UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹിറ്റ്‌ലറിനെക്കാള്‍ കൂടുതല്‍ രക്തക്കറ വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ കൈകളിലുണ്ടായിരുന്നു; ശശി തരൂര്‍

ബംഗാള്‍ ക്ഷാമത്തില്‍ ദശലക്ഷക്കണക്കിന് മനുഷ്യര്‍ മരിക്കാന്‍ കാരണം ചര്‍ച്ചിലായിരുന്നു

ഫാസിസ്റ്റ് ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലറിനെക്കാള്‍ ക്രൂരനായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ എന്ന ആക്ഷേപവുമായി കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റ് അഗവുമായ ശശി തരൂര്‍. ഇന്ത്യയിലെ ബ്രീട്ടീഷ് കോളനിവാഴ്ചയുടെ ക്രൂരതകള്‍ തുറന്നു കാണിക്കുന്ന ഇന്‍ഗ്ലോറിയസ് എംപയര്‍ എന്ന തന്റെ പുസ്തകവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിനിടയിലാണു ചര്‍ച്ചിലിനെ ഈ തരത്തില്‍ തരൂര്‍ അടയാളപ്പെടുത്തുന്നത്. ഹിറ്റ്‌ലറുടെ കൈകളില്‍ പറ്റിയ രക്തത്തെക്കാള്‍ കൂടുതല്‍ ചര്‍ച്ചിലിന്റെ കൈകളില്‍ പുരണ്ടിട്ടുണ്ടായിരുന്നുവെന്നാണു തരൂര്‍ പറയുന്നത്.

ചര്‍ച്ചിലിന്റെ തീരുമാനംമൂലം ബംഗാള്‍ ക്ഷാമകാലത്ത് ലക്ഷകണക്കിന് മനുഷ്യരാണു മരണപ്പെട്ടത്. ക്ഷാമകാലത്തും ധാന്യങ്ങള്‍ യൂറോപ്പിലേക്കു കയറ്റി അയക്കാനായിരുന്നു ചര്‍ച്ചില്‍ നിര്‍ബന്ധിച്ചത്. ഒരുപക്ഷേ അദ്ദേഹത്തിന്റെ സ്വന്തം തീരുമാനം മാത്രമായിരുന്നില്ലെങ്കിലും അത് ക്ഷാമത്തിന്റെ ഇരകളെ ഒട്ടും സഹായിക്കുന്ന ഒന്നായിരുന്നില്ല. നാലു മില്യണിലധികം ജനങ്ങളാണ് പട്ടിണി മൂലം ഇന്ത്യയില്‍ മരിച്ചത്. ഉള്ള ധാന്യങ്ങള്‍ ഇന്ത്യയിലെ ബ്രിട്ടീഷ് പട്ടാളക്കാര്‍ക്കു നല്‍കി. പിന്നെ ഗ്രീസ്, യൂഗോസ്ലോവാക്യ പോലുള്ള രാജ്യങ്ങളിലേക്കും കയറ്റി അയച്ചു. ഓസ്‌ട്രേലിയയില്‍ നിന്നും ക്ഷാമകാലത്ത് ഇന്ത്യയിലേക്ക് കൊണ്ടുവന്ന ഗോതമ്പ് യൂറോപ്പിലേക്ക് മറിച്ചു വില്‍ക്കാനാണു ചര്‍ച്ചില്‍ നിര്‍ദേശം നല്‍കിയത്.

ഇന്ത്യയില്‍ ഉണ്ടാകുന്ന മരണങ്ങളെ കുറിച്ച് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ പ്രധാാനമന്ത്രിക്കു കത്തെഴുതിയപ്പോള്‍ ചര്‍ച്ചില്‍ തിരിച്ചയച്ച മറുപടിയില്‍ ചോദിക്കുന്നത് എന്നിട്ടും ഗാന്ധിജി ഇതുവരെ മരിക്കാത്തത് എന്ത് എന്നായിരുന്നു. ബ്രിട്ടീഷ് കോളനിവാഴ്ച്ചക്കാലത്തെ മായ്ക്കപ്പെടാനാകാത്ത കളങ്കമാണ് ഈ സംഭവമെന്നും വിന്‍സന്‍ ചര്‍ച്ചിലിനു ചരിത്രത്തിലുള്ള പങ്ക് പുനപരിശോധ നടത്തേണ്ടതുണ്ടെന്നും തരൂര്‍ അഭിപ്രായപ്പെടുന്നു.

ഇരുപതാം നൂറ്റാണ്ടിലെ ഏകാധിപതികളില്‍ ഒരാളായാണു ചര്‍ച്ചിലിനെ അടയാളപ്പെടുത്തേണ്ടത്. പക്ഷേ പലരും അദ്ദേഹത്തെ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും അപ്പോസ്തലനായാണു വാഴ്ത്തുന്നതെന്നും യുഎന്‍ മുന്‍ അണ്ടര്‍ ജനറല്‍ സെക്രട്ടറി ആയിരുന്ന തരൂര്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ പൈശാചിക ഭരണാധികാരികളായിരുന്ന ഹിറ്റ്‌ലര്‍, മാവോ, സ്റ്റാലിന്‍ എന്നിവരുടെ നിരയിലാണു വിന്‍സന്‍ ചര്‍ച്ചിലിനു സ്ഥാനമെന്നും തരൂര്‍ കുറ്റപ്പെടുത്തുന്നുണ്ട്.

ബംഗാള്‍ ക്ഷാമത്തെ കുറിച്ചുള്ള സംഭാഷണത്തില്‍ ചര്‍ച്ചില്‍ ഒരിക്കല്‍ പറഞ്ഞതു; താന്‍ ഇന്ത്യക്കാരെ വെറുക്കുന്നുവെന്നും ഇന്ത്യക്കാര്‍ മൃഗീയമായ വിശ്വാസങ്ങള്‍ പുലര്‍ത്തുന്ന മൃഗതുല്യരായവരാണ് ഇന്ത്യയില്‍ ഉള്ളതെന്നുമായിരുന്നു. ക്ഷാമം ഇന്ത്യക്കാര്‍ തന്നെ വരുത്തിവച്ചതാണെന്നും ചര്‍ച്ചില്‍ കുറ്റപ്പെടുത്തുകയാണ് ഉണ്ടായതെന്നും തരൂര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍