UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെറ്റ്‌ലിക്ക് ആസാദിന്റെ മറുപടി: അഴിമതിക്കെതിരായ പോരാട്ടം, വ്യക്തിപരമല്ല

അഴിമുഖം പ്രതിനിധി

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെറ്റ്‌ലി ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയായിരുന്ന കാലത്തെ അഴിമതി കഥകള്‍ പുറത്തുവിട്ട് ബിജെപി എം പി കീര്‍ത്തി ആസാദ് പത്രസമ്മേളനം നടത്തി. അഴിമതി തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടു. പാര്‍ട്ടിയുടെ വിലക്ക് മറികടന്നാണ് ആസാദ് പത്രസമ്മേളനം നടത്തിയത്. പ്രിന്ററും ലാപ്‌ടോപ്പുകളും ഭീമമായ തുകയ്ക്ക് വാടകയ്ക്ക് എടുത്തു. ലാപ്‌ടോപിന് ഒരു ദിവസം വാടക നല്‍കിയത് 16,900 രൂപയ്ക്കാണ്. പ്രിന്ററിന് പ്രതിദിനം 3000 രൂപയും നല്‍കി. വ്യാജ കമ്പനികള്‍ക്ക് കരാറുകള്‍ നല്‍കിയതായും ആസാദ് ആരോപിച്ചു.

അഴിമതിക്കെതിരായ പോരാട്ടമാണെന്നും ഇത് വ്യക്തിപരമല്ലെന്നും ആസാദ് പറഞ്ഞു. നേരത്തെ തന്നെ ഒതുക്കാന്‍ ഒരു ബിജെപി എംപി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയയുമായി ചര്‍ച്ച നടത്തിയെന്ന് അരുണ്‍ ജെറ്റ്‌ലി ആരോപിച്ചിരുന്നു. ആസാദിന്റെ പേര് പറാതെയായിരുന്നു ജെറ്റ്‌ലി വിമര്‍ശിച്ചത്. ആസാദിനെ ട്രോജന്‍ കുതിരയെന്ന് വിളിക്കുകയും ചെയ്തു. എന്നാല്‍ താന്‍ ട്രോജന്‍ കുതിരയല്ലെന്നും അക്കിലസിന്റെ ഉപ്പൂറ്റിയാണെന്നും ജെറ്റ്‌ലിക്ക് മറുപടിയായി ആസാദ് ട്വീറ്റ് ചെയ്തിരുന്നു. ഓന്തിന്റെ മുഖംമൂടി താന്‍ പറിച്ചു കളയും വരെ കാത്തിരിക്കൂവെന്നും ആസാദ് ട്വീറ്റില്‍ കുറിച്ചിരുന്നു. സോണിയയെ കണ്ടുവെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു.

വിക്കിലീക്‌സ്4ഇന്ത്യ നിര്‍മ്മിച്ച ഓഡിയോ വീഡിയോ അവതരണത്തിലൂടെയാണ് ആസാദ് തെളിവുകള്‍ പുറത്തുവിട്ടത്. 2013 വരെ തുടര്‍ച്ചയായി 13 വര്‍ഷം ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ തലവനായിരുന്നു. ഇക്കാലയളവില്‍ ജെറ്റ്‌ലി അഴിമതി നടത്തിയിരുന്നുവെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു. ജെറ്റ്‌ലിയുടെ രാജിയും പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. ആംആദ്മിപാര്‍ട്ടിയുടെ പത്രസമ്മേളനത്തിന് പിന്നാലേ താനും പത്രസമ്മേളനം നടത്തുമെന്ന് കഴിഞ്ഞദിവസം ആസാദ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആസാദുമായി കൂടിക്കാഴ്ച നടത്തുകയും ആംആദ്മി പാര്‍ട്ടി ജെറ്റ്‌ലിയെ ലക്ഷ്യമിട്ടിരിക്കുന്ന സമയത്ത് ജെറ്റ്‌ലിക്ക് എതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അവഗണിച്ചാണ് മുന്‍ ക്രിക്കറ്റ് താരം കൂടിയായ ആസാദ് പത്രസമ്മേളനം നടത്തിയത്. മുന്‍ ഇന്ത്യന്‍ താരമായ വീരേന്ദര്‍ സേവാഗ് ജെറ്റ്‌ലിയെ പിന്തുണച്ച് എത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍