല്ലാം നിങ്ങള്‍ക്കു നല്‍കുന്നത് പന്നികളില്‍ ഉത്പാദിപ്പിക്കപ്പെട്ട ഒന്നാന്തരം രാസവസ്തുക്കളാണ്. വാണിജ്യ വ്യാപാരികള്‍ പറയുന്നതിന് വിരുദ്ധമായി, പന്നികളില്‍ ലൈംഗിക ഉത്തേജനം ഉണ്ടാക്കുന്ന രാസവസ്തുക്കള്‍ മനുഷ്യനെ ഉത്തേജിപ്പിക്കുമെന്നതിനു ഒരു തെളിവുമില്ല. 

എന്നാല്‍ ബന്ധങ്ങള്‍ക്കടയില്‍ ഗന്ധത്തിനു പ്രാധാന്യമില്ലെന്ന് പറയുവാനാകില്ല. ചില പഠനങ്ങള്‍ പറയുന്നത് ഉയര്‍ന്നതോതിലെ ടെസ്‌ടോസ്ടിറോണ്‍ അടങ്ങിയ ഗന്ധങ്ങള്‍ സ്ത്രീകളെ കൂടുതല്‍ ആകര്‍ഷിക്കുമെന്നാണ്. പ്രത്യുല്പ്പാദനത്തിനു അനുയോജ്യമായ രോഗപ്രതിരോധ ശേഷിയുള്ളവരെ നമ്മള്‍ അബോധപൂര്‍വം തിരഞ്ഞെടുക്കാന്‍ സാധ്യതയുണ്ടെന്ന് മറ്റു ചിലവ തെളിയിച്ചിട്ടുമുണ്ട്.

നിര്‍ഭാഗ്യമെന്നു പറയട്ടെ, വീണു പോകുന്ന ശരീരഗന്ധം കൊണ്ട് മാത്രം കാര്യമില്ല. ‘നിങ്ങള്‍ ബാറില്‍ വച്ച് പരിചയപ്പെടുന്ന ഒരാള്‍ നിങ്ങളുടെ മേല്‍ പാനീയമൊഴിച്ച് നിങ്ങളെ അപമാനിച്ചാല്‍ അയാള്‍ക്ക് എത്ര ആസ്വാദ്യകരമായ സുഗന്ധമുണ്ടെങ്കിലും കാര്യമില്ല’, മക്ഗില്‍ യൂണിവേഴ്‌സിറ്റിയില്‍ എലികളുടെ ഫിറമോണുകളെ പറ്റി പഠനം നടത്തിയ വില്ല്യം. ടി. സ്വാനേ പറയുന്നു.

ഗന്ധം പിന്നീട് നിങ്ങളുടെ പ്രണയത്തിലെ വലിയൊരു ഘടകമായേക്കാം. മാംസം ചീഞ്ഞളിഞ്ഞത് പോലെയുള്ള ദുര്‍ഗന്ധങ്ങളെ പോലും ലൈംഗികതയും സ്‌നേഹവുമായി കൂട്ടിച്ചേര്‍ക്കുന്ന വിധമാണ് എലികളുടെ രൂപകല്‍പ്പന. മനുഷ്യന്‍ അത്രത്തോളമില്ലെങ്കിലും, നല്ലതിനോ ചീത്തയ്‌ക്കോ, നമ്മള്‍ സ്‌നേഹിക്കുന്നയാള്‍ സുഗന്ധമുള്ള ആളാകണമെന്നു തീരുമാനിക്കുന്നതില്‍ നമുക്ക് തീര്‍ച്ചയായും കുറ്റബോധം തോന്നാറുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍