UPDATES

ഇന്ത്യ

കേന്ദ്രസര്‍ക്കാരിന്റെ വേട്ടയാടല്‍ നടപടികളെ നിയമപരമായി നേരിടും: എന്‍ഡിടിവിയുടെ പ്രസ്താവന

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ എന്‍ഡിടിവിയെ വരുതിയില്‍ നിറുത്താനുള്ള ശ്രമങ്ങള്‍ വീണ്ടും സജീവമായതായി സ്ഥാപനം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കേന്ദ്രസര്‍ക്കാരിനെതിരെ വാര്‍ത്തകള്‍ നല്‍കുന്നതിന്റെ പേരില്‍ എന്‍ഡിടിവി ചാനലിനെ വേട്ടയാടാനുള്ള ശ്രമങ്ങള്‍ കുറേകാലമായി നടക്കുന്നു. എന്‍ഡിടിവി ഉടമകളായ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പ്രണോയ് റോയിയുടെയും ഭാര്യ രാധിക റോയിയുടെയും വീടുകളിലും ഓഫീസിലും സിബിഐ റെയ്ഡ് നടത്തിയതിനെതിരെ ഡല്‍ഹി പ്രസ് ക്ലബില്‍ വലിയ മാധ്യമ കൂട്ടായ്മ സംഘടിപ്പിച്ചരുന്നു. സ്ഥാപനത്തിനെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് അന്ന് പല പ്രമുഖ നിയമജ്ഞരും മാധ്യമപ്രവര്‍ത്തകരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ എന്‍ഡിടിവിയെ വരുതിയില്‍ നിറുത്താനുള്ള ശ്രമങ്ങള്‍ വീണ്ടും സജീവമായതായി സ്ഥാപനം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പ്രസ്താവനയുടെ പൂര്‍ണരൂപം താഴെ:
എന്‍ഡിടിവിയെ ഭയപ്പെടുത്താനും തളര്‍ത്താനുമുള്ള ശ്രമങ്ങള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ വലിയ തലങ്ങളിലേക്ക് വളര്‍ന്നിരിക്കുകയാണ്. സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും ഭാഗത്ത് നിന്നും പുതിയ ആക്രമണങ്ങള്‍ ഉണ്ടായിരിക്കുന്നു.

ചുരുക്കത്തില്‍ മൂന്ന് തലത്തില്‍ നിന്നും ആസൂത്രിതവും സംഘടിതവുമായ ആക്രമണമാണ് എന്‍ഡിടിവിക്കെതിരെ നടക്കുന്നത്:

1) സിബിഐ
2) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
3) ആദായനികുതി വകുപ്പ്

അമേരിക്കയിലെ ജിഇ കമ്പനി, എന്‍ഡിടിവിയില്‍ നടത്തിയ പൂര്‍ണമായും നിയമപരവും പൊതുജനമധ്യത്തിലും ഔദ്യോഗികവുമായി വെളിപ്പെടുത്തപ്പെട്ടതുമായ 150 ദശലക്ഷം ഡോളറിന്റെ നിക്ഷേപവുമായി ബന്ധപ്പെട്ട ഏക വിനിമയം ‘വ്യാജ ഇടപാടാണ്’ എന്ന് ആരോപിച്ചാണ് ഈ മൂന്ന് ഏജന്‍സികളും എന്‍ഡിടിവിയെ ആക്രമിക്കുന്നത്. സ്വതന്ത്ര മാധ്യമത്തിനെതിരായ ഈ പ്രതികാരവേട്ട ലോകവും ഇന്ത്യയും ശ്രദ്ധിക്കുന്നുണ്ട്. അഭിവൃദ്ധി പ്രാപിക്കുന്നതും സ്വതന്ത്രവുമായ മാധ്യങ്ങളുടെ സാന്നിധ്യമുള്ള ഒരു ജനാധിപത്യം എന്ന ഇന്ത്യയുടെ ഖ്യാതിയെ ഈ അപരിഹാര്യമായ വിധത്തില്‍ മുറിവേല്‍പ്പിക്കും.

429 കകോടി രൂപ നികുതി അടയ്ക്കണം എന്ന ആദായനികുതി വകുപ്പിന്റെ ആവശ്യം പ്രത്യേകിച്ചും ഞെട്ടിപ്പിക്കുന്നതാണ്. എന്‍ഡിടിവി ഈ തുക ‘ഉടനടി’ അടയ്ക്കണം എന്നാണ് ആദായനികുതി വകുപ്പ് ഇന്നലെ അയച്ച കത്തില്‍ പറയുന്നത്. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഉടനടി പണം അടയ്ക്കണം എന്ന് ആവശ്യപ്പെടുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് എന്ന് മാത്രമല്ല, ആദായനികുതി വകുപ്പിന്റെ കുടില നീക്കങ്ങളെ വെളിച്ചത്ത് കൊണ്ടുവരികയും ചെയ്യുന്നു. ഇത്തരം ഏകപക്ഷീയവും നിയമവിരുദ്ധവുമായ നീക്കങ്ങള്‍ക്ക് എന്‍ഡിടിവി വഴങ്ങിക്കൊടുക്കില്ല എന്ന് മാത്രമല്ല വിഷയത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

നിരവധി കാരണങ്ങളാല്‍ ആദായവകുപ്പിന്റെ നടപടി പ്രകടമായും നിയമവിരുദ്ധമാണ്:

1) ആദായ നികുതി അപ്പല്ലേറ്റ് ട്രിബ്യൂണല്‍ (ഐടിഎടി) നിര്‍ദ്ദേശിച്ചത് പോലെ എന്‍ഡിടിവിയിലെ കണക്കെടുപ്പ് ആദായനികുതി വകുപ്പ് ഇതുവരെ പൂര്‍ത്തിയാക്കിയിട്ട് പോലുമില്ല.

2) നാല് വിഷയത്തിലെങ്കിലും പുതിയ കണക്കെടുപ്പുകള്‍ നടത്താനാണ് ഐടിഎടി ആദായനികുതി വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ എന്‍ഡിടിവിയോട് നികുതി ആവശ്യപ്പെടാനുള്ള തിടുക്കത്തില്‍ ആദായനികുതി വകുപ്പ് ഈ നിര്‍ദ്ദേശങ്ങളെല്ലാം ക്ഷണത്തില്‍ അവഗണിക്കുകയായിരുന്നു.

3) മുഴുവന്‍ നികുതി കണക്കെടുപ്പും നടത്തുന്നതിന് മുമ്പ് ഇത്തരത്തില്‍ ‘ഭാഗിക നികുതി ആവശ്യപ്പെടുന്നത്’ നിയമത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്.

4) ഒറ്റ കണക്കെടുപ്പ് ഉത്തരവ് മാത്രമേ ആദായ നികുതി നിയമത്തില്‍ നിലനില്‍ക്കുന്നുള്ളു. അതുകൊണ്ടുതന്നെ ഐടിഎടി ഉന്നയിച്ചിരിക്കുന്ന പുതിയ നാല് ഘടകങ്ങളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കണക്കെടുപ്പ് ആദായനികുതി വകുപ്പ് പൂര്‍ത്തിയാക്കേണ്ടിയിരിക്കുന്നു.

ഐടിഎടിയുടെ ഉത്തരവിന് (ആദായനികുതി വകുപ്പ് സമര്‍പ്പിച്ച തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള) എന്‍ഡിടിവിക്ക് അപ്പീല്‍ പോകുന്നതിന് 120 ദിവസത്തെ നിയമപരമായ സാവകാശമുണ്ട്. അപ്പീല്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ നികുതി ആവശ്യപ്പെടാന്‍ ആദായനികുതി വകുപ്പ് കാണിച്ച ജാഗ്രത ഞെട്ടിപ്പിക്കുന്നതാണ്. ഇതേ ആദായനികുതി വകുപ്പ് തന്നെയാണ് ഐടിഎടിയില്‍ 20 തവണ കേസ് നീട്ടിവെക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് മൂന്ന് വര്‍ഷം കേസ് വലിച്ചുനീട്ടിയത്.

സന്തുലിത മാധ്യമപ്രവര്‍ത്തനം നടത്തുന്നതിന്റെ പേരില്‍ എന്‍ഡിടിവിയെ ശിക്ഷിക്കാനും മറ്റ് മാധ്യമങ്ങള്‍ക്ക് വരുവരായ്കകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങളുടെ ഭാഗമാണ് ഈ പുതിയ തിടുക്കം. ഒട്ടും പ്രച്ഛന്നമല്ലാത്ത മറ്റൊരു വേട്ടയുടെ ഭാഗമായി എന്‍ഡിടിവിയില്‍ നിന്നും അതിന്റെ സഹസ്ഥാപനങ്ങളില്‍ നിന്നും കാലാവധി രേഖപ്പെടുത്താതെ നിരവധി രേഖകള്‍ സിബിഐ ആവശ്യപ്പെട്ടിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് 500 പേജുകളിലേറെ വരുന്ന രേഖകള്‍ എന്‍ഡിടിവി സമര്‍പ്പിച്ചതിന് ശേഷമാണിത്. എന്നാല്‍ വിചിത്രമെന്ന് പറയട്ടെ ഈ രേഖകള്‍ ലഭിച്ചതായി രേഖമൂലം സമ്മതിക്കാന്‍ സിബിഐ തയ്യാറായിട്ടില്ല.

എന്‍ഡിടിവി നടത്തിയ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ ചട്ട ലംഘനത്തെ കുറിച്ച് അത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ ഇത്തരത്തിലുള്ള എന്തെങ്കിലും ആരോപണത്തെ കുറിച്ച് അത് എന്‍ഡിടിവിയെ അറിയിച്ചിട്ടില്ല. എന്താണ് എന്‍ഡിടിവി ചെയ്ത തെറ്റ് എന്ന് വെളിപ്പെടുത്താതെ അതിന്റെ മാനേജ്‌മെന്റിനെ വിളിച്ചുവരുത്തുകയും ചോദ്യം ചെയ്യുകയും ചെയ്തുകൊണ്ട് ഈ വര്‍ഷം അനവധി സമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചിലവഴിച്ചിട്ടുണ്ട്.
ഭയരഹിത മാധ്യമപ്രവര്‍ത്തനത്തിന്റെ അപകടങ്ങളെ കുറിച്ചാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ നിയമവിരുദ്ധവും വ്യാപകവുമായ സമ്മര്‍ദങ്ങളുടെ വെളിച്ചത്തില്‍ പോലും, ഇത്തരം നാണംകെട്ട തന്ത്രങ്ങള്‍ തങ്ങളുടെ പ്രക്ഷേപണത്തെ ബാധിക്കാന്‍ എന്‍ഡിടിവി അനുവദിക്കില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍