UPDATES

വാര്‍ത്തകള്‍

അടുത്ത പാര്‍ലമെന്റില്‍ ദേശീയ പാര്‍ട്ടിയെന്ന നിലയില്‍ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഉണ്ടാവില്ലേ? എക്‌സിറ്റ് പോളുകള്‍ നല്‍കുന്ന സൂചന

ദേശീയ പാര്‍ട്ടി പദവി സിപിഎം നിലനിര്‍ത്തുമോ?

വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ ആശങ്കയൊഴിയാതെ രാഷ്ട്രീയ പാര്‍ട്ടികള്‍. ഫലം പുറത്തുവരുന്നതിന് മുമ്പ് ഇന്ന് അമിത് ഷാ ഇന്ന് സഖ്യകക്ഷികള്‍ക്ക് വിരുന്നു നല്‍കും. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിച്ച് വോട്ടെണ്ണലുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ അറിയിക്കും.

എന്നാല്‍ തെരഞ്ഞെടുപ്പിന്റ എക്‌സിറ്റ് പോളുകളില്‍ ഏറ്റവും ആശങ്ക അനുഭവിക്കുന്നത് സിപിഎമ്മും സിപിഐയുമാണ്. ദേശീയ പാര്‍ട്ടി എന്ന അംഗീകാരം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഈ പാര്‍ട്ടികള്‍.

നേരത്തെ നിലവിലുള്ള ചട്ട പ്രകാരമാണെങ്കില്‍ സിപിഎയ്ക്ക് ദേശീയ പാര്‍ട്ടിയെന്ന അംഗീകാരം മുമ്പു തന്നെ നഷ്ടമാകേണ്ടതാണ് മൂന്ന് സംസ്ഥാനങ്ങളില്‍നിന്നായി രണ്ട് ശതമാനം ലോക്‌സഭ സീറ്റുകള്‍ നേടുകയെന്നതാണ് ദേശീയ പാര്‍ട്ടിയായി അംഗീകാരം കിട്ടാനുള്ള ആദ്യ മാനദണ്ഡം. അല്ലെങ്കില്‍ നാല് സംസ്ഥാനങ്ങളില്‍ പോള്‍ ചെയ്ത വോട്ടിന്റെ ആറ് ശതമാനം കിട്ടിയാലും ദേശീയ പാര്‍ട്ടിയെന്ന അംഗീകാരം ലഭിക്കും. നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയായി അംഗീകാരം കിട്ടിയാലും ദേശീയ പാര്‍ട്ടിയെന്ന് പദവിക്ക് ഒരു പാര്‍ട്ടി അര്‍ഹമാകും.

ബംഗാളില്‍നിന്നുള്ള എക്‌സിറ്റ് പോള്‍ സൂചനകള്‍ സിപിഎമ്മിന് ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ല. കേരളത്തില്‍ എത്ര സീറ്റ് കിട്ടുമെന്ന കാര്യത്തില് വ്യക്തതയുമില്ല. ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും എക്‌സിറ്റ് പോളുകളില്‍ ഭൂരിപക്ഷവും യുഡിഎഫിന് വന്‍ വിജയം പ്രഖ്യാപിക്കുന്നത് നേതാക്കള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.

രണ്ട് എക്‌സിറ്റ് പോളുകളാണ് സിപിഎമ്മിന് പ്രതിക്ഷയുടെ കച്ചിത്തുരുമ്പാകുന്നത്. ന്യൂസ് 18 ഇപ്‌സോസുമായി ചേര്‍ന്ന് നടത്തിയ എക്‌സിറ്റ് പോളാണ് ഇടതുപക്ഷത്തിന് കൂടുതല്‍ സീറ്റുകള്‍ പ്രവചിക്കുന്നത്. 11 മുതല്‍ 13 സീറ്റുകള്‍ വരെ കിട്ടിയേക്കുമെന്നാണ് സര്‍വെ പറയുന്നത്. ഇന്നലെ പുറത്തുവന്ന കൈരളി ടിവിയുടെ സര്‍വെ 8-12 സീറ്റുകള്‍ വരെയാണ് ഇടതുപക്ഷത്തിന് പറയുന്നത്. ഇതില്‍ രണ്ടിലുമാണ് സിപിഎം നേതൃത്വം പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നത്15 സീറ്റുകള്‍ യുഡിഎഫിന് ലഭിക്കുമെന്ന എക്‌സിറ്റ് പോളുകളില്‍ മുന്നണി വിശ്വസിക്കുന്നുമില്ല.

കേരളത്തിലെ വോട്ടിങ്ങിനെ കുറിച്ച് നടത്തിയ എക്‌സിറ്റ് പോളുകളില്‍ വിവിധ നാഷണല്‍ ചാനലുകളും മലയാളം ചാനലുകളും യുഡിഎഫി് നേട്ടമാണ് പ്രവചിക്കുന്നത്. അഞ്ച് വരെ സീറ്റുകള്‍ വരെ മാത്രമാണ് മിക്ക ചാനലുകളും ഇടതിന് കല്‍പ്പിക്കുന്നത്. എക്‌സിറ്റ് പോളുകളെ തള്ളിക്കളയുന്നെങ്കിലും അത് യാഥാര്‍ത്ഥ്യമായാല്‍ ഉണ്ടാകാവുന്ന രാഷ്ട്രീയ അവസ്ഥ സിപിഎം നേതാക്കള്‍ മുന്‍കൂട്ടി കാണുന്നുണ്ട്. തമിഴ്‌നാട്ടില്‍ ഡിഎംകെ കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമായി നിന്ന് കോയമ്പത്തൂരിലും മധുരയിലും സിപിഎം മല്‍സരിക്കുന്നുണ്ട്. ബംഗാളിലെ എക്‌സിറ്റ് പോളുകളും അഭിപ്രായ സര്‍വ്വെകളും നല്ല സൂചനകള്‍ അല്ല തരുന്നത്. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍നിന്ന് സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ ദേശീയ പാര്‍ട്ടിയെന്ന അംഗീകാരം പോലും സിപിഎമ്മിന് നഷ്ടമായേക്കും. സിപിഐയുടെ കാര്യം പറയാനുമില്ല.

ദേശീയ പാര്‍ട്ടികളെ സംബന്ധിച്ചുള്ള വിലയിരുത്തല്‍ നേരത്തെ അഞ്ച് വര്‍ഷത്തിലൊരിക്കലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്താറുള്ളത്. അത് പത്തുവര്‍ഷമാക്കിയതുകൊണ്ടാണ് ഇപ്പോഴും സിപിഐയ്ക്ക് ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍ കഴിയുന്നത്. എന്നാല്‍ ഇനി ഒരു വിലയിരുത്തല്‍ നടത്തിയാല്‍ ഇപ്പോഴുള്ള സൂചന പ്രകാരം അത് സിപിഎമ്മിനെയും സിപിഐയെയും സംബന്ധിച്ച് അത് ഗുണകരമാവില്ല.

രാജ്യത്തെല്ലായിടത്തും ഒരു ചിഹ്നത്തില്‍ മല്‍സരിക്കാന്‍ കഴിയുമെന്നതാണ് ദേശീയ പാര്‍ട്ടിയായാലുള്ള ഗുണം. ഇതിന് പുറമെ പാര്‍ട്ടി ഓഫീസുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഭൂമി കിട്ടുമെന്നതാണ് ദേശീയ പാര്‍ട്ടി പദവികൊണ്ടുള്ള മറ്റൊരു പ്രയോജനം. കഴിഞ്ഞ പാര്‍ലമെന്റില്‍ സിപിഎമ്മിന് ഒമ്പത് സീ്റ്റുകളാണുള്ളത്. സിപിഐയ്ക്ക് ഒന്നും. ഒന്നാം ലോക്‌സഭയില്‍ 489 അംഗങ്ങളുണ്ടായിരുന്നതില്‍ സിപിഐയ്ക്ക് 16 അംഗങ്ങളാണ് ഉണ്ടായിരുന്നത്. രണ്ടാം ലോക്‌സഭയില്‍ 27 അംഗങ്ങളാണ് സിപിഐയ്ക്ക് ലഭിച്ചത്.

1964 ലെ പാര്‍ട്ടി പിളര്‍പ്പിന് ശേഷം സിപിഐയ്ക്ക് 23 സീറ്റുകളും സിപിഎമ്മിന് 19 സീറ്റുകളുമാണ് ലഭിച്ചത്. 1971 ല്‍ സിപിഎമ്മിന് 25 സീറ്റും സിപിഐയ്ക്ക് 23 മായി. പിന്നീട് അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം മല്‍സരിച്ച സിപിഐയ്ക്ക് ഏഴ് സീറ്റുകളാണ് ലഭിച്ചത്. സിപിഎം 22 ഇടത്ത് വിജയിച്ചു. ഇതോടെ സിപിഐയുടെ തകര്‍ച്ച ആരംഭിക്കുകയായിരുന്നു.

2004 ലാണ് ഇടതുപക്ഷത്തിന് വലിയ നേട്ടം ഉണ്ടായത്. ബംഗാളിലും കേരളത്തിലും നേടിയ വലിയ വിജയമാണ് ഇതിന് കാരണമായത്. സിപിഎമ്മിന് മാത്രം 43 സീറ്റുകളാണ് അന്ന് ലഭിച്ചത്. സിപിഐയ്ക്ക് 10 സീറ്റും ലഭിച്ചു.
പിന്നിടുള്ള തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന് കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ല. ബംഗാളിലെ പുര്‍ണമായ തകര്‍ച്ചയോടെ പാര്‍ലമെന്റിലെ ഇടതുസാന്നിധ്യവും നാമമാത്രമായി. ഇപ്പോള്‍ അവശേഷിക്കുന്ന ചോദ്യം ദേശീയ പാര്‍ട്ടി പദവിയുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉണ്ടാകുമോ എന്നതാണ്.

Read More: രണ്ട് അഭിപ്രായ സർവേകളിൽ പ്രതീക്ഷ വച്ച് ഇടതുപക്ഷം; ഫലം വന്ന ഉടൻ നേതൃയോഗങ്ങൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍