UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിലപാട് കടുപ്പിച്ച് രാഹുല്‍; ആര്‍എസ്എസിന് വഴങ്ങില്ല; വിചാരണ നേരിടാം

Avatar

അഴിമുഖം പ്രതിനിധി

ഗാന്ധി വധത്തിന് പിന്നില്‍ ആര്‍എസ്എസാണെന്നുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇക്കാര്യത്തില്‍ താന്‍ പറഞ്ഞത് തന്നെ ഇനിയും പറയുമെന്നും വിചാരണ നേരിടാന്‍ തയാറാണെന്നും രാഹുല്‍ ഇന്ന് സുപ്രീം കോടതിയില്‍ വ്യക്തമാക്കി. തന്റെ നിലപാടില്‍ മയം വരുത്തിയെന്ന ആരോപണം രാഹുല്‍ നേരത്തെ നിഷേധിച്ചിരുന്നു. 

മഹാരാഷ്ട്രയില്‍ 2014ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഗാന്ധിവധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന രാഹുല്‍ഗാന്ധിയുടെ വിവാദപ്രസ്താവന. ഇതിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയുടെ വാദം കേള്‍ക്കുന്നതിനിടെ രാഹുല്‍ ഇക്കാര്യം നിഷേധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആര്‍എസ്എസുമായി ബന്ധമുള്ള ചിലരാണ് ഗാന്ധിവധത്തിന് പിന്നിലുണ്ടായിരുന്നതെന്നായിരുന്നു രാഹുല്‍ പറഞ്ഞത് എന്നാണ് അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ അഡ്വ. കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചത്. തുടര്‍ന്നു ആര്‍എസ്എസിനോടുള്ള സമീപനം രാഹുല്‍ മയപ്പെടുത്തിയെന്നാരോപിച്ച് കടുത്ത വിമര്‍ശനമുയര്‍ന്നതോടെ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന കാര്യം രാഹുല്‍ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ആര്‍.എസ്.എസിന്റെ വിദ്വേഷം ജനിപ്പിക്കുന്നതും ഭിണിപ്പിക്കുന്നതുമായ അജണ്ടകള്‍ക്കെതിരെ പൊരുതുന്നത് ഒരിക്കലും അവസാനിപ്പിക്കില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. 

 

ഗാന്ധി വാദത്തിന്റെ പേരില്‍ ആര്‍എസ്എസിനെ കുറ്റപ്പെടുത്തിയത്തില്‍ രാഹുല്‍ ഗാന്ധി പരസ്യമായി മാപ്പ് പറഞ്ഞാല്‍ കേസ് പിന്‍വലിക്കാം എന്നായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകനായ ഹര്‍ജിക്കാരന്റെ നിലപാട്. മഹാരാഷ്ട്രയിലെ ഭീവണ്ടിയിലുള്ള വിചാരണ കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍ നിന്ന്‍ ഒഴിവാക്കണമെന്ന രാഹുലിന്റെ ഹര്‍ജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. ആര്‍എസ്എസിനെതിരെയുള്ള പരാമര്‍ശത്തില്‍ നിന്നു പിന്നോട്ട് പോകില്ലെന്നും വിചാരണ നേരിടാന്‍ തയാറാണെന്നും രാഹുല്‍ വ്യക്തമാക്കിയതോടെ മറ്റൊരു കടുത്ത രാഷ്ട്രീയ പോരാട്ടത്തിനാണ് വേദിയൊരുങ്ങുന്നത്. 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍