UPDATES

സയന്‍സ്/ടെക്നോളജി

വിമാനയാത്രയിലെ വൈ ഫൈ അനുഭവം

Avatar

ക്രിസ്റ്റഫര്‍ എലിയട്ട്
(വാഷിങ്ടണ്‍ പോസ്റ്റ്) 

ലോകത്ത് മിക്കവാറും എല്ലായിടത്തും വിമാനയാത്രയില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. അവ ഏറ്റവും വിശ്വാസയോഗ്യമല്ലാത്തതും സാവധാനം പ്രവര്‍ത്തിക്കുന്നതും ചെലവേറിയതുമാണെന്നു മാത്രം.

യാത്രകളില്‍ വൈ ഫൈ ഉപയോഗിക്കാന്‍ ശ്രമിച്ച് മിക്കപ്പോഴും പരാജയപ്പെടുന്ന പ്രിസില്ല യോര്‍ക്ക് ഇതിന്റെ ഇരയാണ്. അടുത്തിടെ നടത്തിയ വിമാനയാത്രയില്‍ യോര്‍ക്കിന്റെ നെറ്റ് കണക്ഷന്‍ 20 മിനിറ്റോളം മുന്നറിയിപ്പോ ഖേദപ്രകടനമോ ഇല്ലാതെ വിച്ഛേദിക്കപ്പെട്ടു. ആഭ്യന്തര ഉപയോഗത്തിനായി ഗോഗോയുടെ 48 ഡോളറിന്റെ പാസ് വാങ്ങിയശേഷമായിരുന്നു ഇത്. നോര്‍ത്ത് കരോലിന മുതല്‍ ഹൂസ്റ്റന്‍ വരെയുള്ള യാത്രയില്‍ ഇത് പ്രവര്‍ത്തിച്ചു. എന്നാല്‍ ഹൂസ്റ്റന്‍ മുതല്‍ ഹോണോലുലു വരെയുള്ള യാത്രയില്‍ യോര്‍ക്കിന് പാസ് ഉപയോഗിക്കാനായില്ല.

എഴുത്തുകാരിയായ യോര്‍ക്ക് പ്രശ്‌നമെന്താണെന്ന് ഫ്‌ളൈറ്റ് അറ്റന്‍ഡന്റിനോടു ചോദിച്ചു. ഹൂസ്റ്റന്‍ – ഹോണോലുലു രാജ്യാന്തര ഫ്‌ളൈറ്റായാണ് കണക്കാക്കപ്പെടുന്നത് എന്നായിരുന്നു മറുപടി.

എപ്പോഴും ഇന്റര്‍നെറ്റില്‍ പരതുന്ന സമൂഹത്തിന് ഏതാനും മണിക്കൂറുകള്‍ അത് സാധിക്കാതെ വരുന്നതില്‍ അലോസരമുണ്ടാകും. ഭൂമിയില്‍നിന്ന് ആറുമൈല്‍ ഉയരെയാണ് അവരെങ്കില്‍പ്പോലും. വിമാനക്കമ്പനികള്‍ക്കും ഇത് അറിയാം. എന്നാല്‍ അധിക വരുമാനമുണ്ടാക്കാനുള്ള വഴിയായും ഇതിനെ കമ്പനികള്‍ കാണുന്നു. ഭൂമിശാസ്ത്രപരമായ ചില മാറ്റങ്ങള്‍ വരുത്തിയിട്ടാണെങ്കിലും! (ഹവായ് ഇപ്പോഴും അമേരിക്കയുടെ ഭാഗമാണ്.) ഫലമോ ചെലവേറിയ, സാവധാനത്തിലുള്ള കണക്ഷന്‍. അതുതന്നെ വന്നും പോയുമിരിക്കും.

12 വാണിജ്യ വിമാനക്കമ്പനികളുമായി കരാറുള്ളതും 2500ലധികം വിമാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതുമായ ഗോഗോയുടെ വക്താവ് സ്റ്റീവ് നോലാന്‍ പറയുന്നത് കമ്പനിയുടെ സെല്ലുലാര്‍ സേവനങ്ങള്‍ കരഭൂമിക്കു മുകളില്‍ മാത്രമേ ലഭ്യമാകൂ എന്നാണ്. സേവനം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ ആരായുകയാണെന്നും നോലാന്‍ അറിയിച്ചു.

ഗോഗോയുടെ അടുത്ത പതിപ്പില്‍ ഇപ്പോഴത്തേതിന്റെ 20 മടങ്ങായിരിക്കും ബാന്‍ഡ് വിഡ്ത്. ചലച്ചിത്രങ്ങള്‍ സ്ട്രീം ചെയ്യുന്നതുള്‍പ്പെടെ ഭൂമിയില്‍ ചെയ്യാവുന്ന എന്തും ആകാശത്തും ചെയ്യാന്‍ ഇത് ഉപഭോക്താക്കള്‍ക്കു സൗകര്യം നല്‍കും.

വിമാനയാത്രാ അനുഭവങ്ങളുടെ ഗുണനിലവാരം അളക്കുന്ന കമ്പനിയായ റൂട്ട്ഹാപ്പി നടത്തിയ പഠനം അനുസരിച്ച് 10ല്‍ എട്ടു യാത്രക്കാരും ആഭ്യന്തര യാത്രയില്‍ വൈ ഫൈ സൗകര്യം അന്വേഷിക്കുന്നു. അതു ലഭിക്കാനുള്ള സാധ്യതയും അത്രതന്നെയാണ്. എന്നാല്‍ കണക്ഷന്റെ ഗുണനിലവാരം എന്തായിരിക്കുമെന്ന് സര്‍വേ പറയുന്നില്ല. അത് കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. വീടുകളിലെ ശരാശരി ബ്രോഡ്ബാന്‍ഡുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ ഗുണനിലവാരം വളരെ താഴെയാണ്. എന്നാല്‍ ശരാശരി സെല്ലുലാര്‍ കണക്ഷനുമായാണ് താരതമ്യമെങ്കില്‍ അത്ര മോശമെന്നു പറയാനും വയ്യ. പ്രശ്‌നം ഗുരുതരമായാല്‍ പണം തിരിച്ചുനല്‍കാന്‍ എയര്‍ലൈനുകള്‍ മടിക്കുന്നില്ല എന്നതാണ് ഉറപ്പുള്ള ഏക കാര്യം.

വിമാന കമ്പനികള്‍ യാത്രക്കാരുടെ എണ്ണത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന അവെയ്‌ലബിള്‍ സീറ്റ് മൈല്‍സ് എന്ന അളവുകോലാണ് റൂട്ട്ഹാപ്പി കണക്ടിവിറ്റി അളക്കാന്‍ ഉപയോഗിച്ചത്. ലഭ്യമായ സീറ്റുകളുടെ എണ്ണത്തെ പറന്ന ദൂരം കൊണ്ടു ഗുണിച്ചാണ് ഇത് കണക്കാക്കുന്നത്. ഇതില്‍ ഒന്നാമതെത്തിയ ഡെല്‍റ്റ എയര്‍ലൈന്‍സ് ഇന്‍ഫ്‌ളൈറ്റ് വൈ ഫൈ സൗകര്യത്തോടെ 500 മില്യണിലധികം സീറ്റുകളാണ് നല്‍കുന്നത്. രണ്ടാമതെത്തിയത് യുണൈറ്റഡ് എയര്‍ലൈന്‍സ് (500 മില്യണ്‍) മൂന്നാമത് അമേരിക്കന്‍ എയര്‍ലൈന്‍സുമാണ് (400 മില്യണ്‍).

ഏതൊക്കെ കമ്പനികള്‍ വൈ ഫൈ നല്‍കുന്നു, ഏതൊക്കെ നല്‍കുന്നില്ല എന്നു പറയുകയാണ് ഈ പഠനം ചെയ്യുന്നതെന്ന് റൂട്ട്ഹാപ്പിയുടെ ഡാറ്റ റിസര്‍ച്ച് മാനേജര്‍ ജേസന്‍ റാബിനോവിറ്റ്‌സ് പറയുന്നു. ചെറിയ കമ്പനികളായ വിര്‍ജിന്‍ അമേരിക്ക, ഐസ്ലാന്‍ഡ് എയര്‍ എന്നിവയ്ക്ക് 90 ശതമാനത്തോളം വിമാനങ്ങളില്‍ വൈ ഫൈ സൗകര്യമുണ്ട്. സിംഗപ്പൂര്‍ ആസ്ഥാനമായ സ്‌കൂട്ട് എയര്‍ലൈന്‍സ് എല്ലാ വിമാനങ്ങളിലും ഈ സൗകര്യം നല്‍കുന്നു.

കണക്ഷന്റെ ഗുണനിലവാരം അളക്കുകയാണ് വിഷമകരമായ കാര്യം. വളരെക്കുറച്ച് വിമാനങ്ങള്‍  – അവയില്‍ മിക്കവയും ജെറ്റ്ബ്ലൂ എയര്‍വേയ്‌സിന്റേതാണ് – മാത്രമാണ് നെറ്റ്ഫ്‌ളിക്‌സ് മൂവി സ്ട്രീമിങ്ങിനോ ഗൂഗിളിനോ വേണ്ടത്ര വേഗത്തിലുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതെന്ന് റാബിനോവിറ്റ്‌സ് പറയുന്നു.

കണക്ഷന്‍ വേഗം പ്രശ്‌നത്തിന്റെ പകുതിയേ ആകുന്നുള്ളൂ. പലപ്പോഴും സിഗ്നല്‍ ലഭ്യമേയല്ല. അതുകൊണ്ടാണ് യോര്‍ക്കിന്റെ പാസ് യാത്രയുടെ ആദ്യപാദത്തില്‍ മാത്രം പ്രവര്‍ത്തിച്ചത്.

‘വൈ ഫൈ ലഭ്യമാണെന്നും ഇഷ്ടപ്പെട്ട പരിപാടികള്‍ സ്ട്രീം ചെയ്യാമെന്നും വിമാനത്തിന്റെ ഓട്ടോമാറ്റിക് അനൗണ്‍സ്‌മെന്റ് സംവിധാനം യാത്രക്കാരോടു പറയും,’ മുതിര്‍ന്ന ഫ്‌ളൈറ്റ് അറ്റന്‍ഡന്റും ഗ്രന്ഥകര്‍ത്താവുമായ ടിം കിര്‍ക്ക് വുഡ് പറയുന്നു. ‘എന്നാല്‍ കരയില്‍ പ്രവര്‍ത്തിക്കുന്ന അതേ സാങ്കേതികവിദ്യയാണ് വിമാനക്കമ്പനി വിമാനത്തിന്റെ വയര്‍ലെസ് സംവിധാനവുമായി ബന്ധിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. വൈ ഫൈ പ്രവര്‍ത്തിക്കാനാവശ്യമായ ഏറ്റവും കുറഞ്ഞ ഉയരമായ 10000 അടിയില്‍ വിമാനം എത്തുമ്പോഴേക്ക് കരീബിയന്‍ റൂട്ടുകളില്‍ പറക്കല്‍ കടലിനുമുകളിലൂടെയാകും. വൈ ഫൈ പ്രവര്‍ത്തിക്കുകയുമില്ല.’

മികച്ച എയര്‍ലൈനുകള്‍പോലും കുറ്റവിമുക്തമായ ഇന്റര്‍നെറ്റ് സംവിധാനം ഒരുക്കാറില്ലെന്നു യാത്രക്കാര്‍ പറയുന്നു. ‘ഡെല്‍റ്റയിലെ വൈ ഫൈ ഇ മെയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ മാത്രം മികച്ചതാണ്. മറ്റെന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നവര്‍ കുഴപ്പത്തിലാകും,’ സിന്‍സിനാറ്റിയിലെ ഒരു നോണ്‍ പ്രോഫിറ്റ് ഗ്രൂപ്പിന്റെ ഡയറക്ടറായ റൊണാള്‍ഡ് ഷ്‌മെഡ്‌ലി പറയുന്നു.

ഡെല്‍റ്റ വിമാന സര്‍വീസുകളില്‍ വിഡിയോ ഡൗണ്‍ലോഡ് ചെയ്യുക അസാദ്ധ്യം തന്നെയാണെന്ന് ഷ്‌മെഡ്‌ലി ചൂണ്ടിക്കാട്ടുന്നു.  ‘ ഒരു ദിവസത്തെ വൈ ഫൈ പാസിന് 16 ഡോളര്‍ നല്‍കേണ്ടിവരുമ്പോള്‍ ലഭിക്കുന്ന സേവനം മികച്ചതായിരിക്കണമെന്ന് നിങ്ങള്‍ കരുതുന്നതില്‍ തെറ്റില്ല. പക്ഷേ നിര്‍ഭാഗ്യവശാല്‍ അതല്ല സ്ഥിതി.’

ചെലവു കൂടുതലും വൈ ഫൈ സര്‍വീസിനെ അനാകര്‍ഷകമാക്കുന്നു. സര്‍വീസിന് ഓരോ ഫ്‌ളൈറ്റിനും ആറുമുതല്‍ എട്ടുവരെ ഡോളര്‍ മാത്രം ചെലവായിരുന്നത് കാലിഫോര്‍ണിയയിലെ വെനീസില്‍ ഇന്റര്‍നെറ്റ് സംരംഭകനായ ജാക്ക് ഷാനന്‍ ഓര്‍മിക്കുന്നു. ‘ ഇപ്പോള്‍ ഒരു ഫ്‌ളൈറ്റിന് 30 ഡോളര്‍ അല്ലെങ്കില്‍ മണിക്കൂറിന് 15 ഡോളര്‍ എന്നിങ്ങനെയാണ് നിരക്ക്.’

എന്നാല്‍ കണക്ഷന്‍ വേഗത്തില്‍ മാറ്റമൊന്നുമില്ല. ‘ഉയരത്തില്‍ നിങ്ങള്‍ കുടുങ്ങിയിരിക്കുകയാണെന്ന് അവര്‍ക്കറിയാം. അവര്‍ അത് ചൂഷണം ചെയ്യുന്നു.’

കാര്യങ്ങള്‍ പരീക്ഷണഘട്ടത്തിലാണെന്ന് വിമാനക്കമ്പനികള്‍ക്കും വയര്‍ലെസ് കമ്പനികള്‍ക്കുമറിയാം. എല്ലായ്‌പ്പോഴും യാത്രക്കാരെ പറ്റിക്കാനാകില്ലെന്നും. അതുകൊണ്ടുതന്നെ പണം മടക്കിനല്‍കുന്നതില്‍ കമ്പനികള്‍ വൈമനസ്യം കാട്ടാറുമില്ല.

അമേരിക്കന്‍ എയര്‍ലൈനുകളില്‍ ഗോഗോ ഉപയോഗിക്കുമ്പോള്‍ ഇടവിട്ടുള്ള ഇന്റര്‍നെറ്റ് കണക്ഷനില്‍ ക്ഷുഭിതനാണു താനെന്ന് ഷിക്കാഗോയിലെ ബിസിനസ് ഡവലപ്‌മെന്റ് മാനേജരായ ജോ പാല്‍ക്കോ പറയുന്നു. ‘കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടാല്‍ വീണ്ടും കണക്ഷന്‍ ലഭിച്ചയുടന്‍ ഗോഗോയെ അറിയിക്കുന്നത് പ്രയോജനം ചെയ്യുമെന്നാണ് ഞാന്‍ പഠിച്ച പാഠം. മിക്കപ്പോഴും മോശം സര്‍വീസിന് അവര്‍ പകരം സേവനം നല്‍കും.’

പാല്‍ക്കോയെപ്പോലുള്ള ഉപഭോക്താക്കള്‍ക്കൊപ്പമാണെന്ന് ഗോഗോ വക്താവ് നോലാന്‍ പറയുന്നു. ‘ ആകാശത്തായാലും ഭൂമിയിലായാലും എല്ലാ യാത്രക്കാര്‍ക്കും ആവശ്യമായ സഹായം നല്‍കുകയാണ് ഞങ്ങളുടെ ലക്ഷ്യം.’

വേഗം കൂടാനിടയില്ലെങ്കിലും ആവശ്യക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് വില കൂടാനാണ് സാദ്ധ്യത. അടുത്ത വിമാനയാത്രയില്‍ വൈ ഫൈ പരീക്ഷിക്കാനുള്ള അവസരം നിങ്ങള്‍ക്കു ലഭിക്കുമെന്നു മാത്രമാണ് ഇതിനര്‍ത്ഥം. ഏറ്റവും മികച്ച ഫ്‌ളൈറ്റില്‍പ്പോലും ആരും മറ്റൊരു വാഗ്ദാനവും നിങ്ങള്‍ക്കു തരാനിടയില്ല. സിഗ്നല്‍ അപ്രത്യക്ഷമായാല്‍ വൈകാതെ പണം തിരിച്ചു കിട്ടിയേക്കുമെന്നു മാത്രം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍