UPDATES

വിപണി/സാമ്പത്തികം

ഡിമാന്റ് കുറവിന്റെ ‘അസുഖമുള്ള’ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കോര്‍പറേറ്റ് നികുതിയിലെ ഇളവ് ഊര്‍ജ്ജം പകരുമോ?

കോര്‍പ്പറേറ്റുകളുടെ വരുമാനം വര്‍ധിപ്പിച്ചതുകൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണോ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കുള്ളത്.

സാമ്പത്തിക മാന്ദ്യത്തിന്റെ വ്യക്തമായി സൂചനകള്‍ കാണിച്ചിരിക്കുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ നാലാം  തവണയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ നടപടികൾ പ്രഖ്യാപിക്കുന്നത്.  ഇതുവരെ നടത്തിയ സാമ്പത്തിക ഉത്തേജക പദ്ധതികളില്‍ ഏറ്റവും ചലനമുണ്ടാക്കിയതും ഇന്നലത്തെ കോര്‍പ്പറേറ്റ് നികുതി ഇളവ് സംബന്ധിച്ച പ്രഖ്യാപനങ്ങളാണ്. ഇന്ത്യന്‍ ഓഹരിവിപണിയിലെ കുതിപ്പ് സാമ്പത്തിക ഉണര്‍വ് കൈവരിക്കുന്നതിന്റെ സൂചനയായി കാണാന്‍ കഴിയുമെങ്കില്‍ ഇന്നലത്തെ പ്രഖ്യാപനം വലിയ വിജയമാണെന്ന് പറയേണ്ടി വരും. ഒരു ദശാബ്ദത്തിലെ ഏറ്റവും വലിയ നേട്ടമാണ് ഇന്നലെ ഓഹരി വിപണികളില്‍ ഉണ്ടായത്.

വിവിധ ഉത്തേജക പരിപാടികളായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇതൊന്നും തന്നെ നിക്ഷേപകരുടെ ‘ആനിമൽ സ്പിരിറ്റ്’ ഉയർത്താൻ പര്യാപ്തമായില്ലെന്നതാണ് കോർപ്പറേറ്റ് നികുതി ഇളവ് പ്രഖ്യാപിക്കാൻ ധനമന്ത്രാലയത്തെ നിർബന്ധമാക്കിയിട്ടുണ്ടാവുക. നിക്ഷേപത്തിൻ്റെ കുറവാണ് ഇപ്പോഴത്തെ മാന്ദ്യസമാനമായ അവസ്ഥയ്ക്ക് കാരണമെന്ന വിലയിരുത്തലും ഈ നടപടികളെ നിയന്ത്രിച്ച ഘടകങ്ങളാണ്.

കോര്‍പ്പറേറ്റ് നികുതിയില്‍ വരുത്തിയ കുറവാണ് ഇന്ത്യന്‍ ഓഹരി വിപണികളില്‍ വലിയ ചലനമുണ്ടാക്കിയതും വലിയ വാര്‍ത്താ സംഭവമായി മാറിയതും. കോര്‍പ്പറേറ്റ് നികുതി 25.2 ശതമാനമാക്കി കുറയ്ക്കുകയാണ് ഇന്നലത്തെ പ്രഖ്യാപനത്തിലൂടെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ചെയ്തത്. 35 ശതമാനത്തില്‍ നിന്ന് 25.2 ശതമാനമാക്കിയാണ് കുറച്ചത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. 1.45 ലക്ഷം കോടി രൂപയാണ് ഇതുമൂലം സര്‍ക്കാരിനുണ്ടാകുന്ന വരുമാന നഷ്ടം. പുതിയ കമ്പനികള്‍ക്ക് നിരക്ക് 15 ശതമാനം മാത്രമായിരിക്കും.

വിവിധ മേഖലകളിലെ ഇളവുകളും സര്‍ചാര്‍ജ്ജുകളും ലെവികളുമായി ഇന്ത്യയുടെ കോര്‍പ്പറേറ്റ് നികുതി മേഖല സങ്കീര്‍ണമാണെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. ഇത് മുഴുവന്‍ ചേര്‍ത്താല്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ കമ്പനികള്‍ അടയ്ക്കുന്ന യഥാര്‍ത്ഥ നികുതി കണക്കാക്കാൻ പറ്റൂ. ഉത്പാദന മേഖലകളിലെ കമ്പനികള്‍ക്ക് നികുതി കൂടുതലും സേവന മേഖലയിലെ കമ്പനികള്‍ക്ക് നികുതി താരതമ്യേന കുറവുമായ ഒരു വ്യവസ്ഥയാണ് ഇന്ത്യയിലുള്ളത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള നികുതി ഇളവുകള്‍ കൂടുതല്‍ ഗുണം ചെയ്യുക ഓട്ടോ കമ്പനികള്‍ക്കും ബാങ്കുകള്‍ക്കുമാണെന്നാണ് ഒരു വിലയിരുത്തല്‍. മറ്റുള്ള കമ്പനികള്‍ക്കുള്ള മെച്ചം താരതമ്യേന കുറവായിരിക്കും.

പുതിയ കമ്പനികള്‍ക്ക് 15 ശതമാനമാണ് പുതിയ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ നികുതി. ഇത് ഇന്ത്യയിലേക്ക് നിക്ഷേപം വര്‍ധിപ്പിക്കാന്‍ സഹായകരമാകുമെന്നാണ് കരുതുന്നത്. കാരണം ആഗോള സാഹചര്യങ്ങളും, പുതിയ നികുതി സിംഗപ്പൂര്‍ അടക്കമുള്ള രാജ്യങ്ങള്‍ക്ക് സമാനമായതും ഇന്ത്യയില്‍ വിദേശ നിക്ഷേപം വര്‍ധിക്കാന്‍ സഹായകരമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഈ പ്രതീക്ഷ പങ്കിടുന്നവരാണ് ബിസിനസ് സമൂഹത്തില്‍ കൂടുതലും.

റിസര്‍വ് ബാങ്കിന്റെ കരുതല്‍ പണം ഉപയോഗിച്ച് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള നികുതി ഇളവ് മൂലം സംഭവിക്കുന്ന ബാധ്യത ഒട്ടൊക്കെ പരിഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. അങ്ങനെ ആയാല്‍ പോലും അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ധനക്കമ്മി നാല് ശതമാനം ആയി വര്‍ധിക്കുമെന്നും സൂചനയുണ്ട്. അത് നാണയപെരുപ്പമുള്‍പ്പെടെയുള്ളവയിലേക്ക് നയിച്ചേക്കാം.

കോര്‍പ്പറേറ്റുകളുടെ ആവേശം വര്‍ധിപ്പിക്കാനും നിക്ഷേപ സാധ്യത കൂട്ടാനും സാധ്യതയുള്ള പ്രഖ്യാപനങ്ങള്‍ തന്നെയാണ് ഇന്നലത്തെ പ്രഖ്യാപനത്തിലൂടെ നടത്തിയിട്ടുള്ളത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഇതുകൊണ്ട് പ്രയോജനം ഉണ്ടാകുമോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥിയില്‍ ഇപ്പോള്‍ മാന്ദ്യ സമാനമായ സാഹചര്യം രൂപപ്പെട്ടത് ആളുകള്‍ ഉത്പന്നങ്ങള്‍ വാങ്ങാത്തതുകൊണ്ടാണ്. ഡിമാന്റ് ഇല്ല എന്നത് സര്‍വ്വ മേഖലകളിലും പ്രകടമാണ്. ഓട്ടോമൊബൈല്‍ മേഖലയിലെ കടുത്ത പ്രതിസന്ധി, അതുപോലെ മറ്റ് ഉപഭോക്തൃ ഉത്പന്നങ്ങളുടെ ഉത്പാദനത്തിലുണ്ടായ കുറവ് എല്ലാം ഇതിന്റെ ഭാഗമാണ്. ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട നടപടികള്‍ സപ്ലൈ കൂടുതല്‍ ഉറപ്പാക്കാനും മറ്റും ഉള്ളതാണ്. കോര്‍പ്പറേറ്റുകളുടെ വരുമാനം വര്‍ധിപ്പിച്ചുകൊണ്ടു മാത്രം സമ്പദ് വ്യവസ്ഥയിലെ ആവശ്യകത വര്‍ധിക്കണമെന്നില്ല. അതിന് ഉപഭോക്താക്കളുടെ കൈയില്‍ പണം എത്തുകയാണ് വേണ്ടത്. അതിനുള്ള നടപടികള്‍ കൂടുതല്‍ ഘടനപരമായിരിക്കണമെന്നും കരുതുന്ന വിദഗ്ദര്‍ ഉണ്ട്. കാര്‍ഷികമേഖലയിലെ ഉണര്‍വും, നോട്ടുനിരോധനത്താല്‍ തളര്‍ന്നുപോയ അസംഘടിത മേഖലയുടെ പ്രവര്‍ത്തനവുമെല്ലാം ഡിമാന്റ് വര്‍ധിക്കണമെങ്കില്‍ നിര്‍ണായകമാണ്. അതിനുള്ള സൂചനകൾ ഇപ്പോൾ യഥാർത്ഥത്തിൽ ഇല്ല.

അതുകൊണ്ട് തന്നെ യഥാര്‍ത്ഥ ജീവിതാവസ്ഥയെ ഒരു തരത്തിലും പ്രതിഫലിപ്പിക്കാത്ത സ്‌റ്റോക്ക് മാര്‍ക്കറ്റിന്റെ ഉണര്‍വ് മൂലം മടറികടക്കാവുന്ന ഒരു സാമ്പത്തിക പ്രയാസമല്ല ഇന്ത്യ നേരിടുന്നത്. കോര്‍പ്പറ്റേറ്റുകളുടെ വരുമാനം വര്‍ധിപ്പിച്ചതുകൊണ്ടും അത് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ മറികടക്കുക എളുപ്പമല്ല. കാരണം ഗ്രാമീണ മേഖലയിലടക്കം പണത്തിൻ്റെ ലഭ്യത കുറയുന്ന അവസ്ഥയാണ് സംജാതമായിട്ടുളളത്. അത് പെട്ടന്ന് രൂപപ്പെട്ടതല്ലെങ്കിലും, നോട്ടുനിരോധനത്തെയൊക്കെ തുടർന്നുള്ള അവസ്ഥ ഇപ്പോൾ രൂക്ഷമായതാണെന്നാണ് സാമ്പത്തിക വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ഉത്പന്നങ്ങൾ വാങ്ങാനുള്ള ശേഷി ഇല്ലായ്മയാണ് വ്യവസായ ഉത്പന്നങ്ങളുടെ വിൽപനയിൽ കുറവുണ്ടാകാൻ കാരണം. കോർപ്പറേറ്റുകളുടെ ‘ആനിമൽ സ്പിരിറ്റ്’ ഉയർത്തിയതുകൊണ്ട് അതിന് പരിഹാരമുണ്ടാകുമോ എന്നതാണ് ചോദ്യം.

Read Also: അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുമ്പോള്‍ പാമ്പ് കടിയേറ്റ് മരിച്ച അഞ്ച് വയസ്സുകാരന്‍, ടോയ്‌ലറ്റില്‍ കിടന്നുറങ്ങേണ്ടിവരുന്ന ആളുകള്‍; ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഞ്ചേശ്വരത്തെ ദളിത് കോളനികളിൽ ഇങ്ങനെയാണ് ജീവിതം

എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍