UPDATES

പി കെ ശ്രീനിവാസന്‍

കാഴ്ചപ്പാട്

പി കെ ശ്രീനിവാസന്‍

ന്യൂസ് അപ്ഡേറ്റ്സ്

മദ്യവിമുക്തമായ തമിഴ്‌നാട് എന്ന കലൈഞ്ജര്‍ കനവ്

ഒരിക്കല്‍ ഒരു സുഹൃത്ത് ചോദിച്ചു: രാഷ്ട്രീയവും മദ്യവും തമ്മിലെന്ത്? ചോദ്യം പ്രസക്തമാണ്. കേരളരാഷ്ട്രീയത്തില്‍ പ്രത്യേകിച്ചും. മദ്യവും രാഷ്ട്രീയവും കെട്ടുപിണഞ്ഞു കിടക്കുന്ന മഹാരാജ്യമാണ് കേരളം

. മദ്യക്കച്ചവടക്കാരില്‍ നിന്നു വന്‍തോതില്‍ പണം പറ്റുന്നവരാണ് ഇവിടത്തെ രാഷ്ട്രീയക്കാര്‍. അതെ, അതൊക്കെ പാടിപ്പതിഞ്ഞ നാടന്‍ പാട്ടുകളാണ്. എന്നാല്‍ തമിഴകത്തെ രാഷ്ട്രീയക്കാര്‍ മദ്യക്കച്ചവടക്കാരില്‍ നിന്ന് പണം വാങ്ങുമോ എന്നതല്ല ചോദ്യം. അവരില്‍ എത്ര പേര്‍ തങ്ങളുടെ ഡിസ്റ്റിലറികളില്‍ നേരിട്ട് മദ്യം ഉത്പാദിപ്പിച്ച് സര്‍ക്കാരിനു വില്‍ക്കുന്നു എന്നതാണ്. മദ്യക്കച്ചവടക്കാരില്‍ നിന്ന് പണം വാങ്ങുന്നു എന്ന പരാതിയുമില്ല. പരാതി വന്നാലോ അവര്‍ തന്നെ മറ്റു രാഷ്ട്രീയക്കാര്‍ക്ക് പണക്കിഴി സമ്മാനിച്ച് പ്രശ്‌നങ്ങള്‍ ഒതുക്കുകയും ചെയ്യുന്നു. അത്തരമൊരു സന്ദര്‍ഭത്തില്‍ മദ്യഉല്‍പ്പാദനവും വിതരണവും എന്ന തങ്ങളുടെ പ്രധാന ഹോബിയെ കൈമെയ് മറന്ന് സഹായിക്കാന്‍ ഏത് രാഷ്ട്രീയക്കാരാണ് മുന്നോട്ടുവരാത്തത്?

തമിഴകത്ത് പ്രവര്‍ത്തിക്കുന്ന പതിനെട്ടു ഡിസ്റ്റിലറികളില്‍ ആറെണ്ണവും നിയന്ത്രിക്കുന്നത് രാഷ്ട്രീയക്കാരാണ്. ഈ കമ്പനികളില്‍ നിന്നാണ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ടാസ്മാക്(തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍) ഏറ്റവുമധികം മദ്യം വാങ്ങുന്നതും ഏറ്റവും കൂടുതല്‍ വില കൊടുക്കുന്നതും. 2013 ലെ കണക്കുകള്‍ പ്രകാരം 12,000 കോടിയാണ് ഈ കമ്പനികള്‍ക്ക് ടാസ്മാക് നല്‍കിയത്. ജയലളിതയുടെ ഉറ്റതോഴി ശശികലയുടെ ബന്ധുവായ കാര്‍ത്തികേയന്‍ കാളിയ പെരുമാളിന്റെ മിഡാസ് ഗോള്‍ഡന്‍ ഡിസ്റ്റിലറീസാണ് അതില്‍ ഒന്നാംസ്ഥാനത്ത്. ശശികലയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതാണ് ഈ ഡിസ്റ്റിലറിയെന്നത് പരസ്യമായ രഹസ്യമാണ് (ഡിഎംകെയുടെ ഭരണകാലത്തുപോലും കോയമ്പത്തൂരിലും പരിസരത്തുമുള്ള ഡിസ്റ്റിലറികളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മദ്യം ടാസ്മാക് വാങ്ങിയിരുന്നതെന്ന് വാര്‍ത്ത പരന്നിരുന്നു. പ്രതിപക്ഷമായാലും ഭരണപക്ഷമായാലും ശശികലയുടെ പിടിപാട് നോക്കണേ!)

അഞ്ചോളം ഡിസ്റ്റിലറികളുടെ കടിഞ്ഞാണും നടത്തിപ്പും ഡിഎംകെയുടെ നേതാക്കളുടെ കൈകളിലാണ്.മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെയുടെ അത്യുന്നത നേതാവുമായ ടി ആര്‍ ബാലുവിന്റെ നേതൃത്വത്തിലാണ് ഗോള്‍ഡണ്‍ വാറ്റ്‌സ് ഡിസ്റ്റിലറി പ്രവര്‍ത്തിക്കുന്നത്. എലീറ്റ് ഡിസ്റ്റിലറീസും എ എം ബ്രിവറീസും നടത്തുന്നത് മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ നേതാവുമായ എസ് ജഗത് രക്ഷകനാണ്. സാക്ഷാല്‍ കലൈഞ്ജര്‍ മുത്തുവേല്‍ കരുണാനിധിയുടെ തൂലികത്തുമ്പില്‍ വാര്‍ന്നുവീണ തിരക്കഥകളെ അടിസ്ഥാനമാക്കി രണ്ടുചിത്രങ്ങള്‍ നിര്‍മ്മിച്ച എസ് എന്‍ ജയമുരുകനാണ് എസ് എന്‍ ജെ ഡിസ്റ്റിലറീസിന്റെ ഉടമ. 2010 ല്‍ കരുണാനിധി മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് ജയമുരുകന്റെ ഈ ഡിസ്റ്റിലറികള്‍ക്ക് ലറ്റര്‍ ഓഫ് ഇന്റെന്റ് ലഭിക്കുന്നത്.

ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കേളികെട്ട് ഉയരുന്ന സന്ദര്‍ഭത്തില്‍ സാക്ഷാല്‍ കലൈഞ്ജര്‍ മദ്യക്കുപ്പികളില്‍ പിടിച്ച് ആണയിട്ടുകൊണ്ട് തമിഴകത്തെ രാഷ്ട്രീയക്കാരെ ഞെട്ടിപ്പിച്ചുകളഞ്ഞു. 2016 ല്‍ തന്റെ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ തമിഴകത്തു നിന്ന് മദ്യത്തെ എന്നെന്നേക്കുമായി ആട്ടിപ്പായിക്കുമെന്നാണ് കലൈഞ്ജര്‍ തട്ടിവിട്ടത്. തമിഴകത്തിന്റെ സാമ്പത്തികാവസ്ഥ മനസ്സിലാക്കാന്‍ കഴിവുള്ള കണക്കപ്പിള്ളമാര്‍, ടിയാന്‍ ഉരുവിട്ട ഉഗ്രശപഥം കേട്ട് പൊട്ടിച്ചിരിച്ചു. മദ്യനിരോധനം നടപ്പിലാക്കണമെന്ന് പാര്‍ട്ടി സ്ഥാപിച്ച കാലംമുതല്‍ പറഞ്ഞുനടക്കുന്ന നേതാവാണ് പട്ടാളി മക്കള്‍ കക്ഷിയുടെ (പിഎംകെ) നെടുംതൂണായ ഡോകടറയ്യ രാമദാസ്. സംസ്ഥാനത്തെ മുപ്പത്തിരണ്ട് ജില്ലകളിലേയും മുഴുക്കുടിയന്മാര്‍ പോലും അത് കേട്ടതായിപ്പോലും നടിച്ചില്ല. എന്നാല്‍ മദ്യനിരോധനം നടപ്പിലാക്കുമെന്ന് കലൈഞ്ജര്‍ പറഞ്ഞപ്പോള്‍ പുരട്ചി തലൈവി ജയലളിത പോലും ഞെട്ടിപ്പോയി. കാരണം സംസ്ഥാനത്തിന്റെ നിലനില്‍പ്പുതന്നെ മദ്യലഹരിയുടെ വരുമാനത്തിലാണ്. 25,000 കോടി രൂപയാണ് മദ്യവില്‍പ്പനയിലൂടെ സര്‍ക്കാരിന്റെ പോക്കറ്റില്‍ വീഴുന്നത്. 2015-16 ല്‍ അത് 30,000 കോടിയാക്കാനുള്ള തത്രപ്പാടിലാണ് ജയ സര്‍ക്കാര്‍. മദ്യനിരോധനം കൊണ്ടുവന്നാല്‍ ഇത്രയും തുക ഏതുതരത്തില്‍ ഖജനാവിലെത്തിക്കും? അതാണ് സര്‍ക്കാരിനെ ഭയപ്പെടുത്തുന്നത്.

പക്ഷേ കലൈഞ്ജറുടെ ഇലക്ഷന്‍ സ്റ്റണ്ടാണ് ഇതെന്ന് എല്ലാവര്‍ക്കും നന്നായറിയാം. പുരട്ചി തലൈവിയെ തലകീഴ്മറിക്കണമെങ്കില്‍ ഇത്തരത്തിലൊരു കുട്ടിച്ചാത്തന്‍ പ്രയോഗം വേണ്ടിവരുമെന്ന് അദ്ദേഹം വീല്‍ച്ചെയറിന്റെ സുതാര്യതയിലിരുന്നു മനസ്സിലാക്കിയിരിക്കുന്നു (വിനാശ കാലേ വിപരീതബുദ്ധിയെന്ന് ചില ഭരണപക്ഷ വീരന്മാര്‍ രഹസ്യം പറയുന്നുണ്ട്!). തമിഴകത്ത് കള്ള് വില്‍ക്കാതെ ഭരണം നടക്കില്ലെന്ന അവസ്ഥയിലാണ്. തമിഴ്‌നാടിന്റെ 72 ശതമാനം നികുതി വരുമാനത്തില്‍ 30 ശതമാനവും മദ്യത്തില്‍ നിന്നാണ്. നികുതിയേതര വരുമാനം ആറു ശതമാനവും കേന്ദ്ര നികുതിയുടെ പങ്കെന്ന നിലക്ക് 15 ശതമാനവും കേന്ദ്രത്തിന്റെ ഗ്രാന്റ്‌സ് ഇന്‍ എയ്ഡ് എന്ന നിലക്കുള്ള ഏഴു ശതമാനവുമാണ് സംസ്ഥാനത്തിന്റെ വരുമാന സ്രോതസ്സുകള്‍. നികുതി വരുമാനത്തില്‍ 30 ശതമാനം എന്നു പറയുന്നത് ഏതാണ്ട് 25000 കോടിയാണ് (കേരളത്തില്‍ മൊത്തം വരുമാനത്തിന്റെ 22 ശതമാനമാണ് മദ്യക്കച്ചവടത്തിലൂടെ സര്‍ക്കാരിനു ലഭിക്കുന്നത്. അതായത് 8,000 കോടിയോളം).

തെരഞ്ഞെടുപ്പില്‍ വിജയക്കൊടി നാട്ടാന്‍ വേണ്ടി രാഷ്ട്രീയ കക്ഷികള്‍ മോഹന വാഗ്ദാനങ്ങള്‍ നല്‍കുക സ്വാഭാവികമാണ്. ലൊട്ടുലൊഡുക്ക് വീട്ടുസാധനങ്ങള്‍ സൗജന്യമായി നല്‍കുമെന്നുറപ്പായാല്‍ സാധാരണക്കാരന്റെ വോട്ടു ബാങ്കുകള്‍ തങ്ങളുടെ പെട്ടിയില്‍ വീഴുമെന്ന വിശ്വാസം പണ്ടെ ഉള്ളതാണ്. കലൈഞ്ജറുടെ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) ആയാലും പുരട്ചി തലൈവിയുടെ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) ആയാലും സൗജന്യത്തിന്റെ കെട്ടുകാഴ്ചകളുമായി തെരഞ്ഞെടുപ്പിനിറങ്ങുക സ്വാഭാവികം. തലൈവി പ്രഖ്യാപിച്ചതും നടപ്പിലാക്കിയതുമായ ചില പദ്ധതികള്‍ നോക്കുക: മിക്‌സികളും ഗ്രൈന്‍ഡറുകളും: 2,000 കോടി. പോഷകാഹാര പദ്ധതി: 1,413 കോടി. വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം: 1,100. ആഹാര സബ്‌സിഡി: 5,300 കോടി. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍: 4,200 കോടി. വൈദ്യുതി ബോര്‍ഡിനുള്ള സബ്‌സിഡി: 5,400 കോടി. കുട്ടികളുടെ വികസനത്തിന്: 1,361 കോടി. സോളാര്‍ പദ്ധതി: 1.260 കോടി. ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ്: 2,000 കോടി. റോഡ്‌വികസനം: 2,800 കോടി.

എന്തായാലും മദ്യക്കച്ചവടം പൊടിപൊടിച്ചില്ലെങ്കില്‍ സര്‍ക്കാരിനു നില്‍നില്‍ക്കാനാവില്ല. ഈ വര്‍ഷാവസാനം ഏഴാമത് സെന്‍ട്രല്‍ പേ കമ്മിഷന്‍ റിപ്പോര്‍ട്ടുകൂടി വന്നുകഴിഞ്ഞാല്‍ സംഗതി എറെ കുഴയും. ആരുടെ സര്‍ക്കാര്‍ വന്നാലും അധോഗതി തന്നെയാവും ഫലം. അതിനാല്‍ ഡിഎംകെയ്‌ക്കോ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിനോ മദ്യനിരോധനം നടപ്പിലാക്കാന്‍ പണിപ്പെടേണ്ടി വരുമെന്നുറപ്പ്. മാത്രമല്ല, സംസ്ഥാനത്തെ ഏതാണ്ട് 6800 മദ്യഷോപ്പുകളില്‍ (ടാസ്മാക് ഔട്ട്‌ലെറ്റുകള്‍) 27,000 തൊഴിലാളികളാണ് പണിയെടുക്കുന്നത്. മദ്യ നിരോധനം എന്ന സുന്ദരപദത്തെ ഇക്കൂട്ടര്‍ വെറുതേ വിടില്ല. ടാസ്മാക് ഔട്ട്‌ലെറ്റുകളുടെ തണലില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക ബാറുകളില്‍ ഒരു ലക്ഷത്തിലധികം പേരാണ് പണിയെടുക്കുന്നത്. മദ്യനിരോധനം നടപ്പിലായാല്‍ ഇവരുടെ ജീവിതവും ദുരിതത്തിലാകും.

മദ്യപാനികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന പ്രതിപക്ഷാരോപണങ്ങള്‍ക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. മാത്രമല്ല, തമിഴകത്തെ ഡിസ്റ്റിലറികളില്‍ നിന്നു ലഭിക്കുന്ന മദ്യങ്ങള്‍ക്ക് നിലവാരമില്ലെന്നും അവയുടെ ഉപയോഗം മൂലം തമിഴ് ജനത നിത്യരോഗികളായി മാറുകയാണെന്നുമുള്ള ആരോപണങ്ങള്‍ക്ക് കാതലായ മറുകുറി നല്‍കാന്‍ ഭരണക്കസേരയില്‍ ആഴ്ന്നിരിക്കുന്നവര്‍ക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല, ലക്കുംലഗാനുമില്ലാതെ മദ്യഷാപ്പുകള്‍ സ്ഥാപിച്ച് പുതിയ തലമുറയെ വഴിതെറ്റിക്കുകയാണെന്നും പിഎംകെ രാമദാസ് കുറ്റപ്പെടുത്തുന്നു. കുഴിത്തുറയിലെ മദ്യഷാപ്പ് അടച്ചുപൂട്ടണമെന്ന് ആവശ്യമുന്നയിച്ച് നടന്ന സമരത്തിന്റെ അന്ത്യത്തില്‍ ഗാന്ധിയന്‍ ശശി പെരുമാള്‍ ആകസ്മികമായി മരിച്ച സംഭവം പോലും അധികൃതരുടെ കണ്ണുതുറപ്പിക്കുന്നില്ല.

മദ്യക്കുപ്പികള്‍ കീശയിലാക്കി രാഷ്ട്രീയക്കാര്‍ പണം കൊയ്യുമ്പോള്‍ സാധാരണക്കാരന്റെ ജീവിതം തകര്‍ന്നടിയുന്നു. പാര്‍ട്ടി ഏതായാലും മദ്യം വിറ്റഴിഞ്ഞാല്‍ മതി. എന്തായാലും ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ മദ്യം ഒരുതുറുപ്പുഗുലാനാണ്. മദ്യനിരോധനം എന്ന സുന്ദരസ്വപ്നമാണ് രാഷ്ട്രീയക്കാര്‍ അമ്മാനമാടി കളിക്കാന്‍ പോകുന്നത്. എതിരികള്‍ ജാഗ്രതൈ!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍