അഴിമുഖം പ്രതിനിധി
ഉത്തര്‍പ്രദേശില്‍ ഈ മാസമാദ്യം വെടിയേറ്റ് മരിച്ച എന്‍ഐഎ ഉദ്യോഗസ്ഥന്‍ തന്‍സീല്‍ അഹമ്മദിന്റെ ഭാര്യ ഫര്‍സാന അഹമ്മദും മരിച്ചു. ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെയാണ് കുടുംബവുമൊത്ത് കാറില്‍ യാത്ര ചെയ്യവേ ബൈക്കിലെത്തിയ രണ്ട് പേര്‍ ഇരുവരേയും വെടിച്ചത്. അഹമ്മദ് സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു.
അക്രമികളുടെ വെടിയേറ്റ ഫര്‍സാന എയിംസില്‍ ചികിത്സയിലായിരുന്നു. ഇവരുടെ 14-ഉം 11-ഉം വയസ്സുള്ള മക്കളും ആക്രമണത്തിന് ദൃക്‌സാക്ഷികളായിരുന്നു.
ഈ കേസില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യക്തിവൈരാഗ്യം മൂലമാണ് ഇവര്‍ അഹമ്മദിനെ ആക്രമിച്ചതെന്നാണ് പൊലീസ് ഭാഷ്യം. റെയാന്‍, സൈയ്‌നുല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഒരു കേസില്‍ തന്നെ അഹമ്മദ് സഹായിക്കാത്തതിലുള്ള ദേഷ്യമാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്ന് റെയാന്‍ പൊലീസിനോട് പറഞ്ഞു.