UPDATES

പാല കഴിയും മുമ്പേ കേരളത്തില്‍ വീണ്ടും രാഷ്ട്രീയ ചൂടിലേക്ക്? സെമിഫൈനലിന്റെ തീയതികള്‍ പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയില്‍ രാഷ്ട്രീയ കേരളം

മറ്റിടങ്ങളില്‍ തെരഞ്ഞെടുപ്പ് നവംബര്‍ മാസത്തിനുള്ളില്‍ നടത്തിയാല്‍ മതിയെങ്കിലും മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്.

പാല ഉപതെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിന് മുമ്പ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നെയുള്ള സെമിഫൈനലിന് തീയതികള്‍ പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയില്‍ രാഷ്ട്രീയ കേരളം. മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് തീയതികള് പ്രഖ്യാപിക്കുമെന്ന് അറിയിച്ചതോടെയാണ് കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളുടെ തീയതികളും പ്രഖ്യാപിക്കുമോ എന്ന  ആകാംക്ഷ ബലപ്പെട്ടത്. തീയതികള്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നെ നടക്കുന്ന സെമിഫൈനലായി ഇത് മാറും.

ലോക്‌സഭയിലേക്ക് മല്‍സരിച്ച് ജയിച്ചവര്‍ രാജിവെച്ച ഒഴിവുകളിലും മഞ്ചേശ്വരത്ത് എംഎല്‍എയായിരുന്ന പി ബി അബ്ദുള്‍ റസാഖും മരിച്ച ഒഴിവിലുമാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്.

എറണാകുളം അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലെ എംഎല്‍എമാരാണ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അരൂര്‍ ഒഴികെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിന്റെ കൈയിലാണ്.

മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന അബ്ദുള്‍ റസാഖ് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രനെ കേവലം 89 വോട്ടിനാണ് തോല്‍പ്പിച്ചത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളില്‍ ബിജെപിയ്ക്ക് ഏറ്റവും പ്രധാനം മഞ്ചേശ്വരമാണ്. മറ്റിടങ്ങളില്‍ തെരഞ്ഞെടുപ്പ് നവംബര്‍ മാസത്തിനുള്ളില്‍ നടത്തിയാല്‍ മതിയെങ്കിലും മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്.

വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ തവണ 7622 വോട്ടുകള്‍ക്കാണ് ബിജെപിയിലെ കുമ്മുനം രാജശേഖരനെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ തോല്‍പ്പിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയെന്നത് കൊണ്ടുതന്നെ വട്ടിയൂര്‍ക്കാവില്‍ ശക്തമായ മല്‍സരത്തിന് ബിജെപി തയ്യാറെടുക്കുമെന്ന കാര്യം ഉറപ്പാണ്.

എറണാകുളം യുഡിഎഫ് ശക്തികേന്ദ്രമാണ്. 21,949 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിലെ ഹൈബി ഈഡന്‍ വിജയിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ലഭിച്ച ഏറ്റവും നല്ല ഭൂരിപക്ഷം അരൂരിലായിരുന്നു. എ എം ആരിഫ് 38519 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കോന്നിയും പരമ്പരാഗതമായി യുഡിഎഫ് മണ്ഡലമാണ്. 20,748 വോട്ടുകള്‍ക്കാണ് അടുര്‍ പ്രകാശ് വിജയിച്ചത്.

കേരളത്തില്‍ ഇത്രയധികം മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്നത് സാധാരണമല്ല. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ സംസ്ഥാനത്തെ രാഷ്ട്രീയ രംഗം വീണ്ടും സജീവമാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍