UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാട്ടാന ആക്രമണത്തിന് പരിഹാരം ആനകളുടെ വന്ധ്യംകരണമോ?

Avatar

അഖില്‍ രാമചന്ദ്രന്‍

1975 ലെ അടിയന്തരാവസ്ഥയും ചൈനയിലെ ഒറ്റക്കുട്ടിനയവും തമ്മില്‍ എന്താണ് ബന്ധമെന്നാലോചിച്ചാല്‍ പെട്ടെന്നു മനസിലായെന്ന് വരില്ല. എന്നാല്‍ അടിയന്തരാവസ്ഥകാലത്ത് നടപ്പാക്കിയ നിര്‍ബിന്ധിത വന്ധ്യംകരണമെന്ന് കേള്‍ക്കുമ്പോള്‍ ചിത്രം ഏതാണ്ട് വ്യക്തമാവും. ജനസംഖ്യ നിയന്ത്രണവും അവയിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയും ക്ഷേമവുമൊക്കെയാണ് ഒറ്റക്കുട്ടി നയത്തിലൂടെയും നിര്‍ബന്ധിത വന്ധ്യംകരണത്തിലൂടെയുമൊക്കെ നടപ്പാക്കപ്പെട്ടത്. മനുഷ്യനായാലും മൃഗങ്ങളായാലും പക്ഷികളായാലും സസ്യജാലങ്ങളായാലും എല്ലാത്തിനുമൊരു കണക്കുണ്ട്. മ്യഗമെത്ര? മനുഷ്യനെത്ര? മരമെത്ര? എന്നൊക്കെ അതാത് ഭരണകൂടങ്ങളുടെ കണക്കില്‍ തിട്ടപ്പെടുത്തിയിട്ടുണ്ട്. കൃത്യമായ ഇടവേളകളില്‍ തന്നെ അവയുടെയെല്ലാം കണക്ക് ഭരണകൂടം എണ്ണിത്തിട്ടപ്പെടുത്തുന്നു. 

മനുഷ്യനോളം പെറ്റുപെരുകിയ മറ്റൊരു ജീവിയും ഭൂമിയില്‍ ഉണ്ടാവില്ല. ഉണ്ടെങ്കില്‍ തന്നെ മനുഷ്യാധിപത്യത്തിനു കീഴില്‍ അവയുടെ പെറ്റുപെരുകല്‍ നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ വംശവര്‍ദ്ധനവിന്റെ പേരില്‍ സമീപകാലത്ത് ചര്‍ച്ചകളിലേക്ക് വന്നതും വരാത്തതുമായ രണ്ട് ജീവികള്‍ ഉണ്ട്. അവയിലൊന്നു തെരുവു നായ്ക്കളാണ്. കേരളമുള്‍പ്പെടെയുള്ള ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും തെരുവുനായശല്യം രൂക്ഷമായി മാറിയിരിക്കുന്നു. തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെയും പേവിഷ ബാധയേറ്റ് മരണപ്പെടുവരുടെയുമെല്ലാം എണ്ണം ദിനം പ്രതിയേറി വരുന്നു. മനുഷ്യസമൂഹത്തിന് ഭീഷണിയാവുംവിധം തെരുവ് നായ്ക്കള്‍ പെറ്റുപെരുകി. അതുകൊണ്ട് തന്നെ അച്ചടി ദൃശ്യമാധ്യമങ്ങളിലും ചര്‍ച്ചകളിലും വാദപ്രതിവാദങ്ങളിലുമെല്ലാം അവയ്ക്കായി ഒരു നിശ്ചിത ഇടം ഒഴിച്ചിടാന്‍ സമൂഹം നിര്‍ബന്ധിതമായിരിക്കുന്നു. എന്നാല്‍ തെരുവു നായക്കളെ കുറിച്ചുള്ള ചര്‍ച്ചകള്‍ കൊടുമ്പിരികൊണ്ടപ്പോഴും നമ്മുടെ ചര്‍ച്ചാവേദിക്ക് പുറത്തു നില്‍ക്കുന്ന മറ്റൊരു മൃഗമുണ്ട്; കരയിലെ ഏറ്റവും വലിയ ജീവി എന്നവിശേഷണം പേറുന്ന ആനകള്‍.

ആനയും തെരുവുനായ്ക്കളും അടിയന്തരാവസ്ഥയും ഒറ്റക്കുട്ടിനയവുമൊക്കെ തമ്മില്‍ എന്താണ് ബന്ധമെന്നു ചോദ്യത്തിന് ഒരെയൊരു ഉത്തരമേയുള്ളു. ഇവയിലെല്ലാം ഉള്‍ച്ചേര്‍ന്നിരിക്കുന്നത് അതാത് വംശത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം മുന്നോട്ടുവച്ച ഒരു നിര്‍േദശത്തിലൂടെ അടിയന്തരാവസ്ഥയിലെ മനുഷ്യരുടെ അവസ്ഥയിലേക്ക് ഇന്ത്യയിലെ ആനകളും എത്തിപ്പെടാന്‍ പോകുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. അതായത്, നിര്‍ബന്ധിത വന്ധ്യംകരണം പോലെ കാട്ടാനകളെയും വന്ധ്യംകരിക്കാന്‍ പോകുന്നു. കാട്ടാനകള്‍ നാട്ടിലിറങ്ങി ആളുകളെ കൊല്ലുന്നത് തടയാനായി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള വനം പരിസ്ഥിതി മന്ത്രാലയമാണ് ഇത്തരത്തില്‍ പരിഹാസ്യമായ ഒരാശയം മുന്നോട്ടുവച്ചിരിക്കുന്നത്. സുപ്രീം കോടതി നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇത്തരത്തിലൊരു വിചിത്രമായ നിര്‍ദേശം പരിസ്ഥിതി മന്ത്രാലയം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കാട്ടാനകളുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കാവുന്ന കേന്ദ്രത്തിന്റെ ഈ നിര്‍ദേശത്തെ നൂലിഴ കീറി തന്നെ പരിശോധിക്കേണ്ടിയിരിക്കുന്നു.

കാട്ടാനകള്‍ നാട്ടിലിറങ്ങി ആളുകളെ കൊല്ലുന്നു എന്ന പ്രശ്‌നത്തിന് കാട്ടാനകളെ വന്ധ്യംകരിക്കുക എന്നതാണോ ശാശ്വത പരിഹാരം? അത്തരമൊരു പ്രക്രിയ നടപ്പാക്കുമ്പോള്‍ അത് കാട്ടാനകളുടെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തുമോ ? ആനകളുടെ എണ്ണം കുറച്ചതുകൊണ്ട് മാത്രം കാട്ടാനശല്യത്തിന് അറുതി വരുത്താനാവുമോ? ആനവേട്ടയുടെ മറവില്‍ വനത്തിനുള്ളില്‍ കൊന്നുതള്ളപ്പെടുന്ന കാട്ടാനകളുടെ സംരക്ഷണത്തിന് ഭരണകൂടത്തിന് എന്ത് പരിഹാരമാണ് നിര്‍ദേശിക്കാനുള്ളത്? ഇങ്ങനെ ഒരു പിടി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കുന്നതിന് മുമ്പ് കണ്ടെത്തിയേ മതിയാവൂ. കാരണം യാതൊരു വിധത്തിലുമുള്ള ദീര്‍ഘവീക്ഷണവുമില്ലാതെ പരിസ്ഥിതി മന്ത്രാലയം മുമ്പോട്ടു വച്ചിരിക്കുന്ന കാട്ടാനകളുടെ വന്ധ്യംകരണമെന്ന നിര്‍ദേശത്തെ തികച്ചും അപക്വമെന്ന് മാത്രമെ വിശേഷിപ്പിക്കാനാവൂ.

ഏഷ്യ ഭൂഖണ്ഡത്തില്‍ കാണപ്പെടുന്ന ആനകളില്‍ ഏതാണ്ട് 60 ശതമാനവും ഇന്ത്യന്‍ വനങ്ങളിലാണ് അധിവസിക്കുന്നത്. ബാക്കി 40 ശതമാനം മാത്രമാണ് ഇതര രാജ്യങ്ങളില്‍ ഉള്ളത്. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴാണ് ഇന്ത്യയില്‍ കാട്ടാനകളുടെ കണക്കെടുപ്പ് നടക്കുന്നത്. 2005ലെ കണക്കെടുപ്പ് പ്രകാരം ഇന്ത്യയില്‍ 21,300 കാട്ടാനകള്‍ ഉണ്ടൊണ് കരുതുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം 2007ല്‍ കാട്ടാനകളുടെ എണ്ണം 27,657നും 27,682നും ഇടയില്‍ എത്തി. പിന്നെയും ഒരഞ്ച് വര്‍ഷം പിന്നിട്ട് 2012 ല്‍ എത്തിയപ്പോള്‍ അത് 29,391നും 30,711നും ഇടയില്‍ എത്തിനില്‍ക്കുന്നു. അതായത് 7 വര്‍ഷങ്ങള്‍ കൊണ്ട് ആനകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് ഒമ്പതിനായിരത്തിനടുത്ത് മാത്രം. ഇന്ത്യയിലാകെ 28 ആനസംരക്ഷണ വനമേഖലകളാണുള്ളത് (elephant research forets) 58000 സ്‌ക്വയര്‍ കിലോമീറ്റര്‍ വനമാണ് ആനസംരക്ഷണ വനമേഖലയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കേരളത്തില്‍ മാത്രം വയനാട്, പെരിയാര്‍, നിലമ്പൂര്‍, ആനമുടി എന്നിങ്ങനെ നാല് ആനസംരക്ഷണ വനമേഖലകള്‍ ഉണ്ട്. പ്രത്യേകസംരക്ഷണ ഇടങ്ങള്‍ക്ക് പുറത്തുള്ള വനമേഖലകളിലും കാട്ടാനകള്‍ അധിവസിച്ച് വരുന്നു. മുന്‍കാലങ്ങളിലെ ചരിത്രം പരിശോധിച്ചാല്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയവും കേന്ദ്ര സര്‍ക്കാരും കാട്ടാനകളുടെ സംരക്ഷണത്തിനും വംശവര്‍ദ്ധനവിനും വേണ്ടി നിരവധിഫലവത്തായ നിയമങ്ങള്‍ നിര്‍മ്മി ച്ചിട്ടുണ്ടെന്ന് കാണാന്‍ സാധിക്കും. 1992 ഫെബ്രുവരിയില്‍ കേന്ദ്ര വനം പരിസ്ഥതി മന്ത്രാലയം ആവിഷ്‌കരിച്ച ആനസംരക്ഷണ പദ്ധതി കാട്ടാനകളുടെ നിലനില്‍പ്പിനുതകുന്ന നിര്‍മ്മിതിയായിരുന്നു. ആനകള്‍ വസിക്കു ന്ന പ്രദേശങ്ങളും അവയുടെ സഞ്ചാരമാര്‍ഗങ്ങളും ഒരു പോലെ സംരക്ഷിക്കുന്നതിനുള്ള പദ്ധതിയാണ് ആനസംരക്ഷണ പദ്ധതി. പാരിസ്ഥിതിക പ്രദേശങ്ങള്‍ സംരക്ഷിക്കുക, മനുഷ്യനും ആനകളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കുക, ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ആനകളെ പരിപൂര്‍ണമായി സംരക്ഷിക്കുക, ആനകള്‍ വസിക്കുന്ന പ്രദേശങ്ങളില്‍ പരിസ്ഥിതി സംരക്ഷണ നിലവാരമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുക, ആനകളെപ്പറ്റി ഉയര്‍ന്ന നിലവാരത്തിലുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, അസാധാരണമായ മരണങ്ങള്‍ ഒഴിവാക്കുക എന്നിവയൊക്കെയായിരുന്നു ആനസംരക്ഷണ പദ്ധതിയിലൂടെ പരിസ്ഥിതി മന്ത്രാലയം ലക്ഷ്യമിട്ടിരുന്നത്. ഇന്ത്യയില്‍ 13 സംസ്ഥാനങ്ങളില്‍ ആണ് ആനസംരക്ഷണ പദ്ധതി സര്‍ക്കാര്‍ ആദ്യമായി നടപ്പാക്കി. എട്ടാം പഞ്ചവത്സര പദ്ധതിയില്‍ 23 കോടി രൂപയും പത്താം പഞ്ചവത്സര പദ്ധതിയില്‍ 60 കോടി രൂപയുമാണ് ഇതിനായി വകയിരുത്തിയിരുന്നത് .എന്നാല്‍ രണ്ട് നൂറ്റാണ്ട് പിന്നിട്ടപ്പോഴേക്കും കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ആനസംരക്ഷണ താത്പര്യത്തില്‍ ഭീമാകാരമായ മാറ്റമാണ് വന്നിരിക്കുന്നതെന്ന് ബോധ്യപ്പെടുന്നതാണ് ഇപ്പോള്‍ വനം പരിസ്ഥിതി മന്ത്രാലയം മുമ്പോട്ടു വച്ചിരിക്കുന്ന നിര്‍ദേശം.

കാട്ടാനകള്‍ നാട്ടിലിറങ്ങി ആളുകളെ കൊല്ലുന്നു. കാട്ടിലെ ആനകളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതുകൊണ്ട് കാട്ടാനശല്യം രൂക്ഷമാകുന്നു എന്നാണ് വനം വകുപ്പ് മുമ്പോട്ടുവയ്ക്കുന്ന അവകാശവാദം. അതിന് പരിഹാരമായി പിടിയാനകളില്‍ ഗര്‍ഭനിരോധനം നടത്തണമത്രെ. എന്നാല്‍ ഇന്ത്യയില്‍ ഇനി എത്രമാത്രം വനം അവശേഷിക്കുന്നുണ്ടെന്നും അവശേഷിക്കുന്ന വനമേഖലയില്‍ എത്രത്തോളം കാട്ടാനകള്‍ അവശേഷിക്കുന്നുണ്ടെന്നും വ്യക്തമായി അറിയാവുന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തന്നെ ആനകളുടെ വംശവര്‍ദ്ധനനവ് തടയണമെന്ന നിര്‍ദ്ദേശം മുമ്പോട്ടു വച്ചിരിക്കുന്നു എന്നത് അത്ഭുതത്തോടുകൂടി മാത്രമെ വീക്ഷിക്കാനാവൂ. കാട്ടാനകളുടെ വംശവര്‍ദ്ധനവിന്റെ നിരക്കറിഞ്ഞാല്‍ മാത്രമേ മന്ത്രാലയം മുമ്പോട്ടുവച്ചിരിക്കുന്ന നിര്‍ദേശത്തിന്റെ പൊള്ളത്തരം മനസ്സിലാവുകയുള്ളൂ.

കാട്ടാനകളില്‍ വന്ധ്യംകരണം നടപ്പാക്കണമെന്ന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം വാര്‍ത്തകളില്‍ ഇടം നേടുന്നതിന് മുമ്പ് അച്ചടി ദ്യശ്യമാധ്യമങ്ങളില്‍ ഇടം കണ്ടെത്തിയ മറ്റൊരു വാര്‍ത്തയായിരുന്നു കേരളത്തിലെ വനമേഖലകളില്‍ നടന്ന ഞെട്ടിക്കുന്ന ആനവേട്ടയുടെ കണ്ടത്തല്‍. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആനക്കൊമ്പുകളാണ് ഇതരസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും കടത്തിയത്. ആന വേട്ടയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഒരു വലിയ സംഘത്തെ ഓപ്പറേഷന്‍ ശിക്കാറിലൂടെ കേരള വനം വകുപ്പും വൈല്‍ഡ് ലൈഫ് ക്രൈം സെന്‍ട്രല്‍ ബ്യൂറോയും ഡല്‍ഹി പോലീസും ചേര്‍ന്ന് വലയിലാക്കി. ആറു വണ്ടികളും ഇരുപതോളം തോക്കുകളും ആനവേട്ടക്കാരുടെ പക്കല്‍ നിന്നും അന്വേഷണ സംഘം പിടിച്ചെടുത്തു. 4 മാസത്തോളം നീണ്ടുനിന്ന ഓപ്പറേഷന്‍ ശിക്കാറിലൂടെ കേരളത്തിലെ വനമേഖലയില്‍ നായാട്ട് സംഘം നടത്തിയ ഞെട്ടിക്കുന്ന ആനവേട്ടയുടെ കഥകളാണ് പുറത്ത് വന്നത്. 20 വര്‍ഷം കൊണ്ട് നാല്‍പ്പതോളം ആനകളെയാണ് നായാട്ട് സംഘം കൊന്നുതള്ളിയത്. നേര്യമംഗലവും കുട്ടമ്പുഴയും മലയാറ്റൂരുമൊക്കെ ഉള്‍പ്പെടുന്ന ഫോറസ്റ്റ് ഡിവിഷനുകളില്‍ നടന്ന ആനവേട്ടയുടെ കഥകള്‍ മാത്രമാണ് ഓപ്പറേഷന്‍ ശിക്കാറിലൂടെ പുറത്ത് വന്നത്. അത്തരത്തില്‍ നോക്കുമ്പോള്‍ സംസ്ഥാനത്തെ തന്നെ മറ്റ് ഫോറസ്റ്റ് ഡിവിഷനുകളിലും അതിനുമപ്പുറം രാജ്യത്തൊന്നാകെയുള്ള ഇരുപത്തെട്ടോളം ആന സംരക്ഷണ വനമേഖലകളിലും അവയോട് ചേര്‍ന്നു കിടക്കുന്ന പ്രാന്തപ്രദേശങ്ങളിലും നടക്കാന്‍ സാധ്യതയുള്ള ഒരു പക്ഷെ നടന്നുകൊണ്ടിരിക്കുന്ന ഇനിയും പുറത്തറിയാത്ത ആനവേട്ടയിലൂടെ കൊന്നു തള്ളാന്‍ സാധ്യതയുള്ള ആനകളുടെ എണ്ണം എത്ര വലുതായിരിക്കുമെന്നു ഊഹിക്കാവുന്നതെയുള്ളു.

1970കള്‍ മുതല്‍ ഇന്ത്യയില്‍ ആനവേട്ട വ്യാപകമാണ്. എഴുപതുകളുടെയും എണ്‍പതുകളുടെയും ഇടയിലാണ് ഏറ്റവും അധികം ആനകള്‍ വേട്ടയാടപ്പെട്ടത്. ഈയൊരു കാലയളവില്‍ ആയിരക്കണക്കിന് ആനകള്‍ വേട്ടക്കാരുടെ തോക്കിന്‍ തുമ്പിലൂടെ ജീവന്‍ വെടിഞ്ഞതായി ജീവശാസ്ത്രജ്ഞനായ പ്രൊഫസര്‍ സുകുമാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനൊക്കെശേഷമാണ് ആനകളുടെ സംരക്ഷണം മുന്‍ നിര്‍ത്തി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആനസംരക്ഷണ പദ്ധതി നടപ്പാക്കിയത്. പക്ഷെ പദ്ധതി നടപ്പാക്കി പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ആനവേട്ട തകൃതിയായി നടക്കുന്നുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ആനവേട്ടകാര്‍ക്കൊപ്പം ആനകളെ സംരക്ഷിക്കേണ്ടവര്‍ കൂടി നായാട്ടിന് കൂട്ടുനില്‍ക്കുന്നതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ജൂലൈ മാസത്തില്‍ കേരളത്തില്‍ നിന്നുതന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷനില്‍ നിന്നും ഫോറസ്റ്റ് റെയിഞ്ച് ഓഫീസറെയും ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസറെയും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറെയും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തത് ഇക്കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു. രാജ്യത്തൊന്നാകെ ആനവേട്ടക്കാരും വനംവകുപ്പുദ്യോഗസ്ഥരും തമ്മില്‍ ഉണ്ടാക്കിയെടുത്തിരിക്കുന്ന അവിശുദ്ധകൂട്ടുകെട്ട് ഒന്നുകൊണ്ട് മാത്രം പുറത്ത് വരാതിരിക്കുന്ന നിരവധി ആനവേട്ടക്കേസുകള്‍ ഉണ്ടെന്നുറപ്പാണ്. ആനകളുടെ ജനനം നിയന്ത്രിക്കാന്‍ ഒരുങ്ങുന്ന വനം പരിസ്ഥിതി മന്ത്രാലയം എല്ലാവര്‍ഷവും ആനകളുടെ ജനനമരണ നിരക്കിലെ അനുപാതവും ആനകള്‍ക്കിടയിലെ ആണ്‍പെണ്‍ അനുപാതവും ഒന്നളക്കുന്നത് ഉചിതമായിരിക്കും. 2005നും 2012 നും ഇടയിലുള്ള ഏഴുവര്‍ഷങ്ങള്‍കൊണ്ട് ഒമ്പതിനായിരത്തിനടുത്ത് ആനകളുടെ വര്‍ദ്ധനവ് മാത്രമാണ് ഉണ്ടായതെന്ന് സൂചിപ്പിച്ചുവല്ലോ? ഈ ഏഴ് വര്‍ഷങ്ങള്‍ക്കിടയില്‍ വേട്ടയാടിയും അല്ലാതെയുമൊക്കെ ജീവന്‍ നഷ്ടമായ ആനകളുടെ കണക്കെടുത്താല്‍ ഒരു പക്ഷെ ഒമ്പതിനായിരത്തിനും മുകളില്‍ പോയേക്കാം.

വേട്ടയാടപ്പെടുന്നതിലൂടെ ആനകള്‍ക്കിടയിലെ ആണ്‍-പെണ്‍ അനുപാതം ശോഷിച്ച് വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വേട്ടയാടപ്പെടുന്നത് 90 ശതമാനവും കൊമ്പനാനകളാണ്. ഇത്തരത്തില്‍ വിലയിരുത്തിയാല്‍ പിടിയാനകള്‍ക്ക് ആനുപാതികമായുള്ള കൊമ്പനാനകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുള്ളതായും കാണാന്‍ സാധിക്കും. ഇത്തരം പ്രത്യാഘാതങ്ങളെപ്പറ്റിയൊന്നുമുള്ള പഠനമോ അന്വേഷണമോ നടത്താതെയാണ് കാട്ടാനകളുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്ന പേരില്‍ അപരിഷ്‌കൃതമായ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.

തോക്കോ, വില്ലോ പോലുളള ഉപകരണങ്ങളോ ഉപയോഗിച്ച് പിടിയാനകളില്‍ മരുന്നു കുത്തിവയ്ക്കാമെന്നും ഈ മരുന്ന് രണ്ട് വര്‍ഷം വരെ പ്രവര്‍ത്തിക്കുകയും ആനകള്‍ ഗര്‍ഭം ധരിക്കുന്നത് തടയാന്‍ സാധിക്കുമെന്നുമൊക്കെയാണ് സര്‍ക്കാര്‍ വാദം. ഇത്രയും ബാലിശമായാണോ നിയമവശങ്ങളും ശാസ്ത്രീയ പഠനങ്ങളും ആവശ്യമായ ഒരു വിഷയത്തെ കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്യേണ്ടത്. കാട്ടാനകള്‍ കൂടുതലായി നാട്ടിലിറങ്ങുന്ന പശ്ചിമ ബംഗാള്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പരീക്ഷണടിസ്ഥാനത്തില്‍ ഗര്‍ഭനിരോധനം നടപ്പാക്കാന്‍ സര്‍ക്കാര്‍ അനുമതി തേടിയിരിക്കുന്നത്. ആഫ്രിക്കയിലും മറ്റും ഈ രീതിയില്‍ ഗര്‍ഭനിരോധനമുണ്ടെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. റെയില്‍വേ പാളങ്ങളില്‍ ട്രെയിനിടിച്ച് ആനകള്‍ കൊല്ലപ്പെടുന്നത് സ്ഥിരമായപ്പോള്‍ ബംഗാള്‍ സര്‍ക്കാരും ഇതേ നയം മുമ്പോട്ടു വച്ചിരുന്നു. ബംഗാളിലും ഒഡിഷയിലുമായി കാട്ടാനകളുടെ ആക്രമണത്തില്‍ 146 ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതേ കാലയളവില്‍ നൂറ്റിയിരുപതിനടുത്ത് ആനകള്‍ക്കും വിവിധ കാരണങ്ങളാല്‍ മേഖലയില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

യഥാര്‍ത്ഥത്തില്‍ കാട്ടാനകളുടെ ജനനനിയന്ത്രണമാണോ കാട്ടാന ആക്രമണത്തിനുളള യഥാര്‍ത്ഥ പരിഹാരം? വംശവര്‍ദ്ധനവ് മാത്രമല്ല കാട്ടാന ആക്രമണത്തിന് കാരണം. വനനശീകരണം, ഭക്ഷണത്തിന്റെയും ജലത്തിന്റെയും ദൗര്‍ലഭ്യം, നായാട്ട് എന്നിവയൊക്കെയാണ് വനത്തിനുളളില്‍ കാട്ടാനകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍. അവയെ ആക്രമിക്കുമ്പോള്‍ മാത്രമാണ് കാട്ടാനകള്‍ പ്രത്യാക്രമണത്തിന് മുതിരുന്നത്. ഭക്ഷണവും വെളളവും തേടിയാണ് കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത്. സ്വൈര്യമായി വിഹരിക്കാന്‍ കാട് കാണാതാകുമ്പോഴും പണക്കൊതി മൂത്ത് മസ്തിഷ്‌ക്കത്തിന് നേരെ തോക്കിന്‍ കുഴല്‍ ചൂണ്ടുമ്പോഴും അവ കാട്ടില്‍ നിന്നും നാട്ടിലേക്ക് പലായനം ചെയ്യുന്നു.

ആന സംരക്ഷണ പദ്ധതിക്കായി എട്ടാം പഞ്ചവത്സര പദ്ധതിയിലും പത്താം പഞ്ചവത്സര പദ്ധതിയിലും ഉള്‍പ്പെടുത്തി എണ്‍പത് കോടിയോളം രൂപ വകയിരുത്തിയിട്ടും അവയുടെ സംരക്ഷണം കാലമിത്രയായിട്ടും പ്രായോഗികമായി നടപ്പില്‍ വരുത്താന്‍ സാധിക്കാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്വം കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റേത് മാത്രമാണ്. കേരളത്തില്‍ പലയിടങ്ങളിലും ഫെന്‍സിംഗ് ലൈനുകളും മറ്റും തീര്‍ത്ത് ഫലവത്തായി കാട്ടാനകളുടെ ആക്രമണം പ്രതിരോധിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത്തരത്തിലുളള പ്രായോഗിക നടപടികളിലൂടെ കാട്ടാനശല്യത്തെ നിയന്ത്രിക്കേണ്ടതിന് പകരം വന്ധീകരണമെന്ന ബാലിശമായ നിര്‍ദേശവുമായി കാട്ടാനകള്‍ക്ക് പിറകെ പോകുന്നത് കാട്ടാനകളുടെ നിലനില്‍പ്പിന് തന്നെ ഭീക്ഷണിയാകുന്ന നടപടിയാണ്.  ഭൂമിയില്‍ സ്വൈര്യമായി ജീവിക്കാനും സന്താനങ്ങളെ ഉത്പാദിപ്പിക്കാനുളള അവകാശം മനുഷ്യനെപ്പോലെ മറ്റ് ജീവജാലങ്ങള്‍ക്കുമുണ്ടെന്നു വനം പരിസ്ഥിതി മന്ത്രാലയം തിരിച്ചറിയണം.

(മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ മാധ്യമവിഭാഗത്തില്‍ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍