UPDATES

ട്രെന്‍ഡിങ്ങ്

തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഇനി ശബരിമലയ്ക്ക് എന്ത് സംഭവിക്കും? ബിജെപി നിയമനിര്‍മ്മാണം നടത്തുമോ?

സിപിഎം ശബരിമലയില്‍ നിലപാട് മയപ്പെടുത്തുമോ

തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ ഉന്നയിച്ച വിഷയമായിരുന്നു ശബരിമല സംബന്ധിച്ച സുപ്രിം കോടതി വിധി. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുകയാണ് ബിജെപി ചെയ്തത്. വീണ്ടും അധികാരത്തിലെത്തിയ പശ്ചാത്തലത്തില്‍ ബിജെപി ഇനി ശബരിമല വിധി മറികടക്കാന്‍ എന്തു ചെയ്യുമെന്നതാണ് ചോദ്യം
ശബരിമലയില്‍ സുപ്രീം കോടതി വിധിക്കെതിരെ നല്‍കിയ പുനഃപരിശോധന ഹര്‍ജിയില്‍ സുപീം കോടതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമോ എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.

ശബരിമലയില്‍ ആചാരസംരക്ഷണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് ബിജെപി പ്രകടന പത്രികയില്‍ പറഞ്ഞത്. ഇതിന് നിയമ നിര്‍മ്മാണം കൊണ്ട് വരുമെന്ന് വ്യക്തമായി പറഞ്ഞിരുന്നില്ല. പുനഃപരിശോധന ഹര്‍ജിയില്‍ സുപ്രീം കോടതി എന്ത് തീരുമാനിക്കുമെന്ന വ്യക്തമായതിന് ശേഷമായിരുക്കും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കുക. കേരളത്തിലെ വിവിധ ഹിന്ദു സാമുദായിക സംഘടനകള്‍ പലതും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കേരളത്തില്‍ ശബരിമല വിഷയം ശക്തമായി തെരഞ്ഞെടുപ്പില്‍ ബിജെപി ഉയര്‍ത്തി കൊണ്ടുവന്നുവെങ്കിലും ഒരു സീറ്റിലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. മിക്ക മണ്ഡലങ്ങളിലും കഴിഞ്ഞ തവണത്തെക്കാള്‍ ബിജെപിയ്ക്ക് കഴിഞ്ഞു. അതേസമയം വോട്ട് ശതമാനത്തില്‍ കാര്യമായ വര്‍ധനയും ബിജെപിയ്ക്കുണ്ടായിട്ടില്ല.

ബിജെപിയുടെ ശക്തികേന്ദ്രമായ മഞ്ചേശ്വരം ഉള്‍പ്പെടെ ആറ് നിയമസഭ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശബരിമല തുടര്‍ന്നും ചര്‍ച്ചയാകുമെന്ന കാര്യം ഉറപ്പാണ്. പ്രത്യേകിച്ചും കോടതി വിധി വരാനിരിക്കെ.

ഇതുപോലെ സുപ്രീം കോടതി ശബരിമല വിധിയുമായി ബന്ധപ്പെട്ട വിധി തിരുത്താന്‍ തയ്യറായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വിധി നടപ്പിലാക്കാന്‍ നേരത്തെ കാണിച്ചതുപോലുള്ള സമീപനം സ്വീകരിക്കുമോ എന്നതാണ് ഏറെ പ്രധാനമുള്ള കാര്യം.

ഇടതുപക്ഷത്തിന് സമീപകാലത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയതിനെക്കുറിച്ച് സിപിഎമ്മും മുന്നണിയും വിലയിരുത്താനിരിക്കുന്നെയുള്ളൂ. പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍പോലും പാര്‍ട്ടി വോട്ടുകളില്‍ കുറവുണ്ടാകാന്‍ കാരണം ശബരിമല വിഷയമാണെന്ന് ചര്‍ച്ചകള്‍ പല തലങ്ങളിലും ഇപ്പോള്‍ തന്നെ ഉണ്ടാകുന്നുണ്ട്. വലിയ വോട്ട് വ്യത്യാസമാണ് ശക്തി കേന്ദ്രമായ കണ്ണൂര്‍ ജില്ലയില്‍ പോലും സിപിഎമ്മിനുണ്ടായത്. അതുകൊണ്ട് തന്നെ ശബരിമലകാര്യത്തില്‍ സമീപനത്തില്‍ സിപിഎം മാറ്റം വരുത്തുമോ എന്നതും പ്രധാനമാണ്. പ്രത്യേകിച്ചും അഞ്ച് നിയമസഭ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍.

Read More: ‘ആമയെപ്പോലെ ഇഴഞ്ഞുനീങ്ങി പതിയെ ഞങ്ങള്‍ കേരളവും പിടിക്കും’; സീറ്റുകള്‍ കിട്ടിയില്ലെങ്കിലും സംസ്ഥാനത്ത് ബിജെപിക്കുണ്ടായത് വന്‍ കുതിപ്പ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍